പൊതുവെ ശാസ്ത്രം പ്രശ്നമാണ്. ഇതൊന്നും ഇല്ലാതെ എത്ര കാലം നമ്മൾ ഇവിടെ ജീവിച്ചു? ഇനിയും അങ്ങനെ തന്നെ പോയാൽ പോരെ?
ഇച്ചിരി പേടിക്കണ്ട സമയങ്ങൾ ആണ്. നമ്മൾ എന്തെങ്കിലും കുത്തിക്കുറിക്കും. മാഷിന്റെ പടം കോമഡിയായി വരക്കും. ബെഞ്ചിൽ അടുത്തിരിക്കുന്നവൻ നമ്മളെ – “ദേ സാർ നോക്കിയേ – ഈ ജിമ്മി ” എന്ന് വിളിച്ചു കൂവും. നമ്മൾ മൂഞ്ച് മിടായി തിന്നും.
ഒരു സാറിനെതിരെയും ഒന്നും ചെയ്യാൻ പറ്റില്ല – പ്രശ്നമാണ്. അതിപ്പോ ജ്വലാക്കെതിരെ ആണെങ്കിലും, ആമിർ ഖാനെതിരെ ആണെങ്കിലും സാറന്മാർ ഒരു പോലാണ്.
എന്നാൽ പടക്കം പൊട്ടിച്ചവൻ ആണെങ്കിലും, കത്തിക്കുത്ത് നടത്തിയവർ ആണെങ്കിലും സാറിന്റെ ബന്ധുവോ സുഹൃത്തിന്റെ മകനോ ആണെങ്കിൽ ഒന്നും സംഭവിക്കില്ല – തെളിവില്ലെന്ന്!
അപ്പൊ – ഭാവി ഇനി അതിലാണ് – ഒറ്റി കൊടുക്കലിൽ. എന്റെ ക്ളാസിൽ ഒരുത്തൻ ഉണ്ടായിരുന്നു. വേണ്ടാത്ത ചീത്ത പുസ്തകം ഒക്കെ ചിലർ കൊണ്ട് വന്നു വായിക്കും. പടം നോക്കും. ഞാൻ അതൊന്നും നോക്കാറേ ഇല്ല – അത് പറയണ്ടല്ലോ. ഈ പറഞ്ഞ പയ്യനെ നമുക്ക് മൈലാഞ്ചി എന്ന് വിളിക്കാം. അവൻ ഇതൊക്കെ വാങ്ങി പടം നോക്കും; അറഞ്ചം പുറഞ്ചം വായിക്കും. എന്നിട്ട് സാറിനു കൊണ്ട് കൊടുക്കും.
“സാർ ഈ ———(ഡാഷ്) കൊണ്ട് വന്നതാ.”
ഈ റോൾ എനിക്ക് നന്നായി ചേരും എന്ന് തോന്നുന്നു. അതുകൊണ്ട് ബാൻ ചെയ്യേണ്ട സാധനങ്ങൾ ഒക്കെ സർക്കാരിന് പറഞ്ഞു കൊടുക്കുക എന്നതാണ് എന്റെ ഒരു ജോലി.
സൽമാൻ റഷ്ദിയുടെ ‘സാത്താൻ പാട്ടുകൾ’ , നിക്കോസ് കസാന്‍റ്സാകിസിന്‍റെ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം’ ഒക്കെ വായിച്ചു രസിച്ചു. എന്തിന്, വെന്ഡി ഡോണിഗറിന്റെ പുസ്തകം വരെ വായിച്ചു.
പിന്നേം ബാൻ ചെയ്യേണ്ട കുറെ പുസ്തകങ്ങൾ കിട്ടിയിട്ടുണ്ട്. നെഹ്രുവിന്റെ പുസ്തകങ്ങൾ, റോമിലെ ഥാപ്പറിന്റെയും, രാമാ ചന്ദ്ര ഗുഹയുടെയും ഒക്കെ ബാൻ ചെയ്യേണ്ടവ ആണ്. കാരണം അതിലൊക്കെ പറയുന്നത് ഇന്ത്യക്കാർ പല ജന വിഭാഗങ്ങൾ ചേർന്നവർ ആണെന്നാണ്! കഷ്ടം. മിക്ക സായിപ്പൻ ചരിത്രകാരന്മാരും അതൊക്കെ തന്നെ ആണ് പറയുന്നത്.
പറയുന്നതിന് ചില കാരണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിൽ പല ‘ലുക്ക് ‘ ഉള്ള ജനങ്ങൾ ഉണ്ട്. വെളുത്തവർ ഉണ്ട്, കറുത്തവർ ഉണ്ട്. ചുണ്ടുകൾ, മുടി, ഇവയിലൊക്കെ പ്രകടമായ വ്യത്യാസം ഉണ്ട്. രവിചന്ദ്രൻ സാർ പറഞ്ഞ പോലെ ഒന്നും ഇല്ലെങ്കിലും ജാതീയമായി ചിലർക്കെങ്കിലും ചില പ്രത്യേകതകൾ കാണാൻ പറ്റും.
പ്രധാനമായും രണ്ടു വർഗ്ഗത്തിൽ പെട്ട ഭാഷകൾ ആണ് ഇവിടെ സംസാരിക്കപ്പെടുന്നത്. ഒന്ന്, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി ഒക്കെ ഉൾപ്പെടുന്ന ഇൻഡോ യൂറോപ്യൻ ഭാഷകൾ. രണ്ട് – മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇവ ഉൾപ്പെടുന്ന തെക്കേ അറ്റത്തു പ്രധാനമായി സംസാരിക്കുന്ന ദ്രാവിഡ ഭാഷകൾ. അവിടവിടെയായി, ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ നടുക്കും ഒക്കെ ചില ഗോത്ര ഭാഷകൾ ദ്രാവിഡം ആണ്. പാകിസ്താനിലെ ഒരു ഗോത്ര വർഗക്കാർ സംസാരിക്കുന്ന ബ്രാഹുയി എന്ന ഭാഷ ദ്രാവിഡം ആണ്.
ഹിന്ദിയും ഉത്തരേന്ത്യൻ ഭാഷകളും മാത്രമല്ല ഇൻഡോ യൂറോപ്യൻ ഭാഷകളിൽ പെട്ടത്. ഇറാനിയൻ, അർമേനിയൻ, ഇംഗ്ളീഷ്, ജർമൻ, ഫ്രഞ്ച് പിന്നെ യൂറോപ്യൻ ഭാഷയുടെ പൂർവികരായ ഗ്രീക്ക്, ലാറ്റിൻ, പിന്നെ നമ്മുടെ ഉത്തരേന്ത്യൻ ഭാഷകളുടെ പൂർവികർ ആയ സംസ്കൃതവും ഇൻഡോ യൂറോപ്യൻ ആണ്! (ഉദാ: മാതാഹ്, പിതാഹ് – സംസ്കൃതം. മാതർ, പിതർ- ലാറ്റിൻ). ദ്രാവിഡ ഭാഷകൾക്ക് ഇന്ത്യയുടെ പുറത്തുള്ള ഒരു ഭാഷയും ആയി ബന്ധം ഇല്ല.
പിന്നെ പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ ഉണ്ട്. 2500 ബിസി മുതൽ, 1800 ബിസി വരെ ഇന്ത്യയുടെ വടക്കു കിഴക്ക് അതിപ്രബലമായി നിന്നിരുന്ന ഒരു സംസ്കാരം ആണ് സിന്ധു നദീ തട സംസ്കാരം. നഗരങ്ങൾ, കെട്ടിടങ്ങൾ, പ്രതിമകൾ, ആട്, മാട്, കര കൗശല വസ്തുക്കൾ ഒക്കെ കണ്ടമാനം ഉണ്ട്. കുതിരകൾ തീരെ ഇല്ല.
ആരായിരുന്നു സിന്ധു സംസ്കാരത്തിന്റെ ആൾക്കാർ? ആർക്കറിയാം. ആർക്കും അറിയില്ല. ഭാഷ അറിയില്ല. ഇത് വരെ ചില എഴുത്തുകൾ വായിക്കാൻ പറ്റിയിട്ടില്ല.
കുറെ നാക്കില്ലാത്ത പുരാവസ്തുക്കൾ മാത്രം. 1800 ബി സി യോടെ ഈ സംസ്കാരത്തിന്റെ ശേഷിപ്പുകൾ അവസാനിക്കുക ആണ്.
പിന്നെ ചരിത്രകാരന്മാർ കേൾക്കുന്നത് ഋഗ്വേദത്തിന്റെ കർണ മധുരമായ മാന്ത്രിക ധ്വനികൾ ആണ്. ഇന്ദ്രൻ, സൂര്യ ദേവൻ. കുതിര വണ്ടികൾ. സോമ രസം, ചാതുർവർണ്യം. ബ്രാഹ്മണന്മാർ തലമുറ തലമുറ ആയി മൂവായിരത്തഞ്ഞൂറോളം കൊല്ലം വാമൊഴി ആയി മാത്രം കൈമാറി വന്ന വേദങ്ങൾ ലോകത്തിലെ തന്നെ മഹാത്ഭുതങ്ങളിൽ ഒന്നാണ്. 2000 ബി സിക്കും, 1500 ബി സി ക്കും ഇടക്കാണ് വേദങ്ങളുടെ ഉത്ഭവം. ഹിസ്റ്റോറിക്കൽ ലിംഗ്വിസ്റ്റിക്സ് എന്ന ശാസ്ത്രം ഇത് വ്യക്തമാക്കുന്നുണ്ട്.
ഇതോന്നും ഒരു തെളിവല്ല എന്ന് നമുക്കറിയാം. ഇത്രയും കാര്യങ്ങളിൽ നിന്ന് നമുക്ക് എന്ത് മനസ്സിലായി? അതിലെ കാര്യമില്ല. എന്ത് മനസ്സിലാക്കണം എന്ന് മാത്രം അറിഞ്ഞാൽ മതി:
1. അതിപുരാതന കാലം മുതൽക്കേ (പത്തിരുപത്തിനായിരം വര്‍ഷം ആയി) നമ്മൾ ഒരു ജനത ആയിരുന്നു.
2. ഈ തൊട്ടടുത്ത കാലം വരെ അങ്ങനെ ആയിരുന്നു. പിന്നെ പെട്ടെന്ന് മുഗളന്മാർ, ബ്രിട്ടീഷുകാർ. പിന്നത്തെ കാര്യം ഒന്നും പറയണ്ടല്ലോ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് ജാതീയമായ വേർതിരിവുകൾ.
അപ്പൊ കുറെ ചരിത്ര പുസ്തകങ്ങൾ ബാൻ ചെയ്തു പുതിയവ എഴുതിയാൽ സംഭവം ക്ളീൻ ആയി. സായിപ്പന്മാരെ ചരിത്രം പഠിക്കാന്‍ ഇനി ഇങ്ങോട്ട് അടുപ്പിക്കുകയെ അരുത്.
അതെ, ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വംശവെറി നിറഞ്ഞതായിരുന്നു: നാഷണല്‍ ജ്യോഗ്രഫിക് എഡിറ്ററുടെ ക്ഷമാപണം
അപ്പോഴാണ് പുതിയ ഒരു പ്രശ്നം – പോപ്പുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര ശാഖയുടെ ജനനം. ലൂക്ക കവല്ലി ഫോസാ എന്ന സായിപ്പ് ആണ് ഇതിന്റെ ഉപജ്ഞാതാവ്.
ഈ ശാസ്ത്രം അങ്ങനെ തന്നെ ബാൻ ചെയ്യണം എന്നാണു എന്റെ ഒരിത്. അങ്ങനെ ചെയ്താൽ അത് നല്ല ഒരിതായിരിക്കും.
കഴിഞ്ഞ ഒരു അഞ്ചാറു കൊല്ലത്തിനടിയിൽ അതിഭയങ്കര വികാസങ്ങൾ ആണ് ഈ ശാസ്ത്രത്തിനു ഉണ്ടായിരിക്കുന്നത്. സംശയങ്ങൾ ഉള്ളവർ ഈ രംഗത്തെ ഒരു അതികായൻ ആയ ഡേവിഡ് റെയ്ക് എഴുതിയ ‘Who we are and how we got here’ എന്ന പുസ്തകം വായിക്കാതിരിക്കുമല്ലോ (ബാൻ ചെയ്താൽ വായിക്കാതിരിക്കാമല്ലോ). ആരാണ് നാം? നമ്മൾ എങ്ങിനെ ഇവിടെ എത്തി? – ഇതാണ് പുസ്തകത്തിന്റെ പേര്. ഇതിൽ ‘ഇന്ത്യയെ ഉണ്ടാക്കിയ കൂട്ടി മുട്ടൽ’ എന്ന അദ്ധ്യായം തീരെ വായിക്കരുത്.
പണ്ടത്തെ ജനവിഭാഗങ്ങളുടെ യാത്രകൾ, മാറ്റങ്ങൾ, മാറി താമസിക്കലുകൾ എന്നിവ, അവിടുള്ള ഇപ്പോഴത്തെ മനുഷ്യരുടെ ഉള്ളിൽ ഉള്ള ഡി ൻ എ പഠിക്കുന്നതിലൂടെ സാധിക്കും എന്നതാണ് ഈ ശാസ്ത്രത്തിന്റെ കാതൽ. അത് മാത്രമല്ല, ഈ അടുത്ത കാലത്തായി , പുരാതന ശവശരീരങ്ങളുടെ എല്ലിലെ മജ്ജയിൽ നിന്ന് ഡി ൻ എ വേർതിരിച്ചെടുത്ത് ഇതേ പഠനങ്ങൾ ചെയ്യാം, കാര്യങ്ങൾ ഒത്തു നോക്കാം.
ഈ ശാസ്ത്രം മൂലമുള്ള നിഗമനങ്ങൾ കേട്ടാൽ നമുക്ക് ദേഷ്യം വന്നു പോകും. അത്ര പൈശാചികം ആണ്. ബാൻ ചെയ്യാതെ നിവർത്തിയില്ല, ഈ ശാസ്ത്രം. പ്രധാന നിഗമനങ്ങൾ താഴെ കൊടുക്കുന്നു. വായിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.
അൻപതിനായിരം കൊല്ലങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് പുറത്തിറങ്ങിയ ആദിമമനുഷ്യർ ഇന്ത്യ വഴി ഓസ്ട്രേലിയ വരെ എത്തി. അവരുടെ പിന്‍തലമുറക്കാർ ആണ് ഓസ്ട്രേലിയൻ ആദിവാസികൾ. നമ്മുടെ ആൻഡമാൻ ദ്വീപിൽ ഉള്ള ചിലർ ഇവരുടെ വർഗ്ഗത്തിൽ പെട്ട കലർപ്പ് അധികം ഇല്ലാത്തവർ ആണ്.
ഇന്ത്യയിലെ മറ്റു മനുഷ്യർ എല്ലാം തന്നെ കലർപ്പുള്ളവർ ആണ്. പിന്നീട് രണ്ടു പ്രധാന ജനവിഭാഗങ്ങൾ ആണ് ഇങ്ങോട്ടു വന്നു ഇട കലർന്ന് ഇന്ത്യൻ ജനത ആയത്.
ഒമ്പതിനായിരം കൊല്ലങ്ങൾക്ക് മുൻപ് ഒരു ജനത (ഇറാൻ ഭാഗത്തെ കർഷക ജനത) ഇവിടെ വന്നു, ആദിമ വർഗക്കാരുമായി കൂടി കലർന്ന് തെക്കേ ഇന്ത്യൻ പൂർവിക ജനത എന്ന ജനവിഭാഗം രൂപപ്പെട്ടു (Ancestral South Indians). ഈ ജനതയുടെ ഭാഷ ദ്രാവിഡം ആയിരുന്നു എന്ന് ചില സൂചനകൾ ഉണ്ട്.
2000 ബി സി യോടെ ഒരു വളരെ പ്രധാന ജനതയുടെ തള്ളിക്കയറ്റം ഉണ്ടായി. ഇവരെ വടക്കേ ഇന്ത്യൻ പൂർവിക ജനത എന്ന് വിളിക്കാം. റഷ്യൻ പുൽത്തകിടികളിൽ കന്നുകാലികളെ മേച്ചു നടന്നു, കുതിരവണ്ടികളിൽ യുദ്ധം ചെയ്യുന്ന യാമ്നായ എന്ന ജനതയുമായി ഈ ജനതക്ക് അടുത്ത ബന്ധം ഉണ്ട്. ഇവരാണ് ഇതേ സമയത്തും കുറച്ചു മുൻപും ആയി യൂറോപ് മൊത്തം പടർന്നു ഇൻഡോ യൂറോപ്യൻ ഭാഷകൾ പടർത്തിയത്.
ഏകദേശം 200 എ ഡി വരെ ഈ രണ്ടു ജനതകളും തമ്മിൽ കൂടികലർന്നു. പ്രധാനമായും വടക്കേ ഇന്ത്യൻ പൂർവിക ജനതയുടെ ആണുങ്ങളിൽ നിന്ന് തെക്കേ ഇന്ത്യൻ പൂർവിക ജനതയുടെ പെണ്ണുങ്ങളിലേക്കാണ് ഇടകലരൽ നടന്നത്. കലർപ്പില്ലാത്ത ഒരൊറ്റ ജനതയും ഇന്ത്യയിൽ ഇല്ല (ആൻഡമാൻ ദ്വീപുകളിൽ അല്ലാതെ). വടക്കേ ഇന്ത്യയിൽ, ഇൻഡോ യൂറോപ്യൻ ഭാഷാ സംസാരിക്കുന്നവരിൽ ANI (Ancestral North Indians) മിശ്രണം ആണ് കൂടുതൽ. ദ്രാവിഡ ഭാഷ സംസാരിക്കുന്നവരിൽ ASI (Ancestral South Indian) മിശ്രണം ആണ് കൂടുതൽ.
200 എ ഡി തൊട്ട് ഇവിടെ ജാതികൾ തമ്മിൽ മിശ്രണം അധികം നടന്നിട്ടേയില്ല! ഒരേ സ്ഥലത്തെ ജാതികൾ തമ്മിൽ, വടക്കേ യൂറോപ്പും തെക്കേ യൂറോപ്പും തമ്മിൽ ഉള്ള വ്യത്യാസത്തെക്കാൾ മൂന്നു മടങ്ങു വരെ വ്യത്യാസം ഉണ്ട് എന്ന് കണക്കാക്കാമത്രേ!
അത് മാത്രമല്ല – ഉയർന്ന ജാതികളിൽ ani മിശ്രണം കൂടുതൽ ആണത്രേ. താഴ്ന്ന ജാതികളിൽ asi മിശ്രണം ആണ് കൂടുതൽ എന്ന്. ഒരേ സംസ്ഥാനങ്ങളിൽ, ഒരേ ഭാഷ സംസാരിക്കുന്നവരിൽ ഇതേ പാറ്റേൺ ആണെന്ന അവിശ്വസനീയമായ കാര്യം ഒരു ഉളുപ്പും ഇല്ലാതെ കാര്യ കാരണ സഹിതം പറഞ്ഞുവെക്കുന്നു ഈ ശാസ്ത്രം.
മാത്രമല്ല, ചില പാറ്റേണുകൾ നോക്കുമ്പോൾ ചില deep divisions അഥവാ അതി പുരാതന വ്യത്യാസങ്ങൾ കാണാം. അതിൽ നിന്നും, asi യുമായി മിക്സ് ചെയ്യുന്നതിന് മുൻപേ തന്നെ ജാതി വ്യത്യാസങ്ങൾ ani യിൽ ഉണ്ടായിരുന്നത്രെ.
അപ്പൊ ഇത്രേം കാലം ലോകത്തെ എല്ലാ ചരിത്രകാരന്മാരുമായി യുദ്ധം ചെയ്തു നമ്മൾ തമസ്കരിച്ച കാര്യങ്ങൾ എന്തായി? അത് തന്നെ ആധുനിക ശാസ്ത്രം എന്ന പേരിൽ പിന്നേം കൊണ്ട് വന്നിരിക്കുന്നു!
പൊതുവെ ശാസ്ത്രം പ്രശ്നമാണ്. ഇതൊന്നും ഇല്ലാതെ എത്ര കാലം നമ്മൾ ഇവിടെ ജീവിച്ചു? ഇനിയും അങ്ങനെ തന്നെ പോയാൽ പോരെ? ഞാൻ ചോദിക്കുക ആണ് സുഹൃത്തുക്കളെ. വിമർശനാത്മക ശാസ്ത്രത്തിന്റെ ആവശ്യം എന്താണ്? ഗുരുക്കന്മാർ ആലോചിച്ചു, മനനം ചെയ്തു ഉണ്ടാക്കുന്ന കാര്യങ്ങൾ ചുമ്മാ അങ്ങ് വിഴുങ്ങിയാൽ പോരെ?