UPDATES

ട്രെന്‍ഡിങ്ങ്

ചാണ്ടിയെ രക്ഷിക്കാന്‍ എജിയെ മുന്നില്‍ നിര്‍ത്തി സിപിഐയെ കുരുതി കൊടുക്കണോ എന്നാണ് ചോദ്യം

പൊതുവെ മാന്യനായ എ ജി ഒരു മന്ത്രിക്കുനേരെ ഇത്തരത്തില്‍ ഒരു പ്രസ്താവം നടത്തിയതിനു പിന്നില്‍ മറ്റാരോ ഉണ്ടെന്ന നിഗമനത്തിലാണ് ചന്ദ്രശേഖരന്‍ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും.

കെ എ ആന്റണി

കെ എ ആന്റണി

മൂന്നാറില്‍ തുടങ്ങിയ സി പി എം – സി പി ഐ പോര് തോമസ് ചാണ്ടി വിഷയത്തിലെത്തിയപ്പോള്‍ കൂടുതല്‍ മുറുകിയിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസിനെച്ചൊല്ലി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദും തമ്മിലുള്ള തര്‍ക്കം സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.

തോമസ് ചാണ്ടിക്കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്നു കാട്ടി റവന്യൂ മന്ത്രി നല്‍കിയ കത്തിന് നേരിട്ട് മറുപടി നല്‍കാതെ റവന്യൂ വകുപ്പ് ആരുടേയും തറവാട്ടു സ്വത്തല്ലെന്ന് എ ജി ഒരു പത്രസമ്മേളനത്തില്‍ തുറന്നടിച്ചതാണ് വകുപ്പ് മന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ചൊടിപ്പിച്ചത്. എ ജിക്ക് തന്റെ നിര്‍ദ്ദേശം തള്ളുകയോ കൊള്ളുകയോ ചെയ്യാമെങ്കിലും തികച്ചും അവഹേളനാപരമായി നടത്തിയ പ്രസ്താവം തികച്ചും അനുചിതയാണെന്നതാണ് ചന്ദ്രശേഖരന്‍ മന്ത്രിയുടെ നിലപാട്. ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് സി പി ഐക്കും ഉള്ളതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. ‘അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് മുകളിലല്ല’ എന്ന് പറഞ്ഞ കാനം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറാവാതിരുന്നത് താന്‍ കൂടി നയിക്കുന്ന ഇടതുമുന്നണിയുടെ ‘ ജന ജാഗ്രത ജാഥ ‘ പാതിവഴിയില്‍ വെച്ച് അടിച്ചുപിരിയരുത് എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ടു കൂടിയാവണം.

”റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല. കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിപോലും ഒന്നും പറയാറില്ല. പറഞ്ഞാലും കേള്‍ക്കേണ്ടതില്ല. ഇതുവരെ കൈകാര്യം ചെയ്ത സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കെ വി സോഹന്‍ തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും. വകുപ്പ് മന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കലല്ല എ ജിയുടെ ജോലി” എന്നാണ് എ ജി പറഞ്ഞത്. ഇതിനോട് മന്ത്രി ചന്ദ്രശേഖരന്‍ നടത്തിയ പ്രതികരണം ഇങ്ങനെ: “മൂന്നേമുക്കാല്‍ കോടി വരുന്ന മലയാളികളുടെ തറവാടായ കേരളത്തിന്റെ കാര്യം നോക്കുന്നയാളാണ്, മനസ്സിലായില്ലേ? സര്‍ക്കാര്‍ ഭൂമിയുടെ കസ്റ്റോഡിയന്‍ റവന്യൂ വകുപ്പാണ്. ആ വകുപ്പിന്റെ ചുമതല വഹിക്കുന്നയാള്‍ ഞാനാണ്. അത് സംരക്ഷിക്കാന്‍, കേരളീയരുടെ തറവാട് സംരക്ഷിക്കാനുള്ള ബാധ്യത എനിക്കുണ്ട്. അത് നിര്‍വഹിക്കാന്‍ ഞാന്‍ ചിലപ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യും. ഞാനിനിയും പറയും. അത് പറയേണ്ട ഉത്തരവാദിത്തം എന്റേതാണ്. അതിനാണ് എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പൊതുവെ ശാന്ത സ്വഭാവക്കാരനായ ചന്ദ്രശേഖരന്‍ മന്ത്രിയുടെ ഈ പ്രതികരണത്തിന് ഒരു പൊട്ടിത്തെറിയുടെ ധ്വനിയുണ്ട്. ഇടതുമുന്നണിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നു സാരം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലും ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റവുമൊക്കെ ചന്ദ്രശേഖരന്‍ മന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഐയെയും ഏറെ ചൊടിപ്പിച്ച വിഷയങ്ങളാണ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ എത്തുമ്പോള്‍ അത് കുറച്ചുകൂടി മൂര്‍ച്ഛിച്ചിരിക്കുന്നു. നിയമ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം എ ജി ക്കുണ്ട്. എന്നുകരുതി വകുപ്പ് മന്ത്രി നടത്തിയ ശിപാര്‍ശ തള്ളുമ്പോള്‍ അത് ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്താവത്തോടുകൂടി വേണമായിരുന്നോ എന്നതാണ് ഇതുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്നിട്ടുള്ള പ്രധാന ചോദ്യം. ഒരു കത്തിലൂടെയാണ് മന്ത്രി തന്റെ അഭിപ്രായം എ ജിയെ അറിയിച്ചത്. ആ അഭിപ്രായം എ ജിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അത് ഒരു മറുപടി കത്തിലൂടെ ആകുന്നതായിരുന്നു ഉചിതം എന്നിരിക്കെയാണ് മന്ത്രിയെ കൊച്ചാക്കിക്കൊണ്ട് ഇങ്ങനെയൊരു പരസ്യ പ്രസ്താവത്തിന് എ ജി മുതിര്‍ന്നത് എന്നത് നിയമ വിദഗ്ധരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

പൊതുവെ മാന്യനായ എ ജി ഒരു മന്ത്രിക്കുനേരെ ഇത്തരത്തില്‍ ഒരു പ്രസ്താവം നടത്തിയതിനു പിന്നില്‍ മറ്റാരോ ഉണ്ടെന്ന നിഗമനത്തിലാണ് ചന്ദ്രശേഖരന്‍ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. മറ്റാരോ എന്ന് പറഞ്ഞാല്‍ അവര്‍ ഉദ്ദേശിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ. എന്‍ സി പിയിലെ ഒരു മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുക വഴി മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയെ ശത്രുപക്ഷത്തു നിറുത്തി മുന്നണിയില്‍ നിന്നും അകറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ മുന്നണിക്കും സര്‍ക്കാരിനും എത്രകണ്ട് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ചിന്തിക്കുന്നത് നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍