UPDATES

വിശകലനം

രാഹുല്‍ വയനാട്ടില്‍ എത്തുമ്പോള്‍ ബിജെപി സന്തോഷിക്കുന്നതിന് കാരണങ്ങള്‍ ഉണ്ട്; തെക്കെ ഇന്ത്യയുടെ രാഷ്ട്രീയം കോണ്‍ഗ്രസിനോട് പറയുന്നത് ഇതൊക്കെയാണ്

ഇടതുപക്ഷത്തെ കോണ്‍ഗ്രസ് വിരുദ്ധതയിലേക്ക് തള്ളിയിടുന്നതിന്റെ ഗുണം കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ

വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നതിന് കാരണമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നത് അത് തെക്കെ ഇന്ത്യയില്‍ പാര്‍ട്ടിക്ക് അനുകൂലമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ്. അതായത് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

എന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതീക്ഷകള്‍ക്കപ്പുറത്ത് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സന്തോഷിപ്പിക്കുന്നത് കേരളത്തിലെ ബിജെപിയെയാണ്. രാഹുല്‍ ഇടത് പോരാട്ടം, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ നിലനില്‍ക്കുന്ന തങ്ങള്‍ക്കെതിരായ രാഷ്ട്രീയ സാഹചര്യത്തെ മാറ്റുമെന്ന് അവര്‍ കുരുതുന്നു.

പരസ്പരം മല്‍സരിക്കുമ്പോഴും കേരളത്തില്‍ ബിജെപി വിജയിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫ് ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വോട്ടുമാറ്റി ചെയ്തുപോലും ബിജെപിയെ വിജയത്തില്‍നിന്ന് ഇടതുപക്ഷം തടഞ്ഞിട്ടുണ്ട്. ബിജെപി വിരുദ്ധതയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചുപോലും വിശ്വാസ്യത കാട്ടിയ പ്രസ്ഥാനമാണ് കേരളത്തിലെ ഇടതുപക്ഷം. കോണ്‍ഗ്രസ് ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടതൊടെ സിപിഎം അണികളില്‍നിന്ന് അത്തരമൊരു ഇടപെടല്‍ ഇനിയുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. തിരുവനന്തപുരം പോലുള്ള മണ്ഡലത്തിലായിരിക്കും ഇതിന്റെ പ്രത്യാഘാതം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തില്‍ ബിജെപിയുടെ രഹസ്യമായ സന്തോഷത്തിന് ഇതാകും കാരണം. സിപിഎമ്മിനെ കോണ്‍ഗ്രസ് വിരുദ്ധരാക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞെന്നും അത് കേരളത്തില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകുട്ടല്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ വലിയ ഗുണഭോക്താവ് കേരളത്തില്‍ ബിജെപിയാണെന്ന് പറയാനുള്ള കാരണം ഇതാണ്

ഇതിനപ്പുറം കോണ്‍ഗ്രസിന് എന്ത് അനുകൂല സാഹചര്യമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിക്കുക. കേരളത്തില്‍ ഇടതിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കാമെന്നതിനപ്പുറം രാഹുല്‍ പ്രഭാവം തെക്കെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് അനുകൂലമായി സൃഷ്ടിക്കപ്പെടാന്‍ ഇടയില്ലെന്ന് ഓരോ സ്ംസ്ഥാനങ്ങളിലെയും രാഷ്ട്രീയസാഹചര്യം പരിശോധിച്ചാല്‍ മനസ്സിലാകും.

കര്‍ണാടകത്തിലാണ് ബിജെപിയുമായി കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ പോരടിക്കുന്ന ഏക സംസ്ഥാനം. അവിടെ കഴിഞ്ഞ പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ആകെയുള്ള 28 സീറ്റില്‍ ഒമ്പത് സീറ്റാണ്. പൊതു പ്രവണതയ്ക്ക് വിരുദ്ധമായി 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്ന് സീറ്റ് കൂടുതലാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് ലഭിച്ചു. 2009 ല്‍ പക്ഷെ അവര്‍ക്ക് 19 സീറ്റ് ലഭിച്ചിരുന്നു. അതായത് ജെഡിഎസ്സുമായി ചേരുന്നതിലുടെ കൈവരിക്കാവുന്ന മേല്‍ക്കൈ കോണ്‍ഗ്രസ് നേരത്തെ ഉറപ്പാക്കിയിരുന്നു. ആ സഖ്യം എത്രമാത്രം കെട്ടുറപ്പോടെ പ്രവര്‍ത്തിക്കുന്നു എന്നത് മാത്രമാണ് ഇനി നോക്കാനുള്ളത്. നേരത്തെ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ലഭിച്ചേക്കും. അതിന് കാരണം രാഷ്ട്രീയ സഖ്യമാണ്, രാഹുലിന്റെ അയല്‍ സംസ്ഥാനത്തെ സാന്നിധ്യമാവില്ല.

ഇനി ആന്ധ്ര പ്രദേശിലെ കഥ നോക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ ടിഡിപിയും ബിജെപിയും ഒന്നിച്ച് മുന്നണിയായി മല്‍സരിക്കുന്നു. ആകെയുളള 25 സീറ്റില്‍ ടിഡിപിയ്ക്ക് 15 ഉം ബിജെപിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് സീറ്റും ലഭിക്കുന്നു. അതിന് മുമ്പ് 2009 ല്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്ത് അവിഭക്ത ആന്ധ്രപ്രദേശില്‍ 42 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 34 സീറ്റുകളാണ് യുപിഎ നേടിയത്. സംസ്ഥാന വിഭജനവും വൈഎസ് രാജശേഖര്‍ റെഡ്ഢിയുടെ മരണവും പാര്‍ട്ടിയിലെ പിളര്‍പ്പും ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമാക്കി എന്ന 2014 ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ടിഡിപി ബിജെപി മുന്നണി വിട്ടുവെന്നത് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി അവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം. ടിഡിപി നേടുന്ന സീറ്റുകള്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം.

പിന്നെയുള്ളത് തമിഴ്‌നാടാണ്. കാമരാജിന്റെ കാലത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിര്‍ണായക റോള്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ജൂനിയര്‍ പാര്‍ട്‌നറാകാനായിരുന്നു കോണ്‍ഗ്രസിന്റെ പതിറ്റാണ്ടുകളായുള്ള വിധി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍നിന്ന് ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചുമില്ല.

തെലങ്കാനയിലെ 17 സീറ്റില്‍ രണ്ട് സീറ്റാണ് കഴിഞ്ഞ തവണ ലഭിച്ചത്. മൂന്ന് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാനുള്ള പ്രതീക്ഷയിലാണ് ടിആര്‍എസ്. കോണ്‍ഗ്രസിന് വലിയ പ്രതിക്ഷ നല്‍കുന്ന സംസ്ഥാനമല്ല തെലങ്കാന.

ഇതാണ് തെക്കെ ഇന്ത്യയിലെ യാഥാര്‍ത്ഥ്യം. ഇതില്‍ എന്ത് മാറ്റങ്ങളാണ് 2014 ന് ശേഷം ഉണ്ടായത്. രണ്ട് കാര്യങ്ങളാണ് പ്രധാനമായി സംഭവിച്ചത്. ഒന്ന് ബിജെപിയ്ക്ക് വലിയ ബഹുജനാടിത്തറയുള്ള കര്‍ണാടകയില്‍ ജനതാദള്‍ എസ്സുമായി കോണ്‍ഗ്രസ് സഖ്യത്തിലായിരിക്കുന്നു. രണ്ട് കഴിഞ്ഞതവണ എന്‍ഡിഎയ്ക്ക് വലിയ വിജയം നല്‍കിയ ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി ബിജെപിയുടെ വലിയ ശത്രുവായി മാറിയിരിക്കുന്നു. അതായത് രാഹുല്‍ ഗാന്ധി വരുന്നതിന് മുമ്പ് തന്നെ ബിജെപിയ്ക്ക് കാര്യമായി സീറ്റ് ലഭിച്ചേക്കാന്‍ സാധ്യതയുള്ള രണ്ട് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡി എസ് സഖ്യത്തെ മറികടന്ന 17 സീറ്റുകള്‍ നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. മാത്രമല്ല, 2014 ലെ മോദി പ്രഭാവം ഇപ്പോഴില്ലതാനും. അതുപോലെ, ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഇപ്പോഴും സീറ്റെന്തെങ്കിലും കിട്ടാനുള്ള സാധ്യത കുറവാണെങ്കിലും ടിഡിപിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സമവാക്യങ്ങളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും.

ഈ സാഹചര്യങ്ങളില്‍നിന്ന് എന്ത് കുതിച്ചുചാട്ടമാണ് രാഹുലിന്റെ സാന്നിധ്യത്തിലുടെ കോണ്‍ഗ്രസ് പ്രതിക്ഷിക്കുന്നത് എന്നതാണ് ചോദ്യം.

കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയെന്നതിനപ്പുറം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തെക്കെ ഇന്ത്യയെ മാറ്റിമറിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല. ജെഡിഎസ്സുമായുള്ള സഖ്യത്തെ സംരക്ഷിക്കുകയും അത് ഫലപ്രദമായി ബിജെപിയെ നേരിടുകയും ചെയ്യുകയെന്നതിലുപരി രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്തെങ്കിലും പ്രയോജനം കോണ്‍ഗ്രസിന് ഉണ്ടാക്കുമെന്ന് കരുതുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വന്യമായ ഭാവന മാത്രമായിരിക്കും. കേരളത്തിലൊഴികെ എന്തെങ്കിലും തരത്തിലുള്ള മാറ്റം രാഹുലിന്റെ വയനാട്ടിലെ മല്‍സരം ഉണ്ടാക്കുമെന്ന് കരുതുന്നത് രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കിലായിരിക്കും. കര്‍ണാടകത്തിലെയെന്നല്ല, ഏത് സംസ്ഥാനത്തെയും ന്യൂനപക്ഷ വോട്ട് ബിജെപി വിരുദ്ധരായ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് തന്നെയായിരിക്കും. അതില്‍ പ്രത്യേകിച്ചൊരു രാഹുല്‍ ഇഫക്ടും ഇല്ല.

വയനാട്ടിലെത്തുന്ന രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പാത പിന്തുടരുന്നുവെന്ന് കരുതിയാല്‍ മതി. നിര്‍ണായക ചരിത്ര സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ട സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ തെക്കെ ഇന്ത്യയില്‍ എത്താറുണ്ട്. അടിയന്തരാവസ്ഥയിലെ തിരിച്ചടിക്ക് ശേഷം ഇന്ദിരാഗാന്ധി എത്തിയത് ചിക്ക്മംഗലൂരൂവിലാണ്. പിന്നീട് ആന്ധ്രയിലെ മേധക്കില്‍നിന്നും ഇന്ദിരാഗാന്ധി മല്‍സരിച്ചു. 1999ല്‍ സോണിയാഗാന്ധി മല്‍സരിച്ചതും തെക്കെ ഇന്ത്യയില്‍നിന്നാണ്. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന്. ഒരിടവേളയ്ക്ക് നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം കോണ്‍ഗ്രസില്‍ പൂര്‍ണമായത് ഈ മല്‍സര വിജയത്തോടെയായിരുന്നു. തെക്കെ ഇന്ത്യയില്‍നിന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ വിജയം പാര്‍ട്ടിയുടെ തിരിച്ചുവരവിന് കാരണമായിട്ടുണ്ട്. അത്തരത്തില്‍ ഒന്ന് ഇത്തവണം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരിക്കും നേതാക്കള്‍

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സന്തോഷിപ്പിക്കുക കേരളത്തിലെ ബിജെപിയെ ആയിരിക്കും. സിപിഎമ്മിനെ കോണ്‍ഗ്രസ് വിരുദ്ധതയിലേക്ക് തള്ളി മാറ്റാന്‍ ആ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുമെന്ന് അവര്‍ കരുതുന്നു. യുഡിഎഫിനെ സഹായിച്ചും ബിജെപിയെ തോല്‍പ്പിക്കുന്ന ഇടതുപക്ഷം തല്‍ക്കാലത്തെക്കെങ്കിലും അതിന് തുനിയില്ലെന്നും അത് ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ആ പ്രതീക്ഷ യാഥാര്‍ഥ്യമായാല്‍ അത് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവേശം കൊളളുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സന്തോഷിക്കാവുന്ന പരിണാമമായിരിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍