UPDATES

ട്രെന്‍ഡിങ്ങ്

മാണിയുടെ പുന്നാരമോനും മനോരമയുടെ മനോഗതവും

ഏക പോംവഴി ജോസ്മോന് ഒരു സുരക്ഷിത ലോക്‌സഭ മണ്ഡലം സംഘടിപ്പിച്ചു നല്‍കുക എന്നതാണ്. മണ്ഡലവും പത്രം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസുകാരനായ എം ഐ ഷാനവാസ് പ്രതിനിധീകരിക്കുന്ന വയനാട്

കെ എ ആന്റണി

കെ എ ആന്റണി

‘മാണി ഇനി എന്തു തീരുമാനിക്കും?’ എന്ന തലക്കെട്ടില്‍ ഇന്നലത്തെ മലയാള മനോരമ പത്രത്തിന്റെ ‘കാഴ്ചപ്പാട്’ പേജില്‍ ഒരു വാര്‍ത്താ അവലോകനം ഉണ്ട്. വെറും അവലോകനം എന്നതിനപ്പുറം രാഷ്ട്രീയ നിരീക്ഷണം എന്ന പട്ടികയില്‍ തന്നെ പെടുത്തേണ്ടതുണ്ട് ഇതിനെ. അതിലേക്കു പിന്നീട് വരാം. ആദ്യം അവലോകനത്തിലേക്കു തന്നെ. ‘കെ എം മാണിയും ജോസ് കെ. മാണിയും നിറഞ്ഞുനില്‍ക്കുന്ന ബോര്‍ഡുകളും കമാനങ്ങളും കോട്ടയത്ത് ഉയര്‍ന്നുതുടങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ ആ പാര്‍ട്ടിയിലേക്കു നീളുന്നു. ഈ 14, 15, 16 തിയ്യതികളിലാണ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനം. ഇരുമുന്നണികള്‍ക്കും പുറത്തുനില്‍ക്കുന്ന, ആറ് എം എല്‍ എമാരുളള പാര്‍ട്ടി, മധ്യകേരളത്തിലെ നിര്‍ണായക ശക്തി, എടുക്കാന്‍ പോകുന്ന ഭാവി രാഷ്ട്രീയ നിലപാടെന്തെന്ന ആകാംഷയാണ്.”

വിശകലനം തുടരുക തന്നെയാണ്. വായിക്കൂ, ഇനിയും വായിക്കൂ എന്ന സ്ഥിരം മനോരമ സ്‌റ്റൈലില്‍ തന്നെ ‘ജോസിന്റെ ആരോഹണം’ മുതല്‍ ‘മുന്നണികളുടെ സമീപനം’ എന്നിടത്ത് അവസാനിക്കുന്നു വിശകലനം.

ഈ വിശകലനത്തില്‍ അഥവാ രാഷ്ട്രീയ നിരീക്ഷണത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന ഏക വികാരം പാലാക്കാരന്‍ കരിങ്കോഴക്കല്‍ മാണി മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് മറുകണ്ടം ചാടാതെ യു ഡി എഫില്‍ തന്നെ ഉറച്ചു നില്‍ക്കണം എന്നത് തന്നെയാണ്. മാണി യു ഡി എഫ് വിട്ട നാള്‍ മുതല്‍ മനോരമ കൊണ്ടുനടക്കുന്ന മനോവിഷമം മാണി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കോട്ടയത്ത് കൊടിയേറാന്‍ പോകുന്ന വേളയില്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുന്നു എന്ന് ഈ വിശകലനം വായിക്കുന്ന ആര്‍ക്കും മനസ്സിലാവും. എല്‍ ഡി എഫ് വിട്ട് യു ഡി എഫില്‍ ചേക്കേറിയ എം പി വീരേന്ദ്രകുമാര്‍ വീണ്ടും പഴയ ലാവണത്തിലേക്കു ഒളി കണ്ണെറിയുന്ന ഈ ഘട്ടത്തില്‍ മാണി കൂടി പോയാല്‍ കുഞ്ഞൂഞ്ഞും കൂട്ടരും എന്ത് ചെയ്യും എന്ന കാര്യത്തില്‍ കോട്ടയത്തിന്റെ സ്വന്തം പത്രമായ മനോരമക്ക് ഉണ്ടാകാവുന്ന ദെണ്ണം ചില്ലറയൊന്നുമല്ല. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിനൊടുവില്‍ മാണി കടുത്ത തീരുമാനങ്ങളില്‍ എത്താതിരിക്കാന്‍ നോക്കേണ്ട ബാധ്യത ന്യായമായും അവര്‍ക്കുണ്ട് താനും.

മറിച്ചെങ്ങാനും മാണി ചിന്തിച്ചുപോയാല്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒന്നൊന്നായി നിരത്തുന്നുമുണ്ട്. അതില്‍ പ്രധാനം ഔസേപ്പച്ചനും കൂട്ടരും മാണിയെയും ജോസ്മോനെയും ഇട്ടിട്ടു പോകും എന്നത് തന്നെ. ഔസേപ്പച്ചന്റെ കൂടെ മാണിയുടെ പഴയ വിശ്വസ്തന്‍ സി എഫ് തോമസ് കൂടിയുടെന്നു ഓര്‍മപ്പെടുത്തുന്നതിനൊപ്പം എല്‍ ഡി എഫിലേക്കു ചെല്ലാമെന്നു കരുതിയാല്‍ സി പി ഐ അത് സമ്മതിക്കില്ലെന്ന മുന്നറിയിപ്പും ഉണ്ട്. വി എ്‌സിന്റെ എതിര്‍പ്പില്‍ ഇനി അത്ര കാര്യമില്ലെന്നു മനസ്സിലാക്കിയതിനാല്‍ ആവണം അക്കാര്യം എവിടെയും സൂചിപ്പിച്ചിട്ടില്ല.

‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

മാണി യു ഡി എഫിലേക്കു മടങ്ങി വന്നാല്‍ പോലും ജോസ് മോന്‍ വീണ്ടും കോട്ടയത്ത് നിന്നും വിജയിക്കാന്‍ ഇടയില്ലെന്നും മനോരമക്ക് അറിയാം. സി പി എമ്മിനൊപ്പം ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചയാള്‍ ജോസ്മോന്‍ തന്നെയെന്ന കാര്യത്തില്‍ മനോരമയ്ക്ക് ലവലേശം സംശയമില്ല. അപ്പോള്‍ പിന്നെ യു ഡി എഫ് ടിക്കറ്റില്‍ കോട്ടയത്ത് മത്സരിച്ചാല്‍ അയാളുടെ കാര്യം കട്ടപ്പൊക തന്നെ. മാണിക്ക് ജോസ്മോന്‍ പുന്നാര മോന്‍ തന്നെ. പക്ഷെ കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെ ആവണമെന്നില്ലല്ലോ.

അതിനും ഒരു ഉപാധി കണ്ടുവെച്ചിട്ടുണ്ട് മനോരമ. മുസ്ലിം ലീഗിനെ ചാരിയാണ് ഈ ഉപാധി കോവണി എന്ന് മാത്രം. മലപ്പുറം , വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ ഒറ്റയ്ക്ക് തുണച്ച മാണിയെ കൈവിടാന്‍ ലീഗ് ഒരുക്കമല്ലെന്ന് മനോരമ തറപ്പിച്ചു പറയുന്നു. അതിനു പത്രം കണ്ടെത്തുന്ന ഏക പോംവഴി ജോസ്മോന് ഒരു സുരക്ഷിത ലോക്‌സഭ മണ്ഡലം സംഘടിപ്പിച്ചു നല്‍കുക എന്നതാണ്. മണ്ഡലവും പത്രം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസുകാരനായ എം ഐ ഷാനവാസ് പ്രതിനിധീകരിക്കുന്ന വയനാട്. വയനാട്ടിലെ കോണ്‍ഗ്രസുകാര്‍ക്ക് മാണിയോടോ മകനോടോ അപ്രിയം ഇല്ല. പോരെങ്കില്‍ മുസ്ലിം ലീഗിന് മോശമല്ലാത്ത വോട്ടുമുണ്ട് ആ മണ്ഡലത്തില്‍. ചുരുക്കത്തില്‍ കാര്യങ്ങള്‍ ലളിതം, ഭദ്രം. പക്ഷെ മാണി മനസ്സു വെക്കണം അത്ര മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍