UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താനൂരില്‍ ആക്രമണം നടത്തിയത് പോലീസെന്ന് വീട്ടമ്മമാര്‍; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

പ്രതിപക്ഷത്തെ ചിലരുടെ അസഹിഷ്ണുതയാണ് താനൂര്‍ സംഭവത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി

നിയമസഭ സമ്മേളനത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം. താനൂര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്. താനൂരില്‍ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

പെണ്‍കുട്ടികളെ അടക്കം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പിന്നീട് സ്പീക്കര്‍ ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഭരണപക്ഷം സ്പീക്കറെ വാടകയ്‌ക്കെടുത്തിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ പ്രതിപക്ഷം സ്പീക്കറെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. അധിക്ഷേപത്തെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തിന് ദുശാസന ചിരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ ചിലരുടെ അസഹിഷ്ണുതയാണ് താനൂര്‍ സംഭവത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി ലീഗ് ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇടത് സ്വതന്ത്രന്‍ വിജയിച്ചതാണ് ആ അസഹിഷ്ണുതയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്ത് ഇന്നലെയാണ് മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ആക്രമണം അഴിച്ചുവിട്ടത്. ഞായറാഴ്ച രാത്രി കല്ലേറില്‍ തുടങ്ങിയ അക്രമം ഇന്നലെ നേരിട്ടുള്ള ഏറ്റുമുട്ടലിലും വീടുകള്‍ അടിച്ചുതകര്‍ക്കലിലും തീവെപ്പിലും ചെന്നെത്തുകയായിരുന്നു.

ആളുകളെ പിന്തിരിപ്പിക്കാനായി പോലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. എന്നിട്ടും പിരിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്ന ജനക്കൂട്ടം ഇന്ന് പുലര്‍ച്ച 2.30 വരെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്ന് എംഎസ്പിക്കാരടക്കം പതിമൂന്നോളം പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. താനൂര്‍ സിഐ സി അലവി കോട്ടയ്ക്കല്‍ കൈയ്ക്കും തിരൂര്‍ സിഐ സാജു, താനൂര്‍ എസ്‌ഐ സുമേഷ് സുധാകരന്‍ എന്നിവര്‍ കാലിനും പരിക്കേറ്റ് ചികിത്സയിലാണ്.

എംഎസ്പി ബറ്റാലിയന്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ബോംബ് സ്‌ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസും ആക്രമണത്തില്‍ പങ്കാളികളായതായാണ് നാട്ടുകാര്‍ മൊഴി നല്‍കുന്നത്. ചാപ്പപ്പടി ഭാഗത്തെ ഏകദേശം മുപ്പതോളം വീടുകള്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു. ഫക്കീര്‍ പള്ളിയ്ക്ക് സമീപം മീന്‍പിടുത്തക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മൂന്‍ ചാപ്പ പൂര്‍ണമായും തീവച്ച് നശിപ്പിച്ചു. ബോട്ട് യന്ത്രങ്ങളും വലയും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് ഉണ്ടായത്. മീന്‍ പിടുത്തക്കാരുടെ രണ്ട് ലോറികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ വാഹനങ്ങളും കത്തിനശിച്ചു.

അതേസമയം പലയിടത്തും ആക്രമണം നടത്തിയത് പോലീസ് ആണെന്നാണ് ഇവിടുത്തെ വീട്ടമ്മമാര്‍ പറയുന്നത്. ചാപ്പപ്പടിയില്‍ നിന്നും ഒട്ടുംപുറത്തേക്ക് പോകുന്ന റോഡിനരികിലുള്ള മിക്ക വീടുകളിലും പോലീസ് ആക്രമണം നടത്തിയതായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പറയുന്നത്. ഈ റോഡരികിലെ വാഹനങ്ങളും വീടിന്റെ വേലികളുമെല്ലാം തകര്‍ത്തത് പോലീസ് തന്നെയാണ്. എസ് സി കോളനിയിലെ വീടുകളില്‍ നാശം വരുത്തിയതായും കുടിവെള്ളം നശിപ്പിച്ചതായും മൊഴിയില്‍ പറയുന്നു. ഒട്ടുംപുറത്ത് സംഘര്‍ഷം അഴിച്ചുവിട്ടത് രാഷ്ട്രീയക്കാരല്ലെന്നും പോലീസാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍