UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

കേരളത്താമരപ്പൂവേ… കഷ്ടം!

ഉത്തര്‍ പ്രദേശും ബീഹാറും ഒക്കെ പിടിക്കുന്നതൊന്നും അത്ര പ്രശ്‌നമുള്ള കാര്യമല്ലെന്ന് അമിത് ഷായ്ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും

ബിജെപി എന്തൊക്കെയാണ് സ്വപ്‌നം കണ്ടത്? ത്രിപുരയ്ക്കുശേഷം സിപിഎം അധികാരത്തില്‍ ശേഷിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ കാവിക്കൊടി പാറിക്കുക.

സാക്ഷാല്‍ അമിത് ഷാ എന്ന അഖിലേന്ത്യാ പ്രസിഡന്റു തന്നെയാണ് കേരളം പിടിക്കുക എന്ന ‘മിഷന്റെ’ ചുമതല നേരിട്ട് ഏറ്റെടുത്തത്. അതിനായി ആക്ഷന്‍പ്‌ളാന്‍ തയ്യാറാക്കി. വഴങ്ങാതെ നിന്ന ഘടകകഷിയായ ബിഡിജെഎസ്സിന്റെ എല്ലാമെല്ലാമായ വെള്ളാപ്പള്ളിയേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും എന്‍ഫോഴ്‌സമെന്റ് അധികൃതരെക്കൊണ്ട് വിളിച്ചുവരുത്തി അവിടെ നാലഞ്ചുമണിക്കൂര്‍ ഇരുത്തുക… അങ്ങനെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉഷാറാക്കാനുള്ള കാര്യങ്ങളെല്ലാം അമിത്ഷാ കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷെ… പാര്‍ട്ടിക്ക് ഇവിടത്തേക്ക് ഒരു പ്രസിഡന്റിനെ കണ്ടെത്തുക…അതിത്രമാത്രം പുലിവാലു പിടിപ്പിക്കുന്നതാണെന്ന് അമിത് ഷായും വിചാരിച്ചുകാണില്ല.

ഒരു ടേം മാത്രമാണ് ബിജെപിക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം അനുവദിക്കുക. നെഹ്‌റു യുവക് കേന്ദ്ര ഉള്‍പ്പെടെ ഡല്‍ഹിയിലെ ചുമതലകളൊക്കെ ഭംഗിയാക്കി നിറവേറ്റിയ ചെറുപ്പക്കാരനായ പ്രസിഡന്റ് വി. മുരളീധരന്‍ വന്നശേഷം കേരളത്തില്‍ ബിജെപി ചുരുക്കം സ്ഥലങ്ങളിലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷി തെളിയിച്ചു. അതുവരെ ‘ശത്രുവിന്റെ മിത്രം ഉറ്റ ചങ്ങാതി’ എന്ന ലൈനില്‍ കോണ്‍ഗ്രസ് – മുസ്ലിംലീഗ് – ബിജെപി എന്ന അവിയല്‍ മുന്നണിയൊക്കെ പരീക്ഷിച്ച്, ബിജെപിയായി നില്‍ക്കുന്നവര്‍ക്കുപോലും നാണക്കേടു തോന്നുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ നടത്തി കഴിഞ്ഞുകൂടുകയായിരുന്നു കേരള ഘടകം. അപ്പോഴും പെട്രോള്‍ ബങ്ക് അനുവദിക്കല്‍, പാചകവാതക ഏജന്‍സി വിതരണം എന്നിവയിലൊക്കെ ഇടപെട്ട് നന്നായി പണം സ്വരൂപിക്കുന്നതില്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ഒട്ടും മടികാട്ടിയില്ല. അതിനുള്ള ‘മിടുക്ക്’ ഇല്ലാത്ത മറ്റേ വിഭാഗം ഇത് നാടുനീളെ പറഞ്ഞു നടന്നു. അങ്ങനെ സംസ്ഥാനത്ത് അധികാര സ്ഥാനങ്ങളൊന്നുമില്ലെങ്കില്‍ കൂടി ‘സ്വച്ഛഅഴിമതി’ നന്നായി നടത്താന്‍ സാധിക്കുന്ന പാര്‍ട്ടി എന്ന ഖ്യാതി ഈ പാര്‍ട്ടി സ്വന്തമാക്കി.

അതിനിടയിലാണ് വി. മുരളീധരന്‍ എന്ന ഡല്‍ഹി കളരിയിലെ അഭ്യാസി തിരുവനന്തപുരത്ത് മാരാര്‍ജി സ്മൃതി മന്ദിരത്തിന്റെ നാഥനായെത്തിയത്. അതോടെ, കളി മാറി. അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന എബിവിപിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി 1994ല്‍ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയതിനുശേഷം പിന്നെ തിരുവനന്തപുരത്തേക്ക് വിമാനം കയറി എത്തിയത് 2010ല്‍ സംസ്ഥാന ബിജെപി സംസ്ഥാന പ്രസിഡന്റാവാനാണ്! പി.കെ കൃഷ്ണദാസ് സംഘപരിവാരത്തിന്റെ പിന്തുണയോടെ ശ്രമിച്ചിട്ടും താമര വിടരാത്ത സാഹചര്യത്തിലായിരുന്നു മുരളീധരന്റെ നിയോഗം. കൃഷ്ണദാസിന്റെ വരവോടെയാണ് അതുവരെ സര്‍വ്വപ്രതാപിയായിരുന്ന, എല്ലാ കാര്യങ്ങളും ഇടപെട്ട് നിയന്ത്രിച്ചിരുന്ന, സംഘടനാ ചുമതലയുള്ള സെക്രട്ടറി പി.പി മുകുന്ദന്റെ ബിജെപിയിലെ അസ്തമനമായത്. അതിനുശേഷം, മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പാര്‍ട്ടി പ്രഖ്യാപിച്ച രീതിയില്‍ ‘മിസ്ഡ് കാള്‍’ അടിച്ച് ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കാമെന്ന് വി.മുരളീധരന്‍ പരിഹസിക്കുകകൂടി ചെയ്തപ്പോള്‍ അതിനോടൊട്ടി നില്‍ക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായതോടെ താന്‍ ഇതാ സംഘടനയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രതീതി സൃഷ്ടിക്കുക മാത്രമല്ല, ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുകുന്ദന്‍ പാര്‍ട്ടി സംസ്ഥാന സമിതി ഓഫീസിലെത്തിയെങ്കിലും പ്രധാന നേതാക്കളാരും എത്തിയതുമില്ല.

കൃഷ്ണദാസിനുമുമ്പ്, സിപിഎം അക്രമം നേരിടാന്‍ കണ്ണൂരുകാരനായ പഴയ മാര്‍ക്‌സിസ്റ്റുകാരന്‍ സി.കെ പത്മനാഭനെ വരെ ബിജെപി ഇറക്കി നോക്കി. എവിടെ? എന്നിട്ടും ഇവിടെ ക്‌ളച്ചു പിടിക്കുന്നില്ല…

എന്തായാലും, മുരളീധരന്‍ വന്നു. പിന്നാലെ തെരഞ്ഞെടുപ്പുകളില്‍ ഓളങ്ങളുണ്ടാക്കി. ഒ. രാജഗോപാലും കെ. സുരേന്ദ്രനും രണ്ടറ്റങ്ങളിലായാണെങ്കിലും ജയത്തോളമെത്തിയ രണ്ടാം സ്ഥാനങ്ങള്‍ സ്വന്തമാക്കി. പിന്നീടുവന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ചില പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും ഭരണകക്ഷിയായി. ബിജെപിയെ കൂട്ടില്ല എന്ന സിപിഎം , കോണ്‍ഗ്രസ് കക്ഷികളുടെ തീരുമാനമാണ് പാലക്കാട് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ സഹായകമായത്. കോണ്‍ഗ്രസും സിപിഎമ്മും അക്കാലത്ത് ആജന്മശത്രുക്കളായിരുന്നു!

തുടര്‍ച്ചയായി രണ്ടുതവണ ബിജെപി സംസ്ഥാന പ്രസിഡന്റായ മുരളീധരനുശേഷം പാര്‍ട്ടിയില്‍ അംഗത്വംപോലുമില്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവിനെ ആര്‍എസ്എസ് നിര്‍ദ്ദേശിച്ചത് ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചു. അങ്ങനെ കുമ്മനം രാജശേഖരന്‍ രായ്ക്കുരാമാനം അംഗത്വമില്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി.

അപ്പോഴേക്കും ബിജെപി ശക്തമായ ഗ്രൂപ്പുപോരില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. അതില്‍ ഒരു പക്ഷത്ത് കുമ്മനത്തെ കൊണ്ടുകെട്ടാന്‍ മറ്റേ പക്ഷം എപ്പോഴും ശ്രദ്ധിച്ചെങ്കിലും അതിന് പിടികൊടുക്കാതെ സംസ്ഥാന അധ്യക്ഷന്‍ മെയ് വഴക്കം കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം ശക്തിയായി ഉയര്‍ന്നുവരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനായി. ഒ. രാജഗോപാലിന്റെ നേമത്തെ വിജയത്തോടെ നിയമസഭയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായി. പാര്‍ട്ടിയെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ‘കോഴ ജന്മാവകാശമാണ്’ എന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രഖ്യാപനംപോലെ ബിജെപിയും ഉറച്ച നിലപാടെടുത്തു. അഴിമതി അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി എന്നാരോപിച്ച് ബിജെപിയുടെ വക്താവും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.വി രാജേഷിനെ പുറത്താക്കി പാര്‍ട്ടി ‘മുഖം’ രക്ഷിച്ചു!

അങ്ങനെ യാദവകുലം തലതല്ലി കൊഴുക്കുന്നതിനിടയില്‍ ബിജെപിയുടെ ഇവിടുത്തെ നേതാക്കളാരുമറിയാതെ രണ്ട് സംഭവങ്ങളുണ്ടായി. അതിലൊന്ന്, കോണ്‍ഗ്രസിന്റെ കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടും നടക്കാതിരുന്ന നടന്‍ സുരേഷ്‌ ഗോപിയെ രാജ്യസഭാ എംപിയാക്കിയതാണ്. സിപിഎമ്മിന്റെ കാഞ്ഞിരപ്പള്ളി എംഎല്‍എ ആയിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം എന്ന മുന്‍ ഐഎഎസ്സുകാരന് രണ്ടാമത് മത്സരിക്കാന്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിര്‍ദ്ദേശിച്ചതോടെ മത്സരിക്കാതിരിക്കാനുള്ള ‘ബുദ്ധി’ കാണിച്ചത് ഭാഗ്യമായി. അദ്ദേഹത്തെ ബിജെപി എം.പി മാത്രമല്ല, മന്ത്രിയുമാക്കിയതാണ് രണ്ടാമത്തെ സംഭവം. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയാണ് ഒടുവില്‍ എം.പിയാക്കിയത്.

ഇതിനിടയില്‍, ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വന്നു. പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള അവിടെ ‘ജയിക്കാന്‍ വേണ്ടി’ മത്സരരംഗത്തിറങ്ങി. സ്വന്തം മുന്നണിയിലെ ഘടകകകഷിയായ ബിഡിജെഎസ് എന്ന വെള്ളാപ്പള്ളിക്കുടുംബത്തിന്റെ പാര്‍ട്ടി അവിടെ ആരോടൊപ്പമായിരുന്നുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനുശേഷം നാളികേരബോര്‍ഡ് അധ്യക്ഷ സ്ഥാനം സമ്മാനിച്ചു. അതിനിടെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവിടെ പ്രചരണ രംഗത്തായിരുന്ന, യോഗത്തില്‍ പ്രസംഗിച്ചുനിന്ന, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി സ്ഥലംമാറ്റി!

പാര്‍ട്ടിയുടെ ചടുല ഇടപെടലുകളുടെ മുഖമായ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രസിഡന്റാവുമെന്നായിരുന്നു കേള്‍വി. കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ പ്രസിഡന്റാക്കാനാണെന്ന് അമിത് ഷാ തന്നെ പാര്‍ട്ടി നേതാക്കളോട് സമ്മതിച്ചു. അപ്പോഴേക്കും പക്ഷേ, കേരളത്തില്‍ ആര്‍എസ്എസ് ഇതിനോട് ‘കലഹിച്ചു’. തങ്ങളുടെ നോമിനിയായ കുമ്മനത്തെ മാറ്റും മുമ്പ് അറിയിച്ചില്ലെന്നതായിരുന്നു ആദ്യ പ്രകോപനം. അടുത്ത ശുണ്ഠിവിഷയം, കെ. സുരേന്ദ്രനെ നിയമിക്കുന്നതായിരുന്നു. പി.എസ് ശ്രീധരന്‍പിളള, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് തുടങ്ങി ശോഭാ സുരേന്ദ്രന്‍ എന്നിങ്ങനെ പാര്‍ട്ടിക്കാരെ മാത്രമല്ല, ഡല്‍ഹിയിലും കൊച്ചിയിലും ഉള്ള സംഘപരിവാര നേതാക്കളെയും പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചു. ‘ചാണ്ടി അയയുമ്പോള്‍ തൊമ്മന്‍ മുറുകും’ എന്ന രീതിയില്‍ ഒന്നുകില്‍ ആര്‍എസ്എസ് മുറുകും അപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കടുപ്പിക്കും.

ഉത്തര്‍ പ്രദേശും ബീഹാറും ഒക്കെ പിടിക്കുന്നതൊന്നും അത്ര പ്രശ്‌നമുള്ള കാര്യമല്ലെന്ന് അമിത് ഷായ്ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും. ഒന്നോ രണ്ടോ എംഎല്‍എമാര്‍ മാത്രമുള്ള സംസ്ഥാനത്ത് അധികാരത്തില്‍ വരുന്നത് ബിജെപിക്ക് അത്ര പ്രയാസമുള്ള കാര്യമല്ല. പക്ഷെ, ബിജെപിക്ക് കേരളത്തില്‍ ഒരു സംസ്ഥാന പ്രസിഡന്റിനെ നിയോഗിക്കുന്നത് അത്ര നിസ്സാരകാര്യമല്ലെന്ന് അമിത് ഷാ ഇപ്പോള്‍ മനസ്സിലാക്കിക്കൊണ്ടേയിരിക്കുകയാണ്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമിത് ഷായ്ക്ക് ഒരു ചുക്കുമറിയില്ല കേരളത്തിലെ ബിജെപിയെക്കുറിച്ച്

ബിജെപിയിലെ കാര്യങ്ങള്‍ മൊത്തം കോമഡിയാണ്; കാര്യം തീരുമാനിക്കാന്‍ സെക്രട്ടറി; അപ്പോള്‍ കുമ്മനമോ?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍