UPDATES

സിനിമ

‘ഓട് മലരേ കണ്ടം വഴി’ എന്ന് സനലിനോട്‌ അക്കാദമി ഇതുവരെ പറയാത്തത് എന്തുകൊണ്ട്?

ഒന്നാം തിയ്യതി അക്കാദമി കത്തയയ്ക്കുമ്പോൾ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്നിരിക്കെ സിനിമ പ്രദർശിപ്പിക്കാൻ മേളയുടെ നിയമമനുസരിച്ച് അത് വേണം എന്നാവശ്യപ്പെട്ടാൽ അതിൽ എന്താണ് തെറ്റ്?

നിസാം അസഫ്

നിസാം അസഫ്

‘ഓട് മലരേ കണ്ടം വഴി’ എന്ന് സനല്‍ കുമാര്‍ ശശിധരനോട്‌ ചലച്ചിത്ര അക്കാദമി ഇതു വരെ പറയാത്തത് എന്ത് കൊണ്ട്?

തലക്കെട്ട് കണ്ട് “ഇതല്‍പ്പം കടന്നു പോയില്ലേ”, “ഇങ്ങനെ പ്രതികരിക്കേണ്ടതുണ്ടോ” എന്ന് സംശയിക്കുന്ന ശുദ്ധ മനസ്കരോട് അത് ആദ്യം വിശദീകരിച്ചു കൊണ്ട് തുടങ്ങട്ടെ. സെക്സി ദുർഗയുമായി ബന്ധപ്പെട്ടു നടക്കുന്ന പല ചർച്ചകളിലും സംവാദങ്ങളിലും ഇടപെട്ടവരോടും സനലിനോടും സനലിന്റെ സിനിമകളോടും പൊതുവായി പ്രതികരിക്കുന്നവരോടും സനൽ പലപ്പോഴും പ്രതികരിച്ചിട്ടുള്ളത് “പോയിനെടാ മൈരുകളെ” എന്നാണ്, അല്ലെങ്കിൽ ആ മനോഭാവത്തോടെയാണ്. അത് സനൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയിരിക്കെ സനലിനോട് തിരിച്ചു ആരെങ്കിലും അതേ നാണയത്തിൽ പ്രതികരിച്ചാൽ അവരെ തെറ്റ് പറയാനാകില്ല. എന്നാൽ IFFK-യിൽ സെക്സി ദുർഗ്ഗ പ്രദർശിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകളിൽ അക്കാദമി നാളിതുവരെ അങ്ങനെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല വളരെ പ്രൊഫഷണൽ ആയിട്ടുള്ള പ്രതികരണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളതും. സനലാകട്ടെ ഈ വിഷയങ്ങളെ സംബന്ധിച്ച് സാമ്പ്രദായിക മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും ഒട്ടേറെ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട് താനും.

ഒക്ടോബർ 20-ന് സനലിട്ട ‘കേരളാ ചലച്ചിത്ര അക്കാദമി, സെക്സി ദുർഗ്ഗ എന്ന സിനിമയുടെ കാര്യത്തിൽ കളിക്കുന്ന കളി’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അക്കാദമിക്കെതിരായ പല ആരോപണങ്ങളും നടത്തുന്നത്. ആ ആരോപണങ്ങൾ ഓരോന്നായി എടുത്തു പരിശോധിച്ചാൽ തന്നെ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. ആ പോസ്റ്റിൽ സനൽ പറയുന്നത്, സെക്സി ദുർഗ്ഗ ഫെസ്റ്റിവലിൽ സബ്മിറ്റ് ചെയ്യണമെന്ന് അക്കാദമി ആവശ്യപ്പെട്ടു. അതനുസരിച്ച് മത്സര വിഭാഗത്തിൽ സനൽ സിനിമ സബ്മിറ്റ് ചെയ്തു. എന്നാൽ മത്സര വിഭാഗത്തിൽ പരിഗണിച്ചില്ല, മറിച്ച് ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. ആ വിഭാഗത്തിൽ കാണിക്കാൻ താല്പര്യമില്ലെന്ന് സനൽ അറിയിക്കുന്നു. അക്കാദമിയെ അത് രേഖാമൂലം അറിയിക്കുന്നു. തുടർന്ന് അക്കാദമി ചെയർമാൻ ഉൾപ്പെടെ പലരും അത് മറ്റേതെങ്കിലും വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ എതിർപ്പുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല എന്ന് സനൽ അറിയിക്കുന്നു. അങ്ങനെയിരിക്കെ അക്കാദമി, സനൽ സിനിമ പിൻവലിച്ചതിനെ സംബന്ധിച്ച് നിർമാതാവിന് മെയിൽ അയയ്ക്കുന്നു. ഇത്രയും കാര്യങ്ങൾ പറഞ്ഞ് സനൽ അക്കാദമിയോടുള്ള ചോദ്യങ്ങൾ ഓരോന്നായി അവതരിപ്പിക്കുന്നു. അവ ഇങ്ങനെയാണ്.

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

(1) എന്താണ് പ്രൊഡ്യൂസർക്കയച്ച മെയിലിന്റെ അർഥം? സിനിമയുടെ ഡയറക്ടറും പ്രൊഡ്യൂസറും ആലോചിക്കാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നോ? അതോ രണ്ടു പേർക്കും ഇടയിൽ കുത്തിത്തിരിപ്പുണ്ടാക്കി സിനിമയ്ക്ക് പണി കൊടുക്കാമെന്നോ?

(2 ) അക്കാദമിയുടെ ഏതു റൂളും പ്രൊസീജറും അനുസരിച്ചാണ് മുകളിൽ പറഞ്ഞ കുബുദ്ധി നിറഞ്ഞ മെയിൽ അയയ്ക്കപ്പെട്ടത്? പ്രൊഡ്യൂസറോട് ഡബിൾ ചെക്ക് ചെയ്യുക എന്നത് ഏത് കീഴ്വഴക്കം ആണ്?

(3) ഏത് റൂളും പ്രൊസീജറും അനുസരിച്ചാണ് സബ്മിറ്റ് ചെയ്യപ്പെട്ട വിഭാഗത്തിൽ അല്ലാതെ ഒരു സിനിമയെ പരിഗണിച്ചത്?

ഇത്രയുമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ. ഇതിനെല്ലാം ഉള്ള മറുപടി വളരെ ലളിതമാണ്. ഇതെല്ലാം ചലച്ചിത്ര അക്കാഡമി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള 22-)൦ ചലച്ചിത്ര മേളയുടെ റെഗുലേഷൻസ് പ്രകാരം ആണ് എന്നുള്ളതാണ്.

നമുക്ക് ഓരോന്നായി എടുത്തു പരിശോധിക്കാം. ഒന്ന്) പ്രൊഡ്യൂസർക്ക് മെയിൽ അയച്ചത് സംബന്ധിച്ച്; ഫെസ്റ്റിവലിലേക്ക് സബ്മിറ്റ് ചെയ്യുന്ന ഓരോ സിനിമയുടെയും സബ്മിറ്റിങ് അതോറിറ്റി ആ സിനിമയുടെ സംവിധായകനും നിർമാതാവുമാണ്. ഇത് മിക്ക (ഒരു പക്ഷെ എല്ലാ) ചലച്ചിത്ര മേളകളിലും അങ്ങനെയാണ്. പല മേളകളിലും പങ്കെടുക്കുകയും സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുള്ള സനലിന് അത് അറിഞ്ഞുകൂട എന്ന് ധരിക്കുക വയ്യ. ചുരുങ്ങിയ പക്ഷം IFFK യിൽ അത് അങ്ങനെയാണ്. IFFK താൻ സിനിമ പഠിച്ച യൂണിവേഴ്സിറ്റിയാണെന്ന് പറയുന്ന സനലിന് ഇത് അറിവുള്ളതാകണം. മാത്രവുമല്ല IFFK യിൽ സമ്മാനം നേടുന്ന എല്ലാ സിനിമകളുടെയും സമ്മാനത്തുക സംവിധായകനും നിർമ്മാതാവും പങ്കിട്ടെടുക്കുന്നവയാണ്. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം, പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സിനിമയ്ക്കുള്ള അവാർഡ്, മത്സര വിഭാഗത്തിലും ‘മലയാളം സിനിമ ഇന്ന്’ എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളം സിനിമകൾക്കുള്ള ഗ്രാന്റ് എന്നിവ സംവിധായകനും നിർമാതാവും തുല്യമായി പങ്കിട്ടെടുക്കണം എന്നാണ്. IFFK 2017 റെഗുലേഷനിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് [IFFK Regulation Article 5.2.1.(1), 5.2.2, Article 6(2)]. നോൺ ഒഫീഷ്യൽ അവാർഡുകളായ FIPRESCI, NETPAC എന്നിവക്ക് ഇത് ബാധകമല്ല.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

അതായത് ഒരു സിനിമയുടെ കാര്യത്തില്‍ സംവിധായകനും നിർമ്മാതാവിനും തുല്യ ഉത്തരവാദിത്തമാണുള്ളത്. സെക്സി ദുർഗ്ഗയുടെ കാര്യത്തിലാകട്ടെ ‘മലയാളം സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമ എന്ന നിലയിൽ ലഭിക്കുന്ന ഗ്രാൻഡ് സംവിധായകനും നിർമ്മാതാവിനും ലഭിക്കേണ്ടതാണ്. ആ നിലയ്ക്ക് സെക്സി ദുർഗ്ഗയുടെ നിർമ്മാതാവായ നിവ് മാത്യുവിന് അക്കാദമി കത്തയച്ചതിൽ എന്ത് തെറ്റാണുള്ളത്. സിനിമയുടെ തുല്യ അവകാശി എന്ന നിലയിൽ ഉള്ള നോർമൽ പ്രൊസീജറിന്റെ ഭാഗമായല്ലേ? ഇനി അതല്ല അദ്ദേഹത്തിനും സനലിന്റെ അതേ നിലപാടാണെന്നും അക്കാദമിയുടെ ഗ്രാൻഡ് വേണ്ടെന്നുമാണ് നിലപാട് എങ്കില്‍ അക്കാദമിക്ക് അത് ഊഹിച്ചെടുക്കാനോ കവടി നിരത്തി ഗണിച്ചെടുക്കാനോ കഴിയില്ലലോ.

ഗോഡ് ഫാദർ സിനിമയിലെ ക്ലൈമാക്സിൽ തിലകൻ പറയും പോലെ “അച്ഛന്റെ മനസ്സ് എനിക്കറിയാം, ആ മനസ്സ് എനിക്ക് വായിക്കാം, നീ കേട്ടെടാ താലി” എന്ന നിലപാടെടുക്കാനും അക്കാദമിക്ക് കഴിയില്ല. അപ്പൊ പിന്നെ കത്തയച്ച് ഔദ്യോഗികമായി ചോദിക്കാതെ നിവൃത്തിയില്ല. അവരത് ചെയ്തു. മറിച്ചൊന്നും പ്രതീക്ഷിച്ചാവണം എന്നില്ല. ആ മെയിൽ അയച്ചത് സനലിനെയും നിർമ്മാതാവിനെയും തമ്മിൽ തെറ്റിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ആണോ എന്നാണ് ചോദ്യം. അങ്ങനെ ഒരു മെയിൽ അയച്ച് സനലിന്റെ ആദ്യ സംരംഭമായ ഒരാൾപ്പൊക്കം മുതൽ കൂടെയുള്ള മാത്യുവിനും സനലിനും ഇടയ്ക്ക് കുത്തിത്തിരിപ്പ് ഉണ്ടാക്കാം എന്ന് കരുതണമെങ്കിൽ അക്കാദമിയിൽ ഇരിക്കുന്നവരുടെ തലയ്ക്കകത്ത് ഓഖിയിലും വലിയ കൊടുങ്കാറ്റായിരിക്കണം. അതു കൊണ്ട് ആ വാദം അത് അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

ഇനി രണ്ടാമത്തെ കാര്യം. ഏത് റൂൾ അനുസരിച്ചാണ് സെക്സി ദുർഗ്ഗയെ മത്സര വിഭാഗത്തിൽ പരിഗണിക്കാതെ മലയാളം സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്? IFFK റെഗുലേഷൻസിലെ Article 4.2(3) പ്രകാരം അത് സാധ്യമാണ്. ആർട്ടിക്കിൾ 4.2 സെലെക്ഷൻ കമ്മീറ്റിയെ സംബന്ധിച്ച് പരാമർശിക്കുന്ന ഭാഗമാണ്. 4.2(3) ൽ പറയുന്നത്. “The selection committee can suggest films for screening in sections other than the entrants’ choice” എന്നാണ്. അതായത് എൻട്രി അയക്കുന്നയാളുടെ ചോയ്സ് പ്രകാരം അയാൾ അയച്ച വിഭാഗത്തിൽ അല്ലാതെ മറ്റു വിഭാഗങ്ങളിൽ ആ സിനിമ പ്രദർശിപ്പിക്കാം എന്ന് സെക്ഷൻ കമ്മറ്റിക്ക് നിർദ്ദേശിക്കാം. അത് തന്നെയാണ് സെക്സി ദുർഗ്ഗയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്. എന്നാലത് സനൽ ആരോപിക്കും വിധം സിനിമയെ മത്സര വിഭാഗത്തിലേക്ക് പരിഗണിക്കാതെയല്ല.

ഒരു അനൗദ്യോഗിക സംഭാഷണത്തിൽ നിന്നും ലേഖകന് മനസിലാക്കാൻ കഴിഞ്ഞത് മത്സര വിഭാഗത്തിലേക്ക് പരിഗണിച്ച എല്ലാ സിനിമകളും കണ്ടതിനു ശേഷം സെക്ഷൻ കമ്മിറ്റിയുടെ വോട്ടിങ്ങിലൂടെയാണ് ആ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് എന്നാണ്. നിശ്ചിത എണ്ണം വോട്ടുകൾ കിട്ടിയ എല്ലാ സിനിമകളും മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തുകയും എന്നാൽ സെക്സി ദുർഗ്ഗയ്ക്ക് ആ നിശ്ചിത എണ്ണം വോട്ടുകൾ കിട്ടാതെ പോകുകയും ചെയ്തു. തുടർന്ന് സെക്സി ദുർഗ്ഗയെ ‘മലയാളം സിനിമ ഇന്ന്’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മത്സര വിഭാഗത്തിൽ സബ്മിറ്റ് ചെയ്യപ്പെട്ട മറ്റു പല സിനിമകളും ഇത് പോലെ മലയാളം സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അവ വോട്ടിങ്ങിൽ പുറത്തായി. ഇത് സനലിനും ടീം സെക്സി ദുർഗ്ഗയ്ക്കും ക്രോസ്സ് ചെക്ക് ചെയ്യുകയോ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞു കൈപ്പറ്റുകയോ ചെയ്യാം. എന്നാൽ മത്സര വിഭാഗത്തിൽ പരിഗണിച്ചില്ല എന്നത് വാസ്തവ വിരുദ്ധമാണ്.

‘സെക്‌സി ദുര്‍ഗ’ എന്തുകൊണ്ട് ഐ എഫ് എഫ് കെ മത്സര വിഭാഗത്തില്‍ വേണം?

മറ്റൊരു പ്രധാന ആരോപണം ലോകത്തിലെ പല സുപ്രധാന മേളകളിലും അംഗീകാരം നേടിയ ചിത്രത്തിന് വേണ്ട പരിഗണന ലഭിച്ചില്ല എന്നതാണ്. ഇതിനെ സംബന്ധിച്ചും അക്കാദമിയുടെ റെഗുലേഷനിൽ വ്യക്തമായി പറയുന്നുണ്ട്. Article 3.2.9 പറയുന്നത് “selection at any other International Festival does not ensure selection to IFFK” എന്നാണ്. അതായത് മറ്റ് ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ടു എന്നത് IFFK തിരഞ്ഞെടുപ്പിന് മാനദണ്ഡമാകില്ല. തിരഞ്ഞെടുക്കപ്പെടാൻ അതൊരു മാനദണ്ഡമാകില്ല എന്നിരിക്കെ മറ്റു പരിഗണനകൾക്കും അതൊരു മാനദണ്ഡം ആകേണ്ടതില്ല; ആകില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായത് കൊണ്ട് ഈ സീസണിൽ ക്വാർട്ടർ ഫൈനൽ ബർത്ത് കിട്ടാൻ IFFK, സെവെൻസ് ഫുട്ബാൾ ടൂർണമെന്റല്ല എന്നർത്ഥം. സബ്മിറ്റ് ചെയ്യപ്പെട്ടവയിൽ ഏതൊക്കെ സിനിമകൾ തിരഞ്ഞെടുക്കണം എന്നതും അവ മറ്റേതെങ്കിലും കാറ്റഗറിയിൽ പ്രദര്‍ശിപ്പിക്കണോ എന്നതുമൊക്കെ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സെലക്ഷൻ കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. സെക്സി ദുർഗ്ഗ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് സനലോ ബന്ധപ്പെട്ടവരോ ഈ റെഗുലേഷനൊക്കെ ഒന്ന് മറിച്ചുനോക്കിയിരുന്നെങ്കിൽ എന്ന് നമുക്കെല്ലാം ഇപ്പോൾ നെടുവീർപ്പിടാനേ കഴിയൂ.

ഇനി മറ്റു കാര്യങ്ങളിലേക്ക് വരാം. ഒന്ന്) സനൽ അക്കാദമിക്ക് എതിരായ നിലപാടുകൾ സ്വീകരിക്കുന്നത് കൊണ്ട് സെക്സി ദുർഗ്ഗയോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു എന്നാണല്ലോ പറയുന്നത്. അത് എത്രത്തോളം നിലനിൽക്കുന്ന വാദമാണ്? സനലിനോടും സെക്സി ദുർഗ്ഗയോടും ശത്രുതയാണ് അക്കാദമിക്ക് എങ്കിൽ എന്തിനവർ സിനിമ സബ്മിറ്റ് ചെയ്യണമെന്ന് അങ്ങോട്ട് ചെന്ന് ആവശ്യപ്പെടണം. എൻട്രി ഓപ്പൺ ചെയ്ത് എല്ലാവരെയും പോലെ സനലിനെയും കാത്തിരുന്നാൽ പോരെ. രണ്ട്) മത്സര വിഭാഗത്തിൽ വോട്ടിങ്ങിലൂടെ നിരാകരിക്കപ്പെട്ട സിനിമയെ അനുഭാവപൂർണ്ണം എന്തിന് ‘മലയാളം സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് പരിഗണിക്കണം. അത് ഔദാര്യം ഒന്നുമല്ലലോ. സിനിമ മേളയിൽ പ്രദർശിപ്പിക്കണം എന്നുള്ളതുകൊണ്ട് തന്നെയല്ലേ? മൂന്ന്) സനൽ പറഞ്ഞ പ്രകാരം സിനിമയെ മറ്റു വിഭാഗങ്ങളിൽ ഉൾപ്പെടുത്താനുള്ള സാധ്യതകൾ അക്കാഡമി പരിഗണിച്ചിരുന്നു. സിനിമയോടും സനലിനോടും ശത്രുതയെങ്കിൽ എന്തിന് അക്കാദമി അതിനു മുതിരണം. അക്കാദമിക്ക് വളരെ എളുപ്പത്തിൽ കൈ കഴുകാവുന്നതല്ലേ ഉള്ളു. ഇതിനൊന്നും സനലിനു മറുപടി ഉള്ളതായി തോന്നുന്നില്ല.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

സനലും കൂട്ടരും ആവർത്തിച്ചു പറയുന്നത് സിനിമ മേളയിൽ കാണിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും അക്കാദമി തയ്യാറാവുന്നില്ല എന്നാണ്. അത് അർദ്ധസത്യം മാത്രമാണ്. സനലിന്റെ ആവശ്യം സ്പെസിഫിക് ആണ്. സ്പെഷ്യൽ സ്ക്രീനിങ്ങിൽ ഉൾപ്പെടുത്താൻ തയ്യാറാണ് എന്നാണ് സനലും കൂട്ടരും അങ്ങോട്ട് ആവശ്യപ്പെടുന്നത്. ഏതോ ഒരു സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം “എന്നെ അറസ്റ്റു ചെയ്യൂ, എന്നെ അറസ്റ്റു ചെയ്യൂ” എന്ന് ഭരതൻ എസ്ഐയോട് പറയുംപോലെ, എന്റെ സിനിമ സ്പെഷ്യലായി സ്ക്രീൻ ചെയ്യൂ എന്നാണ് സനൽ അക്കാദമിയോട് ആവശ്യപ്പെടുന്നത്. അത് സാധ്യമല്ലെന്ന് അക്കാദമിയും പറഞ്ഞിരിക്കുന്നു.

ഇതിൽ രസകരമായ മറ്റൊരു സംഭവം നിവ് മാത്യു അക്കാദമിക്ക് അയച്ച മറുപടിയിലാണ് ഉള്ളത്. അദ്ദേഹം ആ മെയിലിൽ പറയുന്നത്, “We will be happy to participate in IFFK with little due recognition our movie is placed in either in World Cinema, in Competition, Opening Film or Special Screening. I am sure we all know it is not too much of asking [sic]” അതായതുത്തമാ, ഓപ്പണിങ് സിനിമയായോ ലോക സിനിമാ വിഭാഗത്തിലോ മത്സര വിഭാഗത്തിലോ അല്ലെങ്കിൽ സ്പെഷ്യൽ സ്ക്രീനിംഗായോ ഉള്‍പ്പെടുത്തുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന്. ഞങ്ങൾ ആവശ്യപ്പെടുന്നത് കൂടുതലൊന്നുമല്ലല്ലോ എന്നും കൂട്ടിച്ചേർത്തിരിക്കുന്നു. ദദായത്, നിങ്ങൾ എല്ലാവരും നിർബന്ധിക്കുകയാണെങ്കിൽ സിനിമ ഓപ്പണിങ് സിനിമ ആക്കാൻ വരെ തയ്യാറാണെന്ന്. ഇക്കൂട്ടത്തിൽ സനലിന് ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും മേളയിൽ സനലിന്റെ സിനിമളുടെ റെട്രോസ്പെക്റ്റീവും ആവശ്യപ്പെട്ടാലും കൂടുതൽ ആവില്ല. ഒട്ടും കൂടുതൽ ആവില്ല. അതാണല്ലോ നമ്മൾ സ്വപ്നം കണ്ട കിനാശ്ശേരി.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

ചലച്ചിത്ര അക്കാദമി, സെക്സി ദുർഗ്ഗയോട് ചെയ്യുന്നത് സ്മൃതി ഇറാനി ആ സിനിമയോട് ചെയ്തതിന്റെ ഇടതുപക്ഷ വേർഷൻ ആണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിമർശനം. രണ്ടിടത്തും ഈ സിനിമയെ പറ്റിയുള്ള സംവാദങ്ങൾ രണ്ടായിരിക്കെ അത്തരമൊരു താരതമ്യം ബാലിശമാണെന്ന് പറയാതെ വയ്യ. IFFI-ൽ സെലക്ഷൻ ജൂറി വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത ചിത്രം ആ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ നേരിട്ട് ഇടപെട്ട് നീക്കം ചെയ്തതാണ്. IFFK യിൽ അത് സംവിധായകന്റെയും നിർമാതാവിന്റെയും തീരുമാനത്തെത്തുടർന്ന് അവർ സ്വമേധയാ പിൻവലിച്ചതാണ്. ശത്രുതാ മനോഭാവം ഉള്ളതു കൊണ്ട് സിനിമയെ തഴഞ്ഞു എന്ന തോന്നലാണ് അതിനു പ്രേരിപ്പിച്ചതും. അക്കാദമിയുടെ നിലപാട് ശത്രുതാപരമാണ് എന്ന വാദം മേൽപ്പറഞ്ഞ കാരണങ്ങളാൽ കൺവിൻസിംഗ് ആയി തോന്നുന്നില്ല. മറിച്ച് അനുഭാവപൂർണമായിരുന്നു എന്ന് കരുതാൻ കാരണങ്ങൾ ഉണ്ട് താനും. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ “അക്കാദമി എന്നെയിതാ തഴയുന്നേ” എന്ന സനലിന്റെ നിലപാട് ഒരുതരം ഇരവാദമായി ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

രണ്ട് ദിവസങ്ങൾക്കു മുൻപാണ് അക്കാദമി സനലിനയച്ച ഒരു കത്തിനെ ആധാരമാക്കി സനലിന്റെ ഫേസ്ബുക് പോസ്റ്റ് വരുന്നത്. “Finally I got a marvelous letter of invitation to screen the film in IFFK 2017 in a SPECIAL HONOUR SCREENING” എന്നു തുടങ്ങുന്നതാണ് ആ പോസ്റ്റ്. അത് സർകാസ്റ്റിക് ആയി എഴുതിയതാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ മറ്റൊരു പക്ഷത്തിന് അത് തീർത്തും സർകാസ്റ്റിക് ആയി തോന്നിയില്ല. ലേഖകനും അങ്ങനെ തോന്നിയില്ല. തത്ക്കാലത്തേക്ക് അത് സർക്കാസം ആണെന്ന വാദം അംഗീകരിച്ചുകൊണ്ട് തന്നെ അക്കാദമി അയച്ച ആ കത്തിന്റെ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ട്. സനൽ നവംബര്‍ 30-ന് അയച്ച മെയിലിന് മറുപടിയാണ് ആ കത്ത് എന്ന് അതിൻറെ റഫറൻസിൽ സൂചിപ്പിക്കുന്നുണ്ട്.

പ്രിയ മജീദ് മജീദി, ഐഎഫ്എഫ്ഐയില്‍ നിന്നും ‘ബിയോണ്ട് ദി ക്ലൌഡ്സ്’ താങ്കള്‍ പിന്‍വലിക്കുമോ?

അതിന്റെ ഉള്ളടക്കത്തിൽ പറയുന്നത്: “Now you have expressed willingness and interest to screen the film S Durga as a Special Honour Screening in the IFFK 2017. We make it clear that there is no section in IFFK 2017 as Special Honour Screening as requested.” അതായത്, നിങ്ങൾ താല്പര്യവും സന്നദ്ധതയും പ്രകടിപ്പിച്ചത് പോലെ എസ് ദുർഗ്ഗ IFFK-യിൽ സ്പെഷ്യൽ ഹോണർ സ്ക്രീനിംഗ് ആയി ഉൾപ്പെടുത്താൻ അങ്ങനെയൊരു സെക്ഷൻ തന്നെ ഇല്ലാത്തതുകൊണ്ട് സാധിക്കില്ല എന്ന്. ഇവിടെ കത്തിൽ പറയുംപോലെ സനലിന്റെ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് സ്പെഷൽ സ്ക്രീനിംഗ് സാധ്യമല്ല എന്ന് പറയുമ്പോൾ, സനൽ 30ന് അയച്ച കത്തിൽ അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരുന്നോ എന്നുകൂടെ അറിയേണ്ടിയിരിക്കുന്നു. ആ മെയിൽ സനൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അക്കാദമിയുടെ മെയിലിൽ തുടർന്ന് പറയുന്നത്, സിനിമ മേളയിൽ പ്രദർശിപ്പിക്കണമെന്നുള്ള ആവശ്യവും താല്പര്യവും മുൻനിർത്തി ആ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റും മറ്റു ക്ലിയറൻസും ലഭിക്കുന്ന പക്ഷം സിനിമ നേരത്തേ തന്നെ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒന്നായതിനാൽ അതിന്റെ പ്രദര്‍ശനം പരിഗണിക്കുന്നതാണ് എന്നാണ്. വളരെ മാന്യമായ മറുപടിയാണ് അക്കാദമി നൽകിയിരിക്കുന്നത്. (ഇതിൽ സർക്കാസിക്കാൻ എന്തിരിക്കുന്നു എന്ന് നമുക്ക് പിന്നീട് ചോദിക്കാം. സർക്കാസിക്കാനുള്ള സനലിന്റെ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് തന്നെ).

കത്തിന് മറുപടിയെന്നോണം അവർ വാദിക്കുന്നത് IFFK യിൽ സെൻസർ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, സെക്സി ദുർഗ്ഗക്ക് 2 മാസം മുൻപ് തന്നെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയതാണ് എന്നൊക്കെയാണ്. ശരിയാണ്, മേളയിൽ സിനിമ സബ്മിറ്റ് ചെയ്യാൻ സെൻസർ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സെൻസർ സർട്ടിഫിക്കറ്റോ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ Exemption-നോ നേടിയിരിക്കണം. IFFK 2017 Regulations Article 3.2.3 ൽ “For all films without a certification from the CBFC, the festival will apply for an exemption to the I&B ministry, Govt. of India, for the period of the festival. The film will be screened subject to the receiving the exemption” എന്ന് ഇതിനെ സംബന്ധിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്. അതായത് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റോ കേന്ദ്രമന്ത്രാലയത്തിന്റെ exemption-നോ ആവശ്യമാണ്. സർട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം ഫെസ്റ്റിവൽ കേന്ദ്ര മന്ത്രാലയത്തോട് exemption ന് അപേക്ഷിക്കണം. I&B മന്ദ്രാലയത്തിന്റെ നിലപാട് എന്താണെന്ന് IFFI ൽ വ്യക്തമായതാണ്. അതറിഞ്ഞുകൊണ്ട് ആ അപേക്ഷ നൽകണമെന്നാണോ? സ്മൃതി ഇറാനിയുടെ നിലപാടറിഞ്ഞിട്ടും അക്കാദമി അങ്ങനെ ഒരപേക്ഷ കൊടുക്കുന്നത് ചില ആളുകൾക്കെങ്കിലും ‘ഇതാ പിണറായിയും മോദിയും സെക്സി ദുർഗ്ഗയ്ക്കെതിരെ ഒന്നിക്കുന്നേ’ എന്ന് നിലവിളിക്കാനേ അവസരം കൊടുക്കൂ.

ഐ എഫ് എഫ് കെ ഒതുക്കിയ സിനിമയെ ഐ എഫ് എഫ് ഐ എടുക്കണം എന്ന് പറയാൻ നമുക്കെന്തവകാശം?

മറ്റൊരു വാദം സിനിമയ്ക്ക് നേരത്തെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടെന്നും ആ സർട്ടിഫിക്കറ്റ് വച്ചാണ് മുംബൈയിലെ മാമിയിലും തിരുവനന്തപുരത്തെ പ്രീമിയറും നടന്നത് എന്നതാണ്. എന്നാൽ IFFK ഡിസംബറിൽ നടക്കാനിരിക്കുന്ന ഫെസ്റ്റിവൽ ആണ്. മാമിയും തിരുവന്തപുരം പ്രീമിയറും നടന്നു കഴിഞ്ഞതുമാണ്. ഇവ രണ്ടിനും ശേഷമാണ് ഗോവയിലെ സംഭവവികാസങ്ങളെ തുടർന്ന് CBFC സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വീണ്ടും റദ്ദ് ചെയ്യുന്നത്. അതായത് നിലവിൽ സിനിമയ്ക്ക് സെൻസർ സര്‍ട്ടിഫിക്കറ്റില്ല. ഒന്നാം തിയ്യതി അക്കാദമി കത്തയയ്ക്കുമ്പോൾ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്നിരിക്കെ സിനിമ പ്രദർശിപ്പിക്കാൻ മേളയുടെ നിയമമനുസരിച്ച് അത് വേണം എന്നാവശ്യപ്പെട്ടാൽ അതിൽ എന്താണ് തെറ്റ്?

അപ്പോഴാണ് ഒരു പടികൂടി കടന്ന് “സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും സെൻസർ നിയമങ്ങൾക്കും അനുസരിച്ച് സിനിമകൾ കാണിക്കുന്ന മേളകൾ ആർക്കു വേണം”, “തങ്ങളുടെ ഏറാൻമൂളികളായി ഫിലിം മേക്കേഴ്സിനെ മാറ്റാൻ സെൻസർ ബോർഡിനെയും അനുബന്ധ സ്ഥാപങ്ങളെയും ഉപയോഗിക്കുന്ന സർക്കാരുകൾക്ക് കുടപിടിക്കലാണോ ചലച്ചിത്രമേളകളുടെ ജോലി” എന്ന സനലിന്റെ നിലപാട് വരുന്നത്. യാതൊരു ശങ്കയും ഇല്ലാതെ തന്നെ പറയട്ടെ, സനലിനോട് ഇക്കാര്യത്തിൽ യോജിക്കുന്നു. സിനിമാക്കാരെ/ആര്‍ട്ടിസ്റ്റുകളെ കൂച്ചുവിലങ്ങിടാൻ സെൻസർ ബോർഡിനെയോ അനുബന്ധ സ്ഥാപനങ്ങളെയോ സർക്കാരിനെയോ അനുവദിച്ചുകൂടാ. സെൻസർ ബോർഡ് തന്നെ എടുത്തുകളയണം എന്നാണ് നമ്മുടെ എല്ലാം നിലപാട്. അവരുടെ എല്ലാ തിട്ടൂരങ്ങളെയും നിരാകരിച്ച് IFFK യിൽ S Durga പ്രദര്‍ശിപ്പിക്കണമെന്നാണെങ്കിൽ നമ്മുടെ ചെറുത്തുനിൽപ്പുകൾ അവിടെ അവസാനിച്ചുകൂടാ. അങ്ങനെ പ്രദർശിപ്പിക്കുമ്പോൾ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് സെൻസർ ബോർഡിന്റെ കത്രിക വീണ S Durga യോ SXXX Durga യോ അല്ല. മറിച്ച് ഒരു കത്തിയും കോടാലിയും വീഴാത്ത SEXY DURGA തന്നെയാണ്; അതല്ലേ ഹീറോയിസം.

ഈ റിപ്പബ്ലിക്കിന്റെ ജനാധിപത്യ ഭാവനയുടെ അതിര്‍ത്തി നിങ്ങള്‍ എവിടെ വരയ്ക്കും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിസാം അസഫ്

നിസാം അസഫ്

ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ സിനിമ സ്റ്റഡീസ് ഗവേഷക വിദ്യാർത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍