UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

പ്രഗ്യ താക്കൂറുമാര്‍ എന്തുകൊണ്ട് പാർലമെന്റില്‍ എത്തരുത്?

ചർച്ചകളുടെ നിലവാരത്തിലും അംഗങ്ങളുടെ പെരുമാറ്റത്തിലും, സ്പീക്കർ-പ്രതിപക്ഷ തർക്കങ്ങളിലുമെല്ലാം നിലവാരത്തകർച്ചകൊണ്ട് കുപ്രസിദ്ധി നേടി ഇപ്പോൾ കാലാവധി കഴിയുന്ന പതിനാറാം ലോക്സഭ

ഈ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്ത് സംവാദത്തിന്റെ നിലവാരത്തകർച്ച വ്യക്തമാക്കുന്ന തരത്തിൽ പല സ്ഥാനാർത്ഥികളും തങ്ങളുടെ എതിരാളികളെക്കുറിച്ച് അസംബന്ധവും ഹീനവുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഭോപ്പാലിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥി 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യ താക്കൂറിനെ പോലുള്ളവർ അംഗങ്ങളായാൽ പതിനേഴാം ലോക്സഭയിലെ സ്പീക്കറുടെ അവസ്ഥ എന്തായിരിക്കും എന്നൊന്നാലോചിക്കുക.

ഗോമൂത്രം കൊണ്ട് അർബുദം ഭേദമാക്കാമെന്ന് ഈയിടെയാണ് അവർ പറഞ്ഞത്. നികുതിദായകരുടെ പണം ചെലവാക്കി രാഷ്ട്രീയനേതാക്കൾ അർബുദ ചികിത്സക്കായി അമേരിക്കക്ക് പോകുന്നത് ഇനിയെങ്കിലും നിർത്തണം. ഭീകരവിരുദ്ധ പോലീസ് സംഘത്തിന്റെ തലവനായിരുന്ന, 26/11 -ലെ മുംബൈ ഭീകരാക്രമണത്തിൽ വധിക്കപ്പെട്ട ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നും അവർ പറഞ്ഞു. പാകിസ്ഥാനെതിരെയും ഈ ശാപശേഷി അവർ ഉപയോഗിക്കും എന്ന് കരുതാം.

ചർച്ചകളുടെ നിലവാരത്തിലും അംഗങ്ങളുടെ പെരുമാറ്റത്തിലും, സ്പീക്കർ-പ്രതിപക്ഷ തർക്കങ്ങളിലുമെല്ലാം നിലവാരത്തകർച്ചകൊണ്ട് കുപ്രസിദ്ധി നേടി ഇപ്പോൾ കാലാവധി കഴിയുന്ന പതിനാറാം ലോക്സഭ. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ 200 തവണ സ്പീക്കർക്ക് പാര്‍ലമെറ്റിന്റെ മര്യാദക്ക് നിരക്കാത്ത ഭാഷാപ്രയോഗങ്ങൾ രേഖകളിൽ നിന്നും നീക്കം ചെയ്യേണ്ടി വന്നുവെന്നത് 2014-ൽ തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ അംഗങ്ങളുടെ നിലവാരമെന്തെന്ന് കാണിക്കുന്നു. 2015-നും 2018-നും ഇടയ്ക്ക് ഇത്തരത്തിലുള്ള 144 വാക്കുകളും വാചകങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ സമ്മേളനകാലത്ത് മാത്രം 83 വാക്കുകളും വാചകങ്ങളുമാണ് നീക്കം ചെയ്തത്.

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ മെയ് അവസാനത്തോടെ രാജ്യത്ത് പുതിയ ലോക്സഭ നിലവിൽ വരും. മിക്കപ്പോഴും കക്ഷികളുടെ അടിസ്ഥാനത്തിലാണ് സമ്മതിദായകർ സ്ഥാനാർത്ഥികളിൽ നിന്നും തെരഞ്ഞെടുപ്പ് നടത്തുന്നത്. ചിലപ്പോൾ കഴിവുള്ള, കറപുരളാത്ത പ്രതിച്ഛായയുള്ളവർ തെരഞ്ഞെടുക്കപ്പെടും, പക്ഷെ അത് അപൂർവമാണ്.

പാർലമെന്റിൽ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടിക പാർലമെന്റിലുണ്ട്. എന്നാൽ ഒഴിവാക്കപ്പെട്ട വാക്കുകളുടെ നീണ്ട പട്ടിക നമ്മെ അത്ഭുതപ്പെടുത്തും. ചിലതൊക്കെ ഉടനടി നീക്കം ചെയ്തവയാണെങ്കിൽ മറ്റു ചിലത് നീണ്ട ചർച്ചകൾക്ക് ശേഷമാണ് നീക്കിയത്. എന്നാൽ അച്ചടി മാധ്യമങ്ങൾ നിയമം പാലിച്ചു അവ നല്കാതിരിക്കുമെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങൾ അവ അതിനകം നല്കുന്നതുകൊണ്ട് നീണ്ട ചർച്ചകൾ ഇവ നീക്കം ചെയ്യുന്നതിനെ അപ്രസക്തമാക്കുന്നു.

ലോക്സഭ സെക്രട്ടേറിയറ്റ് ഇത്തരം വാക്കുകളുടെ പട്ടിക നീളുന്നത് ഗൗരവമായി കാണണം. ചിലതെല്ലാം ഇക്കാലത്ത് വെറും തമാശയായേ തോന്നു. അളിയൻ എന്ന അർത്ഥമുള്ള ഹിന്ദി വാക്ക് ‘സാല’ പാർലമെന്റിൽ യോജിക്കാത്തതാണ് എന്ന് ഒരു പതിറ്റാണ്ട് മുമ്പ് തീരുമാനിച്ചിട്ടുണ്ട്. ‘ഹിറ്റ്‌ലർ, രാവണൻ, തട്ടിപ്പുകാരൻ, കോമാളി, നുണയൻ, സ്തുതിപാഠകർ, asshole, bum, ബദ്മാശ്, ബനിയ, bullshit, ചാലക്, ചംച്ച, ചോർ, പാറ്റ, വൃത്തികെട്ട കള്ളൻ, നായ, കഴുത, bitch, bloody bastard, an arse, barbarian,fool, hijras, മണ്ടൻ, മാഫിയ, കുരങ്ങൻ, കൊതുക്, my foot, മൂങ്ങ, പോക്കറ്റടിക്കാരൻ, കൂട്ടിക്കൊടുപ്പുകാരൻ, എലി, ചെകുത്താൻ, screw, shit, son of a bitch, പുഴു’ അങ്ങനെ പോകുന്നു പട്ടിക. ഇന്നത്തെക്കാലത്ത് രാഷ്ട്രീയക്കാർ പൊതുവേദികളിൽ ഉപയോഗിക്കുന്ന ഹീനമായ പ്രയോഗങ്ങൾ വെച്ചുനോക്കുമ്പോൾ ഇതിൽ പലതും മാന്യമാണ്‌.

എന്നാൽ മിക്ക എം പിമാരും ചട്ടങ്ങളൊന്നും വായിക്കാത്തതുകൊണ്ട് മാർഗരേഖകൾ പുറപ്പെടുവിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. പുതിയ സഭ ചേർന്നാലുടൻ അംഗങ്ങൾക്ക് പാർലമെന്ററി നടപടിക്രമങ്ങൾ പരിചയപ്പെടുത്താനായി ഒരു പഠന ക്ലാസ് സംഘടിപ്പിക്കും. അഞ്ചു കൊല്ലത്തിലൊരിക്കൽ നടത്തുന്ന ഈ ആചാരംകൊണ്ട് വലിയ കാര്യമൊന്നുമില്ല. അത് ഇടയ്ക്കിടയ്ക്ക് നടത്തേണ്ടതുണ്ട്.

ചർച്ചകളുടെ നിലവാരത്തകർച്ചയുടെയും മോശം പദപ്രയോഗങ്ങളുടെയും ഒരു കാരണം നമ്മുടെ രാഷ്ട്രീയത്തിലെ പുതിയ സ്വാഭാവികതയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അസാധാരണമായ ഏറ്റുമുട്ടൽ. നിർഭാഗ്യവശാൽ, പുറത്തു പരക്കുന്ന വെറുപ്പും അസഹിഷ്ണുതയും ഇപ്പോൾ പാർലമെന്റിനകത്തേക്കും പടർന്നുകയറുന്നു. വാസ്തവത്തിൽ കുറച്ചുകാലമായുള്ള പാർലമെന്റിന്റെ നിലവാരത്തകർച്ചയ്ക്ക് എല്ലാ രാഷ്ട്രീയകക്ഷികളും കുറ്റക്കാരാണ്. രാഷ്ട്രീയനേട്ടങ്ങൾക്കായി സഭാനടപടികൾ തടസപ്പെടുത്താൻ രാഷ്ട്രീയകക്ഷികൾ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെടുന്നു. ഗൗരവമായ സംവാദങ്ങളെക്കാൾ നിസ്സാരതകൾക്കും ജനാധിപത്യവിരുദ്ധമായ മിടുക്കിനും പ്രാധാന്യം നൽകുന്ന മാധ്യമങ്ങളും ഇക്കാര്യത്തിന് ഉത്തരവാദികളാണ്.

ഒരു പാർലമെന്ററി ജനാധിപത്യത്തിൽ വിദ്യാഭ്യാസ യോഗ്യത നിർബന്ധമല്ലെങ്കിലും അതിന്റെ അഭാവം അംഗങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ഉദ്യോഗസ്ഥവിഭാഗത്തിനു ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ വഴിയൊരുക്കുകയും ചെയ്യും. സാമ്പ്രദായിക മട്ടിലുള്ള വിദ്യാഭ്യാസമില്ലാത്ത ഒരു ഡസനോളം പേർക്കാണ് 2014-ൽ ബി ജെ പി സീറ്റ് നൽകിയത്. പത്തു ശതമാനം എം പിമാർ മട്രിക്കുലേറ്റ് വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഗുജറാത്തിലെ ഫതേപ്പാറയിൽ നിന്നുള്ള ബി ജെ പി എം പി ദേവ്ജിഭായ് ഗോവിന്ദഭായ്ക്ക് മൂന്നാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമേ ഉള്ളു. ഇതിന്റെ അങ്ങേത്തലയ്ക്കൽ B.A (Hons), M.A., M.A.L.D, Ph.D, D.Litt (Honorary) ആയ, ഡൽഹിയിലെ പ്രസിദ്ധമായ സെയിന്റ് സ്റ്റീഫൻസ് കോളേജ്, യു എസ് എയിലെ റ്റഫ്റ്റ്‌സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്‌കൂൾ ഓഫ് ലോ, എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി ശശി തരൂരുമുണ്ട്.

പാർലമെന്ററി നിലവാരത്തകർച്ചയ്ക്ക് വിദ്യാഭ്യാസമില്ലാത്ത, ബഹളക്കാരായ എം പിമാരെ മാത്രം കുറ്റം പറഞ്ഞുകൂട. സ്പീക്കർ, പാർലമെന്ററി കാര്യ മന്ത്രി, സെക്രട്ടറി ജനറൽ എന്നിവരും ഇക്കാര്യത്തിൽ ഉത്തരവാദികളാണ്. മുതിർന്ന ലോക്സഭാ ഉദ്യോഗസ്ഥരെ സെക്രട്ടറി ജനറലാക്കുന്ന രീതി മാറ്റി ഇപ്പോൾ ആ സ്ഥാനത്തേക്ക് ഐ എ എസുകാരെ വെക്കാനും തുടങ്ങിയിരിക്കുന്നു സർക്കാർ. പുറത്തുനിന്നുള്ളവർക്ക് സഭാരീതികളെക്കുറിച്ച് വേണ്ടത്ര പിടിപാടുണ്ടാകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാണുന്ന ദുഖകരമായ സംഗതി, പ്രതിപക്ഷത്തെ ഒച്ചവെച്ച് നിശ്ശബ്ദരാക്കാൻ കേന്ദ്രമന്ത്രിമാരടക്കം ചേരുന്നു എന്നാണ്. സഭ നിയന്ത്രിച്ചിരുന്ന വലിയ വ്യക്തിത്വങ്ങൾക്ക് എല്ലാ കോണുകളിൽ നിന്നും പിന്തുണ ലഭിച്ചിരുന്ന കാലം കഴിഞ്ഞുപോയി. പതിനാറാം ലോക്സഭയിൽ പാർലമെന്ററികാര്യ മന്ത്രിമാർക്കും സ്പീക്കർ സുമിത്ര മഹാജനും പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകാൻ സാധിച്ചില്ല. സ്പീക്കറുടെ പക്ഷപാതപരമായ നിലപാടുകളെച്ചൊല്ലി പ്രതിപക്ഷം ആരോപണമുയർത്തുന്നതുവരെയെത്തി കാര്യങ്ങൾ.

സംവാദങ്ങളിലും നിയമനിർമ്മാണത്തിലും ഗൗരവമായി പങ്കെടുക്കാനും സർക്കാരിനെ നിശിതമായി ചോദ്യം ചെയ്യാനും വിമർശിക്കാനും നിയമവശങ്ങൾ മനസിലാക്കാനും വേണ്ടത്ര വിദ്യാഭ്യാസമെങ്കിലും എം പിമാർക്കുണ്ടാകണം. അതുകൊണ്ട് ഇനിയുള്ള വോട്ടെടുപ്പ് ഘട്ടങ്ങളിലെങ്കിലും എം പിമാരെ ബുദ്ധിപൂർവം തെരഞ്ഞെടുക്കുക എന്നതാണ് വോട്ടര്‍മാര്‍ ചെയ്യേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍