UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

വെടികൊണ്ട തൂത്തുക്കുടി വെളിപ്പെടുത്തുന്ന വേദാന്ത രഹസ്യം: ഇന്ന് ഞാന്‍ നാളെ നീ…

വേദാന്ത കമ്പനി തൂത്തുക്കുടിയില്‍ ചെയ്തത് ആ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കാന്‍ പോകുന്ന ഒന്നല്ല, അതിന് ദേശീയ പ്രസക്തിയുണ്ട് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പൊലീസ് വെടിവയ്പ്പില്‍ പതിമൂന്നുപേര്‍ കൊല്ലപ്പെടുന്നു, നൂറിലധികം മനുഷ്യര്‍ക്ക് മാരകമായി പരിക്കേല്‍ക്കുന്നു. എന്തിന്?

ജനാധിപത്യത്തില്‍ ജനമാണ് അധിപര്‍, സിവില്‍ സെര്‍വന്റ്സ് അവരുടെ സേവകരാണ് എന്നതൊക്കെ ചുമ്മാ തത്വം പറയാന്‍ കൊള്ളാം എന്നായിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ അപ്പോഴും കൃത്യമായ കാരണങ്ങളില്ലാതെ പൊലീസ് ജനങ്ങള്‍ക്ക് നേരെ നിറയൊഴിക്കുന്നത്, പത്തുപതിമൂന്നു പേരെ കൊന്നു തള്ളുന്നത്, നുറിലധികം പേരെ മാരകമായി പരിക്കേല്‍പ്പിക്കുന്നത് ഒരു നിസ്സാര സംഭവമായിരുന്നില്ല ഇതുവരെയും. കേരളത്തില്‍ എങ്ങാനുമായിരുന്നെങ്കില്‍ ഇതുമതി ഒരു ഭരണമാറ്റത്തിന്. പക്ഷേ കേരളമല്ലല്ലോ, ബിജെപി നേരിട്ടോ, പാവ സര്‍ക്കാരുകളെ മുമ്പില്‍ നിര്‍ത്തിയോ ഭരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ഇന്ത്യ.

തൂത്തുക്കുടിയില്‍ നടന്നത് വംശിയ കലാപമോ, മാവോയിസ്റ്റ് മാതൃകയിലുള്ള സായുധ വിപ്ലവശ്രമമോ ഒന്നുമായിരുന്നില്ല. ലോകത്ത് പലയിടങ്ങളിലും കരിമ്പട്ടികയില്‍ പെടുത്തപ്പെട്ട ഒരു ചെമ്പ് ഖനനകമ്പനിയുടെ, വ്യവസ്ഥകളെ കാറ്റില്‍പ്പറത്തിയുള്ള പ്രവര്‍ത്തനത്തില്‍ പൊറുതിമുട്ടിയ ജനം നടത്തിവന്ന ഒരു പ്രതിഷേധ സമരമായിരുന്നു; പൊലീസ് നടപടി ഉണ്ടാകുംവരെ ഏറെക്കുറെ സമാധാനപരമായി നടന്നത്. അതിനെതിരേയാണ് ഈ മൃഗീയമായ ഭരണകൂട വേട്ട.

സംഭവം നടന്നിട്ട് സംസ്ഥാനസര്‍ക്കാര്‍ ചെയ്തത് പരോക്ഷമായി അതിനെ ന്യായീകരിക്കുക എന്നതായിരുന്നു. മുഖം രക്ഷിക്കാന്‍ ചില ചില്ലറ നടപടികള്‍, ഉദ്യോഗസ്ഥരെ മാറ്റല്‍ ഒക്കെ ഉണ്ടായി എന്നല്ലാതെ ഒരാശ്വാസ നടപടിയും അവരില്‍നിന്നും ഉണ്ടായില്ല. കേരളത്തില്‍ ഒറ്റപ്പെട്ട രാഷ്ട്രിയ സംഘട്ടനങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പോലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിയുന്ന കേന്ദ്രത്തിനും മിണ്ടാട്ടമില്ല. എല്ലാം ശാന്തം, സാധാരണം…

വേദാന്തയ്ക്ക് എതിരെയുള്ള സമരം

എന്തുകൊണ്ട് ഇങ്ങനെ എന്നറിയണമെങ്കില്‍ എന്താണ് തുത്തുക്കുടിയില്‍ നടന്നത്, ആര്‍ക്കെതിരേയാണ് അവിടെ ജനം സമരത്തിനിറങ്ങിയത് എന്ന് അറിയണം. ആര്‍ക്ക് എതിരേയാണ് അടച്ചുപൂട്ടുകയല്ലാതെ ഒരു പരിഹാരവും തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് തുറന്നടിച്ചത് എന്നറിയണം.

അനില്‍ അഗര്‍വാള്‍ 1976-ല്‍ മുംബൈ കേന്ദ്രമാക്കി തുടങ്ങിയ, ഇന്ന് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള ഭീമനായി വളര്‍ന്ന മൈനിംഗ് കമ്പനി; അതാണ്‌ വേദാന്ത. എതിര്‍ സ്വരങ്ങളെയൊക്കെ പലവഴികള്‍ അവലംബിച്ച് നിശബ്ദമാക്കിയ ചരിത്രമുള്ള, പല നാട്ടിലും കരിമ്പട്ടികയില്‍ പെടുത്തപ്പെട്ട ഒരു കമ്പനി. തൂത്തുക്കുടിയിലെ പാവം നാട്ടുകാര്‍ പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി സമരത്തിനിറങ്ങിയത് ആ വേദാന്തയ്ക്ക് എതിരേയാണ്. അത് തന്നെയാണ് തൂത്തുക്കുടി വെടിവയ്പ്പിനെ സ്വാഭാവികവത്ക്കരിക്കുന്ന ഘടകവും.

മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ഇതില്‍ വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കാത്തത്തിന്റെ കാരണം പണത്തിന് മീതേ പരുന്തും പറക്കില്ല എന്നതുതന്നെ. ചിട്ടപ്പടി റിപ്പോര്‍ട്ടിങ്ങിനും ഒരു റൌണ്ട് അന്തിച്ചര്‍ച്ചയ്ക്കും അപ്പുറം ഒരു ഫോളോ അപ്പും ഉണ്ടാവില്ല. കാരണം മുകളില്‍പ്പറഞ്ഞത്‌ തന്നെ.

എവിടെ പ്രതിപക്ഷം

സംഭവത്തില്‍ പ്രതിപക്ഷം ഇടപെട്ടില്ല എന്നൊന്നും പറഞ്ഞുകൂട. സ്റ്റാലിന്‍ തൊട്ട് രാഷ്ട്രിയത്തില്‍ പ്രവേശിക്കുന്ന കമലഹാസനും രജനീകാന്തുമൊക്കെ അങ്ങോട്ട്‌ പോകുന്നുണ്ട് എന്ന് കേട്ടു.

കമലിനും രജനിക്കും തീര്‍ച്ചയായും ഇതില്‍ ഇടപെടാന്‍, ഇരകള്‍ക്ക് ഒപ്പം നില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കാനുള്ള ധാര്‍മ്മിക അവകാശമുണ്ട്. കാരണം അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരിക്കുന്നതേയുള്ളു. എന്നാല്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ അവസ്ഥ അതല്ല. അതുകൊണ്ട് തന്നെ അവര്‍ ഇതില്‍ ഇരകളുടെ കണ്ണീര്‍ ഒപ്പുന്നതായി അഭിനയിച്ചേക്കാം എന്നല്ലാതെ വേദാന്തയ്ക്ക് എതിരെയുള്ള അവരുടെ സമരത്തെ ഏറ്റെടുക്കുകയോ, ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കൂടെ നില്‍ക്കുകയോ ചെയ്യുമെന്ന് കരുതാന്‍ വയ്യ. അങ്ങനെയെങ്കില്‍ അവര്‍ക്കത് നേരത്തെ ആവാമല്ലോ.

അതായത് പ്രതിപക്ഷം തീര്‍ച്ചയായും ഉണ്ട്. അവര്‍ ഭരണപക്ഷത്തിന് എതിരായ നിലപാടെടുത്ത് കൊല്ലപ്പെട്ട, പരിക്കേറ്റ തമിഴ് മക്കള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്യും. എന്നാല്‍ എന്തിനായി സമരം ചെയ്യുന്നോ അതിനൊപ്പം നില്‍ക്കുമോ?

നിര്‍ണ്ണായകമായ ചോദ്യം അതാണ്‌. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയും കൊല്ലപ്പെട്ട, പരിക്കേറ്റ മനുഷ്യര്‍ക്ക് ഒപ്പം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ പ്രതിപക്ഷം വേദാന്തയ്ക്ക് എതിരേ ഒരു തുറന്ന സമരത്തിന് ക്രിയാത്മക നേതൃത്വമാകാന്‍ തയ്യാറാവുമോ?

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

മനുഷ്യവിരുദ്ധമായ മൌനം

കൂട്ടത്തില്‍ ഒന്ന് ചത്ത് വീഴുമ്പോള്‍ കൂട്ടമായി കരയുന്ന കാകവംശത്തില്‍ ഉള്ള പ്രതികരണ ക്ഷമത പോലും മനുഷ്യര്‍ക്ക് ഇല്ല എന്ന് വിളിച്ചോതുന്നു വേദാന്ത കമ്പനിക്ക് എതിരേ നടന്ന സമരത്തിന്റെയീ തൂത്തുക്കുടി ചരിത്രം.

തമിഴ്‌നാട്‌ ഭരണകൂടം നടപടിയെ അനിവാര്യമായ ഒരു ക്രമസമാധാന ഇടപെടലായി വ്യാഖ്യാനിച്ച് കൈകഴുകുന്നു. വേദാന്തയുടെ ഖനനം അനുവദിക്കുക ക്രമവും, അതിനെ പ്രതിരോധിക്കുക അക്രമവും ആണ് ആ ഭാഷ്യത്തില്‍. കേന്ദ്ര സര്‍ക്കാരും ഇവിടെ മൌനം പാലിക്കുന്നു. പ്രധാനമന്ത്രിയാവട്ടെ ഇവിടെ അബദ്ധത്തില്‍ പോലും വേദാന്തയ്ക്കെതിരെ എതിരെ ഒരു വാക്ക് ഉച്ചരിക്കില്ല എന്ന് മൌനം കൊണ്ട് ഉറപ്പ് വരുത്തുന്നു.

എന്തിന് ദേശിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതിനെ ഒന്നുകില്‍ തമസകരിക്കുക, അല്ലെങ്കില്‍ കോര്‍പ്പറേറ്റ് പക്ഷത്തുനിന്ന് വിശകലനം ചെയ്യുക എന്ന നിലപാട് കൈക്കൊള്ളുന്നു. സമരവും വെടിവയ്പ്പും ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചെയ്തത് അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിക്കുക എന്നതാണ്. മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു.

സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ പെട്ട മനുഷ്യര്‍ സ്വാഭാവികമായും ഒരു ആധുനിക ലോകത്തിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍നിന്നും മുറിഞ്ഞുപോകുന്നുവെങ്കില്‍ ഇവിടെ ഭരണകൂടം അവരെ അതില്‍ നിന്നും മുറിച്ച് മാറ്റുന്നു. മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു.

ഈ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളുടെ തിരഞ്ഞെടുത്ത മൌനവും അമിതാവേശവും ‘അര്‍ണാ’ഭമായ ആക്രോശങ്ങളും ‘നേഷന്‍ വാണ്ട് ടു നോ’ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് പക്ഷെ അര്‍ണബ് ഗോസ്വാമി അട്ടഹസിക്കുന്ന അര്‍ത്ഥത്തിലല്ല, മാധ്യമ നിലപാട് എന്താണ് എന്ന നിലയിലാണ്. ദൌര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതാവട്ടെ അതില്‍ അറിയാന്‍ ഒന്നുമില്ല എന്ന നിലയിലും.

കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍: തൂത്തുക്കുടിയില്‍ നടക്കുന്നത്

ജനാധിപത്യവിഹായസ്സില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍

വേദാന്ത കമ്പനി തുത്തുക്കുടിയില്‍ ചെയ്തത് ആ പ്രദേശത്ത് മാത്രം ഒതുങ്ങി നില്‍ക്കാന്‍ പോകുന്ന ഒന്നല്ല, അതിന് ദേശീയ പ്രസക്തിയുണ്ട് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ലേറ്റസ്റ്റ് ആയി പുറത്തുവന്ന ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ റിസള്‍ട്ട് പ്രകാരം വെളിച്ചപ്പെടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര താല്പര്യങ്ങള്‍ക്ക് അനുസൃതമായി വ്യാജ വാര്‍ത്തകള്‍ നല്‍കാനും അല്ലാത്തവയെ വളച്ചൊടിക്കാനും ചന്തയില്‍ മത്തിക്ക് എന്ന പോലെ ദേശീയ മാധ്യമങ്ങള്‍ വിലപേശുന്ന ദൃശ്യങ്ങളാണ്. ശതകോടികളില്‍ തുടങ്ങുന്ന ഈ ലേലം വിളിയില്‍ ഭരണഘടനയിലെ സ്വയം പ്രഖ്യാപിത തിരുത്തല്‍ ശക്തിയായ നാലാം തൂണുപോലും നിര്‍ലജ്ജം ആണ്ട് നില്‍ക്കുമ്പോള്‍ ബാക്കി തൂണുകള്‍?

ജനങ്ങള്‍ക്ക് ആകെ പ്രതീക്ഷയുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ ജൂഡിഷ്യറിയിലെ പുഴുക്കുത്തുകളെ കുറിച്ച് നമ്മള്‍ മൌനം പാലിക്കണം എന്നതുപോലെ നാലാം തുണ് ആഴുന്ന ചെളിയെ കുറിച്ചും മിണ്ടാന്‍ പാടില്ല എന്ന് സിദ്ധാന്തങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷെ മനുഷ്യര്‍ക്ക് അവരുടെ ദുസ്സഹമായ ദൈനംദിന ജീവിത പരിസരങ്ങളോട് പ്രതികരിക്കാനുള്ള അവകാശവും ഇല്ല എന്ന് പറയരുത്. തൂത്തുക്കുടിക്കാരുടേത് ഒരു സ്പോണ്‍സേഡ് സമരമല്ല, അതിജീവന സമരമാണ്. അതില്‍ പക്ഷെ അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയായി തങ്ങളുടെ ആത്മധൈര്യമല്ലാതെ  ഒന്നുമില്ല എന്നതാണ് ദു:ഖകരമായ സത്യം.

സ്വകാര്യ മൈനിംഗ് കമ്പനികള്‍ക്കായി നാടിനെ തുറന്നിട്ടുകൊടുക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. അതായത് ബാക്കി എല്ലായിടങ്ങളിലും പലപ്പോഴായി ഭരണ, പ്രതിപക്ഷങ്ങള്‍ ഒത്തുചേര്‍ന്ന് അവയ്ക്ക് സ്വാഗതമോതിയിട്ടുണ്ട്. സഹസ്ര കോടികള്‍ മറിയുന്ന അധികാര സമവാക്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നൂറുകോടിയിലാണ് നില്‍ക്കണോ വേണ്ടയോ എന്ന് ചോദിച്ച് ലേലം തുടങ്ങുന്നത് എന്നത് കണ്ടിട്ടും അതിനെ ഒരു ഐപിഎല്‍ ലേലം പോലെ നാം കണ്ടുനിന്നാല്‍ ആ കോടികള്‍ വെടിയുണ്ടയായി സ്വന്തം നെഞ്ചിനുനേരെ വരുന്ന കാലം അധികം അകലെയാവില്ല. കാരണം ഈ പണം എവിടെ നിന്നു വരുന്നു എന്നത് തന്നെ.

മുടക്കുന്നവര്‍ അത് തിരിച്ച് പിടിക്കുക തന്നെ ചെയ്യും. അതിന്‍റെ ബലത്തില്‍ അങ്കം ജയിക്കുന്നവര്‍ക്ക് അപ്പോള്‍ വായില്‍ പഴം തിരുകേണ്ടിവരും. അത്തരം മനുഷ്യരെ പ്രതിനിധി പോട്ടെ, രാഷ്ട്ര മീമാംസയിലെ ആത്യന്തിക ധൈഷണികരായി കണ്ട് അവരുടെ വിജയങ്ങളില്‍ ആര്‍ത്തുവിളിക്കുന്ന നമ്മളില്‍ നിന്നും തൂത്തുക്കുടിയിലേയ്ക്കുള്ള ദുരം കാലവുമായി ബന്ധപ്പെട്ടത് മാത്രം.

ഈ പോക്കാണ് നമ്മുടെ ജനാധിപത്യമെങ്കില്‍ തൂത്തുക്കുടിയില്‍ വെടികൊണ്ട് മരിച്ചവര്‍ നമ്മളോട് പറയുന്നത് ആ കവി വചനമാണ്. സിമ്പിള്‍; ഇന്നു ഞാന്‍, നാളെ നീ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രണ്ടരപ്പതിറ്റാണ്ടിന്റെ ജീവന്മരണ പോരാട്ടത്തെയാണ് വെടിയുണ്ടകൾ കൊണ്ട് നേരിടുന്നത്; തൂത്തുക്കുടിയിൽ നടക്കുന്നതെന്ത്?

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍