UPDATES

സിനിമ

മായയുടെ ഛായകള്‍

Avatar

എന്‍.രവിശങ്കര്‍

മായയെ തേടിയുള്ള മഹേന്ദ്രന്റെ യാത്രയാണ് ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ‘ഒരാള്‍പ്പൊക്കം’ എന്ന ഇനിയുമിറങ്ങാനിരിക്കുന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം. വരുന്ന തിരുവനന്തപുരം  അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഈ കഥാചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ഫ്രോഗ്’ എന്ന ചെറുചിത്രത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയ സനല്‍ കെ.ശശിധരന്‍ എന്ന നവാഗത സംവിധായകനാണ്. 

ഒരാള്‍ പൊക്കം ഒരേ സമയം പൊക്കത്തെയും ആഴത്തേയും സൂചിപ്പിക്കുന്ന വാക്കാണ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരിക്കുന്ന ഹിമാലയന്‍ മലനിരകളിലൊന്നില്‍ പൂര്‍ണ്ണ നഗ്നനായി നില്‍ക്കുന്ന മഹേന്ദ്രന്റെ ദൃശ്യത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നതു തന്നെ. അപ്പോള്‍ ആ നിമിഷത്തില്‍ മഹേന്ദ്രന്‍ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ. ”എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകള്‍ പരസ്പരം മത്സരിച്ചു തോല്‍ക്കുന്നു. എന്നെക്കാള്‍ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പില്‍ ഞാന്‍ കുഴങ്ങുന്നു. ഞാന്‍ പിളര്‍ന്ന് ഞാന്‍ തന്നെ പുറത്തുവരുന്നു.” തന്നോടു തന്നെയുള്ള നിരന്തരമായ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യന്റെ (അഥവാ പുരുഷന്റെ) അഹന്ത അനാദിയായി നിലകൊള്ളുന്ന പ്രകൃതിയുടെ (അഥവാ സ്ത്രീയുടെ) മുന്നില്‍ അലിഞ്ഞില്ലാതാവുന്നതിന്റെ കഥയും കൂടിയാണ് ‘ഒരാള്‍പ്പൊക്കം’. 

സാധാരണ നമ്മള്‍ കണ്ടുവരുന്ന തരത്തിലുള്ള ഒരു ആത്മാന്വേഷണമല്ല ഈ ചിത്രത്തിലുള്ളത്. ഇത് സ്വന്തം അസ്തിത്വത്തെ തിരയുന്ന  ഒരുവന്റെ വ്യഥയുമല്ല. ജീവിതം ദുരൂഹമായ ഒരു പ്രഹേളികയുമല്ല ഇവിടെ. കര്‍മ്മപാശത്തില്‍ കുടുങ്ങിപ്പോയ നിസ്സഹായരായ ജീവകണങ്ങളുടെ രോദനവുമല്ല. നിരവധി അടരുകള്‍ സാധ്യമാവുന്ന ഒരു ചിത്രമാണിത്. മഹി-മായ എന്നീ ഇണകളുടെ വ്യക്തിപരമായ ദുരന്തത്തിലുപരി (ദുരന്തമെന്നതും സാമ്പ്രദായിക അര്‍ത്ഥത്തില്‍ മാത്രം.) ഇത് ആത്യന്തികമായി വിരല്‍ചൂണ്ടുന്നത് മനുഷ്യസമൂഹം ആകെമൊത്തം നേരിടുന്ന/നേരിടാന്‍ പോകുന്ന ഒരു വന്‍പ്രതിസന്ധിയിലേക്കാണ്. ചിത്രത്തിന്റെ കഥ നടക്കുന്നത് കേദര്‍നാഥില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉരുള്‍പൊട്ടലിന്റെയും വെള്ളപ്പൊക്കത്തിന്റെയും  പശ്ചാത്തലത്തിലാണ് എന്നത് യാദൃശ്ചികതയല്ല.

മഹേന്ദ്രന്‍ (മഹി)/മായ എന്നിവര്‍ ഒന്നിച്ചു ചേരുന്നത് സമൂഹത്തില്‍ നടന്നുവരുന്ന ചിട്ടവട്ടങ്ങള്‍ പാലിച്ചുകൊണ്ടല്ല. രണ്ടു ദിവസത്തെ പരിചയത്തില്‍ തന്നെ അവര്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചവരാണ്. പക്ഷെ, ചില നിബന്ധനകളോടെ – കുട്ടികള്‍ ഉണ്ടാവരുത്, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ (മറ്റു പ്രണയങ്ങളുള്‍പ്പെടെ) മറ്റേയാള്‍ കൈ കടത്തരുത്. 

ഇത്തരത്തില്‍, സുഖമായി ജീവിച്ചു പോകുന്നതിനിടയിലും അവര്‍ക്കിടയില്‍ തൃപ്തിയില്ലായ്മയുടെ/ സന്തോഷമില്ലായ്മയുടെ/മടുപ്പിന്റെ കരിനിഴലുകള്‍  വീഴുന്നുണ്ട്. മുഖ്യപ്രശ്‌നം മഹിയുടേതുതന്നെ. കലശലായി വഴക്കിട്ട ഒരു ദിവസം മായ തന്റെ കാറും കൊണ്ട് താമസം മാറുന്നു. മഹി തന്റെ സ്വതന്ത്ര ജീവിതവുമായി (മദ്യവും മറ്റൊരു പെണ്ണും) മുന്നോട്ടു പോവുന്നു. എങ്കിലും ‘ആകാശം മറച്ചുനിന്ന ഒരു മരം വീഴുംപോലെയാണ് മായ കടന്നുപോയ’തെങ്കിലും ‘വിരസതയാണ് തന്റെ ജീവിതത്തിന്റെ അടിസ്ഥാനം’ എന്ന് അയാള്‍ കണ്ടെത്തുന്നു. ‘ശബ്ദങ്ങളും സ്വപ്നങ്ങളുമായി മായ ഇടയ്ക്കിടെ കടന്നുവന്നുകൊണ്ടിരുന്നു’. പുതിയ പെണ്ണിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ അയാള്‍ക്കാവുന്നില്ല. മായയുടെ നമ്പര്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത നിമിഷം അവളുടെ കോള്‍ അയാളെ തേടിയെത്തുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

സിനിമാക്കഥയല്ല കാശ്മീരിയുടെ ജീവിതം; ഹൈദര്‍ നമ്മോട് പറയുന്നത്
ടമാര്‍ പടാര്‍: അരിക് ജീവിതങ്ങളിലേക്ക് ഒരു മുഖ്യധാരാ ഇടപെടല്‍
ഒതുങ്ങാത്ത പെണ്ണ്‍; മുന്നറിയിപ്പിന്റെ ആണ്‍ രാഷ്ട്രീയം
തമിഴില്‍ ഇറങ്ങിയാല്‍ കയ്യടിക്കും; മലയാളത്തിലാണെങ്കില്‍ കല്ലെറിയും-ഹോംലി മീല്‍സ് സംവിധായകന്‍ സംസാരിക്കുന്നു
ഞാന്‍: അരങ്ങില്‍ വീണു മരിച്ച ചലച്ചിത്രം

മായ ഹിമാലയത്തിലാണ്. ‘നിജമാ ശൊന്നാ കേദാര്‍നാഥ്.’ ഹിമാലയത്തിന്റെ മലകളുടെ ഉയരം കണ്ടാണ് അവള്‍ പൊക്കമുള്ള അയാളെ വിളിക്കുന്നത്. അന്നു രാത്രി അവര്‍ ഏറെ നേരം സംസാരിക്കുന്നു. പിറ്റേ ദിവസം അയാള്‍ ഉണരുന്നത് കേദാര്‍നാഥില്‍ നടന്ന പ്രളയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്. മായയുടെ ഒരു വിവരവുമില്ല. അസ്വസ്ഥനായ അയാള്‍ യാത്രയ്‌ക്കൊരുങ്ങുന്നു. 

ഈ യാത്രയും മായയെത്തേടിയുള്ള തിരച്ചിലുകളും മെല്ലെ മെല്ലെ തന്റെ പഴയ ലോകവും പഴയ ഭാവവും പഴയ അഹന്തയും കൈവെടിഞ്ഞുള്ള പരിണാമവുമാണ് ചിത്രത്തിന്റെ ബാക്കിഭാഗം. അയാള്‍ മുംബെയ്ക്കും, ദില്ലിയ്ക്കും, ഹരിദ്വാറിലേക്കും, സോണ്‍ പ്രയാഗിലേക്കും യാത്ര ചെയ്യുന്നു. ‘തിരിച്ചറിയുമ്പോള്‍ ഒളിവിടം മാറേണ്ടിവരുന്ന കുറ്റവാളിയെപ്പോലെ’. അയാള്‍ക്കു ലക്ഷ്യമായി ഒരിടമില്ല. അല്ലെങ്കില്‍,  മായയുള്ള ഇടമാണ് അയാളുടെ ഇടം. വളരെ വൈകി മാത്രം അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവാണിത്. ”എങ്ങോട്ടു പോകുന്നുവെന്നതിലല്ല. എവിടെ നിന്നു പോകുന്നുവെന്നതിലാണ് കാര്യം.”

യാത്രയ്ക്കിടയില്‍ അയാള്‍ പലതരം മനുഷ്യനെ കാണുന്നു. ചിലര്‍ അയാളുടെ ജീപ്പില്‍ സഞ്ചരിക്കുന്നു. ”എവിടെയാണ് നിങ്ങളുടെ ആശ്രമം?” എന്നു ചോദിക്കുമ്പോള്‍ ”അറിയില്ല. അറിയില്ല. എന്നതാണ് തന്റെ ആശ്രമം” എന്ന് പറയുന്ന ഒരു സ്വാമി. സാരംഗിമീട്ടിക്കൊണ്ട്  തന്റെ ഭാഷയില്‍ എന്തോ പാടുന്ന യൂറോപ്യന്‍ യുവതി. തെഹ്‌രി അണക്കെട്ടിന്റെ വരവോടെതാന്‍ ജനിച്ച ആശുപത്രിയും, പഠിച്ച സ്‌കൂളും,  വളര്‍ന്ന വീടും ജലസമാധിയിലാണ്ടുപോയ, ‘എല്ലാം തകര്‍ന്നടിഞ്ഞു’ എന്നു വിലപിക്കുന്ന ഒരു സാധാരണക്കാരന്‍, അവിടെയും തന്റെ വിജ്ഞാനം പ്രദര്‍ശിപ്പിക്കുന്ന മലയാളിയായ ഒരു റോഡ് നിര്‍മ്മാണത്തൊഴിലാളി, അങ്ങനെ അങ്ങനെ….

ഇതിനിടയില്‍ തന്റെ ഭ്രമകല്‍പ്പനകളുടെ ഭാഗമായി അയാള്‍ മായയെ പലതവണ കണ്ടുമുട്ടുന്നുണ്ട്. അവര്‍ സംസാരിക്കുന്നുമുണ്ട്. വിറകുചുമന്നു വരുന്ന സ്ത്രീകള്‍ക്കിടയില്‍, കേടായ ബസ്സില്‍ നിന്നിറങ്ങിപ്പോകുന്ന സാധാരണ സ്ത്രീകളില്‍ ഒരുവളായി ‘ഛായ’ എന്ന സുന്ദരിപ്പെണ്ണായി, തമിഴ് സംസാരിക്കുന്ന ഒരു കിഴവന്റെ ചുമരില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന നിരവധി ഛായാചിത്രങ്ങളില്‍ ഒന്നായി, ഒടുവില്‍ പൂക്കള്‍ കൊണ്ട് മൂടപ്പെട്ട മൃതശരീരമായി, ഏറ്റവും അവസാനം നഗ്നനായ അയാളുടെ മുന്നില്‍ മാറ്റമില്ലാതെ നിലകൊള്ളുന്ന പ്രകൃതിയായി. 

അയാള്‍ക്കും മാറ്റങ്ങള്‍ സംഭവങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ”ദുരന്തങ്ങള്‍ക്ക് മുന്നില്‍ മനുഷ്യരുടെ സ്വത്വങ്ങള്‍ നഷ്ടപ്പെടുന്നു.” എന്ന് ഒരു സ്വാമി അയാളെ പഠിപ്പിക്കുന്നു. അയാളുടെ ജീപ്പ് വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. അയാളുടെ ബാഗുകള്‍ മോഷ്ടിക്കപ്പെടുന്നു. മുറുകെപിടിക്കുമ്പോള്‍ അയഞ്ഞു ചിതറുന്ന കല്‍ക്കൂമ്പാരങ്ങള്‍ പോലെ അയാളുടെ ജീവിതം കുത്തഴിഞ്ഞു പോയിരിക്കുന്നു. അയാള്‍ എന്ന അഹന്ത അയാള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

നഗരത്തിലെ പരിഷ്‌ക്കാരിയായ യുവാവില്‍ നിന്ന് അയാള്‍ കീറിപ്പറിഞ്ഞ ചെളിപുരണ്ട മലിന വസ്ത്രങ്ങള്‍ ധരിച്ച് അലഞ്ഞുതിരിയുന്ന ഒരു വൃദ്ധനായി മാറിയിരിക്കുന്നു. തമിഴ് സംസാരിക്കുന്ന കിളവനാണ് അയാളോട് കുളിച്ചിട്ടുവാ എന്ന് പറയുന്നത്. ജലത്തില്‍ മുങ്ങുന്ന അയാള്‍ വീണ്ടും യുവാവാകുന്നു. മായയെ കാണുന്നു. എല്ലാം പഴയ പോലെ. അവര്‍ ജീപ്പില്‍ സഞ്ചരിക്കുന്നു. ജീപ്പ് ഞെട്ടിക്കുലുക്കിക്കൊണ്ട് ഓടുന്നു.  ജീപ്പില്‍ നിന്ന് അതിന്റെ ഭാഗങ്ങള്‍ ഓരോന്നായി ഊരിത്തെറിക്കുന്നു. സ്റ്റെപ്പിനി, ബാഗ്, ടാര്‍പ്പോളിന്‍, പിന്‍സീറ്റ് എല്ലാം. മായ വീണ്ടും അപ്രത്യക്ഷയാവുന്നു. പകച്ചുപോയ അയാളെ ഒരാള്‍ കൊണ്ടുപോകുന്നത് വെള്ളവസ്ത്രങ്ങള്‍ ധരിച്ച  ഒരു സംഘത്തിലേക്കാണ്. അവിടെ അയാള്‍ മായയെ അവസാനമായി കാണുന്നു. ഇലകളും പൂക്കളും മൂടിയ മായ. ദലങ്ങള്‍ വകഞ്ഞുമാറ്റുമ്പോള്‍ അയാള്‍ മായയുടെ മുഖം കാണുന്നു. ”ഇതൊരു മരുഭൂമിയായിരുന്നു. ഇവിടുത്തെ എല്ലാ മരങ്ങളും നട്ടത് അവളാണ്. അവളൊരത്ഭുതം തന്നെ.”

ഈ ചിത്രം നമുക്കിടയിലേക്ക് നട്ട സനല്‍ കെ.ശശിധരന്‍ ഒരു അത്ഭുതപ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. മനോഹരമായ രചനയ്ക്ക്  അതിലും മനോഹരമായ ദൃശ്യാവിഷ്‌ക്കാരം. ഏതാണ്ട് മുഴുവനായും ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത കാശുകൊണ്ടാണ് കാഴ്ച ചലച്ചിത്ര വേദി ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ  വരവു ചെലവു കണക്കുകള്‍ (സംഭാവന നല്‍കിയ ആളുകളുടെ പേരുകള്‍ സഹിതം) നെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തികച്ചും സുതാര്യമായിട്ടാണ് ഇതിന്റെ കണക്കുകള്‍ ബോധിപ്പിച്ചിട്ടുള്ളത്. മാത്രമല്ല, സഹായിച്ച ആളുകളുടെ  പേരുവിവരങ്ങള്‍ ക്രെഡിറ്റ്, ടൈറ്റില്‍സിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. കേദാര്‍നാഥിലെ  പ്രളയത്തിനു ശേഷം ഏറെ പരിശ്രമിച്ചാണ് ചിത്രത്തിന്റെ സിംഹഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. ഹിമാലയത്തിന്റെ ഗംഭീര്യത്തെ കഥാകഥനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ ഇത്ര മനോഹരമായി ചിത്രീകരിച്ച ചിത്രങ്ങള്‍ ഏറെയുണ്ടാവില്ല. ഇന്ദ്രജിത്തിന്റെയാണ് ക്യാമറ. കൃഷ്ണനുണ്ണിയുടെയും ഹരികുമാറിന്റേയും ശബ്ദലേഖനവും മിശ്രണവും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.  ബേസില്‍ ജോസഫിന്റെ സംഗീതം മികച്ച പശ്ചാത്തല സംഗീത ശ്രമങ്ങളിലൊന്നാണ്. നിര്‍മ്മാതാവും നടനുമൊക്കെയായ പ്രകാശ്ബാരെയാണ് മഹേന്ദ്രന്‍ എന്ന കഥാപാത്രത്തെ ഏറെ മിഴിവോടെ  അവതരിപ്പിച്ചിട്ടുള്ളത്. മായ എന്ന കഥാപാത്രമായി വരുന്നത് പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ മീന കന്തസ്വാമിയാണ്. 

സനലിന്റെ ‘ഫ്രോഗ്’ എന്ന ചെറുചിത്രം കണ്ടിട്ടുള്ളവര്‍ അദ്ദേഹത്തിന്റെ ചലച്ചിത്രകലയിലുള്ള പാടവത്തെപ്പറ്റി  സംശയമൊന്നുമില്ലാത്തവരായിരിക്കും.

അത്രയ്ക്ക് സൂക്ഷ്മമായാണ് ആ ചിത്രത്തിന്റെ അവതരണം. അത് ഒട്ടും ചോരാതെ ഒരു മുഴുനീളകഥാചിത്രത്തിലേയ്ക്ക് പകര്‍ത്തിയിരിക്കുകയാണ് സനല്‍. ഒരു ലോബഡ്ജറ്റ് പടത്തിലൊതുങ്ങാത്ത ക്യാന്‍വാസാണ് ചിത്രത്തിനുള്ളത്.  മാത്രമല്ല, ഷൂട്ടിംഗ് അസാധ്യം തന്നെയാകുന്ന പ്രകൃതിയുടെ താളംതെറ്റലുകളും. ദുരന്തം വീണുകിടക്കുന്ന റോഡുകളും, മലനിരകളും. ഒരു കന്നിസംവിധായകന് കൈയിലൊതുങ്ങാത്ത ഈ ചിത്രത്തെ ഇത്രയും അഗാധമായി  നമ്മുടെ മനസ്സുകളില്‍ നടാന്‍ കഴിഞ്ഞ അദ്ദേഹം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍