‘വെള്ളപ്പൊക്കം വരുമ്പോ തടയണ കെട്ടുകയാണ് വേണ്ടത്, വനനശീകരണത്തെ കുറിച്ച് ക്ലാസ് എടുക്കുകയല്ല’
കേരളം ഒന്നാമതാണോ? എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുന്നത്? സത്യത്തില്‍ ആണോ? എനിക്കും സംശയം തോന്നാറുണ്ട്, കേരളത്തില്‍ നമ്മള്‍ താമസിക്കുന്നു, നമ്മള്‍ ജനിച്ചു വളര്‍ന്ന സ്ഥലം, അതുകൊണ്ടൊക്കെ അല്ലേ നമുക്ക് ഈ സ്ഥലം അത്രെയേറെ മികച്ചതെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും മറ്റും തോന്നുന്നത്. കേരളത്തിന് പുറത്തും, വിദേശത്തും താമസിക്കുന്ന ആളുകളുടെ ക്ലീഷേ എന്ന് വിളിക്കാവുന്ന പിറന്ന നാടിനോടുള്ള നൊസ്റ്റുവിനെക്കാള്‍ അധികമായി കണക്കിലെടുക്കേണ്ട എന്തെങ്കിലും ആ വികാരത്തിനുണ്ടോ?
ഞാന്‍ ഡല്‍ഹിയിലെ സഹയോഗ് എന്ന എന്‍ജിഒയില്‍ ജോലി ചെയ്യുന്ന സമയത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലെ എംപി മാരെയും ആരോഗ്യ, മാതൃ-ശിശു സംരക്ഷണം എന്നീ ഉപസമിതികളില്‍ അംഗമായ എംപി മാരെയും സന്ദര്‍ശിച്ച്, സഹയോഗ് ഈ പ്രദേശങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍, കേന്ദ്ര സര്‍ക്കാര്‍ പോളിസികളില്‍ വരുത്തേണ്ട മാറ്റം എന്താണ് എന്നും, അവ സാധാരണ ജനവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല എന്ന സത്യത്തെ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്ന ജോലിയാണ് ചെയ്തിരുന്നത്. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ മാതൃശിശു മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടം സന്ദര്‍ശിക്കുകയും, ആളുകളെ നേരിട്ട് കാണുകയും ചെയ്യുന്ന സമയത്താണ് നേരത്തെ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം എനിക്ക് ലഭിക്കുന്നത്.
നേരത്തെ എഴുതിയതാണ് ഒന്നുകൂടി എഴുതണം എന്നുള്ളത് കൊണ്ട് എഴുതുന്നു.
1 . ഇനി ഒരു ‘കഥ’ കേള്‍ക്കൂ. ഒരു യുവതിയെ പ്രസവത്തിനായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ കറന്റ് ഇല്ലാതിരിക്കുന്നത് ഒരു പുതിയ സംഭവമല്ല. ജനറേറ്റര്‍ എന്നത് ആണ്ടിനും സംക്രാന്തിക്കും മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നും. തൊട്ടടുത്ത ഒരു എന്‍ജിഒയില്‍ ചെന്ന് ഒരു കൂട് മെഴുകുതിരി കടം വാങ്ങിയാണ് അന്ന് ആ യുവതി ഒരു പുതുജീവനെ ഭൂമിയിലേക്ക് എത്തിച്ചത്. ഇതാണ് തിളങ്ങുന്ന ഇന്ത്യ.
2. ദളിത് യുവതി ആയതിനാല്‍ പ്രസവശേഷം അവരെ വൃത്തിയാക്കാനോ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കാനോ ആശുപത്രിക്കാര്‍ തയ്യാറായില്ല. ചോര പുരണ്ട വസ്ത്രങ്ങളും മുറിച്ചുമാറ്റാത്ത പൊക്കിള്‍ക്കൊടിയും അതിന്റെ അറ്റത്ത് സ്വന്തം കുഞ്ഞുമായി ആ യുവതി സഞ്ചരിച്ചത് 135 കിലോമീറ്ററുകള്‍. ഗ്രാമത്തിലെത്തിയപ്പോഴേക്കും ഇന്‍ഫെക്ഷന്‍ മൂലം കുഞ്ഞും അമ്മയും മരിച്ചു. കഥകള്‍ പറഞ്ഞുതുടങ്ങിയാല്‍ രാവും പകലും മതിയാവില്ല.
ഒരു ആശുപത്രിയില്‍ ആവശ്യമുള്ള ഡോക്ടര്‍മാരുടെ എണ്ണം 11; നിലവില്‍ ഉള്ളത് മൂന്ന്! അതില്‍ ഒരാള്‍ക്കേ സര്‍ജറി വശമുള്ളൂ. മറ്റു രണ്ടുപേര്‍ക്കും കത്തിവയ്കാന്‍ പേടിയാണ്. ഒരേ ഒരു ഡോക്ടറെ വച്ച് വേണം ആ ആശുപത്രിയിലെ മുഴുവന്‍ ശസ്ത്രക്രിയകളും ചെയ്യാന്‍. മനുഷ്യസാധ്യമായ ഒന്നല്ല അതെന്ന് ആര്‍ക്കും മനസിലാകും.
3. വന്ധ്യകരണ ശസ്ത്രക്രിയകള്‍ ആകട്ടെ ഇതിലും ഭീകരമാണ്. ജാര്‍ഖണ്ഡിലെ ഒരു ഗര്‍ഭ നിയന്ത്രണ ഓപ്പറേഷന്‍ നടക്കുന്ന ക്യാമ്പ്. രാവിലെ മുതല്‍ വരി നില്‍ക്കുന്ന യുവതികള്‍, കണ്ടാല്‍ ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് തോന്നുന്ന, ഒന്നോ രണ്ടോ പ്രസവങ്ങള്‍ നടന്നു കഴിഞ്ഞ, വിളറി വെളുത്ത ശരീരങ്ങള്‍. നേരം ഏറെ വൈകിയിട്ടും ഡോക്ടര്‍ എത്തിയിട്ടില്ല. ഒടുവില്‍ തിരക്ക് പിടിച്ച് എത്തുമ്പോള്‍ മണി ഒമ്പത്. രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ, വരാന്തയിലും മരത്തണലിലും ഇരുന്നു ക്ഷീണിതരായ യുവതികള്‍. ഡോക്ടര്‍ ഓപ്പറേഷന്‍ തുടങ്ങി, ഒരു സ്‌കൂള്‍ ബഞ്ചിലാണ് യുവതികള്‍ കിടക്കുന്നത്. 45 മിനുട്ട് എങ്കിലും എടുക്കേണ്ട ഓപ്പറേഷന് ഡോക്ടര്‍ എടുക്കുന്നത് വെറും മൂന്നു മിനുട്ട്, യാന്ത്രികമായി യുവതികള്‍ വരുന്നു. കഴുത്ത് താഴ്ത്തി കിടക്കുന്നു. സഹായികള്‍ കൈകാലുകള്‍ ഇളകാതെ പിടിക്കുന്നു. ഡോക്ടര്‍ ട്യുബുകള്‍ മുറിക്കുന്നു, കൂട്ടിത്തുന്നുന്നു. ഉപകരണങ്ങള്‍ ബാക്ടീരിയ നശീകരണ ലായനിയിലേക്കു മുക്കുന്നു. എടുക്കുന്നു. മുറിവുകള്‍ തുന്നുന്നു; കഴിഞ്ഞു. അടുത്ത യുവതി വരുന്നു. പെട്ടന്ന് ബള്‍ബുകള്‍ അണഞ്ഞു. ഇരുട്ട്. ജനറേറ്റര്‍ ഇല്ല. കൂടെ നിന്ന നഴ്‌സ് മൊബൈല്‍ ഫോണില്‍ ഫ്‌ലാഷ് ലൈറ്റ് തെളിയിക്കുന്നു. ഓപ്പറേഷന്‍ മനോഹരമായി മുന്നേറുന്നു. കാരണം ഇത്ര സമയം കൊണ്ട് ഇത്രപേരെ വന്ധീകരണ ശസ്ത്രക്രിയക്ക് വിധേയരാക്കി എന്ന കണക്ക് കേന്ദ്ര സര്‍ക്കാരിന് അനൗദ്യോഗികമായി നല്‍കേണ്ടതുണ്ട്. വന്ധീകരണ ശസ്ത്രക്രിയക്ക് ശേഷം പതിമൂന്നു യുവതികള്‍ മരണത്തിനു കീഴടങ്ങിയ കുപ്രസിദ്ധ ഛത്തീസ്ഗഡ് ക്യാമ്പ് നടന്ന് അധികം ദിവസമാകുന്നതിനു മുന്‍പായിരുന്നു ഇത്.
4 . ഒരു നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമ പ്രദേശം. ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് വരുന്ന ആംബുലന്‍സ്. പെട്ടന്നാണ് യുവതി മരണത്തിനു കീഴടങ്ങിയത്. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആ ദേഹത്തെ ഇറക്കി റോഡിനരികെ കിടത്തി ആ ഡ്രൈവര്‍ വണ്ടിയോടിച്ചു പോയി. മൃതദേഹങ്ങളെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അനുവാദം ഇല്ല. തിരിച്ചു പോകാന്‍ ഒരു ട്രാക്ടര്‍ വരുന്നവരെ യുവതിയുടെ മൃതദേഹവുമായി ആ കുടുംബം റോഡരികില്‍ നിന്നു.
ഉത്തര്‍ പ്രദേശിലെ ഒരു ആശുപത്രി, രക്തം വാര്‍ന്ന്, ഇരു കണ്ണുകളും തുറിച്ച ഒരു യുവതി ആശുപത്രി വരാന്തയില്‍ കിടക്കുന്നു. വെറും തറയില്‍, ഗര്‍ഭത്തിന്റെ പകുതി ഘട്ടത്തില്‍ ആണ്. അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആംബുലന്‍സ് ഭദ്രമായി ഗാരേജില്‍ വച്ചുപൂട്ടി ഡ്രൈവര്‍ എവിടെക്കോ പോയി. ഒടുവില്‍ ആ വരാന്തയില്‍ എലിക്കുഞ്ഞിനെക്കാളും ശോഷിച്ച ഒരു കുഞ്ഞിനെ പ്രസവിച്ച് ആ പെണ്‍കുട്ടിയും മരിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രതികരിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ‘ക്യാ കരൂം ബഹന്‍, ഹമാരി കിസ്മത് തോ എസേ ഹി (എന്ത് ചെയ്യാനാ, ഞങ്ങളുടെ വിധി ഇങ്ങനെ ആയിപ്പോയി) എന്ന് പറഞ്ഞു ആ യുവാവ് നടന്നു നീങ്ങി.
5. പ്രസവത്തിനു മുന്‍പുള്ള ചെക്ക് അപ്പ് നടക്കുകയാണ് ഒരു ജില്ലാശുപത്രിയില്‍. ഹീമോഗ്ലോബിന്‍ ചെക്ക് ചെയ്ത് സുഹൃത്തായ ഡോക്ടര്‍ നിരാശയോടെ എന്റെ മുന്നിലിരുന്നു: അനീ വെറും മൂന്ന് ആണ് കൗണ്ട്. എങ്ങനെ അടുത്തമാസം ആ കുട്ടിയുടെ പ്രസവം നടത്തും? അവന്‍ കരച്ചിലിന്റെ വക്കത്താണ്. ‘ഗ്രാമീണ സേവനം ചോദിച്ചു വാങ്ങി വന്നതാണ്. കണ്മുന്നില്‍ ഇങ്ങനെ മരണം; അതും എന്റെ അനിയത്തിയെക്കള്‍ ചെറിയ പെണ്‍കുട്ടികള്‍, പ്രസവത്തില്‍; എനിക്ക് പേടിയാണ് ഓരോ മുഖവും കാണുമ്പോള്‍.’
കഴിഞ്ഞ ദിവസമാണ് ഹീമോഗ്ലോബിന്‍ 4 ഉണ്ടായിരുന്ന യുവതി വീട്ടിലേക്കുള്ള വെള്ളം ചുമന്നു കൊണ്ടുവരുന്ന വഴി കുഴഞ്ഞു വീണു മരിച്ചത്. അതോടെയാണ് അവന്‍ തളര്‍ന്നു പോയത്. പ്രസവത്തിനിടെ രക്തം വേണമെങ്കില്‍ അടുത്ത ജില്ലയിലോ സംസ്ഥാനത്തോ പോകണം. ആശുപത്രിയില്‍ നേരിട്ടുള്ള രക്തദാനം നിയമം മൂലം തടഞ്ഞിരിക്കുകയാണ്. എയ്ഡ്സ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത രക്തദാനവും ഉപയോഗവും ആശുപത്രികളില്‍ നടത്താന്‍ അനുവാദമില്ല. ആ സൗകര്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് അഞ്ചോ ആറോ കാണും. തടയാന്‍ സാധിക്കുന്ന മരണങ്ങള്‍ ദിനം തോറും കൈകാര്യം ചെയ്യുന്ന ആളുകള്‍.
മണ്ണുപൊത്തിയും കാട്ടിലയും വൈക്കോലും കൊണ്ടും ആര്‍ത്തവ രക്തം തടയുന്ന സ്ത്രീകള്‍, കഴിക്കാന്‍ ഭക്ഷണം ഇല്ലാതെ വയറിനു മുകളില്‍ നനച്ച തുണികെട്ടി ജീവിക്കുന്ന സ്ത്രീകള്‍, ചില യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്.
ഇവ നേരിട്ട് കണ്ട ചില അനുഭവങ്ങള്‍, ഇനി ജാര്‍ഖണ്ഡില്‍ നിന്നുള്ള എം.പി നിഷികാന്ത് ദുബൈയുടെ വാക്കുകള്‍ (ബിജെപി എം.പിയാണ്). കേരളം ഞങ്ങള്‍ അസൂയയോടെ നോക്കുന്ന സ്ഥലമാണ്. നിങ്ങളുടെ ആരോഗ്യരംഗത്തെ മുന്നേറ്റം അത് എടുത്തു പറയണം. ഞങ്ങള്‍ (നോര്‍ത്ത് ഇന്ത്യ) അവിടേയ്ക്ക് എത്താന്‍ ഇനിയും സമയമെടുക്കും. ഒരു ചെറു ചിരി തിരിച്ചു കൊടുത്ത് അദ്ദേഹത്തിന്റെ സ്ഥലത്തെ പ്രശ്ങ്ങളിലേക്കുള്ള ചര്‍ച്ചകളിലേക്ക് കടന്നു.
ഡോ. ബിനായക് സെന്‍ ആരോഗ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഞങ്ങളുടെ പഞ്ചായത്ത് സന്ദര്‍ശിച്ച സമയത്ത് ഇങ്ങനെ ചോദിച്ചു; ‘ഇവിടെ 5 കിലോമീറ്ററിനുള്ളില്‍ എത്ര സ്‌കൂളുകള്‍ ഉണ്ട്?’ മറുപടിയായി ‘7 സ്‌കൂളുകള്‍ ‘; ഒന്ന് ഞെട്ടി അദ്ദേഹം പറഞ്ഞു, നോര്‍ത്തില്‍ (നോര്‍ത്ത് ഇന്ത്യ) 15 കിലോമീറ്റര്‍ നടന്നൊക്കെ വേണം ഒരു പ്രാഥമിക വിദ്യാലയത്തില്‍ പോകാന്‍.’
ഇത് ചില പ്രതികരണങ്ങള്‍ മാത്രമാണ്. ഇന്നത്തെ കേരളത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം, തൊഴിലിടങ്ങളിലെ സുരക്ഷ, സംഘടിക്കാനും പ്രതികരിക്കാനും സാധ്യമായ സാമൂഹികാന്തരീക്ഷം എന്നിവ സ്വപ്നം മാത്രമായ ഉത്തരേന്ത്യന്‍ വര്‍ഗീയ കക്ഷികള്‍ ആണ് കേരളത്തിന്റെ നിലവാരം അളക്കുന്നത് എന്നത് വിരോധാഭാസം എന്നെ പറയേണ്ടൂ.
ലേഖനത്തിന്റെ തുടക്കത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട് കേരളം മികച്ചതാകുന്നത് കേരളം പൊരുതി നേടിയ വിദ്യാഭ്യാസത്തിന്റെ മാനവിക സൂചകങ്ങളുടെ മികവുകൊണ്ട് തന്നെ ആണ്. കേരളം ഒന്നാമത് എന്നതിന്, കേരളം ഏറ്റവും ഉത്തമം എന്നര്‍ത്ഥമില്ല. പക്ഷെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രധാനിയായ ഒരു വലിയ രാജ്യത്തിന്റെ അറ്റത്ത് 3 കോടി ജനങ്ങള്‍ മാത്രം താമസിക്കുന്ന, പാവയ്ക്ക പോലെ നില്‍ക്കുന്ന കുഞ്ഞ് സംസ്ഥാനം, ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ നിലവാരത്തില്‍ ആരോഗ്യ, വിദ്യാഭ്യാസജീവിത നിലവാര സൂചികകള്‍ നിലനിര്‍ത്തുന്നു എന്നത് തന്നെ ആണ് കേരളത്തെ നമ്പര്‍ 1 ആക്കുന്നത്.
പോരായ്മകള്‍ ഇല്ലെന്നോ പിഴവുകള്‍ ഇല്ലെന്നോ അട്ടപ്പാടി അടക്കമുള്ള ഭൂപ്രദേശങ്ങളെ മറക്കുന്നോ ഇല്ല. പക്ഷെ കമ്യൂണിസ്റ്റു സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം നിരന്തരം വെട്ടിക്കൊലകള്‍ നടക്കുന്ന, ഹിന്ദുക്കളെ ആക്രമിക്കുന്ന, മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് സ്ഥലം പോലും വാങ്ങാന്‍ സാധിക്കാത്ത, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്ന ഒരു സംസ്ഥാനമായി കേരളത്തെ അവതരിപ്പിക്കുന്നത് കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്; അതിനെ നേരിടേണ്ടത് പ്രബുദ്ധതയുള്ളവര്‍ ഒറ്റക്കെട്ടായാണ്. ഫേസ് ബുക്കില്‍ അഫിയ നൂര്‍ എഴുതിയപോലെ, ‘വെള്ളപ്പൊക്കം വരുമ്പോ തടയണ കെട്ടുകയാണ് വേണ്ടത്, വനനശീകരണത്തെ കുറിച്ച് ക്ലാസ് എടുക്കുകയല്ല’.
സംഘികള്‍ വിതയ്ക്കാന്‍ പോകുന്ന ദുരന്തം നമ്മുടെ മുന്നിലുണ്ട്; എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ദയവായി അത് ചെയ്യുക. അല്ലെങ്കില്‍ ‘രാഷ്ട്രീയശരി’കള്‍ കൊണ്ട് അവര്‍ക്കു പൂപ്പാത ഒരുക്കുക, തിരഞ്ഞെടുപ്പുകളുടെ ശരിപ്പലകകള്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് നേരെയും തിരിയും.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)