UPDATES

ട്രെന്‍ഡിങ്ങ്

സ്‌കൂളും പൊലീസ് സ്റ്റേഷനും കഴിഞ്ഞ് ഇപ്പോള്‍ കക്കൂസും; യോഗിയുടെ കാവി പൂശല്‍ വിപ്ലവം

കക്കൂസുകള്‍ വൃത്തിയായി സൂക്ഷിക്കണം, എന്നു കരുതി വിസര്‍ജ്യം പാര്‍ട്ടി പതാകയില്‍ പൊതിയരുത്

കെ എ ആന്റണി

കെ എ ആന്റണി

ധര്‍മപുരാണം എന്ന തന്റെ നോവലില്‍ ഒ വി വിജയന്‍ മലത്തെക്കുറിച്ചു എഴുതുന്നുണ്ട്. അടിയന്തരാവസ്ഥയെയും സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുര്‍വിനിയോഗത്തെയും തെറ്റായ ഭരണകൂട നടപടികളെയും പരിഹസിക്കുന്നതിനുവേണ്ടിയാണ് വിജയന്‍ മനുഷ്യമാലിന്യത്തെ കൂട്ടുപിടിക്കുന്നത്. അല്ലാതെ മലം അത്ര മഹത്തരമായ ഒന്നാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയല്ല. എന്നാല്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ യു പി യിലെ ബിജെപി കാര്‍ക്ക് മലവും മൂത്രവുമൊക്കെ വളരെ വിശിഷ്ട വസ്തുക്കളായി മാറിയെന്നു വേണം കരുതാന്‍. അതുകൊണ്ടു തന്നെയാവുമല്ലോ അവരിപ്പോള്‍ ടോയ്‌ലെറ്റുകള്‍ക്കു കാവി പൂശാന്‍ ആരംഭിച്ചിരിക്കുന്നത്. യു പി യിലെ ഇറ്റാവ ജില്ലയിലെ അമിരിത്പൂര്‍ ഗ്രാമത്തിലാണ് മലമൂത്ര വിസര്‍ജ്ജന ഇടങ്ങളെ കാവിപുതപ്പിക്കുന്ന ഏര്‍പ്പാടിന് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 350 ടോയ്‌ലെറ്റുകളാണ് കാവി പൂശാന്‍ അമിരിത്പൂര്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന്റെ ആദ്യ പടിയെന്നോണം ഇതിനകം തന്നെ 100 ടോയ്‌ലെറ്റുകള്‍ കാവി പൂശിക്കഴിഞ്ഞുവെന്നുമാണ് കഴിഞ്ഞ ദിവസം ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോട്ട് ചെയ്തത്. യു പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജില്ല കൂടിയാണ് അമിരിത് പൂര്‍ ഗ്രാമം സ്ഥിതിചെയ്യുന്ന ഇറ്റാവ എന്നതിനാല്‍ കക്കൂസ്സിനും കാവി പൂശുന്ന രാഷ്ട്രീയ കോമാളിത്തത്തിനെതിരെ കടുത്ത പരിഹാസവുമായി അഖിലേഷ് രംഗത്ത് വന്നിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറുവടി സേനക്കാരനായ യോഗി ആദിത്യനാഥ് അധികാരം ഏറ്റെടുത്തതിനു ശേഷം യുപിയില്‍ കാവി പൂശല്‍ വിപ്ലവം പൊടിപൊടിക്കുകയാണേ്രത. നിരവധി സര്‍ക്കാര്‍ ഓഫിസുകളും സര്‍ക്കാര്‍ മന്ദിരങ്ങളും ഇതിനകം തന്നെ കാവി പുതച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് യു പി ഹജ്ജ് കമ്മിറ്റി കെട്ടടത്തിന്റെ ചുറ്റുമതില്‍ കുറുവടി സേനക്കാര്‍ കാവി പൂശിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് മതില്‍ വീണ്ടും പൂര്‍വസ്ഥിതിയില്‍ ആകേണ്ടതായും വന്നു. ഗൈസാ ബാഗിലെ ഒരു പോലീസ് സ്‌റ്റേഷന്റെ നിറം കാവിയാക്കിയതും പിലിബിത്തിലെ എണ്‍പതിലേറെ  പ്രൈമറി സ്‌കൂളുകള്‍ കാവിപൂശിയതുമൊക്കെ ഈ അടുത്ത കാലത്തു തന്നെ. കുറുവടി സേനയുടെ കാവി വിപ്ലവം സ്‌കൂളുകളുടെ കാര്യത്തിലെങ്കിലും വക വെച്ച് കൊടുക്കാന്‍ അവിടുത്തെ ജില്ല മജിസ്‌ട്രേറ്റ് തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ കാവി പുതപ്പിച്ച സ്‌കൂള്‍ ചുമരുകള്‍ വെള്ള നിരത്തിലാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

വിസര്‍ജ്യം വിശിഷ്ട വസ്തു അല്ലെങ്കിലും ടോയ്‌ലെറ്റ് വൃത്തിയായി സൂസക്ഷിക്കേണ്ടതുണ്ട്. എന്നു കരുതി ടോയ്‌ലെറ്റിന് ആരെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ നിറം തന്നെ നല്‍കുമെന്ന് തോന്നുന്നില്ല. ചുരുങ്ങിയ പക്ഷം സ്വന്തം പാര്‍ട്ടി പതാകയെ സ്‌നേഹിക്കുന്നവരെങ്കിലും. രക്തസാക്ഷികളെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ പാര്‍ട്ടി പതാക പുതപ്പിക്കാറുണ്ട് . ധീര ജവാന്മാരെ ദേശീയ പതാകയും. എന്നുകരുതി അവരുടെ വിസര്‍ജ്യത്തെ പതാകയില്‍ പൊതിഞ്ഞു ആദരിച്ചു കേട്ടിട്ടില്ല. യു പി യിലെ കാവി ഭ്രമം വളര്‍ന്നു വളര്‍ന്നു ഒടുവില്‍ ലിംഗം വരെ കാവി പൂശുന്ന അവസ്ഥ ഉണ്ടാകുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. നമ്മുടെ കേരളത്തിലും അടുത്ത കാലത്തായി ഒരു മോശം പ്രവണത സംജാതമായിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുടെ ഓഫീസുകള്‍ക്കും ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ക്കുമൊക്കെ തങ്ങളുടെ പാര്‍ട്ടിക്കോടിയുടെ നിറം പൂശുന്ന ഒരു ഏര്‍പ്പാട്. ഇതും മുളയിലേ നുള്ളേണ്ടതുതന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍