UPDATES

ബ്ലോഗ്

ശബരിമല യുവതീ പ്രവേശനം: ആര് ആരോടാണ് കള്ളം പറയുന്നത്?

കണക്കുകള്‍ അനുസരിച്ച് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 7564 സ്ത്രീകളാണ് ക്ഷേത്രദര്‍ശനത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത്.

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് ബിജെപി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തോടൊപ്പം നല്‍കിയ റിപ്പോര്‍ട്ട് വ്യാജമാണെന്നും വിശ്വാസ സമൂഹത്തോട് തോറ്റതിലെ ജാള്യത മറയ്ക്കാനാണ് പിണറായി ഇത്തരത്തില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആരോപിക്കുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിര്‍ച്വല്‍ ക്യൂവിന് വേണ്ടി സിപിഎം അണികള്‍ രജിസ്റ്റര്‍ ചെയ്യിച്ച യുവതികളുടെ വിവരങ്ങളാണ് പിണറായി സര്‍ക്കാര്‍ ചോദിക്കാതെ തന്നെ വലിഞ്ഞ് കയറി സത്യവാങ്മൂലം എന്ന പേരില്‍ നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജില്ലാ ജഡ്ജി സ്‌പെഷല്‍ ഓഫീസറായി സന്നിധാനത്തുണ്ട്. നിലവിലെ കാര്യങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും മൂന്നംഗ നിരീക്ഷണ സമിതിയും സന്നിധാനത്തുണ്ട്. ഇവര്‍ക്കൊന്നും നല്‍കാത്ത റിപ്പോര്‍ട്ട് പിണറായി സത്യവാങ്മൂലമായി നല്‍കിയത് പുനഃപരിശോധനാ ഹര്‍ജികളെ സ്വാധീനിക്കാനാണെന്നും പിള്ള ആരോപിക്കുന്നു.

ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിനെയും ബിന്ദുവിനെയും പോലുള്ളവരുടെ പേര് ഇല്ലാതിരിക്കുകയും എന്നാല്‍ മറ്റ് നിരവധി പേരുകള്‍ കാണുകയും ചെയ്യുമ്പോള്‍ അത്തരമൊരു സംശയം സ്വാഭാവികമായി ഉയരും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ കള്ളത്തരത്തെക്കുറിച്ച് തന്നെയാണ് ശബരിമല ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനും പറയാനുള്ളത്. യുവതിപ്രവേശന വിഷയത്തില്‍ പല അഭിപ്രായമുണ്ടാവാം എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗികമായ കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ സര്‍ക്കാരിന് സാധിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണ്. ശ്രീലങ്കന്‍ യുവതിയുടെ കാര്യത്തില്‍ പിണറായി വിജയന് തെറ്റു പറ്റിയതാവാമെന്നാണ് പലരും പറഞ്ഞത് എന്നാല്‍ സുപ്രീം കോടതിയില്‍ ഇന്ന് നടന്നത് അങ്ങനെയല്ല. പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ല. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. അപ്പോള്‍ എങ്ങനെയാണ് അതില്‍ ഇങ്ങനെ കള്ളത്തരം പറയാന്‍ സാധിക്കുകയെന്ന് രാഹുല്‍ ചോദിക്കുന്നു. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ അവകാശപ്പെടുന്നു.

അതേസമയം സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ കൊടുത്ത റിപ്പോര്‍ട്ടിലെ ലിസ്റ്റ് മാത്രം വച്ചിട്ടാണ് ശ്രീധരന്‍ പിള്ളയും രാഹുല്‍ ഈശ്വറും സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് ആരോപിക്കുന്നത്. ഈ 51 പേരാണ് ക്ഷേത്രത്തിലെത്തിയതെന്നാണ് മന്ത്രി കടകംപള്ളി വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അവര്‍ ദര്‍ശനം നടത്തിയോ ഇല്ലയോ എന്ന് അറിയില്ലെന്നും കടകംപള്ളി പറയുന്നു. ഇനി റിപ്പോര്‍ട്ടിലെ പരാമര്‍ശം ശ്രദ്ധിക്കാം. കേരള പോലീസിന്റെ ഡിജിറ്റല്‍ ക്യൂ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ 16 ലക്ഷം തീര്‍ത്ഥാടകരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടിന്റെ അഞ്ചാം പോയിന്റില്‍ വ്യക്തമാക്കുന്നു. ഇതില്‍ 8.2 ലക്ഷം പേര്‍ ക്ഷേത്രദര്‍ശനം നടത്തി. ഈ കണക്കുകള്‍ അനുസരിച്ച് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 7564 സ്ത്രീകളാണ് ക്ഷേത്രദര്‍ശനത്തിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത്. ഡിജിറ്റല്‍ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഗ്രൂപ്പിലെ 51 പേര്‍ നിലവില്‍ സന്നിധാനത്ത് സന്ദര്‍ശനം നടത്തുകയും പ്രശ്‌നങ്ങളൊന്നുമില്ലാതെ ദര്‍ശനം നടത്തുകയും ചെയ്തു. ഇവരെക്കൂടാതെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാതെ സാധാരണ തീര്‍ത്ഥാടകരായി എത്തയ നിരവധി പേര്‍ വേറെയുമുണ്ട്. തീര്‍ത്ഥാടന കാലം ആരംഭിച്ച നവംബര്‍ 16 മുതല്‍ 44 ലക്ഷം പേരാണ് ശബരിമലയിലെത്തിയത് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് കള്ളമാണെന്ന് വാദിക്കാന്‍ പിള്ളയെയും രാഹുല്‍ ഈശ്വറെയും നിര്‍ബന്ധിക്കുന്നത് എന്താണെന്ന് കൂടി നോക്കുമ്പോള്‍ അവരുടെ വാദത്തിന്റെ സത്യാവസ്ഥ വ്യക്തമാകും. സെപ്തംബര്‍ 28ന് സുപ്രിംകോടതി വിധി വന്നതിന് ശേഷം ബിജെപിയും സംഘപരിവാര്‍ സംഘടനകളും സംസ്ഥാനത്തുടനീളം നടത്തിവരുന്ന സമരങ്ങളുടെ പരാജയമാണ് 51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് തുടര്‍ച്ചയായി നടത്തി വന്ന ഹര്‍ത്താലുകള്‍ കൂടാതെ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ റോഡിന്റെ ഒരുഭാഗം കയ്യടക്കി നടത്തുന്ന നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണോ വേണ്ടയോ എന്ന് സുപ്രിംകോടതി തീരുമാനിക്കുന്നത് ജനുവരി 22നാണ്. അന്ന് മാത്രമാണ് ഇവര്‍ സ മരം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തീരുമാനിക്കൂ. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നും എന്നാല്‍ അതുകൊണ്ട് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ലെന്നും വരുമ്പോള്‍ പുനഃപരിശോധനാ വിധി പരിഗണിക്കേണ്ട ആവശ്യം പോലും സുപ്രിംകോടതിക്കില്ലാതെ വരും. അതോടൊപ്പം ആചാരലംഘനം തടയാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയും കാലം ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് ഉത്തരം പറയേണ്ട ബാധ്യത ബിജെപിക്കുണ്ടാകുകയും ചെയ്യും. ബിന്ദുവും കനകദുര്‍ഗയും മഞ്ജുവും ശബരിമലയിലെത്തിയതിന്റെ തെളിവുകള്‍ മുന്നിലുണ്ടായിട്ടും യുവതികള്‍ പ്രവേശിച്ചില്ലെന്ന് സ്വയം വിശ്വസിക്കാനും ജനങ്ങളെ വിശ്വസിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നതും അതിനാലാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍