UPDATES

ട്രെന്‍ഡിങ്ങ്

വേങ്ങരയിലെ 30 ശതമാനം ഹിന്ദുക്കളുടെ വോട്ട് എന്തുകൊണ്ട് ബിജെപിക്ക് ലഭിച്ചില്ല സര്‍? അതാണ് ചോദ്യം

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായാണെന്നു ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളും വക്താക്കളും ഒത്തുപിടിക്കുന്നതും കണ്ടു

കെ എ ആന്റണി

കെ എ ആന്റണി

ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടു കാര്യമില്ലെന്നാണ് ചൊല്ല്. പക്ഷെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അത് അങ്ങനെയല്ലല്ലോ. ആര് ജയിച്ചാലും തോറ്റാലും ഭൂരിപക്ഷം കൂടിയാലും കുറഞ്ഞാലും അതൊക്കെ വിശദമായി തന്നെ വിശകലനം ചെയ്യുന്നതാണ് പതിവ്. അതാതു രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല മാധ്യമങ്ങളും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധരുമൊക്കെ തങ്ങളുടേതായ അളവുകോലുകള്‍ വെച്ച് തിരഞ്ഞെടുപ്പ് ഫലം കീറിമുറിച്ചു പരിശോധിച്ചു വിധിപ്രസ്താവം നടത്തും. ഇത് പതിവ് പ്രക്രിയയാണ്.

വേങ്ങര തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിലും ഇന്നലെ ആദ്യ ഫല സൂചന വന്നയുടന്‍ തന്നെ ഈ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. വൈകുന്നേരമായപ്പോഴേക്കും ചാനലുകളില്‍ വിശകലന വിദഗ്ധരും അല്ലാത്തവരും ഒക്കെ ചേര്‍ന്ന് വേങ്ങര തിരഞ്ഞെടുപ്പ് ഫലം തലങ്ങും വിലങ്ങും കീറി മുറിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

വേങ്ങരയില്‍ ഇടതും വലതും മാത്രമല്ല; എസ്ഡിപിഐയും ബിജെപിയും തമ്മില്‍ പോരാടി

ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ വിശകലന വിശാരദരായെത്തിയ പലര്‍ക്കും വേങ്ങര മണ്ഡലം ലീഗിന്റെ മലപ്പുറം ജില്ലയിലെ ഉരുക്കുകോട്ടയാണെന്ന് മാധ്യമങ്ങള്‍ നല്‍കിയ വിവരത്തിനപ്പുറം ആ മണ്ഡലം എവിടെ സ്ഥിതി ചെയ്യുന്നുവെന്നോ പ്രസ്തുത മണ്ഡലത്തിന്റെ സവിഷേതകള്‍ ഏതൊക്കെയാണെന്നോ ഉള്ള പ്രാഥമിക വിവരം പോലും ഇല്ലാത്തവരായിരുന്നു. എന്തിനേറെ വേങ്ങര മണ്ഡലം ഒരു സമ്പൂര്‍ണ മുസ്ലിം മണ്ഡലമല്ലെന്നും മുപ്പതു ശതമാനത്തോളം ഹിന്ദു വോട്ടര്‍മാര്‍ അവിടെ ഉണ്ടെന്ന കാര്യം പോലും അറിയാത്തവരായിരുന്നു അവര്‍. ചര്‍ച്ചകളില്‍ പങ്കെടുത്ത ബി ജെ പി നേതാക്കളും വക്താക്കളും ഒടുവില്‍ പറഞ്ഞ ഈ കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയോ അല്ലെങ്കില്‍ മറച്ചുവെക്കുകയോ ചെയ്തു. ചുരുക്കത്തില്‍ വേങ്ങരയില്‍ തങ്ങള്‍ക്കു കാര്യമായ ക്ഷീണമൊന്നും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചു നില്‍ക്കാന്‍ മറ്റു പല വിശകലനക്കാരുടെയും ഈ അജ്ഞത അവര്‍ക്ക് ഏറെ ഉപകരിച്ചു.

സത്യത്തില്‍ വേങ്ങരയില്‍ 30 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അമിത് ഷായും കുമ്മനവുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ പാടി നടക്കുന്ന ‘ജിഹാദി – ചുവപ്പു’ ഭീകരതയ്ക്കെതിരെ അവര്‍ വിധിയെഴുതിയില്ല എന്ന ഏറെ പ്രസക്തമായ ചോദ്യത്തിന് മറുപടി പറയേണ്ട ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നാണ് ബിജെപി നേതാക്കളും വക്താക്കളും രക്ഷപെട്ടത്.

അതെ സമയം വേങ്ങരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടു കുറഞ്ഞത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമായാണെന്നു മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളും വക്താക്കളും ഒത്തുപിടിക്കുന്നതും കണ്ടു. എസ് ഡി പിയാവട്ടെ ബിജെപിയെ മറികടന്ന് മൂന്നാം സ്ഥാനം പിടിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞത്, സിപിഎമ്മോ മുസ്ലിം ലീഗോ അല്ല തങ്ങളാണ് യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകര്‍ എന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി എന്നതിന്റെ സൂചനയാണെന്ന് വീരവാദവും മുഴക്കി. എന്നാല്‍ അവസാന ഘട്ട കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും അവരുടെ ഈ വാദം എത്ര കണ്ടു ശരിയാണ് എന്ന്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച ഏതാണ്ടത്ര തന്നെ വോട്ടേ ഇക്കുറിയും എസ് ഡി പി യ്ക്ക് ലഭിച്ചിട്ടുള്ളൂ.

വേങ്ങരയില്‍ സോളാര്‍ പ്രകാശിച്ചില്ല; ഖാദറിന്റേത് നാണം കെട്ട വിജയം

കെ എന്‍ എ ഖാദറിന്റെ വോട്ടു കുറഞ്ഞത് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമായി ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണെന്ന മുസ്ലിം ലീഗ് വക്താക്കളുടെ വാദവും തികച്ചും ബാലിശമാണ്. തങ്ങള്‍ക്കു നേരിട്ട ക്ഷീണം മറച്ചുവെക്കാന്‍ അവരിപ്പോള്‍ ഒരു കാരണം കണ്ടെത്തുന്നു എന്ന് മാത്രമേ ഇതേക്കുറിച്ചു പറയാനുള്ളു. എന്ത് തന്നെയായാലും മുസ്ലിം ലീഗ് ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് ഉടനെ നടത്തിയാല്‍ അവര്‍ക്കു നന്ന്. അല്ലെങ്കില്‍ കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി നിലംപൊത്തും. അതിന് അധിക കാലം വേണ്ടി വന്നേക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍