വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആദ്യം മുന്നോട്ടു വരികയും പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പിന്മാറുമ്പോള്‍, അതിനെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ശരിയാണോ എന്ന് മഞ്ജുവിന് ആത്മവിമര്‍ശനം നടത്താവുന്നതാണ്
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കുന്ന വനിത മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിക്കുകയയും പിന്നീട് അതില്‍ നിന്നും പിന്മാറുകയും ചെയ്തിരിക്കുകയാണ് അഭിനേത്രി മഞ്ജു വാര്യര്‍. വനിത മതിലിനു പിന്തുണ കൊടുക്കുക വഴി ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതിനു പിന്നാലെയാണ് വനിത മതിലിന് രാഷ്ട്രീയ നിറം ഉണ്ടെന്ന പ്രസ്താവനയിലൂടെ താന്‍ ആ പരിപാടിയില്‍ നിന്നും പിന്മാറുകയാണെന്ന് മഞ്ജു അറിയിച്ചത്. ഈ പിന്മാറ്റം അവര്‍ക്ക് മറ്റൊരു വിഭാഗത്തിന്റെ വിമര്‍ശനത്തിനും കാരണമായി.
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട പ്രതിഭാധനയായ അഭിനേത്രി എന്നതിനപ്പുറം നിലപാടുകളുള്ള വ്യക്തിത്വം മഞ്ജുവിനുമേലുണ്ടായിരുന്ന വിശേഷണമായിരുന്നു. അങ്ങനെയൊരു വിശേഷണത്തിന് പൂര്‍ണമായും അര്‍ഹയാണോ മഞ്ജു എന്നതില്‍ അവരുടെ തന്നെ ചില മാറിമറിയലുകള്‍ സംശയമുണ്ടാക്കിയിട്ടുണ്ടെന്നത് പറയാതിരിക്കാനാവില്ല. അതിനൊടുവിലത്തെ ഉദ്ദാഹരണമാണ് വനിത മതിലില്‍ നിന്നുള്ള പിന്മാറ്റം. ആദ്യം വനിത മതിലിനു പിന്തുണയര്‍പ്പിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ വാചകങ്ങള്‍ നോക്കുക; നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം; എന്നുള്ള മഞ്ജുവിന്റെ നിലപാട് മറ്റാരെങ്കിലുമാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ പുറത്തു പറഞ്ഞതാണോ? ആണെങ്കില്‍ അത്രപോലും ചിന്താശേഷിയില്ലാത്ത ഒരു സ്ത്രീയാണോ മഞ്ജു വാര്യര്‍? സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി, അത് സിനിമലോകത്ത് ആണെങ്കില്‍ പോലും-വാദിച്ചൊരാള്‍. സിനിമയിലെ പുരുഷാധിപത്യത്തിന്റെ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ അവസാനത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിവയ്ക്കാനെങ്കിലും യത്‌നിച്ച വ്യക്തി. ആ നീക്കത്തിലൂടെ തന്നെയാണ് മഞ്ജുവിന് അവരുടെ കരിയറിന്റെ ആദ്യകാലത്ത് പോലും കിട്ടാതിരുന്ന സാമൂഹ്യപിന്തുണ കിട്ടുന്നത്. സ്ത്രീ മുന്നേറ്റത്തിന്റെ ശക്തയായ വക്താവായി മഞ്ജുവിനെ കണ്ടവര്‍ ഏറെയാണ്; സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ. ഇതേ സമത്വവും സ്വാതന്ത്ര്യവുമൊക്കെ സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും ലഭ്യമാകണം എന്നതാണ് വനിത മതില്‍ കൊണ്ടുള്ള ലക്ഷ്യവും, രാഷ്ട്രീയവും. അത് അറിഞ്ഞുകൊണ്ടു തന്നെയാവണം വനിത മതിലിന് പിന്തുണ കൊടുക്കാന്‍ മഞ്ജു ആദ്യം തയ്യാറായതെന്നാണ് അനുമാനം. എന്നാല്‍ പിന്നീട് നടത്തിയ പിന്മാറ്റം കാണിക്കുന്നത് അവരിലെ അവസരവാദിയെ ആണെന്നു പറഞ്ഞാല്‍ അതിനെ കണ്ണടച്ചുള്ള കുറ്റപ്പെടുത്തല്‍ ആകരുത്. ചില ഉദാഹരണങ്ങള്‍ അതിനു പിന്‍ബലവുമേകുന്നുണ്ട്.
മഞ്ജു പറയുന്നത് കലയാണ് തന്റെ രാഷ്ട്രീയം എന്നാണ്. ഈ ലോകത്ത് ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ളത് കലാകാരന്മാര്‍ ആണ്. അതിനീ കൊച്ചുകേരളത്തില്‍ തന്നെയുണ്ട് ധാരാളം ഉദാഹരണങ്ങള്‍. കലാകാരന്മാര്‍ പോരാടുന്നതും വെല്ലുവിളിക്കുന്നതും രാജ്യത്തിന്റെ ശത്രുക്കള്‍ക്കും വിരുദ്ധ താത്പര്യങ്ങള്‍ക്കുമെതിരേയാണ്. അത് രാജ്യം ഭരിക്കുന്നവനെതിരെയാകാം, അവന്‍ പിന്തുടരുന്ന സംഹിതകള്‍ക്കും നിലപാടുകള്‍ക്കുമെതിരായാകാം. കവിതയിലൂടെ, പാട്ടിലൂടെ, അഭിനയത്തിലൂടെ, കഥകളിലൂടെ, നോവലുകളിലൂടെ എല്ലാം കലാകാരന്‍ ഈ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും. തന്റെ ചുറ്റുപാടുകള്‍ സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ. എന്നാല്‍ മഞ്ജു വാര്യര്‍ പറയുന്ന, തനിക്കുണ്ടെന്നു പറയുന്ന കലയുടെ രാഷ്ട്രീയത്തെ അവസരവാദ രാഷ്ട്രീയം എന്നേ വിളിക്കാന്‍ കഴിയൂ. തന്റെ ചുറ്റുപാടുകള്‍ക്ക് ഇളക്കം സംഭവിക്കുന്ന ഒന്നിനും തന്നെ ഇതുവരെയവര്‍ മുതിര്‍ന്നിട്ടില്ല.
വനിത മതിലിനു പിന്തുണ; സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കപ്പെട്ട് മഞ്ജു വാര്യര്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, അതിനു പിന്നില്‍ ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിളിച്ചു പറയുന്ന മഞ്ജു വാര്യരെ നാം കണ്ടിട്ടുണ്ട്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ഇരയ്ക്ക് നീതി കിട്ടാന്‍ അവര്‍ ഉയര്‍ത്തിയ ശബ്ദം തന്നെയാണ് ആ കുറ്റത്തില്‍ നിന്നും രക്ഷപ്പെടുമായിരുന്ന പലരേയും കുടുക്കാന്‍ സഹായിച്ചത്. ഇന്ത്യന്‍ സിനിമലോകം തന്നെ പ്രകീര്‍ത്തിക്കും വിധം ആദ്യമായി സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഒരു വനിത കൂട്ടായ്മ (വിമന്‍ ഇന്‍ സിനിമ കളക്ടീവ്) മലയാള സിനിമയില്‍ രൂപീകരിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. മഞ്ജു പറയുന്ന കലയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു അത്. പിന്നീട് എന്ത് സംഭവിച്ചു? അവര്‍ക്കൊപ്പം നിന്നവര്‍ നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു, തൊഴില്‍ നഷ്ടപ്പെട്ടുന്നു, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുന്നു, അവഹേളിക്കപ്പെടുന്നു; ഒരു സംഘടനയെ പ്രതിനിധീകരിക്കുന്നതിന്റെ പേരിലും സിനിമയിലെ ദുഷ്പ്രവര്‍ത്തികളെ എതിര്‍ക്കുന്നതിന്റെ പേരിലും? ആ കൂട്ടത്തില്‍ പക്ഷേ മഞ്ജുവില്ല? അവര്‍ക്ക് സിനിമകളുണ്ട്, അവര്‍ക്കെതിരേ അക്ഷേപങ്ങളില്ല, അവര്‍ക്ക് ശത്രുക്കളില്ല. അവര്‍ സുരക്ഷിതയാണ്. അവരോടൊപ്പം നിന്നവര്‍ അങ്ങനെയൊരു സ്ഥിതിയില്‍ അല്ലെങ്കിലും.
തനിക്ക് സിനിമയാണ വലുത്, സിനിമ മാത്രമാണ് ജീവിതം എന്നൊക്കെയുള്ള വൈകാരികതകളില്‍ പിടിച്ച് പിന്മാറ്റം നടത്തുമ്പോള്‍, താന്‍ കൂടി ചേര്‍ന്ന് ഉയര്‍ത്തിവിട്ട ഒരു പോരാട്ടത്തെയല്ലേ അവര്‍ ഒറ്റുകൊടുക്കുന്നത്? തന്റെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അപമാനിക്കപ്പെട്ട ദിവസങ്ങളില്‍ പോലും അവരില്‍ നിന്നുണ്ടായ നിശബ്ദത, എന്തിന്റെ പേരിലായാലും എങ്ങനെയാണ് അംഗീകരിക്കാനാവുക?
വീണ്ടും വനിത മതിലിലേക്ക് വരാം. ആ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മഞ്ജുവിനെതിരേ ഉണ്ടായ സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ മുന്‍പന്തിയില്‍ സംഘപരിവാര്‍ അനുകൂലികളായിരുന്നു. വളരെ വ്യാപകമായ തരത്തില്‍ മഞ്ജുവിനെ വെല്ലുവിളിച്ചു. അവരതില്‍ ഭയന്നൂ. ആ ഭയമാണ് വനിതമതിലിന്റെ രാഷ്ട്രീയ നിറം കണ്ടെടുക്കാന്‍ അവരെ പ്രേരിപ്പിച്ചതും. മഞ്ജു പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുന്നതിനും മുന്നേ വനിത മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് കേരളം ചര്‍ച്ചയാരംഭിച്ചിരുന്നു. അത് അറിയാതെപോയത് തന്റെ അറിവില്ലായ്മ എന്നു പറയുന്ന വിനയം വെറും ബാലിശം മാത്രമാണ്. വനിത മതിലില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് എഴുതിയിരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ മഞ്ജുവിനോട് പറയാന്‍ തോന്നുന്ന ഒരുകാര്യമേയുള്ളൂ; നിഷ്പക്ഷത എന്നത് കപടതയാണ്, ഏതൊരു വിഷയത്തിലും ചേരാന്‍ ഒരു പക്ഷം കണ്ടെത്തുന്നിടത്താണ് നിങ്ങളുടെ വ്യക്തിത്വവും നിലപാടുകളും വെളിവാകുന്നത്.
മഞ്ജു വാര്യർ പിന്മാറിയത് വനിത മതിൽ ‘വർഗീയ മതിൽ’ എന്ന് തിരിച്ചറിഞ്ഞത് കൊണ്ട്: രമേശ് ചെന്നിത്തല
കലയാണ് എന്റെ രാഷ്ട്രീയം എന്നു പ്രഖ്യാപിക്കുന്ന മഞ്ജുവിനോട് തന്നെ വീണ്ടുമൊരു ചോദ്യം; കലയുടെ രാഷ്ട്രീയത്തിന് ഇവിടെ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്? കലയുടെ രാഷ്ട്രീയം കലാകാരനിലൂടെ സംഭവിക്കുന്നതാണ്. കഥയായാലും കവിതയായാലും അതിന്റെ സൃഷ്ടാവിന്റെ രാഷ്ട്രീയമാണ് ആ സൃഷ്ടികളിലൂടെ പുറത്തു വരുന്നത്. അല്ലാതെ കലയുടെ രാഷ്ട്രീയം എന്നു പറയുകയും തനിക്കൊരു രാഷ്ട്രീയവും ഇല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യരുത്. പാര്‍ട്ടി രാഷ്ട്രീയം വേണമെന്നല്ല, ആശയങ്ങളുടെ രാഷ്ട്രീയം തീര്‍ച്ചയായും ഉണ്ടായിരിക്കണം.
കലാകാരന്മാര്‍ക്കെതിരെ ഉണ്ടാകുന്ന സംഘപരിവാര്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മാക്ടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക എന്ന കര്‍ത്തവ്യം മഞ്ജു വാര്യര്‍ ചെയ്തിരുന്നൂ. അതിനു പിന്നാലെയും ഇപ്പോള്‍ വനിത മതിലിനു പിന്തുണ കൊടുത്തപ്പോള്‍ ഉണ്ടായ തരത്തില്‍ സംഘപരിവാറുകാരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്നിരുന്നു മഞ്ജു വാര്യര്‍ക്ക്. ആ ആക്രമണം ശക്തമായ സമയം തന്നെയാണ് കമലിന്റെ സംവിധാനത്തില്‍ മാധവിക്കുട്ടിയുടെ ജീവിതകഥയായ ആമിയില്‍ കഥാകാരിയുടെ വേഷം ചെയ്യാന്‍ മഞ്ജു തയ്യാറെടുക്കുന്നതും. കമലിനെതിരേയുള്ള പ്രതിഷേധം ആമിയ്‌ക്കെതിരേയും നടത്തിക്കൊണ്ടിരുന്നവര്‍ മഞ്ജുവിനെതിരേയും തിരിഞ്ഞു. അന്ന് ഒരു കലാകാരിയുടെ രാഷ്ട്രീയം അല്ല മഞ്ജു കാണിച്ചത്. മറിച്ച് തനിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന തരത്തില്‍ കീഴടങ്ങലിന്റെ രാഷ്ട്രീയമായിരുന്നു. എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം എന്നായിരുന്നു ആ കീഴടങ്ങലിനായി മഞ്ജു അംഗീകരിച്ച ഉപാധി(കലയാണ് എന്റെ രാഷ്ട്രീയം എന്ന ഇപ്പോഴത്തെ ഡയലോഗ് പോലെ). എന്റെ വ്യക്തിത്വമാണ് എന്റെ രാഷ്ട്രീയമെന്നായിരുന്നില്ല മഞ്ജു പറഞ്ഞത്, എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നായിരുന്നു. രാജ്യം, ദേശീയ ഇവയൊക്കെ ഒരു ഏകാധിപത്യവ്യവസ്ഥിതി തങ്ങളുടെ അധികാരചിഹ്നങ്ങളാക്കി മാറ്റിയിരിക്കുന്ന സഹാചര്യത്തില്‍ മഞ്ജുവിന്റെ ‘എന്റെ രാജ്യം’ പ്രസ്ഥാവനയുടെ അര്‍ത്ഥം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ! തീര്‍ന്നില്ല, താന്‍ രണ്ടു നേരം ദീപാരാധന തൊഴുന്നയാളാണെന്നും എഴുതിവച്ചു. മസ്ജിദിനും പള്ളിക്കും മുന്നില്‍ പ്രണമിക്കാറുണ്ടെന്നുമുള്ള മതേതരമുഖവും വെളിവാക്കി. ആരെയാണോ അന്ന് മഞ്ജു അനുനയിപ്പിക്കാന്‍ നോക്കിയത് അവരെ തന്നെയാണ് ഇപ്പോഴും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഈ ഭയം; അതാണ് ഫാസിസം. ഭയം ഒരിക്കലും കലയ്ക്ക് അനുഗുണമല്ല, ധൈര്യമാണ് കലയുടെ രീതി. മഞ്ജു മനസിലാക്കേണ്ട പ്രാഥമിക പാഠം അതാണ്.
വനിത മതിലില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് മഞ്ജു വാര്യരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണ്. അത് അവരുടെ സ്വാതന്ത്ര്യവുമാണ്. അതില്‍ പങ്കെടുക്കാന്‍ ആദ്യം മുന്നോട്ടു വരികയും പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പിന്മാറുമ്പോള്‍, അതിനെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ശരിയാണോ എന്ന് മഞ്ജുവിന് ആത്മവിമര്‍ശനം നടത്താവുന്നതാണ്. ഒരുപാട് പേര്‍ നിങ്ങളെ ഇഷ്ടപ്പെടുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അവരോട് ഉത്തരവാദിത്വം കാണിക്കണം.
‘ജാതി സംഘടനകളെ കൂടെ നിര്‍ത്തി എന്തു നവോത്ഥാനം’ എന്ന വി എസിന്റെ ചോദ്യത്തിലെ ചരിത്ര വിരുദ്ധത