തിണ്ണമിടുക്ക് കാണിക്കാന്‍ ശ്രമിച്ച മോദി ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള തെരഞ്ഞുപിടിച്ച ആക്രമണം കൊണ്ട് അഴിമതി വിരുദ്ധ പോരാളി എന്ന 2014-ലെ നിര്‍മ്മിത പ്രതിച്ഛായ നഷ്ടപ്പെടുത്തിയിരിക്കുന്നു.
തെരഞ്ഞെടുപ്പുകള്‍ അടുത്തുവന്നതോടെ മത്സരിക്കുന്ന ആഖ്യാനങ്ങളുടെയും അജണ്ടകളുടെയും കാലമായി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പ്രചാരണം പോലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ‘കുറഞ്ഞ വരുമാനം ഉറപ്പ്’ പദ്ധതിയും രാജ്യത്തെ ദുരിതത്തിലായ കര്‍ഷകര്‍ക്ക് കടമെഴുതിത്തള്ളലും വാഗ്ദാനം ചെയ്തതോടെ ബിജെപി എതിരടവുമായി വന്നു. കര്‍ഷകര്‍ക്കും അസംഘടിത മേഖലക്കും മധ്യവര്‍ഗക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു ഇടക്കാല ജനപ്രിയ ബജറ്റ് അവതരിപ്പിച്ച മോദി സര്‍ക്കാര്‍ മുന്നാക്കക്കാരായ ധനികര്‍ക്ക് ജോലികളിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം നല്‍കാനുള്ള ബില്‍ രാജ്യസഭയില്‍ അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങളുടെ സൃഷ്ടി നിരക്ക്, പ്രതിപക്ഷത്തിന് തെരഞ്ഞടുപ്പിലേക്കുള്ള ആയുധമായി കിടക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ നഷ്ടമായതിലും ഭരണപരാജയത്തിലും നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരായുധമെടുത്ത് വീശിയിരിക്കുന്നു-പ്രതിപക്ഷ നേതാക്കളുടെ ‘അഴിമതി’.
പൊടുന്നനെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മുന്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മായാവതിയും അഖിലേഷ് യാദവും, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധി, പി ചിദംബരം, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, ഇങ്ങനെ നീളുന്ന പട്ടികയില്‍ മിക്കവരും സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്, ആദായ നികുതി വകുപ്പ് എന്നിവയുടെ അന്വേഷണങ്ങളെ നേരിടുമ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ സ്വതന്ത്രരായി നടക്കുന്നുമുണ്ട്. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ അയാളുടെ അഴിമതിക്കെതിരായ കുരിശുയുദ്ധം തകരും എന്ന പ്രതീതി ഉണ്ടാക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഈ അഴിമതി വിരുദ്ധ ബഹളം. ഇതിന്റെ ഭാഗമായിട്ടാകാം, റോയിട്ടേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ മോദിയുടെ അഴിമതി വിരുദ്ധനീക്കങ്ങളെ പുകഴ്ത്തുകയും ഇന്ത്യയുടെ അഴിമതി വിരുദ്ധ നേട്ടങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം മാഞ്ഞുപോകുമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളെ തള്ളിക്കളയുന്ന ലേഖനം അതൊന്നും ജനങ്ങളില്‍ ഏശിയിട്ടില്ല എന്നാണു പറയുന്നത്. എങ്ങനെയാണ് അങ്ങനെയൊരു നിഗമനത്തില്‍ ലേഖകന്‍ എത്തിയതെന്നൊന്നും പറയുന്നില്ല.
തിണ്ണമിടുക്ക് കാണിക്കാന്‍ ശ്രമിച്ച മോദി, പക്ഷെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള തെരഞ്ഞുപിടിച്ച ആക്രമണം കൊണ്ട് അഴിമതി വിരുദ്ധ പോരാളി എന്ന 2014-ലെ നിര്‍മ്മിത പ്രതിച്ഛായ നഷ്ടപ്പെടുത്തിയിരിക്കുന്നു. സിബിഐ, ആര്‍ബിഐ, സിവിസി, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍ എന്നീ സ്ഥാപനങ്ങളുടെയെല്ലാം വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. റാഫേല്‍ കരാറിലെ അഴിമതി ആരോപണങ്ങളും അക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതും പ്രധാനമന്ത്രിയുടെ പ്രചരിപ്പിക്കപ്പെടുന്ന സംശുദ്ധ പ്രതിച്ഛായയെ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ ‘അഴിമതി’കള്‍ക്കെല്ലാം എതിരെ നടപടിയെടുക്കാതെ അടയിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞുപിടിച്ച് അന്വേഷണത്തിനിറങ്ങുന്നത്, അതും തെരഞ്ഞെടുപ്പിന് കഷ്ടി നൂറു ദിവസം പോലും ഇല്ലാതിരിക്കെ, ഈ സമയം തെരഞ്ഞെടുത്തതില്‍ അസാധാരണത്വം തോന്നിപ്പിക്കുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ ഉപയോഗിച്ച് വലിയ സമരം നടത്തിയ ബിജെപി എന്തുകൊണ്ടാണ് ഇതുവരെ ലോക്പാല്‍ ബില്‍ കൊണ്ടുവരാഞ്ഞത്? വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്, അഴിമതിക്കെതിരായ വലിയൊരു ആയുധമായ ആര്‍ടിഐ നിയമം, സര്‍ക്കാര്‍ വകുപ്പുകള്‍ പ്രത്യേകിച്ച് പ്രധാനമന്ത്രി കാര്യാലയം വിവരങ്ങള്‍ നല്‍കാതെ അട്ടിമറിക്കുകയാണ് എന്നാണ്. ഈ നിയമം കൂടുതല്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്ന വര്‍ത്തമാനം വെറും നനഞ്ഞ പടക്കമാകുമെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇപ്പോള്‍ സിബിഐ ഓടിപ്പിടിക്കുന്ന സംഭവങ്ങളില്‍ മിക്കതും 2012-14 കാലത്തുള്ളതാണ്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ ഗുണമെന്നത് ശാരദ ചിട്ടി തട്ടിപ്പില്‍ ആരോപണം നേരിടുന്ന ഹിമാന്ത ബിസ്വ സര്‍മ -കോണ്‍ഗ്രസ്, അസം), മുകുള്‍ റോയ് – ടിഎംസി, ബംഗാള്‍) എന്നിവരെ ബിജെപിയിലേക്ക് എടുത്തതാണ്. ബിജെപിയില്‍ ചേര്‍ന്നതോടെ ഇവര്‍ക്കെതിരായ തുടരന്വേഷണങ്ങള്‍ നിര്‍ത്തിവെച്ചു. ഭീഷണിപ്പെടുത്തി പണം തട്ടി എന്നതിന് പശ്ചിമ ബംഗാള്‍ സി ഐ ഡി അന്വേഷിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ഘോഷിനെ കഴിഞ്ഞയാഴ്ചയാണ് ബിജെപിയിലേക്ക് ചേര്‍ത്തത്. എന്‍ഡിഎ വിട്ടതോടെയാണ് ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിന് കുഴപ്പങ്ങള്‍ നേരിടാന്‍ തുടങ്ങിയത്. ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവിനെതിരായുള്ള 2012-13 കാലത്തെ ഒരു കേസ് പൊടിതട്ടിയെടുത്തു. പ്രിയങ്ക ഗാന്ധി കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സംഘടനാ ചുമതല ഏറ്റെടുത്തതോടെ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണത്തിനു വേഗം കൂട്ടി.
ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ തന്റെ ഗ്രാമമായ റാലെഗാന്‍-സിദ്ധിയില്‍ അടുത്തിടെ ‘അനിശ്ചിതകാല നിരാഹാര സമരം’ തുടങ്ങിയെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചു. 2011-14 കാലത്തേക്ക് തിരിഞ്ഞുനോക്കിയാല്‍ കടുംപിടിത്തക്കാരനായ ഹസാരെ മന്‍മോഹന്‍ സിങ്ങിനോടോ യുപിഎ സര്‍ക്കാരിനോടു അത്തരത്തിലൊരു ഇളവും കാണിച്ചിരുന്നില്ല. ലോക്പാല്‍ ഉടനെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹസാരെ ഡല്‍ഹിയില്‍ ഇടക്കിടെ സത്യാഗ്രഹമിരുന്നു. 2011-ല്‍ നിയമം നടപ്പാക്കാനുള്ള അന്ത്യശാസനം ഡിസംബര്‍ 21 ആണ് എന്ന് കാണിച്ചു മന്‍മോഹന്‍ സിങ്ങിനും സോണിയാ ഗാന്ധിക്കും കത്തുകളെഴുതി. കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്ന് ഭീഷണി മുഴക്കി, അനുയായികളോട് യുപിഎ സര്‍ക്കാരിനെതിരെ ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ ആഹ്വാനം ചെയ്തു. പരിഭ്രാന്തി നിറഞ്ഞ നീക്കത്തില്‍ 2011 ഡിസംബറില്‍ നിയമം അംഗീകരിച്ച ലോക്‌സഭാ, 2013-ല്‍ അത് ഭേദഗതി ചെയ്തു. രാജ്യസഭയുടെ പരിഗണനക്കെത്തിയപ്പോള്‍ ചില വകുപ്പുകളെക്കുറിച്ച് ബിജെപിയും ചില പ്രാദേശിക കക്ഷികളും ഉയര്‍ത്തിയ തടസ്സവാദത്തില്‍ കുരുങ്ങിക്കിടന്നു.
2017-ല്‍ ഈ കാലതാമസത്തിന് സുപ്രീം കോടതി അറ്റോര്‍ണി ജനറലിനെ ശാസിച്ചു. ‘‘സര്‍ക്കാര്‍ അഴിമതിക്കെതിരാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഈ ലോക്പാല്‍ ശരിയായ ദിശയിലുള്ള നീക്കമാണ്, അപ്പോള്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന തോന്നല്‍ എന്തുകൊണ്ടാണുണ്ടാകുന്നത്?” കോടതി ചോദിച്ചു. എന്നാലും താന്‍ കാവല്‍ക്കാരനാണ്- ചൗക്കീദാര്‍ – ആണെന്നാണ് മോദി അവകാശപ്പെടുന്നത്. ‘‘ഞാന്‍ അഴിമതിക്കെതിരെ പോരാടുന്നതുകൊണ്ടാണ് കുറ്റാരോപിതര്‍ ചൗക്കീദാരെ നീക്കം ചെയ്യാന്‍ കൊല്‍ക്കത്തയില്‍ ഒത്തുകൂടിയത്,’‘ ജനുവരി 19-ന് 24 പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്ത കൊല്‍ക്കത്തയിലെ മമത ബാനര്‍ജി നടത്തിയ പ്രകടനത്തെ സൂചിപ്പിച്ചുകൊണ്ട് ദുര്‍ഗാപൂരില്‍ മോദി പറഞ്ഞു. എന്നാല്‍ കാവല്‍ക്കാരനില്‍ ഹസാരെക്ക് അത്ര തൃപ്തിയില്ല. ലോക്പാല്‍ നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച താന്‍ മോദിക്ക് 35 കത്തുകളെഴുതിയെങ്കിലും ഒന്നും ഫലം കണ്ടില്ല എന്നദ്ദേഹം വിലപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഹസാരെ പറഞ്ഞു, ”എല്ലാ വാഗ്ദാനങ്ങള്‍ക്കുമപ്പുറം മോദി സര്‍ക്കാര്‍ അഴിമതിയിലാണ്. ഞാന്‍ മന്‍മോഹന്‍ സിങ്ങിന് 40 കത്തുകളെഴുതി, 20 എണ്ണത്തിന് മറുപടി കിട്ടി. മോദിക്കെഴുതിയ ഒരൊറ്റ കത്തിനും മറുപടി കിട്ടിയില്ല.’