UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസുകാര്‍ക്കും പാര്‍ട്ടി സ്കൂള്‍? ചിരിക്കണ്ട, സത്യമാണ്

കോൺഗ്രസിലെ പുതു തലമുറയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണെന്ന തോന്നൽ ആദ്യമായി ഉണ്ടായത് മുൻ നിയമസഭ സാമാജികനും നിലവിൽ തൃശൂർ ഡിസിസി പ്രസിഡന്റുമായ ടിഎൻ പ്രതാപന് ആണത്രേ

കെ എ ആന്റണി

കെ എ ആന്റണി

“കോൺഗ്രസിനും പാർട്ടി സ്കൂൾ: ആദ്യ ബാച്ച് പുറത്തിറങ്ങി” എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസത്തെ മലയാള മനോരമ പത്രത്തിൽ ഒരു വാർത്തയുണ്ട്. തലക്കെട്ട് വായിക്കുമ്പോൾ ആദ്യം മനസ്സിൽ ഉയരുന്ന ചോദ്യം എന്താ, പാർട്ടി സ്കൂൾ സിപിഎമ്മിന് മാത്രമേ പാടുള്ളു എന്നുണ്ടോ എന്നതാണ്. സ്വന്തം പാർട്ടിയുടെ ചരിത്രവും അതിന്റെ പ്രസക്തിയുമൊക്കെ കോൺഗ്രസ്സുകാർ പഠിക്കുന്നതിൽ എന്താണ് അപാകത?

എന്നാൽ വാർത്ത വായിച്ചു തുടങ്ങിയപ്പോൾ ഒരു കാര്യം വ്യക്തമായി; കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ഈ പാർട്ടി സ്കൂൾ വരാനിരിക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു തട്ടിക്കൂട്ട് ഏർപ്പാട് മാത്രമാണ്. തലശ്ശേരിയിൽ ആരംഭിച്ചിട്ടുള്ള ഈ റെസിഡൻഷ്യൽ സ്കൂളിൽ നിന്നും വെറും ഒരാഴ്ചത്തെ പരിശീലനം പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് 140 പേരാണ്.

വാർത്തയിൽ പറയുന്നതനുസരിച്ച് പ്രഭാഷണം, ആത്മവിശ്വാസ രൂപീകരണം, നേതൃഗുണം, പ്രശ്നപരിഹാര പാടവം, പോസിറ്റീവ് ആയ മനോനില രൂപീകരണം എന്നിവ കൂടാതെ കോൺഗ്രസിന്റെ ചരിത്രം, ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസിന്റെ ഇടപെടൽ എന്നിവയൊക്കെയാണ് പാഠ്യ വിഷയം.

ഇക്കണ്ട കാര്യങ്ങളത്രയും വെറും ഒരാഴ്ച കൊണ്ട് പഠിച്ചു തീർത്തെങ്കിൽ പഠിതാക്കൾ ചില്ലറക്കാരായിരിക്കാൻ തരമില്ലല്ലോ. അതുകൊണ്ടു തന്നെയാണ് കോൺഗ്രസിന്റെ ഈ രാഷ്ട്രീയ പാഠശാല വെറും ഒരു തട്ടിക്കൂട്ട് ഏർപ്പാടാണെന്നു പറയേണ്ടി വരുന്നത്. മനോരമ വാർത്ത പറയുന്നതനുസരിച്ച് അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിനു മുൻപായി 17-നും 25-നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തോളം യുവാക്കൾ ഈ തട്ടിക്കൂട്ട് രാഷ്ട്രീയ പാഠശാലയിൽ നിന്നും പുറത്തുവരും. ലോക് സഭ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്നത് ഈ അല്‍പ്പജ്ഞാനികൾ ആയിരിക്കുമല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.

പാർട്ടി സ്കൂൾ എന്നത് ഒരു നല്ല ആശയം തന്നെയാണ്. പ്രത്യേകിച്ചും ഗാന്ധിജിയെയും നെഹ്രുവിനെയുമൊക്കെ വായിക്കാത്തവരുടെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം പോയിട്ട് സ്വന്തം പാർട്ടിയുടെ ചരിത്രം പോലും അറിയാത്ത കോൺഗ്രസുകാരുടെ എണ്ണം പെരുകി വരുന്ന ഇക്കാലത്ത്‌ ഒരു രാഷ്ട്രീയ പാഠശാല കോൺഗ്രസിനും നല്ലതു തന്നെ. അത് പക്ഷേ ഇത്തരത്തിൽ ഒരു തട്ടിക്കൂട്ട് ഏർപ്പാട് ആകുന്നത് ഗുണാത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന കാര്യത്തിൽ തർക്കമില്ല.

അല്ലെങ്കിൽ തന്നെ സ്വന്തമായി പാർട്ടി സ്കൂളും മുട്ടിനു മുട്ടിന് പഠന ഗവേഷണ കേന്ദ്രങ്ങളും ഉള്ള സിപിഎമ്മിന്റെ സ്ഥിതി തന്നെ എടുക്കുക. മാക്സിനെയും ലെനിനെയുമൊക്കെ പൂർണമായും വായിച്ച എത്രപേരുണ്ട് ആ പാർട്ടിയിൽ? ചെ ഗുവേരയെ ഫാഷനും പാഷനുമൊക്കെയായി കൊണ്ടു നടക്കുന്നവരിൽ എത്രപേർ ചെ ഗുവേരയുടെ കൃതികൾ പൂർണമായും വായിച്ചിട്ടുണ്ട്? വായനയുടെ കാര്യത്തിൽ പൊങ്ങച്ചം പറയുന്ന സിപിഎംകാരുടെ വായനയുടെ തോത് അറിയാൻ ‘ചിന്ത’യും മാർക്സിസ്റ്റും ഒക്കെ എത്ര കോപ്പി വിറ്റഴിയുന്നുണ്ടെന്നതിന്റെ കണക്കു പരിശോധിച്ചാൽ മാത്രം മതിയാവും.

കോൺഗ്രസിലെ പുതു തലമുറയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണെന്ന തോന്നൽ ആദ്യമായി ഉണ്ടായത് മുൻ നിയമസഭ സാമാജികനും നിലവിൽ തൃശൂർ ഡിസിസി പ്രസിഡന്റുമായ ടിഎൻ പ്രതാപന് ആണത്രേ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി സ്കൂൾ അടുത്തു തന്നെ തൃശ്ശൂരിൽ യാഥാർഥ്യമാകും എന്നാണു കേൾക്കുന്നത്. പ്രതാപന്റെ സ്കൂളെങ്കിലും കണ്ണൂരിലേതുപോലെ ഒരു തട്ടിക്കൂട്ട് ഏർപ്പാടാവാതിരുന്നാൽ മതിയായിരുന്നു. അത്യാവശ്യം ആത്മാർത്ഥതയുള്ള കോൺഗ്രസ്സുകാരനാണ് പ്രതാപൻ എന്നതിനാൽ അങ്ങനെ സംഭവിക്കാൻ ഇടയില്ലെന്നു തത്ക്കാലം കരുതാം.

രാഹുലിന്റെ സന്ദേഹങ്ങൾ അവസാനിക്കുന്നില്ല; 4 മാസമായി വർക്കിങ് കമ്മറ്റിയില്ലാതെ കോൺഗ്രസ്സ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍