UPDATES

ട്രെന്‍ഡിങ്ങ്

സത്യത്തില്‍ സിപിഎമ്മിന്റെ മസാല ബോണ്ടിനെ ചെന്നിത്തല സ്വാഗതം ചെയ്യണമായിരുന്നു, അതിന് കാരണങ്ങള്‍ ഏറെയുണ്ട്

സ്വന്തം ആശയങ്ങളില്‍ ഇത്ര വിശ്വാസക്കുറവുള്ളവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പോലെ ആരും ഉണ്ടാകില്ല.

കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടന്നതോടെ മസാലാബോണ്ടും കിഫ്ബിയും വീണ്ടും വാര്‍ത്തകളിലെത്തിയിരിക്കുകയാണ്. കെ.എസ് ശബരിനാഥനും രമേശ്‌ ചെന്നിത്തലയും എം സ്വരാജും എഎന്‍ ഷംസീറുമെല്ലാം ചര്‍ച്ചകളില്‍ സജീവമായി. ധനമന്ത്രി തോമസ് ഐസക് സ്വതസിദ്ധ ശൈലിയില്‍ മറുപടി പറയുകയും ചെയ്തു. ഒരു വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ച അവിടെ അവസാനിക്കാനാണ് സാധ്യത. എന്നാല്‍ അതിലപ്പുറം കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം നിലപാടുകളിലുള്ള വിശ്വാസക്കുറവും ഉറപ്പില്ലായ്മയും കാണിക്കുന്നതു കൂടിയായി മസാല ബോണ്ട് ചര്‍ച്ച.

തോമസ് ഐസക് എന്ന ധനശാസ്ത്രകാരന് മാത്രമല്ല, തനിക്കുമറിയാം സാമ്പത്തിക ശാസ്ത്രം എന്നൊക്കെയുള്ള മട്ടിലായിരിന്നു ചെന്നിത്തലയുടെ പ്രസംഗം. എന്നാല്‍ അതില്‍ ഏറ്റവും പ്രകടമായത്, കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി തുടരുന്ന നയ സമീപനത്തില്‍ അവര്‍ക്ക് തന്നെ ഉള്ള വിശ്വാസക്കുറവാണ്. ശബരിനാഥ് മുതല്‍ സര്‍വ യുഡിഎഫുകാരും കിഫ്ബിയും മസാലബോണ്ടും മാര്‍ക്‌സിസ്റ്റുകള്‍ക്ക് ചേരുന്ന കാര്യമല്ലെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. എല്ലാ കാലത്തും കോണ്‍ഗ്രസുകാരുടെ പ്രശ്‌നമാണിത്. അതായത് നിങ്ങള്‍ മാര്‍ക്‌സിസത്തിന്റെ ശരിയായ നടത്തിപ്പുകാരല്ലെന്നതാണ് സിപിഎമ്മിനോടുള്ള ഇവരുടെ ആക്ഷേപം. മാര്‍ക്‌സിസം ‘ശരിയായി’ നടപ്പിലാക്കിയാല്‍ കോണ്‍ഗ്രസുകാരെല്ലാം സിപിഎമ്മില്‍ ചേരുമോ എന്നൊന്നും ചോദിക്കരുത്. യഥാര്‍ത്ഥത്തില്‍ സ്വന്തം നിലപാടില്‍ വിശ്വാസമുണ്ടെങ്കില്‍ ഐസക്കിനെയും പിണറായി വിജയനെയും മസാലബോണ്ടിനെയും സ്വാഗതം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തലയും സംഘവും ചെയ്യേണ്ടിയിരുന്നത്.

കാരണം, ഇന്ത്യയില്‍ നരസിംഹറാവുവിന്റെ കാലം മുതല്‍ ആരംഭിച്ച നവലിബറല്‍ നയങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന സമീപനത്തെ എന്തിനാണ് യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയും സംഘവും എതിര്‍ക്കുന്നത്? സ്വന്തം നിലയില്‍ ഒരു സംസ്ഥാനം നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് നൂതനമായ വഴികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അതിന്റെ പ്രയോക്താക്കളെന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയല്ലേ വേണ്ടത്? അതിന് പകരം നിങ്ങള്‍ മാര്‍ക്‌സിസത്തെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് സിപിഎം മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയാണോ ചെയ്യേണ്ടത്? സിപിഎമ്മുകാര്‍ മാര്‍ക്‌സിസം തന്നെ നടപ്പിലാക്കിയാല്‍ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്തമാണ് തങ്ങള്‍ക്കെന്നാണോ കോണ്‍ഗ്രസുകാര്‍ കരുതുന്നത്.

1999-ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് അതിന്റെ വ്യാപ്തി വിപുലപ്പെടുത്തി ഭേദഗതി ചെയ്തതില്‍ സന്തോഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത്. കിഫ്ബിയുടെ പരിധി 10 വിഭാഗങ്ങളില്‍നിന്ന് 20-ലേറെ ആക്കി മാറ്റിയതിലും പലതിന്റെയും നിര്‍വചനങ്ങളില്‍ മാറ്റം വരുത്തിയതിനെയും തങ്ങളുടെ നിലപാടുകള്‍ മാര്‍ക്‌സിസ്റ്റുകാര്‍ കൂടി സ്വീകരിക്കുന്നുവെന്ന് കണ്ട് സന്തോഷിക്കുകയിരുന്നു കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത്.

Explainer: കിഫ്ബിയുടേത് കേരളമെന്ന ബ്രാൻഡിന്റെ കൂടി വിജയം; മസാല ബോണ്ടിന് കിട്ടിയ സ്വീകാര്യതയ്ക്കു പിന്നിലെ മസാലക്കൂട്ട്

1999-ലെ ആക്ട് പ്രകാരം കിഫ്ബിയുടെ ഫണ്ടുകള്‍ ദേശാസാത്കൃത ബാങ്കുകളില്‍ മാത്രമായിരുന്നു നിക്ഷേപിക്കാന്‍ സാധിക്കുക. എന്നാല്‍ 2016-ലെ ഭേദഗതി പ്രകാരം ഫണ്ടുകള്‍ വിവേകപൂര്‍വമെന്ന് തോന്നുന്ന ഇടങ്ങളില്‍ നിക്ഷേപിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിനെയും എന്തിനാണ് കോണ്‍ഗ്രസുകാര്‍ എതിര്‍ക്കുന്നത്? അഞ്ച് പതിറ്റാണ്ടുമുമ്പ് ബാങ്കുകളെ ദേശസാത്ക്കരിച്ചെങ്കിലും സ്വകാര്യമേഖലയിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അതിനനുസരിച്ച് അവയെ സ്വകാര്യവത്ക്കരിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയല്ലേ. അപ്പോള്‍ ദേശസാത്കൃത ബാങ്കുകള്‍ക്ക് നല്‍കിയ പ്രാധാന്യം മാറ്റി മറ്റുള്ളവയെക്കൂടി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയും തങ്ങളുടെ നിലപാടുകള്‍ സിപിഎമ്മുകാര്‍ സ്വീകരിക്കുന്നതില്‍ സന്തോഷിക്കുകയുമാണ് വേണ്ടത്.

നവലിബറല്‍ കാലത്ത് സാങ്കേതിക വൈദഗ്ദ്യമാണെല്ലോ രാഷ്ട്രീയ നിലപാടുകളെക്കാള്‍ പ്രാധാന്യം. അതിന്റെ ഭാഗമായിട്ടായിരിക്കുമല്ലോ കിഫ്ബി ബോര്‍ഡില്‍നിന്ന് എക്‌സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം ഏഴില്‍നിന്ന് നാലാക്കുകയും വിദഗ്ദരുടെ എണ്ണം രണ്ടില്‍നിന്ന് ഏഴാക്കുകയും ചെയ്തതും. പൊതു സ്വകാര്യ പങ്കാളിത്തവും യൂസര്‍ഫീയുമെല്ലാം കോണ്‍ഗ്രസ് ലിബറല്‍ നയങ്ങളുടെ ഭാഗമല്ലേ. അതൊക്കെ ചെയ്യാന്‍ തയ്യാറാവുന്ന ഒരു ഇടതുസര്‍ക്കാര് തങ്ങളുടെ പാളയത്തിലേക്ക് എത്തുന്നുവെന്ന് കണ്ട് സന്തോഷിക്കുന്നതിന് പകരം നിങ്ങള്‍ മാര്ക്‌സിസം ഉപേക്ഷിച്ചു എന്ന് പറഞ്ഞ് കരയുകയായിരുന്നോ യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയും സംഘവും ചെയ്യേണ്ടിയിരുന്നുത്?

കിഫ്ബിയുടെ പണം തിരിച്ചടുക്കുന്നതിന് പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നുള്ള സെസ്സ് മതിയാവാതെ വന്നാല്‍ മറ്റ് സാധ്യതകളെ കണ്ടെത്തേണ്ടിവരും. പുതിയ നികുതികള്‍ ചുമത്തേണ്ടിവന്നേക്കാം. അങ്ങനെ പുരോഗമനപരമാല്ലാത്ത നികുതികള്‍ ചുമത്തുന്നതില്‍ എന്തിനാണ് രമേശ് ചെന്നിത്തലയുടെ കോണ്‍ഗ്രസ് പാര്‍ട്ടി സങ്കടപ്പെടുന്നത്. ഇതെല്ലാം നവലിബറല്‍ നയത്തിന്റെ ഭാഗമാണെന്ന് കാണിച്ചുതന്നവരല്ലേ കോണ്‍ഗ്രസുകാര്‍.

കിഫ്ബി ചര്‍ച്ച യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു സാധ്യത ഇല്ലാതാക്കുകയായിരുന്നു. തങ്ങളുടെ നിലപാടുകള്‍ സിപിഎമ്മുകാര്‍ അംഗീകരിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നതിന് പകരം തങ്ങളുടെ നയപരിപാടികളിലുള്ള അവിശ്വാസമാണ് അവര്‍ രേഖപ്പെടുത്തിയത്.

എന്നും കോണ്‍ഗ്രസുകാര്‍ ഇങ്ങനെയായിരുന്നു. സ്വന്തം ആശയങ്ങള്‍ ആരെങ്കിലും പകര്‍ത്തുന്നതിലെ സന്തോഷമല്ല, മറിച്ച് മാര്‍ക്‌സിസ്റ്റുകാര്‍ അവരുടെ ആശയം കൈയൊഴിയുന്നതിലാണ് അവരുടെ സങ്കടം. സ്വന്തം ആശയങ്ങളില്‍ ഇത്രമേല്‍ വിശ്വാസക്കുറവുള്ളവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പോലെ മറ്റാരുമുണ്ടാകില്ല. സഭയില്‍ കണ്ടതും ഇതുതന്നെ.

Also Read: ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍