UPDATES

ട്രെന്‍ഡിങ്ങ്

അജലേഖനം അഥവ ആടെഴുത്ത്

ഈ പ്രശ്‌നത്തില്‍ രണ്ട് പരിഹാരസാധ്യതകളാണ് ഉള്ളത്

ദൈവപരിപാലനയില്‍ ഒരു വിശ്വാസിയായ ഞാന്‍, സിറോമലബാര്‍ സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും, മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും, സന്യാസിസന്യാസിനികള്‍ക്കും, സഭ മുഴുവനുമുള്ള വിശ്വാസഗണത്തിനും എഴുതുന്നത്.

സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍, വളരെ അസാധാരണവും തീര്‍ത്തും അക്രൈസ്തവവും അത്യന്തം ലജ്ജാകരമായ അധികാരവടംവലിയുടെ പരിണിതഫലമായി ഉണ്ടായതാണ്. കുര്‍ബാനക്രമത്തെ സംബന്ധിച്ചു മുന്‍പുണ്ടായിരുന്ന തര്‍ക്കം, ഈ പ്രശ്‌നത്തിന് അത്തരത്തിലുള്ള വിഭാഗീയതയുടെ ഒരു മാനവും നല്‍കി. സഭയുടെ തിരഞ്ഞെടുക്കപ്പെട്ട തലവനും, സാര്‍വത്രിക സഭയിലെ കര്‍ദിനാള്‍സംഘത്തിലെ അംഗവുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരെ സിവില്‍ നിയമങ്ങളുനുസരിച്ചു കേസെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിചേര്‍ന്നിരിക്കുകയാണ്.

എറണാകുളം അതിരൂപതയില്‍ സ്ഥലവില്പനയുമായി ബന്ധപ്പെട്ട് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നത് സഭയുടെ ഉന്നതാധികാരകേന്ദ്രങ്ങള്‍വരെ സമ്മതിച്ച ഒരു സത്യമാണ്. വീഴ്ചകള്‍ പലതും ചര്‍ച്ചകളിലൂടെയും സമയമെടുത്തും പരിഹരിക്കാവുന്നതാണ്. എന്നാല്‍ എറണാകുളം അതിരൂപതയുടെ ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ച, സിവില്‍-കാനന്‍ നിയമങ്ങളനുസരിച്ചുള്ള ഗുരുതരമായ കുറ്റമായി വ്യാഖ്യാനിക്കുന്നതും, അത്തരം വ്യാഖ്യാനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ അതിരൂപതയിലെ ചില മെത്രാന്മാരും വൈദികരും അവരുടെ ശിങ്കിടികളായ ചില അല്‍മായരും നല്‍കുന്ന വ്യാജപ്രചാരണങ്ങളും തീര്‍ത്തും തെറ്റാണ്. സഭയുടെ തലവനെ മാനസികമായി പീഡിപ്പിച്ചു പുറത്താക്കി, ആ സ്ഥാനം കൈക്കലാക്കുക എന്ന വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള, ചില അധികാര’യന്ത്ര’ങ്ങളും, അഹങ്കാരവും, സ്വാര്‍ത്ഥതയും അധികാരക്കൊതിയും ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്ന ചില ഇറക്കുമതി’ഭരണി’കളുമാണ് ഇതിന് പിന്നിലെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കൃത്യമായി ആസൂത്രണം ചെയ്തതും, അത്യന്തം വഞ്ചനാത്മകവും, ക്രിസ്തുവിന്റെയും സഭയുടെയും പഠിപ്പിക്കലുകള്‍ക്കു ഘടകവിരുദ്ധവുമാണ് ഇവയെല്ലാം എന്നത് ഏതൊരു സാധാരണ സിറോമലബാര്‍ വിശ്വാസിക്കും മനസ്സിലാക്കാവുന്ന കാര്യമാണ്.

കാര്യങ്ങള്‍ കൈവിട്ടുപോയ സ്ഥിതിക്ക് ഇനി പ്രതികരിക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും സിറോമലബാര്‍ സഭയുടെ സിനഡ് ആണ്. തെറ്റ് ചെയ്തവന്‍ ശിക്ഷക്ക് അര്‍ഹനാണ് എന്ന ഹെഗേലിയന്‍തത്വം അനുസരിച്ചു, കാനന്‍ നിയമങ്ങളുടെ നഗ്‌നലംഘനങ്ങള്‍ പലതവണ നടത്തിയ എറണാകുളം അതിരൂപതയിലെ വൈദിക ഗുണ്ടാടന്മാരെയും വട്ടോളി കേസുകളെയും, ലജ്ജാകരമായി അവര്‍ക്കു അടിമപ്പണി ചെയ്യുന്ന അല്മായരെയും, തിരശീലക്കുപിന്നില്‍ ഒളിഞ്ഞിരുന്നു ഇതിനെല്ലാം പിന്തുണ നല്‍കുന്ന ഭരണിയന്ത്രങ്ങളെയും സഭാനിയമങ്ങളനുസരിച്ചു മാതൃകാപരമായി ശിക്ഷിക്കേണ്ടത് സഭാസിനഡിന്റെ ധാര്‍മികബാധ്യതയാണ്.

അതുചെയ്യാത്തപക്ഷം, സഭയിലെ മെത്രാന്മാരുടെ കൂട്ടായ്മ, സഭയുടെ അധികാരസംവിധാനങ്ങളോടും, വിശ്വാസികളോടും, ദൈവികനീതിയുടെയും മാനുഷിക നീതിയുടെയും സാമാന്യതത്വങ്ങളോടും ചെയ്യുന്ന പൊറുക്കാനാവാത്ത അനീതിയായിരിക്കും.

അതിനാല്‍ ഈ പ്രശ്‌നത്തിന് നീതിപൂര്‍വ്വകമായ പരിഹാരം ആവശ്യമാണ്. ഈ പ്രശ്‌നത്തില്‍, അത്തരത്തിലുള്ള രണ്ട് പരിഹാരസാധ്യതകളാണ് ഉള്ളത്. ഒന്നാമതായി മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരെ മുഖംനോട്ടമില്ലാതെ സഭാനിയമനുസരിച്ചുള്ള നടപടി. അല്ലെങ്കില്‍, പ്രശ്‌നപരിഹാരത്തിനായി, വേണ്ടിവന്നാല്‍ സഭയെ വിഭജിക്കുക. എന്നുവച്ചാല്‍, എറണാകുളം രൂപതയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും വൈദികരും മേജര്‍ അര്‍ച്ചബിഷപ്പിന്റെ കീഴില്‍ സിറോ മലബാര്‍ സഭയില്‍ തുടരാനാഗ്രഹിക്കുന്നവരാകയല്‍, അവര്‍ക്കായി അങ്കമാലിയൊ പറവൂരോ കേന്ദ്രികരിച്ചു പുതിയ അതിരൂപത സ്ഥാപിക്കുക. സിറോ മലബാര്‍സഭയുടെ ആസ്ഥാനകാര്യാലയം കാക്കനാട് നിലനിര്‍ത്തിക്കൊണ്ടുതന്നെ, കുറവിലങ്ങാടോ, അങ്കമാലിയോ മേജര്‍ ആര്‍ച്ചുബിഷപിന്റെ ഭദ്രാസനവുമായി പ്രഖ്യാപിക്കുക. ബാക്കിയുള്ള ഗുണ്ടാടന്‍മാരെയും മാര്‍പാപ്പയ്‌ക്കെതിരെവരെ അഴിമതിയാരോപണം ഉയര്‍ത്തിയ അവരുടെ പിണിയാളുകളെയും ഭരണിയന്ത്രങ്ങളുടെ കീഴില്‍ സ്വതന്ത്ര സഭയാകുവാന്‍ വിട്ടുകൊടുക്കുക. പുകഞ്ഞകൊള്ളി പുറത്തുതന്നെയാണ് നല്ലത്. പല്ലില്‍ കുത്തി മണക്കുന്നതും, മണപ്പിക്കുന്നതും ചികിത്സ അടിയന്തരമായി ആവശ്യമുള്ള മാനസികരോഗം തന്നെയാണെന്നും ഈയവസരത്തില്‍ എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.

മിശിഹായില്‍ സ്‌നേഹപൂര്‍വ്വം, ഒരു സിറോ മലബാര്‍ സഭാ വിശ്വാസി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

ഡോ. ആല്‍ബര്‍ട്ട് എബ്രഹാം

അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാല

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍