UPDATES

സയന്‍സ്/ടെക്നോളജി

‘മറക്കപ്പെടാനുള്ള അവകാശം’ ഉയര്‍ത്തിക്കാട്ടി യൂറോപ്പ് ഗൂഗിളിനു മുന്നില്‍

Avatar

ആന്‍ഡ്രിയ പീറ്റേഴ്‌സന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മായ്ച്ചുകളയാന്‍ സെര്‍ച്ച് എന്‍ജിനുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുകയാണ് യൂറോപ്പ്. ഗൂഗിള്‍ ഈയിടെ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ നിലവിലുള്ള ‘മറക്കപ്പെടാനുള്ള അവകാശം’ വിനിയോഗിക്കുന്നവരാണ് ഇവിടത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിപക്ഷവും.

ഏറ്റവുമധികം ആളുകള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ സമീപിക്കുന്നത് ഫേസ്ബുക്കിനെയാണ്. സോഷ്യല്‍ അക്കൗണ്ട് സെര്‍ച്ചിങ് സര്‍വീസായ പ്രോഫൈല്‍ എന്‍ജിനാണ് രണ്ടാം സ്ഥാനത്ത്. ഗൂഗിളിന്റെ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ ഗ്രൂപ്‌സ്, യു ട്യൂബ്, ഗൂഗിള്‍ പ്ലസ് എന്നിവയും വിവരങ്ങള്‍ മറയ്ക്കാനായി ആളുകള്‍ സമീപിക്കുന്ന ആദ്യത്തെ 10 സെര്‍ച്ച് എന്‍ജിനുകളില്‍പ്പെടും. ട്വിറ്റര്‍, സോഷ്യല്‍ ഡേറ്റിങ് നെറ്റ് വര്‍ക്കായ ബഡൂ എന്നിവയാണ് മറ്റുള്ളവ. ആദ്യത്തെ 10 സൈറ്റുകളിലാണ് വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള ആവശ്യത്തിന്റെ ഒന്‍പതുശതമാനവും എത്തുന്നതെന്ന് ഗൂഗിള്‍ കണക്കുകള്‍ കാണിക്കുന്നു.

സാധാരണക്കാരില്‍ ഭൂരിപക്ഷവും അവരെപ്പറ്റിയുള്ള വിവരണങ്ങള്‍ കാണുന്നത് സമൂഹമാധ്യമങ്ങളിലാണ് എന്നതിനാല്‍ ഇത് പ്രതീക്ഷിക്കാവുന്നതു തന്നെ. സമൂഹമാധ്യമങ്ങളുടെ ഉപയോഗം വ്യാപകമാകുമ്പോഴും വ്യക്തിപരമായ വിവരങ്ങള്‍ പരസ്യമാകുന്നതില്‍ ആളുകള്‍ അത്രയധികം സന്തുഷ്ടരല്ല എന്നും ഈ കണക്ക് കാണിച്ചുതരുന്നു.

സ്വയം പോസ്റ്റ് ചെയ്യുന്നതോ മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്നതോ ആയ വ്യക്തിവിവരങ്ങള്‍ സെര്‍ച്ച് എന്‍ജിനുകളില്‍നിന്നു നീക്കാനാവശ്യപ്പെടുമ്പോള്‍  സംഭവിക്കുന്നത് ചില കാര്യങ്ങളുടെ ഒളിപ്പിക്കലാണ്. മിക്കവാറും മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളാണ് ഇങ്ങനെ നീക്കം ചെയ്യപ്പെടുന്നത്.

2014ലെ ഒരു യൂറോപ്യന്‍ കോടതിവിധിയാണ് യൂറോപ്പിലെങ്ങും ‘മറക്കാനുള്ള അവകാശം’ കൊണ്ടുവന്നത്.  അപകീര്‍ത്തിയുണ്ടാക്കുന്നതോ സ്വകാര്യതയില്‍ കടന്നുകയറുന്നതോ ആയ വിവരങ്ങളടങ്ങിയ ലിങ്കുകള്‍ പരസ്യപ്പെടുത്തുന്നതില്‍നിന്ന് സെര്‍ച്ച് എന്‍ജിനുകളെ വിലക്കാന്‍ ഉപയോക്താക്കള്‍ക്കുള്ള അവകാശത്തെ മാനിക്കണമെന്നായിരുന്നു കോടതിവിധി. ഈവിധത്തിലുള്ളതാണോ വിവരമെന്നു പരിശോധിക്കാനും അങ്ങനെയെന്നു കണ്ടാല്‍ അവ ഇല്ലാതാക്കാനും ഇപ്പോള്‍ ഗൂഗിള്‍ തുടങ്ങിയവ ബാധ്യസ്ഥരാണ്. ഇത്തരം അഭ്യര്‍ത്ഥനകളുടെ കുത്തൊഴുക്കാണിപ്പോള്‍ എന്നത് സെര്‍ച്ച് എന്‍ജിനുകളെ വിഷമത്തിലാക്കുന്നു.

ഗൂഗിള്‍തന്നെ പുറത്തുവിട്ട വിവരമനുസരിച്ച് ‘സ്വയം എഴുതിയത്’ എന്നതാണ് ഇത്തരം അഭ്യര്‍ത്ഥനകള്‍ നിരസിക്കാനുള്ള ഏറ്റവും പ്രമുഖ കാരണം. സ്വയം പോസ്റ്റിട്ട് പിന്നീട് അതു സെര്‍ച്ചില്‍നിന്നു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനെ സമീപിച്ചാല്‍ നടപ്പില്ലെന്നര്‍ത്ഥം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘മറക്കപ്പെടാനുള്ള അവകാശം’ ഉണ്ടാകുകയുമില്ല. എഴുതുന്നവര്‍ക്ക് സ്വയം മായ്ക്കാനുമാകും എന്നതാണ് ഇതിലെ ന്യായം. ഹൈജാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടുകള്‍ മാത്രമാണ് ഇതിന് അപവാദം.

ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അവരെപ്പറ്റി വരുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കിയെടുക്കാന്‍ ഒരു പരിധിവരെ യൂറോപ്യന്‍ ഉപയോക്താക്കള്‍ക്കാകുന്നു എന്നാണ് ഗൂഗിള്‍ വിവരങ്ങള്‍ കാണിക്കുന്നത്. തന്നെപ്പറ്റി സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ പറയുന്നത് കണ്ടുപിടിക്കുന്നതില്‍നിന്ന് സെര്‍ച്ച് എന്‍ജിനുകളെ വിലക്കാന്‍ യൂറോപ്പില്‍ ജീവിക്കുന്ന ഒരാള്‍ക്കു സാധിക്കുന്നു. ഈ വിവരങ്ങളൊന്നും മാഞ്ഞുപോകുന്നില്ല; അവ കണ്ടെത്തുക മറ്റുള്ളവര്‍ക്ക് എളുപ്പമാകില്ലെന്നു മാത്രം.

സമൂഹമാധ്യമങ്ങളുണ്ടാക്കുന്ന പ്രധാനസമ്മര്‍ദങ്ങളിലേക്കുള്ള വിരല്‍ചൂണ്ടിയാണിത്. മറ്റുള്ളവരുമായി വിവരങ്ങള്‍ പങ്കുവയ്ക്കല്‍ എളുപ്പമായെന്നതു ശരിതന്നെ; പക്ഷേ ആര്‍ക്കും എന്തും പരസ്യമാക്കാമെന്ന അവസ്ഥയും ഇതുകൊണ്ടുണ്ടായി. സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ വിവേകം പാലിക്കണമെന്നത് അറിവുള്ള കാര്യമാണെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. പലതിന്റെയും പരിണതി ചിന്താക്കുഴപ്പത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. ഇതാണ് ഗൂഗിളും ഫേസ്ബുക്കും പോസ്റ്റുകള്‍ ഇല്ലാതാക്കുന്നത് ലളിതമാക്കാനുള്ള കാരണം.

പോസ്റ്റുകള്‍ കാണുന്നതില്‍നിന്ന് ആളുകളെ വിലക്കാനാകുമെങ്കിലും കമന്റുകള്‍ പറയുന്നതില്‍നിന്ന് മറ്റുള്ളവരെ വിലക്കാന്‍ ആര്‍ക്കുമാകില്ല. നേരത്തെയും ആളുകള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെട്ടിരുന്നു എങ്കിലും പറഞ്ഞുപോകുന്ന കാര്യങ്ങള്‍ ഇത്രയധികം ആളുകളില്‍ എത്തുമായിരുന്നില്ല. പറച്ചിലുകള്‍ക്ക് സ്ഥിരസ്വഭാവവും ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. അതിനാല്‍ രക്ഷപെടാന്‍ ഒരു വഴിയുണ്ടെങ്കില്‍ ആളുകള്‍ അതു സ്വീകരിക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ വിവരങ്ങള്‍ കാണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍