UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതി ഇറാനിയുടെ നുണയ്ക്ക് പ്രതിപക്ഷത്തിന്‍റെ മൌനം നല്കിയ വില

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

വേണ്ട സമയത്ത് വേണ്ട ചോദ്യം ചോദിക്കുക എന്നത് പാര്‍ലമെന്ററി ഉത്തരവാദിത്തം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. പാര്‍ലമെന്റിനകത്താകുമ്പോള്‍ ഇത് കൂടുതല്‍ പ്രധാനമാകുന്നു. പാര്‍ലമെന്റില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മന്ത്രിമാരെ നിര്‍ബന്ധിതരാക്കുക എന്ന ജോലി പ്രതിപക്ഷത്തിന്റെതാണ്.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ മൂലം രോഹിത് വെമുലയ്ക്ക് വൈദ്യസഹായം നിഷേധിക്കപ്പെട്ടെന്നും ജീവന്‍ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ലെന്നും സ്മൃതി ഇറാനി പാര്‍ലമെന്റിനോട് കള്ളം പറഞ്ഞപ്പോള്‍ മന്ത്രിയുടെ വാദം ശരിയല്ലെന്നു പറയാന്‍ ഹൈദരാബാദിലുള്ള ഒരു മെഡിക്കല്‍ ഓഫിസര്‍ വേണ്ടിവന്നു.

ബുധനാഴ്ച ഏഴുമണിക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രകടനം. പിറ്റേന്ന് രാവിലെ ഒരു ഡോക്ടര്‍ അത് തെറ്റാണെന്നു പറയുന്നതുവരെ പ്രതിപക്ഷത്തെ ഒരു നേതാവും പാര്‍ലമെന്റിലെ മന്ത്രിയുടെ വാദത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തില്ല. രാജ്യം മുഴുവന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടയാക്കിയ ഒരു സംഭവത്തിന്റെ  വിശദാംശങ്ങള്‍ പഠിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയല്ലേ?

ചില സ്ഥാപനങ്ങളില്‍ പ്രവേശനത്തിനായി ചില എംപിമാര്‍ തന്നെ സമീപിച്ചു എന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ നീരസം പ്രകടിപ്പിച്ച് പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം എന്തും വിളിച്ചുപറയാന്‍ മന്ത്രിക്ക് കളമൊരുക്കുകയായിരുന്നു. മന്ത്രി ഇത് നന്നായി പ്രയോജനപ്പെടുത്തി. പരിചയസമ്പന്നരായ പ്രതിപക്ഷ എംപിമാര്‍ക്ക് മന്ത്രിയുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടിക്കാണാനും അതിനെ പരാജയപ്പെടുത്താനും കഴിയേണ്ടിയിരുന്നില്ലേ?

ഇറങ്ങിപ്പോകുന്നതിനു പകരം മന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്യുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാല്‍ മന്ത്രിയെ എതിര്‍ക്കാനായി സഭയില്‍ തുടരാന്‍ എംപിമാര്‍ തയ്യാറായില്ല.

ഹൈദരാബാദിലും ജെഎന്‍യുവിലും നേരിട്ടുപോയി വിദ്യാര്‍ത്ഥികളുടെ വികാരം മനസിലാക്കിയെങ്കിലും സഭയില്‍ സംസാരിക്കാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധിക്കു നേരെയും ചോദ്യങ്ങള്‍ ഉയരുന്നു. ഭീകരവാദം ഊന്നിപ്പറഞ്ഞും ജെഎന്‍യു – അഫ്‌സല്‍ ഗുരു പ്രശ്‌നങ്ങളെ അതുമായി ബന്ധിപ്പിച്ചും സര്‍ക്കാര്‍ നടത്തിയ കടന്നാക്രമണമാണ് ക്യാംപസുകളില്‍ വാഗ്‌ധോരണി മുഴക്കിയ രാഹുലിനെ സഭയില്‍ നിശബ്ദനാക്കിയതെന്ന് ആരോപണമുണ്ടായി.

രാഹുല്‍ തുടര്‍ന്നും പ്രതികരിക്കാതിരുന്നതോടെ ദേശവിരുദ്ധ ലേബല്‍ കൊണ്ട് കോണ്‍ഗ്രസ് അസ്വസ്ഥമായെന്നും വിഷയം മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും തോന്നലുണ്ടായി. തര്‍ക്കത്തില്‍ പരാജയപ്പെടുമെന്ന ഭയം ഒരിക്കലും പ്രതിപക്ഷത്തെ ഒരു നേതാവിനു ചേര്‍ന്നതല്ല.

പട്ടികജാതി, പട്ടികവര്‍ഗ അദ്ധ്യാപക ഫോറവും അതിലുള്‍പ്പെട്ട അദ്ധ്യാപകരും ഇറാനിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. മന്ത്രിയുടെ ‘സ്തബ്ധരാക്കുന്ന തരം പ്രകടന’ത്തെത്തുടര്‍ന്ന് നിശബ്ദത ഭഞ്ജിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് അവര്‍ പറഞ്ഞത്.

അക്കങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യസഭയില്‍പ്പോലും മന്ത്രിയുടെ സമീപനത്തിലെ നടപടി പാളിച്ചകള്‍ കണ്ടെത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം. രോഹിത് മരിച്ച ദിവസം നടന്ന സംഭവങ്ങളെപ്പറ്റി മന്ത്രി നടത്തിയ അവകാശവാദങ്ങളെ ഖണ്ഡിക്കാന്‍ ഇവിടെയും പ്രതിപക്ഷം തയാറെടുത്തിരുന്നില്ല.

ധൈര്യപൂര്‍വം തന്റെ ഭാഗം ഉറക്കെ പറയാനും അതില്‍ ഉറച്ചുനില്‍ക്കാനും ഒരു ഡോക്ടര്‍ കാണിച്ച ആര്‍ജവം നമ്മുടെ രാജ്യത്ത് അപൂര്‍വമാണ്. ഈ സുവര്‍ണാവസരം മുതലാക്കാന്‍ പോലും പ്രതിപക്ഷത്തിനായില്ല.

രോഹിതിന്റെ മരണം അന്വേഷിക്കുന്ന സമിതിയില്‍ ഒരു ദലിത് അംഗത്തെ ഉള്‍പ്പെടുത്തുമോ എന്ന നിരന്തരചോദ്യവുമായി മന്ത്രിയെ നേരിട്ട മായാവതി ഒഴികെ മറ്റൊരു പ്രതിപക്ഷാംഗവും ഇറാനിയെ നേരിട്ട് ചോദ്യം ചെയ്തില്ല. തന്റെ മേല്‍ ഇറാനി നടത്തിയ വ്യക്തിപരമായ ആക്രമണത്തിലായിരുന്നു യെച്ചൂരിയുടെ ശ്രദ്ധ.

ഇതുവരെ ഈ പ്രശ്‌നത്തില്‍ ഇറാനിയെ നേരിട്ടതുപോലെ അര്‍ദ്ധമനസോടെ പ്രതിപക്ഷത്തിന് ഈ പോരാട്ടം തുടരാം. പ്രതിപക്ഷത്തിന്റെ ചെലവില്‍ പ്രശസ്തി നേടാന്‍ മന്ത്രിയെ സഹായിക്കാന്‍ ഇതിലും നല്ല വഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍