UPDATES

ദ്വിതീയ പാതിരാമണ്ണ

കാഴ്ചപ്പാട്

വേരുകള്‍

ദ്വിതീയ പാതിരാമണ്ണ

ട്രെന്‍ഡിങ്ങ്

നമ്മുടെ കുഞ്ഞുങ്ങളില്‍ നമ്മള്‍ നട്ടുവളര്‍ത്തുന്ന വിദ്വേഷ വിത്തുകള്‍

ഏതൊരു വലിയ ദുരിതവും വിപത്തും ഒരു നെടുവീർപ്പിൽ ഒതുങ്ങിപ്പോകുന്ന കാലമാണിത്.

ഏതൊരു വലിയ ദുരിതവും വിപത്തും ഒരു നെടുവീർപ്പിൽ ഒതുങ്ങിപ്പോകുന്ന കാലമാണിത്. ഞെട്ടലും തേങ്ങലും വിതുമ്പലും എല്ലാം കഴിഞ്ഞു… ഇനിമേൽ എങ്ങനെ പ്രതികരിക്കണം എന്നറിയാൻ വയ്യാതെ നിസ്സംഗതയുടെ മരവിപ്പിൽ ഒതുങ്ങിക്കൂടുക. ഇതിലും ഭയാനകമായ ഒരവസ്‌ഥ ഇനി വരാനില്ല. മനുഷ്യന്റെ എല്ലാ ആത്മനിയന്ത്രണങ്ങളും പത്തി മടക്കി വരുമ്പോൾ ഉണ്ടാവുന്ന ഒരു ഹൈ റിസ്ക്‌ സോണ്‍ ആണ് ഈ അവസ്‌ഥ. കണ്ടും കേട്ടും മടുക്കുമ്പോൾ ഇനി ഇതിൽ നിന്നൊരു രക്ഷയില്ലെന്ന് സ്വയം പരിതപിക്കുകയും ഇനി അഥവാ രക്ഷപ്പെടാൻ പഴുതുണ്ടെങ്കിലും മനസ്സിന്റെ ഈ കെട്ട് പൊട്ടിച്ചു പുറത്തു വരാൻ സാധിക്കാതെയിരിക്കുകയും ചെയ്യുന്ന “learned helplessness” എന്ന അവസ്‌ഥ. പലപ്പോഴും ഒരു ജീവൻ പൊലിയുമ്പോൾ മാത്രം കുറ്റം അടിച്ചേൽപ്പിക്കാനുള്ള ഇടങ്ങൾ മാത്രമാവുന്നു നമ്മുടെ സാമൂഹികബോധവും അടിയുറച്ച മിഥ്യാധാരണകളും.

ഈയിടെ ടിവിയിൽ കാണാൻ ഇടയായ, ഒട്ടുമിക്ക ചാനലുകളിലും ആവർത്തിച്ചു കാണിക്കുന്ന രണ്ടു പരസ്യങ്ങൾ ശ്രദ്ധയിൽ പെടുകയുണ്ടായി. അച്ഛന്റെ നരച്ച മുടി തനിക്കു മാനക്കേടാണെന്നും അതുകൊണ്ടു കൂടെ വരേണ്ടെന്നും പറയുന്ന ഒരു എട്ടോ പത്തോ വയസ്സുകാരി. അവളുടെ ‘അഭിമാനം’ കാക്കാൻ അമ്മ വളരെ വിദഗ്ധമായി ഒരു ഹെയർ ഡൈ ഉപയോഗിക്കാൻ അച്ഛനോട് ഉപദേശിക്കുന്നു. ഇതാണ് രംഗം. അച്ഛന്റെ രൂപം സമൂഹം അംഗീകരിക്കത്തക്ക വിധത്തിലാകുമ്പോൾ സ്വന്തം മകൾക്ക് ആശ്വാസമാവുകയും അച്ഛനോടുള്ള മതിപ്പു വർധിക്കുകയും ചെയ്യുമെന്നാണ് ഭാഷ്യം. ബാഹ്യസൗന്ദര്യത്തിൽ അടിയുറച്ച ഒരു സൗന്ദര്യസങ്കല്പം. അതും കുട്ടികളിലൂടെ അവതരിപ്പിക്കുമ്പോൾ, അത് കാഴ്ചക്കാരായ കുട്ടികളിലേക്ക് എന്ത് സന്ദേശമാവും നൽകുക? അത്തരത്തിലുള്ള ഒരു കുഞ്ഞു വളരുമ്പോൾ നിറത്തിന്റെയോ സ്‌ഥാനമാനങ്ങളുടെയോ സ്റ്റാറ്റസിന്റെയോ പേരിൽ വിവേചനം നടത്തിയാൽ അത് കേവലം അവരുടെ മാത്രം പ്രശ്നമായി പറയാനാകുമോ?

ഇനി മറ്റൊരു പരസ്യം ശ്രദ്ധിക്കാം. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു യുവതി അടുത്ത വീട്ടിലെ പ്രായം ചെന്ന സ്ത്രീയോട് ഇത്തിരി ഇഞ്ചി കടം ചോദിച്ചു ചെല്ലുന്നു. ജലദോഷമോ ചുമയോ എന്തോ കാരണവും പറയുന്നു. ഇഞ്ചിക്ക് പകരം ആ വൃദ്ധ ഇഞ്ചി, അശ്വഗന്ധ എന്ന് വേണ്ട എല്ലാ ഔഷധങ്ങളും നിറഞ്ഞ ചായ കൊടുക്കുന്നു. ഇഞ്ചി മാത്രം മതിയെന്ന് പറയുന്ന യുവതിയോട് താരതമ്യേന കടുത്ത സ്വരത്തിൽ തന്നെ തന്റെ സീനിയോറിറ്റിയും പരിചയസമ്പത്തും അടിച്ചേൽപ്പിക്കുന്നുണ്ട് ആ വൃദ്ധ കഥാപാത്രം. മുതിർന്നവർ പറയുന്നതിനെ ചോദ്യം ചെയ്യാതെ അനുസരിക്കാനും പ്രായത്തിൽ പക്വത വന്നെങ്കിലും സ്വന്തം തീരുമാനം എടുക്കാൻ പാകമാകാത്ത തലമുറയും എത്ര നന്നായി സർവസാധാരണമെന്നോണം അവതരിപ്പിച്ചിരിക്കുന്നു. ചോദിക്കുന്നതിനെന്തിനും ആവശ്യവും അനാവശ്യവും ഒക്കെ പറഞ്ഞു ഫലിപ്പിച്ച്, തന്റെ അഭിപ്രായം അടിച്ചേൽപ്പിക്കുന്ന വളരെ മനോഹരമായ ആചാരങ്ങൾ!

ഇനി കുട്ടികൾക്ക് മാത്രമുള്ള ചാനലിന്റെ അവസ്‌ഥ ഇതിലും കഷ്ടമാണെന്നു വേണം പറയാൻ!

കൂട്ടുകാർക്കിടയിൽ ഒരുത്തനെ മാത്രം കേന്ദ്രീകരിച്ചുള്ള ‘പാര പണിയല്‍’, ഇംഗ്ലീഷ് ഭാഷയിൽ ഉത്ഭവിച്ച കാർട്ടൂണിലെ ചേതമില്ലാത്ത വികൃതിക്കുട്ടൻ കഥാപാത്രം മലയാളീകരിച്ചപ്പോൾ ‘അവനിട്ടൊരു പണികൊടുക്കണം’ എന്ന് മന്ത്രവാക്യമോതുന്ന നല്ല അസ്സൽ മലയാളി ആയി മാറി.

പരസ്പരം ‘മണ്ടാ’… ‘തടിയാ’… ‘പൊട്ടാ’ എന്നൊക്കെ വിളിച്ചു കളിയാക്കുമ്പോൾ കുനിയുന്ന മുഖത്തേക്കാൾ തെളിച്ചത്തോടെ ആർത്തു ചിരിക്കുന്ന മുഖങ്ങൾ കുഞ്ഞുങ്ങളിലേക്കു കയറിച്ചെല്ലുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികൾ ഇരുണ്ട നിറവും പത്രാസുള്ളവർ വെളുത്തവരും!
ഇങ്ങനെ എത്രയെത്ര പറയാതെ പറച്ചിലുകൾ സമൂഹത്തിന്റെ ഭാവിയിലേക്ക് വേരുറപ്പിക്കുന്നു!
ഇതൊന്നും തിരിച്ചറിയാതെ, ഇനി അഥവാ അറിഞ്ഞാലും പ്രതികരിക്കാതെ, ഭാവിയിൽ ഉണ്ടാകുന്ന വിപത്തുകളെ പഴിചാരിയിട്ടെന്തു പ്രയോജനം!

ഇതെല്ലാം എന്ത് എന്ന് ഇനിയും കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു സത്യകഥ പറയാം. വെക്കേഷൻ ആഘോഷിക്കാൻ നഗരത്തിലെത്തിയതാണ് ഒരു കിലുക്കാംപെട്ടി അഞ്ചുവയസ്സുകാരി പെണ്ണ്. അവൾക്കു പരിചിതമല്ലാത്ത എല്ലാ അനുഭവങ്ങളും വിടർന്ന കണ്ണുകളിലെ നിഷ്കളങ്കതയിൽ അലിഞ്ഞു ചേർന്നു. അങ്ങനെ ആ ദിവസം വന്നെത്തി. തട്ടുകടയിൽ നിന്നു കഴിക്കണം. അതാണ് ആഗ്രഹം. അതും സാധിച്ചു കൊടുത്തു. വയറു നിറച്ചു ദോശയും സാമ്പാറും. എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കക്ഷിക്ക്‌ വയറു വേദന… ഛർദിക്കാനും തോന്നൽ. കാരണം അന്വേഷിച്ചപ്പോൾ മറുപടിയായി വന്നത് ഇതാണ്… “ആ തട്ടുകടയിലെ ചേച്ചി തലയിൽ മുണ്ടിട്ടിട്ടുണ്ടല്ലോ… മുസ്ലിമാണോ….”? അത് ശരി വച്ചപ്പോൾ അടുത്ത പ്രസ്താവന…”അവർക്കു വൃത്തിയുണ്ടാവില്ല… എനിക്ക് ഛർദിക്കാൻ വരുന്നു!”

ഈ വാക്കുകൾ വരുന്നത് ഒരു അഞ്ചുവയസ്സുകാരിയുടെ വായിൽ നിന്നാണ് എന്നുള്ളത് ഞെട്ടൽ ഉളവാക്കിയില്ലെങ്കിൽ… എല്ലാം കണ്ടും കേട്ടും സ്വസ്‌ഥമായി ഉറങ്ങാൻ കഴിയുന്നുണ്ടെങ്കിൽ … ധരിച്ചോളൂ… അടുത്ത ഇര നിങ്ങളാവാം… അത് വരെ ഇനിയും സ്വസ്‌ഥമായി ഹാഷ്ടാഗുകൾക്കിടയിൽ ഒളിക്കാം.

നമുക്ക് ചുറ്റുമുള്ളതിനെ പഴിചാരുന്നതിനു മുൻപ് നമുക്കുള്ളിലുള്ളതിനെ പരിശോധിക്കാം. അവനവനു വേദനിക്കുമെന്നുറപ്പുള്ള നിലപാടുകൾ, അഭിസംബോധനകൾ മറ്റുള്ളവരോടും അരുതെന്നു പഠിക്കുക പഠിപ്പിക്കുക. കുഞ്ഞുങ്ങളിലേക്ക് അവരറിയാതെ പലതും കടത്തി വിടുന്നത് നമ്മളാണെന്ന ബോധം ഉൾകൊള്ളുമ്പോൾ, നാം ഇന്ന് കാണാൻ ആഗ്രഹിക്കാത്ത എല്ലാം നമ്മൾ ഒരു നാൾ നട്ടുവളർത്തിയ വിദ്വേഷ വിത്തുകളാണെന്നു തീർച്ചയാക്കാം. അത് മനസ്സിലാക്കുന്നിടത്ത് മാറ്റത്തിന്റെ പുതിയ വാതിൽ തുറക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദ്വിതീയ പാതിരാമണ്ണ

ദ്വിതീയ പാതിരാമണ്ണ

മനഃശാസ്ത്ര വിദഗ്ദ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍