UPDATES

എന്‍.പി ആഷ്‌ലി

കാഴ്ചപ്പാട്

Guest Column

എന്‍.പി ആഷ്‌ലി

നിങ്ങൾ പേടിക്കണം; പറയാനുള്ളത് മുസ്ലിം ലീഗിനോടാണ്

2011 ലെ ഇലക്ഷനിൽ ലീഗിന് കിട്ടിയ വിജയത്തിന്റെ പ്രധാന കാരണം ഇസ്ളാമിസത്തിനെതിരെ മലയാളി മുസ്ലിം സംഘടനകൾ എടുത്ത ശക്തമായ നിലപാടിനു രാഷ്ട്രീയമുഖം നൽകുന്നതിന് അവർ കാണിച്ച വിവേകമാണ്

ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശത്തു ജീവിക്കുന്നതിനാലും മുസ്ലിം രാഷ്ട്രീയം ശ്രദ്ധിക്കാൻ ശ്രമിക്കുന്ന ആളെന്ന നിലയ്ക്കും എൻഡിഎഫ്, പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ ഇസ്‌ലാമിസ്റ്റ് വലതുപക്ഷ അവതാരങ്ങളെ എന്നും അപകടങ്ങളായേ കണ്ടിട്ടുള്ളു. അവരുടെ ഭൂരിപക്ഷതാപ്രവണതകളെയും ഭീഷണിപ്പെടുത്തുന്ന രീതികളെയും പറ്റി കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ‘പ്രതിരോധം’ എന്ന കള്ളപ്പേരിൽ, ഒരു മതസമുദായത്തിൽ അരക്ഷിതത്വം പടർത്തി സ്വന്തം സംഘടന വളർത്താൻ സദാചാരഗുണ്ടായിസമടക്കം എല്ലാം നടത്തുന്ന ഒരു കൂട്ടത്തോട് എന്ത് പറയാനാണ്?

എസ്എഫ്ഐ വിരുദ്ധത കൊണ്ടോ ഹിന്ദുത്വ ഫാഷിസത്തിനുള്ള മറുപടി മുസ്ലീം സമുദായത്തിന്റെ സായുധവത്ക്കരണമാണെന്നുള്ള കൂട്ട ആത്മഹത്യാസിദ്ധാന്തത്തിൽ വാസ്തവമായോ സ്വയം രക്ഷാപദ്ധതിയായോ വിശ്വസിക്കുന്നതു കൊണ്ടോ, അഭിമന്യു എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തെ സാധാരണവത്ക്കരിക്കാനും പുച്ഛിക്കാനും ഇറങ്ങിയവരോടും ഒന്നും പറയാനില്ല. വെറുപ്പോ സ്വാര്‍ത്ഥതയോ മാത്രം കയ്യിലുള്ളവർക്കു രാഷ്ട്രീയം എന്ന നീതിബോധത്തിലധിഷ്ഠിതമായ പൊതുവത്ക്കരണപ്രക്രിയ പറഞ്ഞിട്ടുള്ളതല്ല താനും.

ചരിത്രപരമായി രാഷ്ട്രീയ മാറ്റങ്ങളുടെ ആരംഭബിന്ദു എന്ന നിലയിൽ വർത്തിക്കുന്ന ക്യാമ്പസുകളിലെ രാഷ്ട്രീയ ഊർജ്ജത്തെ കേരളത്തിലെ വ്യവസ്ഥാപിത പാർട്ടികൾ തട്ടിയെടുത്തു മുതലാക്കിത്തുടങ്ങിയിട്ട് ദശകങ്ങൾ മൂന്നായി (ഒരു കനയ്യ കുമാറോ ഷെഹ്ല റഷീദോ പോലെ മുതിർന്നനേതൃത്വത്തിന് പോലും ഊർജവും ദിശാബോധവും കൊടുക്കാൻ കഴിയുന്ന ഒരു വിദ്യാർത്ഥി നേതാവും കേരളത്തിലെ ക്യാമ്പസുകളിൽ ഇല്ലാതായത് നേതാക്കന്മാരുടെ യയാതിത്തരം കൊണ്ടുതന്നെ). അധീശത്വസമുദായ നേതൃത്വങ്ങളും കച്ചവടക്കാരും ഒരു ഭാഗത്തും, രാഷ്ട്രീയനേതൃത്വങ്ങള്‍ മറുഭാഗത്തും നിന്ന് നടത്തിയ പിടിച്ചുപറിയിൽ, അതിന്റെ കൈക്കൂലിയിലും സർക്കാർ കെടുകാര്യസ്ഥതയിലും പെട്ട് സ്വന്തം വ്യക്തിത്വവും ക്യാമ്പസ് കമ്മ്യൂണിറ്റി എന്ന ബോധവും മുഴുവനായും നഷ്ടപ്പെട്ടു മൂകരാവാൻ വിധിക്കപ്പെട്ട അധ്യാപക-വിദ്യാർത്ഥി സമൂഹത്തോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.

മുമ്പും ക്യാമ്പസുകളിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ കാമ്പുസുകളുടേതു മാത്രമായ വ്യാകരണം അവയ്ക്കുണ്ടായിരുന്നു- എത്ര മോശമായതെങ്കിലും ക്യാമ്പസ്സിൽ തുടങ്ങി അവിടെത്തന്നെ തീരുന്ന യുക്തി. അഭിമന്യുവിന്റെ കൊലപാതകം വ്യത്യസ്തമാവുന്നത് ഈ കൊലപാതകത്തിന്റെ അനുരണനങ്ങൾ സമൂഹത്തിലേക്ക് പടരാനും തിരിച്ചും സാധ്യത ഉള്ളതിനാലാണ്. പേടിപ്പിക്കും വിധം വർഗീയവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിബോധമാവാനുള്ള കെൽപ്പ് അല്ല; അതിന്റെ ഏറ്റവും ഭീകരമായ യുദ്ധഭൂമി ആകാനുള്ള യോഗമാണ് കാമ്പുസുകളുടേതെങ്കിൽ അത് വേദനിപ്പിക്കുന്നതാണ്. ആ വേദനയിൽ എല്ലാ മലയാളികൾക്കും കുറ്റബോധത്തിനപ്പുറം എന്തു സാധ്യത ഉണ്ട്?

ഇപ്പോൾ എനിക്ക് പറയാനുള്ളത് മുസ്ലിം ലീഗ് എന്ന പാർട്ടിയോട് മാത്രമാണ്. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളിലും കച്ചവടക്കാരോടുള്ള വിധേയത്വത്തിലും ആണ്ടുമുങ്ങി ആ അലസതയിൽ നിന്നുണ്ടാവുന്ന ആശയപരവും പ്രവർത്തനപരമായ ദൗര്‍ബല്യങ്ങളുടെ ഘോഷയാത്ര കണ്ടുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയോട് എന്ത് സംഭാഷണത്തിനാണ് സാധ്യത ഉള്ളത് എന്ന് ചോദിക്കാം.

മുസ്ലിം ലീഗിന്റെ സാധ്യതകൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി ഒരു സംവാദത്തിനു സാധ്യത ഉണ്ടെന്നു ഞാൻ വിചാരിക്കാനുള്ള കാരണം അവരുടെ പ്രത്യയശാസ്ത്രം, പ്രവർത്തനചരിത്രം, ഇന്നും അവർക്കുള്ള സാമൂഹിക അടിത്തറ എന്നിവയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ബിജെപി പോലെ ഒരു സംഘടനയല്ല എന്ന് പറയുന്നത് ബിജെപി ഹിന്ദു മതരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്നത് പോലെ ലീഗ് ഇസ്ലാമിക മത രാഷ്ട്രവാദത്തിൽ വിശ്വസിക്കുന്നില്ല എന്നത് കൊണ്ടാണ്. മതരാഷ്ട്രവാദത്തിനെതിരായ നിലപാട് എന്നും ലീഗ് എടുത്തിട്ടുണ്ട്. (ആർഎസ്എസിനെ പിന്തുണയ്ക്കാത്ത, ഹിന്ദുത്വവാദ സിദ്ധാന്തങ്ങളിൽ വിശ്വസിക്കാത്ത, അവയെ എതിർക്കുന്ന ഒരു സാമുദായിക പാർട്ടി ആയി ബിജെപി മാറിയാൽ അവരെയും ലീഗിനെ കാണും പോലെ കാണാൻ കഴിയേണ്ടതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു). ലീഗ് ഇന്നുവരെ ഇസ്‌ലാമികരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായോ മുസ്ലിംകളുടെ പട്ടാളവത്ക്കരണത്തിനു ശ്രമിക്കുന്ന ഇസ്ലാമിസ്റ്റ് സംഘടനകളുമായോ യോജിക്കുകയോ അവയെ തള്ളിപ്പറയാതിരിക്കുകയോ ചെയ്തിട്ടില്ല. (2011 തെരഞ്ഞെടുപ്പിൽ വരെ ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനെയാണ് തുണച്ചതെന്ന് ഫേസ്ബുക്കിൽ നിരന്തരം അടികൂടുന്ന സിപിഎംകാരും മൗദൂദിസ്റ്റുകളും ഓർക്കേണ്ടതാണ് എന്നു തോന്നാറുണ്ട്).

സാമൂഹിക വികസനത്തിലൂടെ സാമുദായിക വളർച്ച എന്ന ആശയത്തോടെ, സി.എച്ച് മുഹമ്മദ് കോയയെപ്പോലെ കാഴ്ചപ്പാടുള്ള നേതാക്കളുടെ നേതൃത്വത്തിൽ സുന്നി-മുജാഹിദ് എന്നീ മത സംഘടനകളുടെ അടിത്തറ ഉപയോഗിച്ച് വളർന്നു വന്ന, പ്രധാനമായും മലബാറിലെ ദളിത് മുസ്ലിംകളുടെ സംഘടനയാണ് ലീഗ്- രാഷ്ട്രീയത്തിൽ ബി എസ് പി ദലിതുകളെ പ്രതിനിധീകരിക്കുന്ന പോലെ, സാമൂഹികമായി എസ് എൻ ഡി പി ഈഴവരുടെ കാര്യത്തിൽ ചെയ്തത് പോലെയുള്ള പ്രവർത്തനം നടത്തുകയായിരുന്നു പാർട്ടിയുടെ ആദ്യകാല ലക്ഷ്യം. നേതാക്കളുടെ താല്പര്യങ്ങളും കാഴ്ചപ്പാടില്ലായ്മയും ഗൾഫ് അടക്കമുള്ള സാമ്പത്തിക-സാമൂഹ്യ സാഹചര്യങ്ങളും പാർട്ടിയുടെ സ്ഥാപകകാലത്തെ ലക്ഷ്യങ്ങളെ നഷ്ടപ്പെടുത്തുകയോ ആവശ്യമില്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. എങ്കിലും പ്രത്യയശാസ്ത്രപരമായി അവരുടെ നിലപാട് മാറ്റിയിട്ടില്ല.

2011 ലെ ഇലക്ഷനിൽ ലീഗിന് കിട്ടിയ വിജയത്തിന്റെ പ്രധാന കാരണം ഇസ്ളാമിസത്തിനെതിരെ മലയാളി മുസ്ലിം സംഘടനകൾ എടുത്ത ശക്തമായ നിലപാടിനു രാഷ്ട്രീയമുഖം നൽകുന്നതിന് അവർ കാണിച്ച വിവേകമാണ്. “മുസ്ലിം സംഘടനകളുടെ ആസ്ഥാന വിനോദം എൻഡിഎഫ് വിരുദ്ധ മീറ്റിംഗ് നടത്തുകയാണ്” എന്ന് എഴുതിയ പി കോയയും കൈവെട്ടു കേസിന്റെ പശ്ചാത്തലത്തിൽ കോട്ടക്കല്‍ വെച്ച് ഇസ്ലാമിസത്തെ നിശിതമായി തള്ളിപ്പറയാനും ഇസ്‌ലാമിസ്റ്റുകളുമായി ഒരു നിലയ്ക്കും, പൊതുപരിപാടിയിൽ അടക്കം ഒന്നിലും സഹകരിക്കരുതെന്നുമുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തെ “കോട്ടയ്ക്കലിലെ മതേതരകഷായം” എന്ന് പരിഹസിച്ച സി ദാവൂദും ഈ മുന്നേറ്റത്തിലുള്ള ഇസ്ലാമിസ്റ്റുകളുടെ അന്നത്തെ ഒറ്റപ്പെടൽ വെളിവാക്കിയിരുന്നു. ഇന്നോളം ഒരു കലാപാഹ്വാനം മുസ്ലിം ലീഗ് നേതാക്കളിൽ നിന്ന് കേട്ടിട്ടില്ല. ഈ അനുഭവവും മുസ്ലിം ലീഗിനോടുള്ള സംവാദത്തിന്റെ ഇടം ലൈവ് ആയി നിർത്താൻ കാരണം നൽകുന്നുണ്ട്.

മറ്റു സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും മുസ്ലിം ലീഗിന്റെ ജനകീയാടിത്തറയ്ക്ക് ഒരു കോട്ടവും വരുത്താൻ അവർക്കായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തൊട്ടാകെ നിന്ന് ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്കു കിട്ടിയ വോട്ട് 60,000-വും ജമാഅത്തിന്റെ വെൽഫെയർ പാർട്ടിക്ക് കിട്ടിയത് 50,000-വും ആണ്. ശക്തി കേന്ദ്രങ്ങളല്ലാത്തിടത്തു യുഡിഎഫിനൊപ്പം ആളുകളെ നിർത്തുന്നതിലും ലീഗിന് ഇന്നും വലിയ ശക്തി ഉണ്ട്. ഒരു ബഹുജന പാർട്ടി എന്ന നിലയിൽ അവരെ എൻഗേജ് ചെയ്യേണ്ടതുണ്ടെന്നു ഞാൻ വിചാരിക്കുന്നു.

Also Read: പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

മുസ്ലിം ലീഗിന്റെ ബാധ്യതകൾ

1. കോട്ട മനോഭാവം: സാമൂഹിക വളർച്ചയിലുണ്ടായ ശ്രദ്ധയും നേതാക്കന്മാരും കാരണം ഉണ്ടായ അടിത്തറ, പിന്നീട് ഇസ്ലാമിസ്ററ് വിരുദ്ധ നിലപാടിന് കിട്ടിയ പൊതുസമ്മതി എന്നിവയെ സ്വന്തം കോട്ടകളുണ്ടാക്കാനാണ് അവസരവാദികളായ ചില നേതാക്കന്മാർ ഉപയോഗിക്കുന്നത്. ഇത് അധികാരമുള്ളിടങ്ങളിൽ മാടമ്പിത്തമുള്ളവരും അധികാരമില്ലാത്തിടത്തു അശ്രദ്ധരാകാനും പാർട്ടികളെ പ്രേരിപ്പിക്കുന്നു. പുതിയ പ്രദേശങ്ങളിലേക്ക് പടരുക എന്ന ഉദ്ദേശ്യമുള്ള പാർട്ടികൾ ലീഗിനേക്കാൾ മുന്നിലെത്തുന്നു. അഴിമതിക്ക് സമുദായത്തെ പരിചയാക്കി ഉപയോഗിക്കാൻ തയ്യാറുള്ളവർ പാർട്ടിയിലും നേതൃത്വത്തിലും പെരുകുന്നു. ഇവയൊക്കെ ആശയപരമായ അടിത്തറയെ തകർക്കും. മാത്രവുമല്ല, സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കേരളത്തിലെ മറ്റു മേഖലകളിലെ ഇപ്പറഞ്ഞ മുസ്ലിംകളെ മലബാറുകാർ കണ്ടതേ ഇല്ല. അവിടങ്ങളിൽ ഇസ്ലാമിസ്റ്റുകൾ ആവശ്യത്തിനുള്ള ലെഗ് വർക്ക് ചെയ്യുകയും ചെയ്തു.

2. സാമൂഹ്യ അടിത്തറയെ റിവ്യൂ ചെയ്യാനുള്ള തയ്യാറില്ലായ്മ: ദാരിദ്ര്യവും സാമൂഹികവും ജാതീയവുമായി പിന്നാക്കവും നിരക്ഷരരുമായ ഒരു സമുദായമായിരുന്നു ലീഗിന്റെ അടിത്തറ. ഗൾഫ് കാരണം ആദ്യം സാമ്പത്തികമായും പിന്നീട് വിദ്യാഭ്യാസപരമായും ഈ സമുദായം വളർച്ച കൈവരിച്ചപ്പോൾ സ്വന്തം രാഷ്ട്രീയത്തിന്റെ സാമൂഹികാടിത്തറയെപ്പറ്റി പുനരാലോചിക്കാൻ ലീഗ് തയ്യാറാവേണ്ടതായിരുന്നു. അതുണ്ടായില്ല. ഉത്തരേന്ത്യയിലെ ഹിന്ദു സവര്‍ണരെപ്പോലെ, സാമ്പത്തികാഭിവൃദ്ധി ഉണ്ടായ കേരളത്തിലെ മുസ്ലിം മധ്യവർഗത്തിന്, തങ്ങൾ എപ്പോഴും ഇരകൾ മാത്രമാണെന്ന് പരാതിപ്പെട്ട് തിണ്ണമിടുക്ക് കാട്ടൽ ഇഷ്ടപ്പെട്ട ഏർപ്പാടായി. അവിടെ ആജീവനാന്ത ഇരവാദികളായ ജമാഅത്തുകാരുടെയും എസ് ഡി പി ഐക്കാരുടെയും ബി ടീം ആവേണ്ട ഗതികേടായി ലീഗുകാർക്ക്. സ്ത്രീകളുടെ പ്രശ്നങ്ങളോ മുസ്ലിംകളിലെ ജാതിയോ ഒന്നും ചർച്ച പോലും ആക്കിയുമില്ല.

3. അജണ്ടയോ ഭാഷയോ ഇല്ലാത്ത രാഷ്ട്രീയപ്രവർത്തനം: എന്തിനാണ് ലീഗ് എന്ന് ചോദിച്ചാൽ സി.എച്ചിനെയോ പാണക്കാട് തങ്ങളേയോ ചൂണ്ടിക്കാണിക്കുകയാണ് ലീഗുകാർ ആകെ ചെയ്യുന്നത്. (എന്ത് ചോദിച്ചാലും ‘ഞങ്ങളില്ലെങ്കിൽ കാണാമായിരുന്നു” എന്ന് പറയുന്ന, ഭൂപരിഷ്കരണത്തിൽ നിന്ന് വിട്ടുപോരാത്ത മാർക്സിസ്റ്റുകാരുടെ ഗൃഹാതുരത്വവീരവാദത്തിന് ഈ പ്രശ്നമില്ലെന്നല്ല). പുതിയ കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ ധാർമികമായി ചോദ്യം ചെയ്യാനോ അങ്ങനെ ഒരു ഭാവുകത്വം സൃഷ്ടിക്കാനോ അവർ ശ്രമിച്ചിട്ട് കൂടിയില്ല. പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ഭാഷ കട്ടെടുത്ത് അപകടകരമായ രീതിയിൽ സ്വന്തം ലക്ഷ്യങ്ങൾക്കുപയോഗിക്കുന്ന ഇസ്ലാമിസ്റ്റുകൾ ചർച്ചകളെ നിയന്ത്രിക്കുന്ന അവസ്ഥ വന്നു. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും ശക്തരായ പാർട്ടിക്ക് തങ്ങളുടെ അമ്പതിലൊന്നു ശക്തിയില്ലാത്ത എസ ഡി പി ഐയുടെയും മൗദൂദിസ്റ്റുകളുടെയും മുമ്പിൽ മൗനികളായിരിക്കേണ്ട ഗതികേടാണ്. കേരളത്തിലും പുറത്തുമുള്ള ക്യാമ്പസുകളിൽ മുസ്ലിം സാമൂഹ്യശാക്തീകരണത്തിന്റെ അജണ്ടയുള്ള ലീഗും ഇസ്ലാമിക മതരാഷ്ട്രവാദമോ മുസ്ലിം പട്ടാളവത്ക്കരണമോ അജണ്ടയുള്ള, കമ്മ്യൂണിറ്റിയുടെ നിര്‍മാണാത്മകതയെ കെടുത്താൻ മാത്രം നടക്കുന്ന ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം അറിയുന്ന, അത് പറയുന്ന എത്ര എംഎസ്എഫുകാർ ഉണ്ടെന്നു പാർട്ടി ഒന്നന്വേഷിച്ചു നോക്കുന്നത് നന്നാവും. മൗലാനാ ആസാദിനെയും ജമാഅത്തുകാരെയും പോപ്പുലർ ഫ്രണ്ടിനെയും ഒരു പോലെ മുസ്ലിം നേതാക്കൾ എന്ന് മാത്രം കണക്കാക്കുന്ന, ഇസ്ലാമിസ്ററ് രാഷ്ട്രീയം മുസ്ലിം രാഷ്ട്രീയമാണെന്നു പറഞ്ഞ് ലീഗ് പ്രഖ്യാപിത നയത്തെ സ്ഥിരമായി തള്ളിക്കളയുന്ന, പോപ്പുലർ ഫ്രണ്ടിനെ ഒഴിവാക്കിയാൽ മുസ്ലിംകളെ ഒഴിവാക്കി എന്ന് പറഞ്ഞു നടക്കുന്ന അനൂപ് വി ആറിനെപ്പോലുള്ള യുവകോൺഗ്രസ് നേതാവിനോട് നിങ്ങൾ മുസ്ലിം ലീഗിനെ അപമാനിക്കുകയാണ്, ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ അജണ്ടയെ പിന്തുണക്കുന്നത് ലീഗിനെ തകർക്കുന്ന ഏർപ്പാടാണ് എന്ന് പറയാൻ ഉള്ള പ്രത്യയശാസ്ത്രവ്യക്തത ലീഗുകാരിൽ മിക്കവർക്കും കാണുന്നില്ല.

Read More: സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

ബിജെപി-ആർഎസ്എസ് ബന്ധം പോലെ ലീഗിന്‌റെ ബഹുജനാടിത്തറ, ഇസ്ലാമിസ്റ്റുകളുടെ തലച്ചോറ് എന്ന ഒരു അറേഞ്ച്മെന്റ് ആണ് ഇസ്ലാമിസ്റ്റുകൾക്കു വേണ്ടത്. ബൗദ്ധികമോ നൈതികമോ ആയ ഒരു ശ്രദ്ധയും ഇല്ലാതായാൽ ലീഗിനും വേറെ വഴികാണില്ല. മോദിക്കാലത്തെ നിസ്സഹായതയും അരക്ഷിതാവസ്ഥയും അവസാനത്തെ ധാർമികമായ ചോദ്യങ്ങളേക്കൂടി ഇല്ലാതാക്കാം. അന്ന് ലീഗിന്റെ സാമാന്യബോധവും അതായി മാറാം. അങ്ങനെ പോയാൽ ലീഗിന്റെ ആളുകളെയും ചരിത്രത്തെയും ഇസ്‌ലാമിസ്റ്റുകൾ വിഴുങ്ങും. ബൗദ്ധികമായ ലീഗിന്റെ പാപ്പരത്വവും പ്രത്യയശാസ്ത്രപരമായ ക്ഷീണവും അതിന്റെ തുടക്കമായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്.

ലീഗ് തളർന്നാൽ പ്രളയമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷെ ആ സ്ഥലത്തു കേറുന്നത് ഇപ്പറഞ്ഞവരൊക്കെയാണെങ്കിൽ അത് സമുദായത്തിനും സമൂഹത്തിനും ദോഷമാണ്.

പലപ്പോഴും പറയാറുള്ള പോലെ, വിദ്യാർത്ഥികൾ ഒരു ജനതയുടെ ഇന്നത്തെ ഇരുപതു ശതമാനം മാത്രമാവാം. പക്ഷെ നാളത്തെ 100 ശതമാനം അവരാണ്. അതുകൊണ്ട് ഇപ്പോഴത്തെ അടയാളങ്ങൾ വായിക്കുന്നത് എല്ലാവര്‍ക്കും നന്നാവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീല മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു

Also Read: നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍