UPDATES

ട്രെന്‍ഡിങ്ങ്

പെണ്‍മക്കളേയും കൊണ്ടാണോ പൂരപ്പറമ്പില്‍ വരുന്നതെന്ന് തന്നെയല്ലേ ഈ #MeToo കാലത്തും നാം കേള്‍ക്കുന്നത്?

ഗുണപരമായ വശം നോക്കിയാൽ MeToo മുന്നേറ്റം കോർപ്പറേറ്റ് അമേരിക്കയെ പിടിച്ചുകുലുക്കിയിരിക്കുന്നു എന്നു തന്നെ പറയാം

എക്കാലത്തും അവിടെയുണ്ടായിരുന്ന, എന്നാൽ ഇതുവരെ ആരും കാണാതെ പോയ ചുവരെഴുത്തുകൾ പോലെയാണ് MeToo അനുഭവങ്ങൾ പുറത്തുവരുന്നത്. മങ്ങിയ കാഴ്ച്ചയുള്ള ഒരു സമൂഹത്തിനു നൽകിയ തിരുത്തൽ കണ്ണട. MeToo തുറന്നുപറച്ചിലുകളുടെ വെളിച്ചത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ അവരുടെ ഭീതിദമായ അനുഭവങ്ങൾ പങ്കുവെച്ചു, ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ബൃഹദ് ആഖ്യാനത്തെ രൂപപ്പെടുത്തുന്ന സ്ത്രീകളുടെ വേറിട്ട ശബ്ദങ്ങളുടെ കൂട്ടായ അനുഭവങ്ങളാണത്. ജീവിതത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും സ്ത്രീകൾ തങ്ങളുടെ നിശബ്ദമാക്കപ്പെട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് പുറത്തുവന്നില്ലെങ്കിൽ ഇത് മുഖ്യധാരയില് അല്പം വെള്ളിവെളിച്ചം കിട്ടിയ മറ്റൊരു ഹാഷ്ടാഗ് പ്രചാരണം മാത്രമാകും. അവ അവഹേളിക്കപ്പെടുകയും, നിസാരവത്കരിക്കപ്പെടുകയും മറവിയിലേക്കു തള്ളുകയും നിശബ്ദമാക്കപ്പെടുകയും ചെയ്യും.

MeToo- ഓർമ്മകളും സമാന്തരങ്ങളും

ഒരു പത്തു വയസുകാരിയായിരുന്ന ഞാൻ പാലക്കാട്ടെ എന്റെ ജന്മി-പുരുഷാധിപധ്യ ഗ്രാമത്തിന്റെ സൂക്ഷ്മ വ്യവഹാരങ്ങൾ ശീലിക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെപ്പോലെത്തന്നെ, നെന്മാറ വല്ലങ്ങിവേല അന്നും വെടിക്കെട്ടിന് പേരുകേട്ടതായിരുന്നു. പൂരപ്പറമ്പിലെ കാഴ്ചക്ക് പറ്റിയ ഇടങ്ങളിൽ പുരുഷന്മാർ കയറുമ്പോൾ സ്ത്രീകൾ അടുത്ത വീടുകളുടെ മുകളിൽ ഇരുന്ന് ഒരുവിധം കാണും. ഉത്സാഹിയായ പത്തുവയസുകാരിക്ക് അതിലെ അന്യായമല്ലാതെ മറ്റൊന്നും കാണാനായില്ല. അവൾ അച്ഛന്റെ കയ്യിൽത്തൂങ്ങി വെടിക്കെട്ട് കാണാനിറങ്ങി. ഞങ്ങൾ നിന്നിരുന്ന സ്ഥലത്ത് അത്ര തിരക്കുണ്ടായിരുന്നില്ല. പക്ഷെ ആഘോഷം തുടങ്ങിയപ്പോൾ എവിടെനിന്നെന്നില്ലാതെ കുറച്ചു പുരുഷന്മാർ എത്തി. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാനാ കൂട്ടത്തിനകത്താവുകയും മേലാകെ ആളുകൾ കയറിപ്പിടിക്കുകയും ചെയ്തു. ഒളിഞ്ഞോ മറവിലോ ഒന്നുമല്ല, പരസ്യമായി. എന്റെ അച്ഛൻ ആകെ മരവിച്ചുപോയി, ആൾക്കൂട്ടത്തിൽ നിന്നാരും ഞങ്ങളെ സഹായിക്കാൻ വന്നില്ല. ഞെട്ടിപ്പോയ ഞാൻ കുറച്ചുനേരം ആകെ നിസ്സഹായാവസ്ഥയിലായി. പക്ഷെ ഭാഗ്യത്തിന് ഞാൻ പെട്ടന്നുതന്നെ ബോധം വീണ്ടെടുത്തു-അവരെ എല്ലാ ശക്തിയും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു, അവർ പെട്ടന്ന് തന്നെ അപ്രത്യക്ഷരായി. ആരോ ഒരു പോലീസുകാരനെ വിവരമറിയിച്ചു. ബോധമുള്ള ആരെങ്കിലും പെണ്മക്കളെ പൂരപ്പറമ്പിൽ കൊണ്ടുവരുമോ എന്ന് ചോദിച്ച് അച്ഛനെ വഴക്കുപറഞ്ഞു, ഇന്നും പലരും അതുതന്നെ ചോദിച്ചേക്കും. വീട്ടിൽ മടങ്ങിയെത്തിയ ഞങ്ങൾ ഒരു ചെറിയ തിക്കും തിരക്കും എന്ന് മാത്രമേ സൂചിപ്പിച്ചുള്ളൂ, ഞാനാണെങ്കിൽ ഒരു കുഴപ്പവുമില്ലാത്തതുപോലെ ‘അഭിനയിക്കുക’യും ചെയ്തു. ഇതിനെക്കുറിച്ച് ഒരു സംസാരവും ഉണ്ടായില്ല. എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ വളരെ വേഗത്തിൽ പിന്നിട്ടുകളഞ്ഞ ഒരു അടഞ്ഞ അധ്യായമായിരുന്നു അത്. എന്നിരുന്നാലും തിരക്കുള്ള ഒരു തെരുവിലോ ആൾക്കൂട്ടത്തിനടയിലോ എത്തിപ്പെട്ടാൽ അതെന്നിൽ അവശേഷിപ്പിച്ചത് ഒരുതരം ആശങ്കയാണ്. അതിനെ മറികടക്കാൻ കുറച്ചു വർഷങ്ങളെടുത്തു.

പതിറ്റാണ്ടുകൾക്കിപ്പുറം വെളിച്ചവും സംഗീത രാവുകളും ദേശീയ സംസ്കാരത്തിന്റെ ഭാഗമായ ഇവിടെ, അമേരിക്കയിലെ ടെക്‌സാസിൽ ജീവിക്കുമ്പോൾ എനിക്ക് കേരളത്തിലെ ഉത്സവപ്പറമ്പുകളെ ഓർമ്മ വരും. സ്ത്രീകളെ മയക്കുമരുന്നു നൽകിയും മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയും ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവയിൽ വളരെക്കുറച്ചു മാത്രമേ പുറത്തുവരാറുള്ളൂ.

ഗുണപരമായ വശം നോക്കിയാൽ MeToo മുന്നേറ്റം കോർപ്പറേറ്റ് അമേരിക്കയെ പിടിച്ചുകുലുക്കിയിരിക്കുന്നു എന്നു തന്നെ പറയാം. Time Magazine പറയുന്നത്, മാധ്യമങ്ങൾ, കായികമേഖല, സാങ്കേതികരംഗം എന്നിങ്ങനെയുള്ള മേഖലകളിൽ നിന്നും 400-ഓളം പുരുഷന്മാരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു എന്നാണ്. ഇതിൽ പകുതിയിലേറെ സ്ഥാനങ്ങളിലും പകരം നിയമിച്ചത് സ്ത്രീകളെയുമാണ്. ഇന്ത്യയിലും, സ്ത്രീകൾ ആരോപണമുന്നയിച്ച, മാധ്യമരംഗത്തും വിനോദവ്യവസായരംഗത്തുമുള്ള പല പുരുഷന്മാരും രാജിവെച്ചു. സ്ത്രീകൾ യു.എസിലെ കോർപ്പറേറ്റുകളെ സ്വാധീനിക്കുന്നു എന്നൊന്നും കരുതാൻ ഞാൻ തയ്യാറല്ലെങ്കിലും സ്ത്രീകൾക്കനുകൂലമായ നിലപാടാണ് തങ്ങൾക്ക് ഗുണം ചെയ്യുക എന്നവർക്ക് തോന്നിയിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുമായി അങ്കം വെട്ടാൻ അവർ തയ്യാറല്ല. ആരോപണങ്ങളുടെ പട്ടിക നീളുന്തോറും ഇന്ത്യയിലെ കോർപ്പറേറ്റുകള്‍ സ്ത്രീകൾക്കനുകൂലമായി നിലപാടെടുക്കുമോ എന്നറിയണം. ഇല്ലെങ്കിൽ, അവരെയത് പ്രതികൂലമായി ബാധിക്കുമോ എന്നും?

നിരന്തരമായ പീഡനത്തിനും അതിക്രമങ്ങള്‍ക്കും ലൈംഗിക കയ്യേറ്റങ്ങൾക്കും നഗ്നചിത്രങ്ങൾക്കുള്ള ആവശ്യങ്ങൾക്കും ശേഷം ബംഗളൂരുവിലെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ ജോലി ഉപേക്ഷിച്ച സംഭവമുണ്ട്. HR വിഭാഗമൊന്നുമില്ലാത്ത ഒരു ചെറിയ സ്ഥാപനമായിരുന്നു അത്. ചെറിയ സ്ഥാപനങ്ങളിൽ മേലധികാരി പീഡകനായാൽ പരാതിപ്പെടാൻ സംവിധാനങ്ങളൊന്നുമില്ല. HR ഉള്ള സ്ഥാപനങ്ങളിൽപ്പോലും ഉന്നത മേധാവികൾക്കെതിരെ നീങ്ങാൻ അവർക്കു മുട്ടിടിക്കും.

ഇക്കാര്യങ്ങള്‍ ഇന്ത്യയിലാകുമ്പോള്‍ സാമൂഹ്യമായ വെല്ലുവിളികൾക്കൂടി നേരിടണം. ഇരകളോടുള്ള ‘എന്തുകൊണ്ടിപ്പോൾ’ എന്ന ചോദ്യം ഇന്ത്യയിൽ വളരെ ശക്തമാണ്. തങ്ങളുടെ ആഘാതാനുഭവങ്ങൾ പങ്കുവെക്കേണ്ടതിനൊപ്പം തങ്ങളുടെ നിശബ്ദതയെ പ്രതിരോധിക്കേണ്ട ഭാരം കൂടി സ്ത്രീകൾക്ക് മുകളിൽ വെക്കുന്നു. പീഡനങ്ങൾ പുറത്തുപറയുന്നതിന് മൂന്ന് ആഴ്ചയുടെ കാലപരിധി വെക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ഈയിടെയല്ലേ പറഞ്ഞത്? സ്വകാര്യ സദസുകളിൽ പറയുന്ന ‘എവിടെയായിരുന്നു ഇവൾ ഇത്രയും നാൾ’ എന്ന പുച്ഛത്തെയാണ് അദ്ദേഹത്തിന്റെ പ്രതികരണവും പ്രതിഫലിപ്പിക്കുന്നത്.

അമേരിക്കൻ കോർപ്പറേഷനുകൾ മിക്ക അവസരങ്ങളിലും സ്ത്രീകൾക്കൊപ്പം നിന്നെങ്കിലും ഭരണകക്ഷി ഇതിനോട് ഒട്ടും അനുകൂലമായാല്ല പ്രതികരിച്ചത്. തന്റെ പാര്‍ട്ടി സുപ്രീം കോടതി ന്യായാധിപനായി നാമനിർദ്ദേശം ചെയ്ത ബ്രെഡ് കാവനൗക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച കാതറിൻ ബ്ലെസ്സി ഫോർഡ് എന്ന മനഃശാസ്ത്ര പ്രൊഫസർക്കെതിരെ പ്രസിഡണ്ട് ട്രംപ് (ലൈംഗിക ആരോപണങ്ങൾ അയാൾക്കെതിരെയും കുറവല്ല) തുടർച്ചയായി അധിക്ഷേപം നടത്തിയത് MeToo മുന്നേറ്റത്തിന്റെ ഒന്നാം വാർഷികമടുക്കുന്ന അവസരത്തിലായിരുന്നു. പ്രതിഷേധം പെരുകിയപ്പോൾ കാവനൗവിനെ നിയമിക്കുന്നതിന് മുമ്പ് ഒരു സെനറ്റ് യോഗത്തിൽ ഇതുന്നയിക്കാനും ചർച്ച ചെയ്യാനും തീരുമാനിക്കേണ്ടിവന്നു അധികൃതർക്ക്.

കാവനൗ-ഫോർഡ് വാദം ഒരു മാതൃക മാത്രമാണ്. സത്യം തെളിയിക്കുന്നതിനേക്കാൾ വസ്തുതകളെ കാണാനുള്ള ശരിയായ വീക്ഷണം കാണിച്ചുതരികയാണ് അത് ചെയ്തത്. ഇന്ത്യൻ മാധ്യമങ്ങളടക്കം നൽകിയ ആ വാദം കേൾക്കൽ ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ‘ആൺകുട്ടികൾ എല്ലായ്പ്പോഴും ആൺകുട്ടികളാണ്‌’ എന്ന പഴയ വാദമാണ് അവിടെയും കേട്ടിരുന്നത്. എനിക്ക് കൗമാരക്കാരിയായ ഒരു മകളും 12-കാരനായ ഒരു മകനുമുണ്ട്. അവർ കേൾക്കാൻ പാടില്ലാത്ത ഒന്നായാണ് ആ വാദത്തെ ഞാന്‍ കാണുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പുരുഷാധിപത്യ ധാരണകളെ മറ്റൊരു തലമുറയിലേക്കുകൂടി സാമാന്യമായതും സ്വാഭാവികമായതുമായി ആവർത്തിച്ചുറപ്പിക്കുന്നത് നിർത്താൻ സമയമായി. ‘ലൈംഗികാതിക്രമം ഒരു സാമൂഹ്യപ്രശ്നമാണ്, ഒരു സ്വയം സഹായവിഷയമല്ല’ എന്ന് നാം പറയേണ്ടിയിരിക്കുന്നു.

ചില തുടർവിചാരങ്ങൾ

2007-ലാണ് തരാന ബർക്ക് എന്ന അമേരിക്കൻ പൗരാവകാശ പ്രവർത്തക MeToo എന്ന രണ്ടു ലളിതമായ വാക്കുകൾ, പാർശ്വവത്കരിക്കപ്പെട്ട, വെള്ളക്കാരല്ലാത്ത വിഭാഗങ്ങളിലെ പെൺകുട്ടികൾ നേരിടുന്ന വ്യവസ്ഥാപിതമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ഉപയോഗിച്ചത്. 10 വർഷങ്ങൾക്കിപ്പുറം അലീസ മിലാനോ എന്ന പ്രശസ്തയായ വെള്ളക്കാരിയാണ് MeToo ആളിക്കത്തിച്ചത്. വംശവും വർഗ്ഗവും ആഴത്തിൽ വേരിറക്കിയ ലോകത്തിൽ ചില സത്യങ്ങൾ മറ്റു ചിലതിനേക്കാൾ സത്യമല്ലേ? MeToo നാളേക്ക് മറക്കുന്ന ഇന്നത്തെ ട്വീറ്റ് ആയല്ല ബർക്ക് കണ്ടത്. അതൊരു നീണ്ട കാലത്തേക്കായാണ് അവരതിൽ നിന്നത്. ആദ്യം അതിനു കിട്ടിയ വലിയ ശ്രദ്ധയിൽ ഒന്ന് പകച്ചെങ്കിലും മുന്നേറ്റത്തെ സഹായിക്കുമെന്ന പ്രതീക്ഷയിൽ ആ ശ്രദ്ധയെ അവർ സ്വാഗതം ചെയ്തു. ഭൻവാരി ദേവി, നിർഭയ അങ്ങനെ മന:സാക്ഷിയെ പിടിച്ചുകുലുക്കുന്ന നിരവധി അതിക്രമങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടും MeToo മുന്നേറ്റം ഇന്ത്യയിലെത്താന്‍ സമയമെടുത്തു.

നിർഭയക്കു ശേഷം നടന്ന ചർച്ചകള്‍ക്കു ശേഷം പോലും സ്ത്രീകളെ ഇപ്പോൾ കാണുന്ന തരത്തിൽ തങ്ങള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് പുറത്തുപറയാൻ പ്രേരിപ്പിച്ചില്ല. അനുഭവങ്ങൾ പങ്കുവെക്കുന്ന, അതിന്റെ തൊട്ടുകൂടായ്മ ഇല്ലാതാക്കുന്ന MeToo സ്വാധീനത്തിനായായിരിക്കും അത് കാത്തുനിന്നത്. 2012-ൽ തുടങ്ങിയ ആ ചർച്ചകൾക്ക് ഇപ്പോഴത്തെ MeToo മുന്നേറ്റത്തെയും കൂട്ടിയാൽ ലൈംഗിക കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ ഒരു വലിയ മാറ്റമുണ്ടാക്കാൻ കഴിയില്ലേ? സാമൂഹ്യമായ മറ്റു ശേഷികളും പിൻബലവുമുള്ള സ്ത്രീകൾക്കുപോലും അവരുടെ തുറന്നുപറച്ചിലുകൾക്കു ശേഷം വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. തൊഴിൽ നഷ്ടഭീതിയുള്ള, സമയവും സ്ഥലവും സ്രോതസുകളും സംഘടനാശേഷിയും ഇല്ലാത്ത സ്ത്രീകൾക്ക് ഈ മുന്നേറ്റത്തിൽ നിന്നും എങ്ങനെ ഗുണം ലഭിക്കും എന്നറിയാൻ നാമിനിയും കാത്തിരിക്കേണ്ടിവരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗൂഗിൾ ഓഫീസുകളിലെ ലൈംഗിക ഭ്രാന്തന്മാർക്ക് വൻ വിടുതൽ പാക്കേജ്: ലോകമെമ്പാടും ജീവനക്കാരുടെ പ്രതിഷേധം

നടിമാരെ പ്രൊഫഷണല്‍ പ്രോസ്റ്റിട്ട്യൂട്ടുകളായാണ് അവര്‍ കാണുന്നത്‌; മീ ടൂ വില്‍ അനുഭവങ്ങള്‍ പറഞ്ഞ് മുംതാസ്

അലൻസിയറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

ദീപ്തി ഉണ്ണികൃഷ്ണന്‍

ദീപ്തി ഉണ്ണികൃഷ്ണന്‍

യുഎസിലെ ടെക്സാസില്‍ അക്കാദമിക്, മാനേജ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍