UPDATES

ട്രെന്‍ഡിങ്ങ്

അതെന്താ, ഞങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമല്ലേ എന്ന് കാനം ചോദിക്കുമോ എന്നാണ് ഇനിയറിയേണ്ടത്

കൊടി നാട്ടൽ പ്രശ്‌നത്തിൽ ഒരുപക്ഷെ ഇത് ആദ്യമായിട്ടാവാം പിണറായി പരസ്യമായി രംഗത്ത് വരുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിലെ സിപിഎം -സിപിഐ പോരിനെ ശക്തിപ്പെടുത്താൻ പോന്ന രണ്ടു കാര്യങ്ങൾ ഇന്നലെ സംഭവിച്ചിരിക്കുന്നു. സിപിഐ അതിന്റെ ബദ്ധശത്രുവും തികഞ്ഞ അഴിമതിക്കാരനുമായി കണക്കാക്കുന്ന കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയെ, ബാർ കോഴക്കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ടാണ് അതിൽ ഒന്ന്. രണ്ടാമത്തേത് കൊല്ലം പുനലൂരിൽ പ്രവാസി മലയാളി സുഗതൻ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ  നിയമസഭയിൽ കൊടികുത്തൽ രാഷ്ട്രീയത്തെക്കുറിച്ചു നടത്തിയ പ്രസ്താവനയും. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് സിപിഐ ഇന്നലെ പ്രതികരിച്ചതായി അറിവില്ല. (എങ്കിലും ഇക്കാര്യത്തിൽ ആ പാർട്ടിയുടെ പ്രതികരണം വൈകാതെ തന്നെ ഉണ്ടാവും എന്ന കാര്യത്തിൽ തർക്കം വേണ്ട). എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ, കൊടിനാട്ടൽ രാഷ്ട്രീയത്തിനെതിരെയുള്ള പ്രസ്താവനക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തും രംഗത്ത് വന്നു കഴിഞ്ഞു.

സുഗതനെ ആത്മഹത്യയിലേക്കു നയിച്ചതിന്റെ പേരിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ആകയാൽ കൊടിനാട്ടൽ രാഷ്ട്രീയം സാംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐയിൽ നിന്നും എഐവൈഎഫിൽ നിന്നും കൂടുതൽ പേർ ഉടനെ രംഗത്തുവരുമെന്ന കാര്യത്തിൽ തർക്കം വേണ്ട. അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ ബന്ധുക്കളെ സന്ദർശിച്ചശേഷം മുഖ്യമന്ത്രി മണ്ണാർക്കാട് സിപിഐക്കാരാൽ കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ വീടും സന്ദർശിച്ചതിലുള്ള അമർഷം പുകയുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ കൊടിനാട്ടൽ രാഷ്ട്രീയ വിരുദ്ധ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. സിപിഎംകാർ കൊലപാതകം നടത്തുമ്പോൾ അതിനെ അപലപിക്കാൻ സിപിഐ നേതൃത്വം മടികാണിച്ചിട്ടില്ലെന്നത് സത്യം. പക്ഷെ തങ്ങളുടെ പ്രവർത്തകർ പ്രതിസ്ഥാനത്തു നിൽക്കുന്ന (അതും കേരളത്തിൽ അത്യപൂർവമായി മാത്രം നടക്കുന്ന) രണ്ടു സംഭവങ്ങളിൽ മുഖ്യമന്ത്രി തങ്ങൾക്കെതിരെ മനപ്പൂർവം പകരം വീട്ടുകയാണെന്ന തോന്നലാണ് കാനം രാജേന്ദ്രന്റെയും മഹേഷ് കക്കത്തിന്റെയും പ്രതികരണങ്ങളിൽ മറഞ്ഞിരിക്കുന്നത്.

സിപിഐയിൽ വിഭാഗീയതയില്ലെന്നു തറപ്പിച്ചു പറയുമ്പോഴും കാനം മൂടിവെക്കാൻ ആഗ്രഹിക്കുന്ന സത്യം മലപ്പുറം സമ്മേളനത്തിൽ തനിക്കെതിരെ ഇസ്മായിൽ പക്ഷം ചില കരുനീക്കങ്ങൾ നടത്തിയെന്നുള്ളതാണ്. എങ്കിലും വിരുദ്ധ നീക്കങ്ങളെ (കേന്ദ്ര നേതൃത്വത്തിന്റെ കൂടി ശക്തമായ ഇടപെടലിനെ തുടർന്നാണെങ്കിൽ കൂടി) അതിജീവിക്കാൻ കഴിഞ്ഞുവെന്നും പാർട്ടിയിൽ താൻ കൂടുതൽ കരുത്തനായി എന്നുമൊക്കെ ആശ്വാസം  കൊണ്ടുനിൽക്കുന്ന ഘട്ടത്തിലാണ് മാണിയെ വെള്ളപൂശുന്ന വിജിലൻസ് റിപ്പോർട്ടും പുനലൂർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വക കുത്തും ഉണ്ടായിരിക്കുന്നത് എന്നത് കാനം അത്ര ലഘുവായി കാണുന്നില്ലെന്നത് അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്.

കൊടി നാട്ടൽ പ്രശ്‌നത്തിൽ ഒരുപക്ഷെ ഇത് ആദ്യമായിട്ടാവാം പിണറായി പരസ്യമായി രംഗത്ത് വരുന്നത്. എന്നാൽ പാർട്ടിക്കൊടി നാട്ടി വ്യവസായം മുടക്കുന്ന പ്രവണതയെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം നോക്കുകൂലിയെക്കുറിച്ചുകൂടി പറഞ്ഞത് എന്തുകൊണ്ടോ കാനമോ അദ്ദേഹത്തിന്റെ പാർട്ടിയുടെ യുവനേതാവോ ശ്രദ്ധിച്ചതായി കാണുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും പിണറായി നോക്കുകൂലിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. അന്ന് തന്റെ തന്നെ പാർട്ടിയുടെ ഭാഗമായ സിഐടിയുവിനെതിരെ ഉയർന്ന ആക്ഷേപങ്ങളെ തുടർന്നായിരുന്നു ഇത്.  ഒരിക്കലും അംഗീകരിക്കാനാവാത്ത കാട്ടുനീതിയെന്നോ പിടിച്ചുപറിക്കൊള്ളയെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് നോക്കുകൂലി എന്ന കാര്യത്തിൽ തർക്കമില്ല. ഇതിനൊരു അറുതി വരുത്താൻ വേണ്ടി ട്രേഡ് യൂണിയനുകളുടെ ഒരു യോഗം ഉടനെ വിളിച്ചുകൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്; നല്ലതാണ്. നോക്കുകൂലി അവസാനിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ഏതു ശ്രമത്തെയും പിന്തുണക്കേണ്ടതുണ്ട്.

അപ്പോള്‍ കാനം സഖാവേ, ഈ റവന്യൂ വകുപ്പ് സര്‍ക്കാരിലല്ലേ?

നോക്കുകൂലി അവസാനിപ്പിക്കും, നോക്കി നിന്ന് കൂലി വാങ്ങുന്നതിനെ അംഗീകരിക്കില്ല: മുഖ്യമന്ത്രി

ഞാന്‍ പറഞ്ഞതെന്ത്? സി പി ഐ കേട്ടതെന്ത്?-എം.സ്വരാജ് പ്രതികരിക്കുന്നു

യെച്ചൂരിയുടെ മുന്‍പില്‍ കാനം ഇന്നെന്തുപറയും? മാണിയും…

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍