UPDATES

എടപ്പാടിയോടിടഞ്ഞ് പനീര്‍ശെല്‍വം; ലയനം സാധ്യമാകില്ലെന്നു സൂചന

ശശികലയോടും കുടുംബത്തോടും തന്നെയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും കൂറെന്ന് ഒപിഎസ് ക്യാമ്പ്‌
ആരോപിക്കുന്നു

അനിശ്ചിതത്വം നിലനിര്‍ത്തിക്കൊണ്ട് അണ്ണാ ഡിഎംകെ രാഷ്ട്രീയം കൂടുതല്‍ കുഴഞ്ഞു മറിയുന്നു. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൈകോര്‍ക്കുന്നു എന്ന സാഹചര്യം സൃഷ്ടിച്ചശേഷം ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു എന്നാണ്. ലയനം സാധ്യമാകില്ലെന്നും എടപ്പാടി സംഘം വഞ്ചനാപരമായ നിലപാടാണ് എടുക്കുന്നതുമെന്നുള്ള സൂചനകള്‍ വരുന്നത് ഒപിഎസ് കാമ്പില്‍ നിന്നാണ്.

ശശികലയോടും ദിനകരനോടും അനുകൂല നിലപാടാണ് ഔദ്യോഗികവിഭാഗം സ്വീകരിക്കുന്നതെന്നാണു പനീര്‍ശെല്‍വം കാമ്പ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനു കൈക്കൂലി നല്‍കാന്‍ ശ്രമിച്ചു കുടുങ്ങിയ ദിനകരനെതിരേ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ദിനകരനെതിരേ എന്ന തോന്നലുണ്ടാക്കിയ ശേഷം ശശികല കുടുംബത്തെ സഹായിക്കുന്ന നിലപാടാണു എടപ്പാടി മന്ത്രിസഭ എടുക്കുന്നതെന്ന ആരോപണമാണ് പനീര്‍ശെല്‍വം ഉയര്‍ത്തുന്നത്. ലയനവ്യവസ്ഥകള്‍ പാലിക്കാന്‍ മറുവിഭാഗം തയ്യാറാകുന്നില്ല എന്നതാണ് ഇതിന്റെ തെളിവെന്നും ഒപിഎസ് കാമ്പ് ചൂണ്ടിക്കാണിക്കുന്നു.

പളനിസാമിയും ദിനകരനും ഒറ്റക്കയ്യ് ആണെന്നും ശശികലയെ തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പളനിസാമിയും സംഘവും കരുതുന്നതെന്നും പനീര്‍ശെല്‍വം പരസ്യമായി പറഞ്ഞതോടെയാണു ലയനനീക്കം തകര്‍ച്ചയിലേക്കെന്നതിനു വ്യക്തമായ സൂചനകള്‍ കിട്ടിയത്.

ഇരുവിഭാഗങ്ങളും ലയിക്കാനുള്ള സാധ്യകള്‍ തെളിഞ്ഞത് പനീര്‍ശെല്‍വം മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് എ ഐ എ ഡി എം കെ ഔദ്യോഗികവിഭാഗം സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു. അതില്‍ ആദ്യത്തെ വ്യവസ്ഥ ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കുകയും മന്നാര്‍ഗുഡി കുടുംബത്തെ പാര്‍ട്ടിയില്‍ നിന്നും ഭരണരംഗത്തു നിന്നും പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു. പൂര്‍ണമായും ഇതുരണ്ടും നടന്നിട്ടില്ല എന്നാണ് ഒപിഎസ് പറയുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഒറ്റയടിക്കുക മാറ്റുക സാധ്യമല്ല. നിയമപരമായ നടപടിക്രമങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ മാത്രമാണ് ശശികലയെ മാറ്റാന്‍ സാധിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി വരുന്നതുവരെ ശശികലയെ ‘കടലാസില്‍ ഒതുക്കുക’ എന്ന നിര്‍ദേശമാണ് പനീര്‍ശെല്‍വം മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കുകയും പാര്‍ട്ടി ആസ്ഥാനത്തു നിന്നും ശശികലയുടെ ചിത്രങ്ങള്‍ (ഇതും ഒപിഎസിന്റെ നിര്‍ദേശമായിരുന്നു) മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനോ ദിനകരനെതിരേ കേസ് ശക്തമാക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് പുറമെ കാണിക്കുന്നതെല്ലാം നാടകമാണെന്നു ബോധ്യപ്പെടുത്തി തരികയാണെന്നും വിതമവിഭാഗം ആക്ഷേപിക്കുന്നു.
ചില ചര്‍ച്ചകളൊക്കെ നടന്നുവെങ്കിലും രണ്ടു നേതാക്കളും ഇരുദിശകളില്‍ തന്നെയാണു പോകുന്നതെന്നാണു തമിഴ് രാഷ്ട്രീയനിരീക്ഷകരും പറയുന്നത്. മേയ് അഞ്ചു മുതല്‍ പനീര്‍ശെല്‍വം ജനസംഗമം സംഘടിപ്പിക്കുകയാണ്. ഇതിലൂടെ തന്റെ നിലപാട് ഒപിഎസ് വ്യക്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലയനസാധ്യതകള്‍ തകര്‍ന്നതായി എടപ്പാടി പളനിസാമിയും സമ്മതിക്കുന്നുണ്ട്. കൂടിയാലോചനകളില്‍ ഉണ്ടായ വ്യവസ്ഥകള്‍ക്കപ്പുറം മറുവിഭാഗം പുതിയ പുതിയ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും ഇതില്‍ തങ്ങള്‍ നിരാശരാണെന്നും എടപ്പാടി വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്ക് 124 എംഎല്‍എമാരുടെ പൂര്‍ണപിന്തുണയുണ്ട്. ഭൂരിഭാഗം പാര്‍ട്ടി എംപിമാരും ഞങ്ങള്‍ക്കൊപ്പമാണ്. പാര്‍ട്ടി നേതാക്കളും ഒപ്പം തന്നെയാണ്. സര്‍ക്കാര്‍ നയിക്കുന്നതും ഞങ്ങളാണ്. അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാന്‍ താതപര്യമില്ലെങ്കില്‍ അതവിടെ അവസാനിക്കട്ടെ. ഒപിഎസ് കാമ്പിന് പല നാവാണ്. അവര്‍ ഓരോസമയത്ത് ഓരോന്നാണു പറയുന്നത്; പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എടപ്പാടി പറഞ്ഞു.

തങ്ങള്‍ അനാവശ്യമായ യാതൊരു വ്യവസ്ഥകളും മുന്നോട്ടുവച്ചിട്ടില്ലെന്നും ശശികലയേയും കുടുംബത്തെയും ഒഴിവാക്കുക എന്നതുമാത്രമാണ് വ്യവസ്ഥയെന്നും ഒപിഎസ് വിഭാഗം മറുപടി പറയുന്നു. ശശികലയേയും കുടുംബത്തേയും പാര്‍ട്ടിയില്‍ നിന്നും ഭരണതലത്തില്‍ നിന്നും ഒഴിവാക്കിയെന്നു പറയുമ്പോഴും ശശികലയ്ക്കും കുടുംബത്തിനും തന്നെയാണ് ഇപ്പോഴും പാര്‍ട്ടിയിലും ഭരണത്തിലും അധികാരമെന്നും എ ഐ എ ഡി എം കെ (അമ്മ) വിഭാഗം പറയുന്നു. ശശികലയുടെ അനന്തിരവന്റെ മരണ ചടങ്ങില്‍ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തതു തന്നെ അതിനു തെളിവാണെന്നും അമ്മ വിഭാഗം പറയുന്നു. ലയനം അവര്‍ ആഗ്രഹിക്കുന്നില്ല എന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നാണ് ഒപിഎസ് കാമ്പിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

എന്നാല്‍ ധനമന്ത്രി ഡി ജയകുമാറിന്റെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയുണ്ട്. അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. പക്ഷേ ചര്‍ച്ചകള്‍ക്കു കാലതാമസം വരുത്തുന്നത് അവരാണ്, എന്തുകൊണ്ടാണത് എന്ന് ഞങ്ങള്‍ക്കു മനസിലാകുന്നില്ല; ജയകുമാര്‍ പറയുന്നു.

ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണു മേയ് അഞ്ചിന് പനീര്‍സെല്‍വം ജനസംഗമം നടത്താന്‍ തയ്യാറാകുന്നത്. തനിക്കുള്ള ജനപിന്തുണ എല്ലാവരേയും ബോധ്യപ്പെടുത്തുക എന്നതു തന്നെയാണ് ഇങ്ങനെയൊരു നീക്കത്തിലൂടെ ഒപിഎസ് ലക്ഷ്യമിടുന്നതും. വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കമായും ഈ ജനസംഗമത്തെ പനീര്‍ശെല്‍വം കണക്കാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍