UPDATES

ശ്രീചിത്രന്‍ എം.ജെ

കാഴ്ചപ്പാട്

Art Age

ശ്രീചിത്രന്‍ എം.ജെ

മേരി ക്യൂറി; സ്ത്രീധൈഷണികതയുടെ രംഗജീവിതം പരിഷത്ത് തെരുവില്‍ വീണ്ടെടുക്കുമ്പോള്‍

എൻ. വേണുഗോപാലൻ രചിച്ച് അലിയാരുടേയും സജാസിന്റെയും സംവിധാനത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ അരങ്ങിലെത്തിച്ച മദാം ക്യൂറി നാടകം കണ്ടപ്പോഴാണ് വാസ്തവം മറ്റൊന്നാണെന്ന് തിരിഞ്ഞത്, ചെയ്യുന്ന വിഷയം പ്രസക്തമാണെങ്കിൽ കല ഏതു പ്രതിസന്ധിയേയും മറികടക്കും

ജ്ഞാനശാഖകളിൽ ഏതിന്റെ ചരിത്രത്തിലും ചില അപൂർവ്വ അധ്യായങ്ങളുണ്ട്. മുൻപോ പിൻപോ സമാനതകളില്ലാത്തവർ. ‘മൗലികസംഭാവന’ എന്ന പത്രഭാഷയിൽ അവരുടെ ചരിത്രം ഒതുങ്ങുകയില്ല. അഥവാ, അവരുടെ ചരിത്രം കേവലമൊരു പ്രതിഭയുടെ ‘ജന്മസിദ്ധിചരിത്ര’മോ വാഴ്‌ത്തുപാട്ടുകൾ നിർമ്മിച്ചെടുക്കുന്ന ‘വിശുദ്ധചരിത്ര’മോ അല്ല. അവരേർപ്പെട്ട ജ്ഞാനശാഖയിലെ നിർമ്മാണാത്മകമായ പ്രവർത്തനം കൊണ്ട് അവരുടെ ചരിത്രം ഒരു സചേതനമായ വാസ്തവമായി തുടരുന്നു. അവർ അവരെ സ്ഥാനപ്പെടുത്തിയതല്ല, അവരുടെ ജ്ഞാനമേഖലയെ അവർ ബഹുദൂരം മുന്നോട്ടു വലിച്ചുനീക്കിയതാണ്. സ്വന്തം ജ്ഞാനസ്ഥലിയോടുള്ള ഒരുതരം ആത്മബലിയാണ് അവർക്ക് ജീവിതം. നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ അത്തരമൊരു തിളക്കമാർന്ന മുഹൂർത്തത്തിന്റെ പേരാണ് മദാം ക്യൂറി.

അധീശത്വം ചുറ്റും കടിച്ചുപറിക്കുന്നൊരു രാജ്യത്ത് ജനിച്ച്, ഒരു പോളണ്ടുകാരിയാണ് താനെന്ന ആത്മാഭിമാനത്തോടെ ജീവിച്ച്, രാഷ്ടീയാധീശത്വത്തിന്റെയും ആൺകോയ്മയുടെയും ശാസ്ത്രവിരുദ്ധതയുടേയും ശാസ്ത്രകാരന്മാർക്കിടയിലെ അധികാരരാഷ്ടീയത്തിന്റെയും വെല്ലുവിളികളെ നേരിട്ട് മദാം ക്യൂറി നേടിയെടുത്ത രണ്ട് നൊബേൽ സമ്മാനങ്ങൾ മദാം ക്യൂറിയേക്കാൾ നൊബേലിനെ ആദരണീയമാക്കിത്തീർക്കുന്നു. ശാസ്ത്രം പഠിക്കാനടക്കം അവകാശമില്ലാത്തൊരു നശിച്ച രാജ്യത്തിൽ പിറന്നുവീണമദാം ക്യൂറി തന്റെ കണ്ടുപിടുത്തത്തിന്റെ അനന്തരഫലമായ റേഡിയേഷന്റെ ആഘാതമേറ്റ് അപ്ലാസ്റ്റിക്ക് അനീമിയയാൽ മരണമടയുമ്പോൾ, അവരുടെ ശരീരം ചരിത്രത്തിലാദ്യമായി പാരീസിലെ പാന്തിയണിൽ മൃതശരീരമടക്കപ്പെടുന്ന സ്ത്രീയെന്ന ബഹുമതിയേറ്റുവാങ്ങുമ്പോൾ,    ആധുനികശാസ്ത്രത്തിന്റെ സമാനതകളില്ലാത്ത ഒരു ചരിത്രം പിറന്നുവീഴുകയായിരുന്നു എന്നുപറയാം. ശാസ്തചരിത്രത്തിന്റേതു മാത്രമല്ല, സ്ത്രീപക്ഷരാഷ്ടീയമടക്കം സാമൂഹികശാസ്ത്രത്തിന്റെ സർവ്വമണ്ഡലങ്ങളിലും മേരിക്യൂറിയുടെ ജീവിതം പഠനാർഹവും അഭിമാനാർഹവുമായ അധ്യായമായിത്തീർന്നു. ശാസ്ത്രത്തിൽ അദ്യത്തെ നോബൽ ജേതാവായ സ്ത്രീ മാത്രമല്ല, രണ്ട് വ്യത്യസ്ത ശാസ്ത്രമേഖലകളിൽ നൊബേൽ നേടുന്ന രണ്ടു പേരില്‍ ഒരാളും  ഏക സ്ത്രീയും കൂടിയായി മാറിയതോടെ, ലിംഗസമത്വത്തിലെ ബൗദ്ധികവിചാരത്തിൽ തർക്കരഹിതമായ സ്ത്രീധൈഷണികതയുടെ ചരിത്രസാക്ഷ്യമായി മദാം ക്യൂറി നിലനിൽക്കുന്നു.

ശാസ്ത്രസാഹിത്യപരിഷത്ത് കേരളത്തിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലും പൊതുവിടങ്ങളിലുമായി മദാം ക്യൂറിയുടെ ജീവിതത്തെ ഉപജീവിച്ചുകൊണ്ട് നാടകം ചെയ്യുന്നു എന്ന് കേട്ടപ്പോൾ ആശങ്കകളാണ് ആദ്യമേ മനസ്സിലുയർന്നത്. ഈ വാസ്തവങ്ങളെല്ലാം തിരിച്ചറിഞ്ഞുകൊണ്ട്, അവയെ അടയാളപ്പെടുത്തിക്കൊണ്ട് മേരിക്യൂറിയുടെ ജീവിതത്തെ മുൻനിർത്തി ഒരു കലാവിഷ്കാരം നിർമ്മിച്ചെടുക്കാൻ വലിയ പ്രയാസമുണ്ട്. ഒന്നാമത് വിഷയം ശാസ്ത്രം. റേഡിയത്തിന്റെ കണ്ടുപിടുത്തം അടക്കമുള്ള മേരിക്യൂറിയുടെ നേട്ടങ്ങളെ അരങ്ങിലാവിഷ്കരിക്കുക ദുഷ്കരമാണ്. സാങ്കേതികസങ്കീർണതകൾ നിറഞ്ഞ പൊളോണിയത്തിന്റെയും റേഡിയത്തിന്റെയും കണ്ടെത്തലിനും അതിനു പിന്നിലെ ഭഗീരഥപ്രയത്നത്തിനും പൊതുവിടങ്ങളിലെ ജനക്കൂട്ടത്തിനു വരെ സംവേദനം ചെയ്യപ്പെടുന്നൊരു ദൃശ്യഭാഷ കണ്ടെത്തുക വലിയ പ്രയാസമാണ്. ശാസ്ത്രമെന്നാലേ വിരസതയെന്നു കരുതുന്നൊരു ജനസമൂഹമെന്ന മുൻവിധിയോടെ സമീപിച്ചാൽ ഇതെല്ലാം അസാധ്യമെന്നു തീർച്ച.

ഇതിനേക്കാളെല്ലാം വലിയ മറ്റുചില പ്രശ്നങ്ങളുമുണ്ട്. മദാം ക്യൂറിയുടെ ജീവിതം സാമ്പ്രദായികഭാഷയിൽ പറഞ്ഞാൽ അത്രയൊന്നും ‘നാടകീയ’മേ അല്ല.  പോളണ്ടിലെ റഷ്യൻ ഭരണകാലത്തെ ബാല്യം – പാരീസിലെ ഉപരിപഠനം. പിയേർ ക്യൂറിയുമായി ഗവേഷണം – കണ്ടുപിടുത്തങ്ങൾ – നൊബേൽ പുരസ്കാരനേട്ടങ്ങൾ – മരണം എന്നിങ്ങനെ രേഖീയമായി ചിന്തിച്ചാൽ സാമാന്യമായൊരു സമർത്ഥജീവിതമായി മദാം ക്യൂറിയെ കാണാൻ ആണ് എളുപ്പം. മാത്രമല്ല, അതിനാടകീയതകളെ ജീവിതത്തിലുടനീളം നിരസിച്ചവരാണ് പിയേർ ക്യൂറിയുംമദാം ക്യൂറിയും. പത്രപ്രവർത്തകർക്കു മുന്നിൽ പ്രദർശകവസ്തുക്കളാകാൻ വരെ വിസമ്മതിച്ചവർ. ശാസ്ത്രനേട്ടങ്ങളെ ജനസമൂഹത്തിനു നൽകുകയല്ലാതെ സാമ്പത്തികനേട്ടങ്ങൾക്കായി വിൽപ്പനയ്ക്കു വെക്കാൻ തയ്യാറാകാതിരുന്നവർ. തങ്ങൾക്കു നേരെ ഉയർന്ന ശാസ്ത്രരംഗത്തെ വിമർശനങ്ങൾക്കു പോലും വാക്കുകൊണ്ടല്ലാതെ സ്വന്തം പ്രവർത്തനം കൊണ്ട് മറുപടി നൽകിയവർ. നാടകീയമായ ഒരു ചോദ്യങ്ങൾക്കു നേരെയും അതിനാടകീയമായി പ്രതികരിക്കാൻ ജീവിതത്തിലുടനീളം തയ്യാറാകാതിരുന്ന അക്കാദമിക്ക് ജീനിയസ്സുകളുടെ ജീവിതത്തെയാണ് നാടകമാക്കിത്തീർക്കേണ്ടത് എന്നത് ഇതിനേക്കാളെല്ലാം വലിയ പ്രതിസന്ധിയാണ്. ഇവയെല്ലാം ഒരളവോളമെങ്കിലും മറികടന്നില്ലെങ്കിൽ പൊതുജനത്തിനു മുന്നിൽ നാടകമെങ്ങനെ അനുഭവപ്പെടുമെന്ന വലിയ ചോദ്യം മനസ്സിലുണ്ടായിരുന്നു.

എൻ. വേണുഗോപാലൻ രചിച്ച് അലിയാരുടേയും സജാസിന്റെയും സംവിധാനത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ അരങ്ങിലെത്തിച്ച മദാം ക്യൂറി നാടകം കണ്ടപ്പോഴാണ് വാസ്തവം മറ്റൊന്നാണെന്ന് തിരിഞ്ഞത്, ചെയ്യുന്ന വിഷയം പ്രസക്തമാണെങ്കിൽ കല ഏതു പ്രതിസന്ധിയേയും മറികടക്കും. കേവലമൊരു ശാസ്ത്രജ്ഞയുടെ ജീവിതകഥയല്ല അരങ്ങിലെത്തിയ മദാം ക്യൂറി. അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെയും അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെയും തളരാത്ത ജീവിതസമരത്തിന്റെയും ആഖ്യാനമാണ് നാടകത്തിലെ മദാം ക്യൂറി. ‘ലോകത്തിലെ ഏറ്റവും മനോഹരമായ കവിതയാണ് ശാസ്ത്രം’ എന്ന റിച്ചാർഡ് ഡോക്കിൻസിന്റെ നിരീക്ഷണത്തെ അനുസ്മരിപ്പിക്കും വിധം ശാസ്ത്രവസ്തുതകളെ വെള്ളം ചേർക്കാതെ തന്നെ രംഗകലയിലേക്ക് പരാവർത്തനം ചെയ്യാൻ അലിയാർക്കും കൂട്ടർക്കും സാധിച്ചു.

പരിമിതമായ രംഗോപകരണങ്ങളും പശ്ചാത്തലവുമാണ് നാടകത്തിനുപയോഗിച്ചിരിക്കുന്നത്. നാടകപ്രവർത്തകർക്കു തന്നെ അരമണിക്കൂർ കൊണ്ട് ഒരുക്കാവുന്നത്രയും ലളിതമായ രംഗഛായാപടം. എന്നാൽ അതീവജാഗ്രതയോടെ അത് നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. മെറ്റൽ ഫ്രെയിമുകളും ഇരുമ്പുകസേരകളും ലാബുപകരണങ്ങളും എക്-റേ ഫിലിമുകളുമെല്ലാം ചേർന്ന പശ്ചാത്തലത്തിന്റെ ‘മെറ്റാലിക്ക് ഇഫക്ട്’ നാടകത്തിനാകെ നൽകുന്ന ഒരു ചരിത്രപശ്ചാത്തലമുണ്ട്. അതിനോട് തീർത്തും യോജിക്കുന്ന ബ്ലാക്ക്&വൈറ്റ് വസ്ത്രങ്ങൾ കൂടി ചേർന്ന്, പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളുടെ ഒരു ഭാവതലം സൃഷ്ടിച്ചെടുത്തു.

മദാം ക്യൂറിയുടെ പ്രസിദ്ധമായൊരു നിരീക്ഷണം, “ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വ്യക്തികളെക്കുറിച്ചല്ല, വസ്തുതകളെക്കുറിച്ചാണ് സംസാരിക്കേണ്ടത്” എന്നതാണ്. വ്യക്തികേന്ദ്രിതമായ ഏതു നിരീക്ഷണത്തിനും വസ്തുതകളുടെ ശാസ്ത്രീയതയിലേക്കെത്തിച്ചേരാനാവില്ല എന്ന ഈ തിരിച്ചറിവിനെ കേവലമായൊരു വാചകമായി പരിഗണിക്കാനല്ല, നാടകത്തിന്റെ ആന്തരികശരീരത്തിലേക്ക് ഉൾച്ചേർക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു പെൺകുട്ടിയെ മദാം ക്യൂറിയായി നിലനിർത്തുകയല്ല, നാടകത്തിലെ എല്ലാ പെൺകുട്ടികളും മാറിമാറി മദാം ക്യൂറിയായും അല്ലാതായും മറഞ്ഞുപോകും വിധമാണ് നാടകത്തിന്റെ ഘടന. മദാം ക്യൂറിയെ കേവലവ്യക്തിസ്വരൂപത്തിൽ നിന്ന് നാടകം അതിന്റെ രൂപം കൊണ്ടുതന്നെ തിരസ്കരിക്കുന്നു. ഉള്ളടക്കത്തെ രൂപം കൊണ്ട് ആഴത്തിൽ പ്രതിനിധീകരിക്കുന്ന ഈ സമീപനം മദാം ക്യൂറി നാടകത്തിന്റെ രംഗരൂപത്തിന് പുറമേ കാണുന്നതിനപ്പുറമുള്ള ആഴം നൽകുന്നുണ്ട്.

മദാം ക്യൂറിയുടെ മകൾ ഈവ് ക്യൂറി എഴുതിയ ‘മദാം ക്യൂറി’ എന്ന ജീവചരിത്രമാണ് നാടകരചനയുടെ അടിസ്ഥാനം. പിയേർ ക്യൂറിക്കൊപ്പമുള്ള ജീവിതാരംഭം മുതൽ ഒരു സ്ത്രീയായതുകൊണ്ടു മാത്രം ശാസ്ത്രരംഗത്തു നിന്ന് ലഭിച്ച ആൺകോയ്മയുടെ പരിഹാസങ്ങൾ മുതൽ റേഡിയത്തെ വേർതിരിച്ചെടുക്കുന്നതിനു മുൻപുള്ള ലോർഡ് കെൽവിന്റെ വിമർശനങ്ങൾ വരെ നേരിട്ട് മദാം ക്യൂറി നടത്തിയ ശാസ്ത്രസമരമായി ആഖ്യാനം വിടർന്നുവരുന്നു. മദാം ക്യൂറിയുടെ മകൾ എറീൻ സ്വീഡിഷ് അക്കാദമിയിൽ വെച്ച് തന്റെ മമ്മയെക്കുറിച്ച് നടത്തുന്ന വികാരനിർഭരമായ പ്രസംഗത്തോടെ നാടകമവസാനിക്കുമ്പോൾ നിശ്ചയദാർഢ്യത്തിന്റെയും ശാസ്ത്രാഭിമാനത്തിന്റെയും ചരിത്രസാക്ഷ്യമെന്ന നിലയിൽ മാത്രമല്ല, എക്കാലത്തെയും ലിംഗപദവിചിന്തകളുടെയും വലിയ ചോദ്യങ്ങൾ ഉന്നയിക്കാൻ രംഗാവതരണത്തിന് സാധ്യമാവുന്നുണ്ട്.

പൊതുവിടങ്ങള്‍ ക്രമേണ നഷ്ടമാവുകയും കൂടുതൽക്കൂടുതൽ അവനവനിസം വളർന്നുവരികയും ചെയ്യുന്ന കാലികാന്തരീക്ഷം പൊതുവിടങ്ങളിലെ നാടകാവതരണത്തെക്കുറിച്ച് പുതിയ അനേകം ചോദ്യങ്ങളുയർത്തുന്നുണ്ട്. തെരുവിനെ ഏറ്റവും വലിയ രാഷ്ടീയസംവാദസ്ഥലമായി കണ്ടിരുന്ന ആധുനികജീവിതം ഏറെക്കുറെ പിൻവാങ്ങിത്തുടങ്ങിയിരിക്കുന്നു. രാഷ്ടീയമായ വലിയ ആവിഷ്കാരങ്ങൾക്ക് ഇന്നും തെരുവ് സാക്ഷ്യം വഹിക്കുന്നു എന്നതുശരിയാണ്. എന്നാൽ കലയുടെ പുതിയ സംവാദസ്ഥലമായി മാറുന്നത് മിക്കപ്പോഴും പൊതുവിടങ്ങളല്ല. വലിയ ആഘോഷങ്ങളോടെ നടക്കുന്ന നഗരകേന്ദ്രിത ഉൽസവങ്ങളിൽ പൊതുവിടങ്ങളിലെ കലാവിഷ്കാരത്തെക്കുറിച്ച് വലിയ സെമിനാറുകളും ചർച്ചകളുമുണ്ടാവാറുണ്ടെങ്കിലും അവയെ നിലത്തേയ്ക്ക് ഇറക്കിവെക്കാൻ അവർക്ക് കഴിയാറില്ല. അതവരുടെ കുറ്റമല്ല എന്ന് ഒരർത്ഥത്തിൽ പറയാം – മാറിയ കാലം അത്തരം ഇടങ്ങളെ മുൻപെന്നത്തേതിലും അപരവൽക്കരിച്ചിരിക്കുന്നു. മലയാളിയുടെ ആധുനികാനന്തരജീവിതത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന മധ്യവർഗമതം ഈ പ്രശ്നത്തെ കൂടുതൽ രൂക്ഷവും സങ്കീർണ്ണവുമാക്കുന്നു.

ഈ അന്തരീക്ഷത്തിലാണ് കേരളത്തിലെ പൊതുവിടങ്ങളിലൂടെയും കലാലയങ്ങളിലൂടെയും മദാം ക്യൂറിയെന്ന നാടകവുമായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാസംഘം പര്യടനം നടത്തിയത്. ആധുനികാനന്തരം വലിയതോതിൽ മാറിയ പൊതുവിടത്തെ ആധുനികാനന്തരം ആഴത്തിൽ മാറിയ നാടകം കൊണ്ട് അഭിമുഖീകരിക്കാനുള്ള ഒരു ധീരശ്രമമായി ഈ യാത്രാനുഭവത്തെ നമ്മുടെ കലാവിചാരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഈ സ്ത്രീകളെന്തിനാണ് കലുങ്കിലിരിക്കുന്നത്? പൊതുഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ആട്ടിയോടിച്ചവര്‍ കാണൂ

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍