UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീത പഥങ്ങള്‍

വിശാഖ് ശങ്കര്‍

വടയമ്പാടി: നഷ്ടമാകുന്ന പൊതു ഇടങ്ങള്‍ 

വടയമ്പാടിയില്‍ ക്ഷേത്ര സമിതി കെട്ടാന്‍ പദ്ധതിയിട്ട മതില്‍ വഴി പുറത്താവുക ആരായിരുന്നു? ദളിതര്‍?

ജാതിമതിലും സിപിഎമ്മിന്റെ ദളിത്‌ വിരുദ്ധതയും ഒക്കെയായി വടയമ്പാടി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ദിവസങ്ങള്‍ കഴിഞ്ഞു. പൊതുജനശ്രദ്ധയെ മാധ്യമങ്ങള്‍ പുതിയ വിഷയങ്ങളിലേക്ക് കേന്ദ്രീകരിച്ചു. പക്ഷെ ഇപ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ അവ്യക്തതകള്‍ ബാക്കിയാണ്. ഇതിലെ യഥാര്‍ത്ഥ വിഷയത്തെ നാം അഭിമുഖീകരിച്ചുവോ?

വടയമ്പാടി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരേക്കര്‍ വരുന്ന പൊതുമൈതാനം ക്ഷേത്ര സമിതിക്കാര്‍ മതിലുകെട്ടി തിരിക്കാന്‍ ശ്രമിച്ചതാണല്ലോ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ കോടതി ചോദിക്കുന്നത് കാല്‍ നൂറ്റാണ്ടായി തങ്ങളുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ ക്ഷേത്ര സമിതിക്കാര്‍ അവകാശം ഉന്നയിക്കുന്നത് എന്തിന് എന്നാണ്. അതായത് ഇപ്പോള്‍ ആ ഭൂമിയില്‍ പൊടുന്നനെ അവകാശം ഉന്നയിക്കാനുള്ള എന്തോ എന്ന് അവിടെ സംഭവിച്ചിരിക്കുന്നു.

ഈ കാലഘട്ടത്തിനിടയില്‍ ഈ പൊതുസ്ഥലം ‘പൊതു’ അല്ലാതായി എന്നും അത് ആ നാട്ടുകാര്‍ പോലും അറിഞ്ഞില്ല എന്നും വ്യക്തം. ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍നിന്നുവേണം അന്വേഷണം തുടങ്ങാന്‍.

എന്ത് സംഭവിച്ചു?

1981-ലാണ് ക്ഷേത്രസമിതിക്ക് പട്ടയം ലഭിക്കുന്നത്. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന അക്കാലത്ത് റവന്യൂ വകുപ്പ് സിപിഐക്കായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാരുകളിലെ തിരുത്തല്‍ ശക്തിയെന്ന് മാധ്യമങ്ങള്‍ വാഴ്തുന്ന ആ പാര്‍ട്ടി പോലും അതറിഞ്ഞില്ല. (അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ അത് തിരുത്തണമല്ലോ!)

ഇപ്പോള്‍ അമ്പലക്കമ്മിറ്റിക്കാര്‍ മതിലുകെട്ടുമായി മുമ്പോട്ട്‌ പോകാന്‍ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമാവുകയും 1981 പോലുള്ള തീയതികള്‍ ഭുതകാലത്തില്‍ നിന്നും ഉയര്‍ന്നുവരികയും ചെയ്തു. തമിഴ് നാട്ടിലെ ഒരു ജാതിമതിലിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത് സിപിഎം നേതൃത്വത്തില്‍ പൊളിച്ച കഥയും. അവരുടെ ആ അവകാശവാദത്തെ തകര്‍ക്കാന്‍ ആവണം വടയമ്പാടി പ്രശ്നം ജാതിമതില്‍ ആയി മാറി. സ്വത്വ രാഷ്ട്രിയ പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ചായി സമരം.

അങ്ങനെ വരുമ്പോള്‍ സംഭവം സിപിഎം എന്ന കേരളത്തിലെ മുഖ്യ ഇടത് സംഘടനയ്ക്ക് എതിരായി മാറുന്നതും  സ്വാഭാവികം. കാരണം അവര്‍ക്ക് കേരളത്തിലെ മുഖ്യ ശത്രു സംഘപരിവാര്‍ പോലുമല്ല, സിപിഎമ്മും ഇടതുപക്ഷവുമാണല്ലോ. അങ്ങനെ വടയമ്പാടി സമരം ഇടതുപക്ഷത്തിന്റെ ദളിത്‌ വിരുദ്ധതയെ തുറന്നുകാട്ടാനുള്ള ഒരു ഉരകല്ലായി പ്രോജക്റ്റ് ചെയ്യപ്പെടുകയായിരുന്നു.

പക്ഷെ ഒരു ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്. ആരെ പുറത്താക്കാന്‍ വേണ്ടി ആയിരുന്നു ആ മതിലുകെട്ട്?

ജാതി മതില്‍?

വടയമ്പാടിയില്‍ ക്ഷേത്ര സമിതി കെട്ടാന്‍ പദ്ധതിയിട്ട മതില്‍ വഴി പുറത്താവുക ആരായിരുന്നു? ദളിതരായിരുന്നോ?

നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് ഹിന്ദുക്കളായ ദളിതരെ പുറത്താക്കാന്‍ പോന്ന ഒരു മതില്‍ അവര്‍ക്ക് ഭൌതീകമായി കെട്ടി ഉയര്‍ത്താനാവില്ല. അത് ഉറപ്പുവരുത്താന്‍ ഇവിടെ കോടതിയും സംഘടനകളും മാധ്യമങ്ങളും (ഇടതുപക്ഷം ഭരിക്കുന്നതിനാല്‍ ഭരണകൂടത്തെ കൂട്ടണ്ട എന്ന് തന്നെ വയ്ക്കുക) ഉണ്ട്. ഇപ്പോള്‍ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയ്യാളുന്ന ഹിന്ദുത്വ ശക്തികള്‍ക്ക് ദളിതരെ അങ്ങനെ ഒരു പ്രത്യക്ഷ മതില്‍ കെട്ടി പുറത്താക്കാന്‍ ഉദ്ദേശവുമില്ല. അവര്‍ക്ക് വേണ്ടത് ആദിവാസികളും മറ്റ് പട്ടികജാതികളും ചേര്‍ന്ന പതിനാല് ശതമാനത്തോളം വരുന്ന വോട്ടര്‍മാരുടെ കേന്ദ്രീകരണമാണ്.

അവര്‍ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നത് അഹിന്ദുക്കളെയാണെന്ന് വ്യക്തം. അതില്‍ തന്നെ മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ ഉപരി അവരിലെയും ഹിന്ദു മതത്തിലെ തന്നെയും സ്വതന്ത്ര മതേതരവാദികളെയാണ് എന്നും. അതായത് മതപരമായ കണ്‍വെന്‍ഷനുകള്‍ക്കും സമാനമായ പരിപാടികള്‍ക്കുമായി ക്ഷേത്രത്തോടു ചേര്‍ന്ന് കിടക്കുന്ന ഈ മൈതാനം ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇടയില്ല. എന്നാല്‍ മതേതര സ്വഭാവമുള്ള സാംസ്കാരിക, രാഷ്ട്രിയ, കലാ, കായിക കൂട്ടായ്മകള്‍ക്കായി അവര്‍ ജാതിമതഭേദമന്യേ അവിടെ കൂടുകയും ഉണ്ടാവും. അങ്ങനെയാണല്ലോ മൈതാനങ്ങള്‍ പൊതു ‘ഇട’ങ്ങളായി മാറുന്നത്.

ഈ മതില്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത് അത്തരം ഒരു ഇടത്തെയാണ്. വടയമ്പാടി ക്ഷേത്രസമിതിയും എന്‍എസ്എസും ഒക്കെ ചേര്‍ന്ന് ഇരുചെവി അറിയാതെ സംഘടിപ്പിച്ച പട്ടയവും അതിന്‍റെ ബലത്തില്‍ കെട്ടാന്‍ ശ്രമിക്കുന്ന മതിലും ലക്ഷ്യം വയ്ക്കുന്നത് ജാതിയെ അല്ല, മതത്തെ, മതേതരത്വത്തെയാണ്‌. മതില് കെട്ടല്‍ എങ്ങാനും നടന്നു എന്ന് തന്നെ വയ്ക്കുക. ദളിതര്‍ക്ക് അതുകൊണ്ട് മൈതാനത്തില്‍ പ്രവേശനം നിഷേധിക്കാനൊന്നും പറ്റില്ല. എന്നാല്‍ ആ പരിസരത്ത് ക്ഷേത്ര ആചാരങ്ങള്‍ക്ക് അപ്രമാദിത്വം സമ്പാദിക്കാന്‍ പറ്റും. ആചാരബന്ധിയായ അത്തരം നിബന്ധനകള്‍ പുറത്താക്കുക ഏതെങ്കിലും ജാതിയെ എന്നതിലുപരി അഹിന്ദുക്കളെയും മതേതരവാദികളെയും ആവുകയും ചെയ്യും.

മതില്‍ കെട്ടാതുള്ള പുറത്താക്കലുകള്‍

പുതിയതായി ഒരു മതില്‍ കെട്ടാതെയും മതേതരത്വത്തെ പുറത്താക്കാനാവും എന്നതിന് തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണ്. ഈ അടുത്ത കാലത്ത് തന്നെ നടന്ന അശാന്തന്‍ എന്ന കലാകാരന്റെ നിര്യാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എടുക്കുക. ക്ഷേത്രാചാരം എന്നത് അതാത് അമ്പല പരിസരത്തില്‍ നിന്നും, മതില്‍ക്കെട്ടില്‍നിന്നും മാറി ആ പരിസരത്തേക്ക് മുഴുവനായി വ്യാപിക്കയാണ്. ഇതിനര്‍ത്ഥം ആ യുക്തി കൊണ്ടു നടക്കാത്ത ആര്‍ക്കും ആ പരിസരത്തില്‍ ഹിന്ദു ആചാരത്തില്‍നിന്നും  സ്വതന്ത്രമായി ജീവിക്കാനോ, മരിക്കാനോ പോലും പറ്റില്ല എന്നും.

അശാന്തന്‍റെ നിര്യാണവുമായി ബന്ധപ്പെട്ട പൊതു ചടങ്ങ് അമ്പലത്തിന്റെ മതില്‍ കെട്ടിനുള്ളില്‍ വച്ചല്ല നടത്താനിരുന്നത്. എന്നിട്ടും  അതിനെതിരേ എതിര്‍പ്പുകള്‍ ഉണ്ടായി. കാരണം പുതിയതായി കെട്ടിയ ഒരു മതിലല്ല. ആരാധനാലയങ്ങള്‍ മതിലുകെട്ടി സ്വന്തം സ്വകാര്യത സംരക്ഷിക്കുന്ന ഒരു കാലത്തല്ല നമ്മള്‍ ജീവിക്കുന്നത്, മറിച്ച് അദൃശ്യമായ മതിലുകള്‍ വഴി അത് പൊതുജീവിതത്തെ അധിനിവേശിക്കുന്ന കാലത്താണ്. ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്തായാലും ആ പരിസരം മുഴുവന്‍ ക്ഷേത്രാചാരങ്ങള്‍ക്ക്, വിശ്വാസങ്ങള്‍ക്ക് അധീനമാണ് എന്നതാണ് അലിഖിത നിയമം, കെട്ടാത്ത മതിലിന്റെ വ്യാപ്തി.

ഇവിടെ പുറത്താകുന്നത് മതേതരത്വമാണ്. രഹസ്യമായി പട്ടയം  സമ്പാദിച്ച് താല്‍പര കക്ഷികള്‍ ഇല്ലാതാക്കുന്നത് അതിന്റെ പൊതു ഇടങ്ങളാണ്. അതിനെതിരേ പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ആത്മാഭിമാനം ഉണരുന്നില്ല.

ഇതൊരു ചെറിയ അപകടമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സവര്‍ണ്ണ മനോവൈകൃതം

എറണാകുളത്തപ്പന് അയിത്തം; ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞു

ജാതിഗുണ്ടകളോട്, ‘വിശ്വാസം നിന്റെ കോവിലിനുള്ളില്‍ മതി, തൊട്ടുകൂടായ്മ നിന്റെ അഴുകിയ മനസിലും’

വടയമ്പാടിയില്‍ ആര്‍എസ്എസ്-എന്‍എസ്എസ് തേര്‍വാഴ്ച; വഴി നടക്കാന്‍ ഐഡി കാര്‍ഡ്; കൂട്ടിന് പോലീസും

പുതിയ നീക്കവുമായി കെപിഎംഎസും വടയമ്പാടിയില്‍; പിന്നില്‍ ഹിന്ദു ഐക്യവേദി-എന്‍എസ്എസ് എന്ന് ആക്ഷേപം

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍