UPDATES

ട്രെന്‍ഡിങ്ങ്

വേദനിക്കുന്ന ഈ രണ്ട് കോടീശ്വരന്മാരെ മുഖ്യമന്ത്രി എത്രവരെ സംരക്ഷിക്കും?

സത്യത്തില്‍ ഇങ്ങനെ രണ്ടുപേരെയാണോ ചാനലുകളും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് ക്രൂശിക്കുന്നതെന്ന് ആരും ചോദിച്ചുപോകും

കെ എ ആന്റണി

കെ എ ആന്റണി

കുറച്ചുദിവസമായി കേരളം ചര്‍ച്ച ചെയുന്ന പ്രധാന വിഷങ്ങളിലൊന്ന് വേദനിക്കുന്ന രണ്ടു കോടീശ്വരന്മാരെ കുറിച്ചും അവര്‍ നടത്തിയെന്നു പറയപ്പെടുന്ന നിയമ ലംഘനങ്ങളെക്കുറിച്ചുമാണ്. ഇവരിലൊരാള്‍ എന്‍സിപി നേതാവും പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയുമായ തോമസ് ചാണ്ടിയാണ്. രണ്ടാമന്‍ പിവി അന്‍വര്‍ എന്ന നിലമ്പൂര്‍ എംഎല്‍എയും. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ ടിയാന്റെ പുത്രന്‍ ആര്യാടന്‍ ഷൗക്കത്തിനെ സിപിഎം പിന്തുണയോടെ അടിപറയിച്ച് ആര്യാടന്‍ യുഗത്തിന് അന്ത്യം കുറിച്ച ആള്‍.

കായല്‍ നികത്തിയെന്നും സര്‍ക്കാര്‍ വക ചതുപ്പുനിലം നിയമം ലംഘിച്ചു നികത്തി സര്‍ക്കാര്‍ ചെലവില്‍ റോഡ് നിര്‍മിച്ചു എന്നൊക്കെയായിരുന്നു തോമസ് ചാണ്ടിക്കെതിരെ ആദ്യം ഉയര്‍ന്ന ആക്ഷേപങ്ങളെങ്കില്‍ ഇപ്പോള്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥ സ്വത്തു വിവരം മറച്ചുവെച്ചു എന്നിടം വരെയെത്തി നില്‍ക്കുന്നു അത്.

ആസ്തിയുടെയും ബിസിനസിന്റെയും കാര്യത്തില്‍ തോമസ് ചാണ്ടിയോളം വരില്ലെങ്കിലും ഒട്ടും പിന്നിലല്ല അന്‍വര്‍ മുതലാളിയും. ടിയാനെതിരെയുള്ള ആരോപണം ആദിവാസികളുടെ വെള്ളംകുടി മുട്ടിച്ച് ഡാം നിര്‍മിച്ചുവെന്നും അതീവ പരിസ്ഥിതിലോല പ്രദേശത്തു നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചുവെന്നുമാണ്. എന്നാല്‍ ചാണ്ടിയെപ്പോലെ തന്നെ അന്‍വറും പറയുന്നത് താന്‍ നിയമം ലംഘിച്ചിട്ടേയില്ല എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നിയമസഭയില്‍ രണ്ടുപേര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കിയെങ്കിലും വിവാദം കെട്ടടങ്ങുന്ന മട്ടില്ല. അതിനിടെ അന്‍വറിനു നിര്‍മാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുകയാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി.

ആരോപണങ്ങളിലെ വാസ്തവം അന്വേഷിക്കുന്നതിന് മുന്‍പ് പട്ടിണി പാവങ്ങളായ സ്വന്തം നാട്ടുകാരെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന ഈ രണ്ടു കോടീശ്വരന്മാരുടെയും സങ്കടം ഒന്ന് കേള്‍ക്കേണ്ടതുണ്ട്. മണലാരണ്യത്തില്‍ നാല്‍പതു വര്‍ഷം വിയര്‍പ്പൊഴുക്കി സമ്പാദിച്ച നൂറു – നൂറ്റമ്പതു കോടി രൂപ താന്‍ റിസോര്‍ട്ടില്‍ നിക്ഷേപിച്ചത് കൊണ്ട് ഇരുനൂറ്റി അമ്പതോളം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടി എന്നാണു തോമസ്‌ ചാണ്ടി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ നല്‍കിയ മറുപടി. താനിതുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഏറെ വികാരാധീനനായി ടിയാന്‍ പറഞ്ഞു. കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പു കേസ് ഓര്‍മയില്ലാത്തതിനാലാണോ പ്രതിപക്ഷം മറുപടി പറയാതിരുന്നത് എന്നറിയില്ല. നിലമ്പൂര്‍ക്കാരന്‍ അന്‍വര്‍ എംഎല്‍എക്കുമുണ്ടായിരുന്നു സമാനമായ ഒരു ന്യായവാദം. കടം കയറി മുടിഞ്ഞ കക്കാടംപൊയില്‍ കര്‍ഷകരെ രക്ഷിക്കാനാണ് താന്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കുന്നത് എന്നാണു അന്‍വര്‍ മുതലാളി പറയുന്നത്. എന്തൊരു മഹാമനസ്‌കത, എന്തൊരു മനുഷ്യ സ്‌നേഹം! സത്യത്തില്‍ ഇങ്ങനെ രണ്ടുപേരെയാണോ ചാനലുകളും രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് ക്രൂശിക്കുന്നതെന്ന് ആരും ചോദിച്ചുപോകും.

"</p

തോമസ് ചാണ്ടി കുട്ടനാട്ടില്‍ എംഎല്‍എ പണി ചെയ്യാന്‍ ആരംഭിക്കുന്നതിനു മുമ്പും കുട്ടനാട്ടുകാര്‍ അത്ര വലിയ പട്ടിണയൊന്നും കൂടാതെ ജീവിച്ചു പോന്നിരുന്നു. എന്നാല്‍ കക്കാടംപൊയിലുകാരുടെ സ്ഥിതി അതല്ല. പശ്ചിമഘട്ടത്തില്‍ നിന്നുള്ള ശീതക്കാറ്റും അറബി കടലില്‍ നിന്നുള്ള കടല്‍ക്കാറ്റും വീശിയടിക്കുന്ന കക്കാടംപൊയിലില്‍ കര്‍ഷകര്‍ സ്വന്തം നിലയില്‍ കൃഷി ചെയ്തു പോന്നിരുന്നു. അവിടേക്കാണ് എണ്‍പതുകളുടെ അവസാനം കാനറാ ബാങ്ക് കടന്നുവന്നതും ആ ഗ്രാമം ദത്തെടുത്തതും. കാപ്പി കൃഷിയായിരുന്നു ബാങ്ക് പ്രോത്സാഹിപ്പിച്ചത്. കാപ്പി കൃഷി പക്ഷെ ക്ലച്ച് പിടിച്ചില്ല. ഉണ്ടായിരുന്ന കമുകും കുരുമുളകുമൊക്കെ നശിക്കുകയും ചെയ്തു. കര്‍ഷകര്‍ ബാങ്ക് വായ്പ അടക്കാന്‍ ആവാതെ നട്ടം തിരിഞ്ഞു. ശരിയാണ്. ഇന്നും കക്കാടംപൊയില്‍ കര്‍ഷകര്‍ ദുരിതത്തില്‍ തന്നെയാണ്. പക്ഷെ അവരുടെ ദുരിതം അകറ്റാന്‍ ഒരു വാട്ടര്‍ തീം പാര്‍ക്കിനു കഴിയും എന്ന അന്‍വര്‍ മുതലാളിയുടെ വാദം അത്രയങ്ങു ദഹിക്കുന്നില്ല. തന്നെയുമല്ല, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മഴക്കുഴി നിര്‍മിക്കാന്‍ പോലും അനുവാദം ഇല്ലാത്ത ഈ പ്രദേശത്ത് മലയുടെ അടിഭാഗം ഇടിച്ച് വാട്ടര്‍ പാര്‍ക്ക് പണിതാല്‍ ഉണ്ടാകാവുന്ന ദുരന്തവും കണക്കിലെടുക്കേണ്ടതില്ലേ? നമ്മുടെ അന്‍വര്‍ മുതലാളി അതേക്കുറിച്ചു ചിന്തിച്ചില്ലെങ്കില്‍ തന്നെ പഞ്ചായത് അധികൃതര്‍ എന്തേ ചിന്തിച്ചില്ല എന്ന ചോദ്യം ബാക്കിയാവുന്നു.

വേദനിക്കുന്ന ഈ കോടീശ്വരന്മാരെ തത്ക്കാലം വിടാം. പക്ഷെ അവര്‍ക്കു ക്ളീന്‍ ചിറ്റ് നല്‍കാന്‍ മുഖ്യമന്ത്രി കാണിച്ച തിടുക്കം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മന്ത്രിമാര്‍ വാഴാത്ത സര്‍ക്കാര്‍ എന്ന ആക്ഷേപം ഭയന്നിട്ടാവാം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച എന്ന് തന്നെ കരുതുക. അപ്പോള്‍ അന്‍വര്‍ മുതലാളിയുടെ കാര്യത്തിലോ? ആര്യാടന്റെ നിലമ്പൂര്‍ അപ്രമാദിത്യം തകര്‍ത്തിനുള്ള പ്രത്യുപകാരമായി അതിനെ കാണാമോ? മുഖ്യമന്ത്രിയും കൂട്ടരും ഒരുപക്ഷെ അങ്ങിനെ തന്നെ കരുതിയാലും നിലമ്പൂരിലെ സാധാരണ സിപിഎം പ്രവര്‍ത്തകര്‍ അങ്ങനെ കരുതുന്നില്ല എന്ന് തന്നെയാണ് സൂചന.

സഖാവ് കുഞ്ഞാലിയുടെ ചോര വീണു ചുവന്ന മണ്ണാണ് നിലമ്പൂരിലേത്. ആ മണ്ണില്‍, ഒരിക്കല്‍ കുഞ്ഞാലി ഘാതകന്‍ എന്ന് സിപിഎംകാര്‍ തന്നെ ഒരു കാലത്തു പാടി നടന്നിരുന്ന ആര്യാടന്‍ മുഹമ്മദിനെ പാര്‍ട്ടി പിന്തുണച്ചപ്പോള്‍ അരുതെന്നു പറഞ്ഞവരും അവരുടെ പിന്മുറക്കാരുമാണവര്‍. അന്ന് (1980) കുഞ്ഞാലിയുടെ കുടുംബത്തെയും ബന്ധുക്കളെയും നിലമ്പൂര്‍ ടിബിയില്‍ വിളിച്ചുവരുത്തി ആര്യാടന് അനുകൂലമായി ഒരു പ്രസ്താവനയില്‍ ഒപ്പുവെപ്പിക്കാന്‍ പാര്‍ട്ടി നടത്തിയ പെടാപ്പാടിനെക്കുറിച്ചു പിന്നീട് കുഞ്ഞാലിയുടെ ബന്ധുവും പ്രശസ്ത നാടക രചയിതാവുമായിരുന്ന കെടി മുഹമ്മദ് തന്നെ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

അന്ന് ആര്യാടനെ തുണയ്ക്കാന്‍ പുറപ്പെട്ടതിന്റെ ഫലം പാര്‍ട്ടി ഇക്കാലമത്രയും സഹിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ സഖാവ് കുഞ്ഞാലിയെ നിയമസഭയിലേക്ക് അയച്ച നിലമ്പൂരില്‍ പിന്നീട് നാളിതുവരെ ആര്യാടന്റെ അപരാജിത കുതിപ്പ് തന്നെയായിരുന്നു. ആ കുതിപ്പിന് അന്‍വറിനെ ഉപയോഗിച്ച് തടയിട്ടു എന്ന് കരുതി അയാള്‍ ചെയ്യുന്ന ഏതു നെറികേടിനും കൂട്ട് നിന്നാല്‍ നിലമ്പൂരിലെ ചോന്ന മണ്ണ് എന്നന്നേക്കുമായി നഷ്ടമാകും എന്ന് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍