UPDATES

വിഷ്ണു വിനയന്‍

കാഴ്ചപ്പാട്

Guest Column

വിഷ്ണു വിനയന്‍

ഇടതുസര്‍ക്കാര്‍ കേരള ഭരണ സർവീസ് (KAS) വഴി നടത്തുന്നത് സംവരണ അട്ടിമറി

മലയാളി മെമ്മോറിയലിനും ഈഴവ മെമ്മോറിയലിനും നിവർത്തന പ്രക്ഷോഭത്തിനും സാക്ഷിയായ നാടാണിത് എന്നത് ഓര്‍മ വേണം

ദീർഘകാലത്തെ ആലോചനകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് കേരള ഭരണ സർവീസ് (Kerala Administrative Services) എന്ന ഭരണതലം സൃഷ്ടിക്കപ്പെടുന്നത്. KAS-ന്റെ രൂപീകരണം കേരളത്തിലെ ഭരണയന്ത്രം കൂടുതൽ കാര്യക്ഷമമാക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സെക്രട്ടറിയേറ്റ് കേന്ദ്രമാക്കിയുള്ള സർവീസ് സംഘടനകളുടെ കനത്ത എതിർപ്പുകൾ നേരിടേണ്ടി വന്ന ഈ സംരംഭം ഒടുവിൽ സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിന് സമവായപ്പെട്ടാണ് ഒരുവിധം തട്ടിക്കൂടിയെടുത്തതെന്ന് വ്യക്തമാണ്.

G.O.(P) No.12/2017/P&ARD പ്രകാരം സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും കാര്യക്ഷമായ നടത്തിപ്പിനുള്ള രണ്ടാം നിര ഉദ്യോഗസ്ഥ വൃന്ദമായിട്ടാണ് KAS-നെ നിർവചിച്ചിട്ടുള്ളത്. കേരള കേഡറിലേക്കുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള ഫീഡർ വിഭാഗമായും KAS പരിഗണിക്കപ്പെടുമെന്നും വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിന്റെ ബ്യൂറോക്രസിയുടെ നെടുംതൂണുകളായി നില്‍ക്കുന്ന വളരെയധികം പ്രാധാന്യമർഹിക്കുന്ന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നതും.

കേരള ഭരണ സർവീസിന്റെ നിർവചനങ്ങളും ഉദ്ദ്യേശശുദ്ധിയെയും ചോദ്യം ചെയ്യാതിരിക്കത്തന്നെ, നമ്മൾ വളരെയധികം ആശങ്കപ്പെടേണ്ടുന്നതുമായ തീർത്തും വിധ്വംസകരമായ ഒരു റിക്രൂട്ട്മെന്റ് വ്യവസ്ഥയാണ് KAS അവലംബിക്കുന്നത്. നിലവിലുള്ള വ്യവസ്ഥ പ്രകാരം മുന്നോട്ടു പോവുകയാണെങ്കിൽ സംഭവിക്കുന്നത് – സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങിക്കൊണ്ട്, മൂന്നിൽ രണ്ട് ഒഴിവുകളും നിലവിൽ സർവീസിലുള്ളവർക്കായി നീക്കിവെക്കപ്പെടലും അതിനെ കൂട്ടുപിടിച്ചു കൊണ്ടുള്ള സംവരണതത്വങ്ങളുടെ പ്രത്യക്ഷത്തിലുള്ള അട്ടിമറിയുമാണ് എന്നു കാണാം.

G.O. (ഗവൺമെന്റ് ഓർഡർ ) അനുസരിച്ച് മൂന്ന് ധാരകളായിട്ടാണ് KAS-ലേക്കുള്ള തെരഞ്ഞെടുപ്പ്. ഇതിൽ ഒന്നാമത്തെ ധാരയിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് വഴി പൊതു പരീക്ഷയിൽ നിന്നും (സംവരണം പാലിച്ചുകൊണ്ട്) മൂന്നിലൊന്നു ഒഴിവുകൾ നീക്കി വെച്ചിരിക്കുന്നു. ബാക്കിയുള്ള രണ്ടു ധാരകളും (മൂന്നിൽ രണ്ടു ഒഴിവുകളും) നിലവിൽ സർവീസിൽ ഇരിക്കുന്നവർക്കായി ബൈ ട്രാൻസ്ഫർ എന്ന നിലയിൽ സംവരണത്തിന് പുറത്തു നിർത്തി നീക്കിവെച്ചിരിക്കുന്നു. ഒരു തവണ സംവരണം നൽകിയവർക്ക് വീണ്ടും സംവരണം നൽകുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നാണ് വാദം.

KAS തെരഞ്ഞെടുപ്പിലേക്ക് രണ്ടാം ധാരയായി, പ്രബോഷൻ പൂർത്തിയാക്കിയവർക്കായി അടർത്തി മാറ്റിവെക്കപ്പെട്ടുള്ള ഒഴിവുകൾ പ്രത്യേകിച്ചും ഈ പുതു കേഡറിന്റെ ലക്ഷ്യബോധത്തെത്തന്നെ പണയപ്പെടുത്തിക്കൊണ്ടുള്ളതാണ്. പൊതു പരീക്ഷയിൽ മത്സരിക്കുന്നതിൽ നിന്നും ഒഴിവാക്കിക്കൊണ്ട് KAS-ലേക്ക് പാലമിട്ടു കൊടുത്തത് ഡയറക്ട് റിക്രൂട്ട്മെന്റ് വഴിയുള്ള ഒഴിവുകളെ പരിമിതപ്പെടുത്തുകയും സർവീസിലേക്കുള്ള ടാലന്റ് പൂളിനെ ചുരുക്കുകയും ചെയ്തു. അർഹതയുള്ള പലരും തഴയപ്പെടുകയും പകരം ഇപ്പോൾ സർവീസിലുള്ളതിൽ വെച്ച് മികച്ചത് എന്ന പരിമിതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്നതാണ് വസ്തുത.

സംവരണം; പിണറായി മോഹന്‍ ഭാഗവതിന്റെ കാര്യക്കാരനാകുമ്പോള്‍

G.O. പ്രകാരം ഡയറക്ട് റിക്രൂട്ട്മെന്റ് വഴിയുള്ള തെരഞ്ഞെടുപ്പിനു മാത്രമേ സംവരണം ബാധകമാകുന്നുള്ളു. ബാക്കി വരുന്ന മൂന്നിൽ രണ്ട് ഒഴിവുകളും ബൈ ട്രാൻസ്ഫർ വഴിയാകയാൽ സംവരണത്തിന് പുറത്തു നിർത്തിയിരിക്കുന്നു. ഉദാഹരണത്തിന് ആകെ 300 ഒഴിവുകളുണ്ടെന്നിരിക്കട്ടെ, ഇതിൽ 200 ഒഴിവുകളും നികത്തപ്പെടുന്നത് നിലവിൽ സർവീസിലുള്ളവരിൽ നിന്നാകയാൽ സംവരണം ബാധകമല്ല. ബാക്കിയുള്ള 100 ഒഴിവുകളിൽ 50 സീറ്റുകൾ മാത്രമായിരിക്കും സംവരണ വിഭാഗങ്ങൾക്കായി ഉറപ്പായും നീക്കിവെക്കപ്പെടുക. ആകെ 300 ൽ 50 ആയി (16.67 ശതമാനം) വെട്ടിച്ചുരുക്കപ്പെടുന്നു എന്നർത്ഥം [സംവരണം 150 (50 ശതമാനം) വേണ്ടിടത്ത്]. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നതുപോലെ തല്പരകക്ഷികൾ KAS-നായി അടയാളപ്പെടുത്തപ്പെട്ട ഒഴിവുകളുടെ ഭൂരിഭാഗവും തരപ്പെടുത്തുകയും സംവരണതത്വങ്ങളെ കടപുഴക്കുന്നതിന് ഇതിനെ ഒരു ന്യായമായി ഉയർത്തിപ്പിടിക്കുകയും ചെയ്തു.

സർക്കാർ ബൈ ട്രാൻസ്ഫർ വഴിയുള്ള നിയമനങ്ങളിൽ സംവരണം നടപ്പിലാക്കുന്നതിന് കാരണമായി ഉന്നയിക്കുന്നത് മുംബൈ, ഡൽഹി, പഞ്ചാബ് & ഹരിയാന എന്നീ ഹൈക്കോടതികളുടെ സ്ഥാനക്കയറ്റത്തിലെ സംവരണത്തിനെതിരായുള്ള വിധികളാണെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഇവിടെ സർക്കാർ സൗകര്യാർത്ഥം തമസ്കരിക്കുന്നത് 2006-ലെ Nagaraj & others Vs Union of India എന്ന കേസിലെ സുപ്രീം കോടതി വിധി പ്രസ്താവമാണ്. ആ വിധിയിൽ പറയുന്നത് പ്രമോഷന് സംവരണം നടപ്പിലാക്കേണ്ടത് നിർബന്ധമില്ല എന്നു മാത്രമാണ്. സർക്കാർ സംവരണവുമായി മുന്നോട്ടു പോവുകയാണെങ്കിൽ അത് ചില നിബന്ധനകൾക്ക് വിധേയമായിക്കൊണ്ടായിരിക്കമെന്നും നിരീക്ഷിച്ചു. ഈയടുത്തായി ഈ വിഷയത്തിൽ പല വൈരുധ്യാത്മക വിധികളും മറ്റും പല കോടതികളും പുറപ്പെടുവിച്ചതിനാൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഭരണഘടന ബഞ്ചിനെ നിയമച്ചതും സുപ്രീം കോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ തീരുമാനം വരുന്നവരെ കേന്ദ്ര സർക്കാരിന് പ്രമോഷനിലെ സംവരണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയതും ഈയടുത്താണ്.

സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടരുത്; കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സാമൂഹ്യ അട്ടിമറിയോ?

സർക്കാർ, നാഗരാജ് കേ (2006) സുപ്രീം കോടതി വിധി മുഖവിലയ്ക്കെടുത്തിരുന്നെങ്കൽ KAS ന്റെ എല്ലാ ധാരകളിലും സംവരണം കൊണ്ടുവരാമായിരുന്നു. പക്ഷേ സർക്കാർ കൂട്ടുപിടിച്ചത് സംവരണത്തിനെതിരായിട്ടുള്ള ചില ഹൈക്കോടതികളുടെ യാഥാസ്ഥിതിക വിധികളെയാണ്. സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്നുണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെ, പക്ഷേ സാമൂഹ്യ നീതിക്കായാണ് സർക്കാർ നിലനിന്നിരുന്നതെങ്കിൽ മൂന്ന് ധാരയിലും സംവരണവുമായി മുന്നോട്ടു പോകാൻ നാഗരാജ് കേസിന്റെ വിധിയുടെ ബലം മതിയായിരുന്നു. കാരണം സംവരണം നടപ്പിലാക്കാൻ സുപ്രീം കോടതി അന്ന് മുന്നോട്ടു വച്ച നിബന്ധനകളിൽ പ്രധാനം ഇവയാണ്

1) സംവരണത്തിന്റെ ഗുണഭോക്താക്കളുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്ക്
2) പ്രതിനിധാനത്തിലുള്ള അഭാവം.
3) സംവരണം കാര്യക്ഷമതയെ ബാധിക്കില്ലൊന്നുറപ്പ്.
4) 50 ശതമാനം സംവരണ പരിധി ലംഘിക്കപ്പെടരുത് എന്നിവയാണവ.

നിലവിലുള്ള സാഹചര്യത്തിൽ ഈ നിബന്ധനകൾക്കനുസൃതമായി പൂർണമായും സംവരണം നടപ്പിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടികളൊന്നുമില്ല.

എസ് സി, എസ് ടി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് അവയെ അങ്ങനെ പരിഗണിച്ചു കൊണ്ടുള്ള പ്രസിഡൻഷ്യൽ നോട്ടിഫിക്കേഷൻ തന്നെ ധാരാളം. കൂടാതെ സർവീസിൽ കയറുമ്പോൾ എസ് സി, എസ് ടി വിഭാഗക്കാര്‍ ശേഷം അതല്ലാതായി മാറുന്ന അവസ്ഥ ഇവിടെയില്ല താനും. നോൺ ക്രമീലയറിൽ പെടുന്ന ഒബിസി വിഭാഗങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥയും പ്രതിനിധ്യത്തിലെ അഭാവവും പി.എസ്.സി വഴിയുള്ള മറ്റെല്ലാ നിയമനങ്ങളിലും പരിഗണിക്കപ്പെടുകയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്.

പി.എസ്.സി നിലവിൽ വന്നതു തന്നെ നിവർത്തന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗങ്ങളിലെ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുവാനായാണ്.
രണ്ടാമതായി, പ്രാതിനിധ്യത്തിലുള്ള അപര്യാപ്തത നിലവിൽ സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുഴച്ചു നില്ക്കുന്നുണ്ട്. കേരള ഗവൺമെന്റ് സർവീസിലെ അവസ്ഥ പരിശോധിക്കപ്പെടേണ്ടതാണ്. കേന്ദ്ര സർവീസിൽ എസ് സി, എസ് ടി സംവരണ നിയമനങ്ങളുടെ 22.5 ശതമാനം നികത്തപ്പെടാതെ ഒഴിച്ചിട്ടിരിക്കുകയുമാണ്.

സംവരണം ഔദാര്യമല്ല; കീഴാള ജനതയുടെ അവകാശമാണ്

പുതിയൊരു ഭരണതലമായി ഉടലെടുക്കുന്ന KAS-ൽ സംവരണം ഡയറക്ട് റിക്രൂട്ട്മെന്റിൽ മാത്രമായി ഒതുക്കുമ്പോൾ പ്രാതിനിധ്യത്തിലെ സന്തുലിതാവസ്ഥ താറുമാറാവുമെന്നുറപ്പ്.
നമ്മുടെ പൊതുബോധത്തിൽ ഏറ്റവും ആഴത്തിലും ആവൃത്തിയിലും പുനരല്പാദിപ്പിക്കപ്പെട്ട കാഴ്ചപ്പാടാണ് സംവരണം വഴി എത്തുന്നവർ ‘മെറിറ്റ്’ ഇല്ലാത്ത അനർഹരാണെന്നുള്ളത്. നമ്മുടെ സാമൂഹിക, സംസ്കാരിക മേഖലയിൽ നിലവിലുള്ള സവർണാധിപത്യമാണ് ഇത്തരത്തിലുള്ള ഒരു പൊതുബോധത്തിന്റെ നിർമാണത്തിലും പ്രചരണത്തിലും വ്യാപൃതരായിട്ടുള്ളത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള സാംസ്കാരിക മൂലധനത്തിന്റെ ഹുങ്കും ഒരുവന്റെ ജാതി പ്രിവിലേജുകളെല്ലാം തന്നെയാണ് ഇപ്പറയുന്ന ‘മെറിറ്റി’ന്റെ മറവിൽ സംവരണത്തിന്റെ മാനങ്ങളെ ഇകഴ്ത്താനായി ഉപയോഗിച്ചു വരുന്നതും.

യാതൊരു വിധത്തിലുള്ള വിശ്വസനീയമായ പഠനത്തിന്റെയോ കണക്കുകളുടെയോ പിൻബലത്തിലല്ല ഈ കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിൽ വേരാഴ്ത്തിയത്. വളരെ സെലക്ടീവായുള്ള കുറവുകളുടെ സാമന്യവത്ക്കരിക്കലിലൂടെയും കഴിവുകളുടെ അപവാദവത്കരണത്തിലൂടെയും സംവരണ വിരുദ്ധത ഇവിടെ തളംകെട്ടി നില്‍ക്കുന്നു. എന്‍ആര്‍ഐ, മാനേജ്മെൻറ് ക്വോട്ടയിലൂടെയും, സ്വജനപക്ഷപാതത്തിന്റെയും അടിസ്ഥാനത്തിൽ പലയിടങ്ങളിലേക്കും പറന്നിറങ്ങുന്നവരെ ഈ മെറിറ്റില്ലാത്തവരെന്ന അവഹേളനം ആക്രമിക്കാൻ വരാറില്ല താനും. സ്വകാര്യ മേഖലയിലെ നിയമനങ്ങളും ഗവൺമെന്റ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസക്കച്ചവടത്തിനും അതുവഴി സർവീസിലെത്തുന്ന അധ്യാപകരുടെ ‘മെറിറ്റും’ സവർണ മാധ്യമങ്ങൾക്ക് വിഷയമല്ല. പക്ഷേ SC/ST /OBC വിഭാഗങ്ങളുടെ അർഹമായ പ്രാതിനിധ്യവും ശാക്തീകരണവും ഉറപ്പു വരുത്തുന്ന സംവരണ സംവിധാനം ലോകാവസാനമാണ് അവരെ സംബന്ധിച്ചിടത്തോളം.

ഈയടുത്തായി Wisconsin സർവകലാശാലയിലെ റിഖിൽ ഭവാനിയും അലക്സാണ്ടർ ലീയും ചേർന്നു നടത്തിയ പഠനം ചോദ്യം ചെയ്യുന്നത് ‘മെറിറ്റ്’ എന്ന സംക്ഷയുടെ പരിമിതികളിലേക്കും അടിസ്ഥാനരാഹിത്യത്തിലേക്കാണ്. ‘Does affirmative action worsens bureaucratic performance? Evidence from the Indian Administrative Service’. (link ) എന്ന പഠനം അപഗ്രഥിച്ചത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ (MNREGA) നിർവഹണമാണ്. പദ്ധതിയുടെ നടത്തിപ്പിലും ഫലപ്രാപ്തിയിലും കാര്യക്ഷമതയിലും സംവരണത്തിന്റെ ഗുണഭോക്താക്കളായ ഉദ്യോഗസ്ഥരും  ‘മെറിറ്റ്’ വഴിയെത്തിയ ഉദ്യോഗസ്ഥരും തമ്മിൽ അന്തരമൊന്നുമില്ല എന്നതാണ്.
നാലാമത്തെ നിബന്ധനയായ 50 ശതമാനം സംവരണ പരിധി ലംഘിക്കാൻ ഇവിടെ ആരും പറയുന്നില്ല. ആവശ്യപ്പെടുന്നത് 50 ശതമാനം സംവരണം നേർപ്പിക്കാതെ നടപ്പിലാക്കാനാണ്.

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചിന്താധാര കേവലം സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ സമൂഹത്തിലെ സ്ഥാനം നിർണയിക്കുമ്പോൾ വളരെ സൗകര്യപൂർവം തമസ്കരിക്കുന്നത് ജാതി എന്ന രൂഢമൂലമായ ഇന്ത്യൻ യാതാര്‍ത്ഥ്യത്തെയാണ്. ഭരണഘടന നിർവചിക്കുന്ന സംവരണത്തിന്റെ യുക്തി ഇവിടെ മനസ്സിലാവാത്തത് ആര്‍എസ്എസിനും എന്‍എസ്എസിനും പിന്നെ ഇടതുപക്ഷത്തിനുമാണെന്നുള്ളത് ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

അമ്പലത്തിൽ പൂജാരിയായി ദളിതനെയും ഈഴവനെയും നിയമിച്ച് വിപ്ലവം സൃഷ്ടിച്ചു എന്ന് കൊട്ടിഘോഷിക്കുമ്പോൾ മനസ്സിലാക്കേണ്ടത് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ഇത്രയെങ്കിലും സാധ്യമായത് അമ്പലത്തിൽ പോയി ശത്രുസംഹാരം കഴിച്ചിട്ടല്ല, പകരം ഭരണഘടന വ്യവസ്ഥ ചെയ്ത സംവരണത്തിന്റെ ഫലമായിട്ടാണ്‌. പൂജാരിപ്പണിക്ക് സംവരണം കൊണ്ടുവന്നതിനോടനുബന്ധിച്ച് ദേവസ്വം റിക്രൂട്ട്മെൻറിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്നവർക്ക് 10 ശതമാനം സംവരണം കൊണ്ടുവന്ന് പ്രതിലോമകരമായ കീഴ്‌വഴക്കം സൃഷ്ടിച്ചതും ഈ സർക്കാരാണ്. ഇതിനെക്കാളെല്ലാം പല മടങ്ങ് പ്രത്യാഘാതങ്ങളുളവാക്കുന്നതാണ് KAS പോലുള്ള ഭരണയന്ത്രത്തിന്റെ തന്ത്രപ്രധാന മേഖലകളിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സൃഷ്ടിയിൽ കേരള സമൂഹത്തിന്റെ സിംഹഭാഗവും വരുന്ന സംവരണ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കം.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

G.O.(P) No.12/2017/P&ARD പുറപ്പെടുവിച്ചതിനു ശേഷം ഒന്ന് രണ്ട് സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുകയുണ്ടായി. ഒന്ന് ഭരണഘടനാ ബഞ്ച് തീരുമാനമാവും വരെ പ്രമോഷനിലെ സംവരണവുമായി മുന്നോട്ടു പോകാം എന്ന സുപ്രീം കോടതിയുടെ അനുമതി.(link ) രണ്ട് KAS ന്റെ മൂന്ന് തരം നിയമനങ്ങളിലും സംവരണം നടപ്പിലാക്കണമെന്ന് സംസ്ഥാന പട്ടികജാതി/വർഗ കമ്മീഷൻ സർക്കാരിനോട് ഉത്തരവിടുകയുണ്ടായി. ഇവ രണ്ടും കേരള സർക്കാരിന് അവഗണിക്കാനാവില്ല.

മലയാളി മെമ്മോറിയലിനും ഈഴവ മെമ്മോറിയലിനും നിവർത്തന പ്രക്ഷോഭത്തിനും സാക്ഷിയായ നാടാണിത്. നമ്മുടെ സാമൂഹികാന്തരീക്ഷം താരതമ്യേന മെച്ചപ്പെട്ടിരിക്കുന്നതിന് ഇവയിലൂടെ ഉറപ്പു വരുത്തപ്പെട്ട പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഈ ചരിത്രമൊക്കെ വിസ്മരിച്ചു കൊണ്ട് നടപ്പിലാക്കാൻ ശ്രമിച്ച കേരള ഭരണ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റ് സമവാക്യങ്ങളുടെ തിരുത്തിയെഴുതൽ സർക്കാർ ഇനിയും വച്ചു താമസിച്ചുകൂട. KAS ഭരണയന്ത്രത്തിന് ഊർജ്ജം പകരുമെങ്കിൽ അത് സാമൂഹ്യനീതിയെ കാറ്റിൽപ്പറത്തിക്കൊണ്ടാവില്ല എന്നുള്ളത് ഭരണഘടനയെ മുറികെപ്പിടിച്ച് ജനാധിപത്യ സർക്കാർ എടുത്ത പ്രതിജ്ഞയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജാതി സംവരണത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയം; 1997-ലെ യെച്ചൂരിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നത് എങ്ങനെ?

നവോത്ഥാന കേരളത്തിലെ തൊട്ടുകൂടായ്മ; ചെട്ടികുളങ്ങരയിലെ ഈഴവ ശാന്തിക്ക് അയിത്തം

വിഷ്ണു വിനയന്‍

വിഷ്ണു വിനയന്‍

കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ജെഎന്‍യുവിൽ നിന്ന് Arts& Aesthetics-ൽ ബിരുദാനന്തര ബിരുദവും. ഇപ്പോൾ ഇഗ്നോയിൽ ചരിത്രവിദ്യാർത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍