UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയ്‌ക്കെതിരെ സമരാഹ്വാനവുമായി പനീര്‍സെല്‍വം അനുകൂലികള്‍ മറീന ബീച്ചിലേക്ക്

ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമനാണ് ശശികലയ്‌ക്കെതിരായ സമരം ആഹ്വാനം ചെയ്തിരിക്കുന്നത്

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെതിരെ സമരാഹ്വാനവുമായി തമിഴ്‌നാട്ടില്‍ ഒ പനീര്‍സെല്‍വത്തിന്റെ അനുകൂലികള്‍ ചെന്നൈയിലെ മറീന ബീച്ചില്‍ സംഘടിക്കാന്‍ ഒരുങ്ങുന്നു. ഇന്ന് മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം കാവല്‍ മുഖ്യമന്ത്രിയായ പനീര്‍സെല്‍വത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ യോഗം ചേരും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പനീര്‍സെല്‍വമോ ശശികലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശശികലയ്‌ക്കെതിരെ ഒപിഎസ് അനുകൂലികളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമനാണ് ശശികലയ്‌ക്കെതിരായ സമരം ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജെല്ലിക്കെട്ട് സമരത്തിന് സമാനമായി യുവാക്കളോടും മറ്റും മറാന ബീച്ചിലെത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്.

അണ്ണാ ഡിഎംകെ ഐടി വിഭാഗം സെക്രട്ടറി ഇന്നലെ പനീര്‍സെല്‍വവുമായി ചര്‍ച്ച നടത്തിയിരുന്നു. ശശികലയ്‌ക്കെതിരായ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പനീര്‍സെല്‍വം അനുകൂലികളുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. ഇതിനിടെ അണ്ണാ ഡിഎംകെയുടെ രണ്ട് എംപിമാര്‍ കൂടി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാമക്കല്‍ എംപി പി ആര്‍ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്.

ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പനീര്‍സെല്‍വം ചൊവ്വാഴ്ചയാണ് അപ്രതീക്ഷിതമായി ശശികലയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നുവെന്നാണ് പനീര്‍സെല്‍വം വെളിപ്പെടുത്തിയത്. ജയലളിതയുടെ ആത്മാവിന്റെ പ്രേരണയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍