UPDATES

സിനിമ

പെണ്ണിനെ തോല്‍പ്പിച്ച് ആണിനെ വിജയിപ്പിക്കുന്ന ഒരേ ഉടല്‍

Avatar

ഡി. ധനസുമോദ്

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കഥേതര വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക ചിത്രം എന്ന ബഹുമതി ആണ് ‘ഒരേ ഉടല്‍’ എന്ന ചലച്ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. സുഹൃത്ത് സജിത മഠത്തില്‍ മുഖ്യകഥാപാത്രം ചെയ്യുന്നതും ഒരു പറ്റം സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് സിനിമയ്ക്കായി പുതിയ വേദി രൂപീകരിച്ചതും ഏറെ സന്തോഷം നല്‍കി. ഡല്‍ഹി ഫിലിം ഡിവിഷനില്‍ സിനിമ കണ്ടിറങ്ങിയ ശേഷം കൂടെ നടന്ന ജെ എന്‍ യു വില്‍ നിന്നും പി എച് ഡി നേടിയ ജോണിനോട് സിനിമയുടെ രാഷ്ട്രീയം ഇഷ്ടമായോ എന്ന് ചോദിച്ചു. അതിനു എന്ത് രാഷ്ട്രീയമാണ് ഈ സിനിമയില്‍ ഉള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. ഒരേ ഉടല്‍ എന്നെ അങ്ങേയറ്റം നിരാശപ്പെടുത്തിയ കാര്യം ഞാന്‍ അവരോടു തുറന്നു പറഞ്ഞു. റേപ്പിന് വിധേയായ കന്യാസ്ത്രീ ഉദരത്തിലുള്ള ഭ്രൂണത്തെ വളരാന്‍ അനുവദിക്കുന്നതാണ് 14 മിനിറ്റ് ചിത്രത്തിന്റെ പ്രമേയം. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ബില്ലില്‍ പോലും റേപ്പിലൂടെ ശരീരത്തില്‍ അതിക്രമിച്ചു കടക്കുന്ന ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. റേപ്പിന് വിധേയയായ സ്ത്രീയെ ധ്യാനത്തിന് അയക്കണം എന്നും ‘happy conclusion,'(the accused had agreed to marry the victim), ആക്കി ഒത്തു തീര്‍ക്കണം എന്നും ഉത്തരവിടുന്ന ഹൈക്കോടതി ജഡ്ജിമാര്‍ ഉള്ള നാട്ടില്‍ സിനിമയിലൂടെ ഒരു സാമൂഹ്യമാറ്റം ആണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഭ്രൂണഹത്യ പാപമാണെന്ന സഭാസങ്കല്‍പ്പം ഉയര്‍ത്തി പിടിച്ചു കന്യാസ്ത്രീയെ അമ്മയാക്കാന്‍ പ്രാപ്തയാക്കുന്ന പ്രാര്‍ത്ഥന സഹായം ആണ് പ്രതിഫലിപ്പിക്കുന്നത്. റേപ്പിലൂടെ ഗര്‍ഭിണി ആകുന്ന നിരവധി ജീവല്‍ ഉദാഹരണങ്ങള്‍ ദളിത് ആദിവാസികള്‍ക്ക് പറയാനുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രപ്രവര്‍ത്തകന്‍ അരുണ്‍ ജനാര്‍ദ്ദനന്‍ തമിഴ്‌നാട്ടില്‍ നിന്നും എഴുതിയ ഇത്തരത്തിലെ റിപ്പോര്ട്ട് ദേശീയ തലത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ‘ഒരിക്കല്‍ ഞാന്‍ എന്റെ മകളോട് പറയും , നിന്റെ അച്ഛന്‍ ഒരു റേപിസ്‌റ് ആണെന്ന്’ മൈനര്‍ ആയിരിക്കെ ബലാല്‍സംഗത്തിന് വിധേയ പെണ്‍കുട്ടി കാണിക്കുന്ന ആര്‍ജ്ജവം പോലും ഒരേ ഉടലിലെ അന്ന കാണിക്കുന്നതെയില്ല. 

സിനിമയില്‍ ആദ്യമായിട്ടൊന്നുമല്ല ഇത്തരം വിഷയം കൈകാര്യം ചെയ്യുന്നത്. മതവും ജാതിയും മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഇതിന്റെയൊക്കെ പുറംതോട് പൊളിക്കുന്ന ചിത്രമായിരിക്കും മുന്‍ ഇന്ത്യവിഷന്‍-ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തക മുന്നോട്ടു വയ്കുന്നത് എന്ന് വെറുതെ തെറ്റിദ്ധരിച്ചു. ക്രിസ്ത്യന്‍ മതപാഠ ക്ലാസില്‍ കാണിക്കേണ്ട പടം ഗോവയിലേക്ക് കെട്ടി എടുത്തത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. 

ഭ്രൂണഹത്യയെ മഹാപാപം ആയിക്കരുതുന്ന കത്തോലിക്കാസഭ പോലും ഇപ്പോള്‍ മാറിചിന്തിക്കമ്പോഴാണ് ബലാല്‍സംഗത്തിനു വിധേയ ആകുകയാണെങ്കില്‍ കന്യാസ്ത്രീ ആയാലും പെറ്റു പോറ്റിയേ തീരുവെന്ന് ആശ ആച്ചി ജോസഫ് വാശിപിടിക്കുന്നത്.

കത്തോലിക്കന്‍ വിശ്വാസ നിയമം മുറുകെ പിടിച്ചു ഭ്രൂണഹത്യ ചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അയര്‍ലന്റില്‍ ഇന്ത്യന്‍ ഡന്റിസ്റ്റ് ആയ സവിത ഹാലപ്പനവരുടെ മരണം പാശ്ചാത്യരാജ്യത്തിന്റെ കണ്ണ് തുറപ്പിച്ചു. കര്‍ശനമായ മത തത്വം അടിച്ചേല്‍പ്പിച്ചു ഭ്രൂണഹത്യയ്ക്ക് അനുവദിക്കാതിരിക്കുന്നതു സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനം ആണെന്നും കോടതി കണ്ടെത്തി. മതപ്രമാണങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഐറിഷ് ഭരണഘടന നിലനില്‍ക്കുന്നതിനാലാണ് വൈദ്യശാസ്ത്രപരമായ അത്യാവശ്യമായിട്ടു പോലും സവിതയുടെ ഭ്രൂണഹത്യയ്ക്ക് 2012 അനുമതി നിഷേധിച്ചത്. മതം മാറ്റിവച്ചു മനുഷ്യനെ പരിഗണിക്കണമായിരുന്നു എന്നാണ് ഐറിഷ് കോടതി പോലും ഇപ്പോള്‍ പറയുന്നത്. പാശ്ചാത്യ മാധ്യമങ്ങളും ജൂഡിഷ്യറിയും ഈ വാര്‍ത്തയെ ആഘോഷിച്ച ചരിത്ര സാഹചര്യത്തില്‍ തന്നെ ആണ് ‘ഒരേ ഉടല്‍’ കേരളത്തിന്റെ ശബ്ദമായി ഗോവയില്‍ അരങ്ങേറിയത്. സിനിമയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് പ്രവണതകളും ആദിപാപത്തിന്റെ ഭയം പുരണ്ട മത ചിന്തകളും കാണാതെ പോകരുത്.

ഫാസിസത്തിന്റെ മണ്ണില്‍ മറ്റെല്ലാത്തരം ഫാസിസ്റ്റ് ചിന്തകള്‍ക്കും വളക്കൂറുണ്ട്. കാരണം ഫസിസം എതിര്‍ക്കുന്നത് സ്വതന്ത്ര ചിന്തയും ജനാധിപത്യത്തെയുമാണ്. അതിനാലാണ് കാന്തപുരത്തിന്റെയും വെള്ളാപ്പള്ളിയുടെയും മതബോധം മറ്റൊരിക്കലും ഇല്ലാത്ത വിധം മോദിയുടെ ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്നത്. സ്ത്രീക്ക് മേല്‍ പരമ്പരാഗത മതം അടിച്ചേല്‍പ്പിച്ച കെട്ടുമാറാപ്പുകളെ അതിലംഘിക്കുന്ന ഒരു ചിത്രം എന്ന വ്യാജേന ആണ് ‘ഒരേ ഉടല്‍’ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സംവിധായക തന്നെ നിര്‍ദയം ‘ഇര’യെ ലേബര്‍ റൂമിലേക്ക് തള്ളിവിടുമ്പോള്‍ മതവും പുരുഷാധിപത്യവും വിജയം പങ്കിട്ടെടുക്കുന്നു.

അവാര്‍ഡിനു പറ്റിയ ചേരുവകള്‍ മാത്രം ചേരുംപടി ചേര്‍ത്ത ഈ 14 മിനിട്ട് ചിത്രം അത് ലക്ഷ്യമിട്ട വേദികളിലെത്തിയെന്നതില്‍ സംവിധായികയ്ക്ക് ആശ്വസിക്കാം. നല്ല ക്രിസ്തീയ സിനിമക്കുളള സഭാപുരസ്‌കാരങ്ങള്‍ക്കും ഈ ചിത്രം അയച്ചുകൊടുക്കാവുന്നതാണ്. എന്നാല്‍ അവാര്‍ഡ് ജാഡകളൊന്നും ലക്ഷ്യം വയ്ക്കാതെ പരിമിതസൗകര്യങ്ങളോടെ പുതുതലമുറയിലെ ചെറുപ്പക്കാര്‍ നിര്‍മ്മിക്കുന്ന നിരവധി മലയാളം ഷോര്‍ട് ഫിലിമുകള്‍ യു ടൂബില്‍ ധാരാളമായുണ്ട്. അവയില്‍ മുക്കാല്‍ പങ്കും പുതിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതും ആഖ്യാനത്തില്‍ പുതുമകള്‍ ഉളളതുമാണ്. ആശക്ക് കിട്ടിയപോലൊരു പ്രൊഡക്ഷന്‍ സപ്പോര്‍ട്ടും സെലിബ്രിറ്റി പാര്‍ട്ടിസിപ്പേഷനും പി.ആര്‍ വര്‍ക്കും ഇവയ്ക്കു കൂടി ലഭിച്ചിരുന്നെങ്കില്‍ ആ ചിത്രങ്ങള്‍ യൂടൂബില്‍ മാത്രം ഒടുങ്ങില്ലായിരുന്നു.

സജിയുടെ ക്യാമറയും കിട്ടിയ വേഷത്തിലെ സജിതയുടെ അഭിനയവും നന്നായി. കന്നി ചിത്രത്തില്‍ എസ് .എച്ച് കോളേജിലെ ജേര്‍ണലിസം വിദ്യാര്‍ഥികളും അവരുടെ ഭാഗം മികവുറ്റതാക്കി എന്ന് പറയാതെ വയ്യ.

(ടി വി ന്യൂ വാർത്താചാനലിലെ ന്യൂസ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍