UPDATES

മരണം മുഖാമുഖം കണ്ടിരിക്കുന്നവരോട് ‘സ്വന്തം ചോര’യുടെ ശുദ്ധി പ്രസംഗിക്കരുത്

Avatar

സി.ടി. അബ്ദുറഹീം

മരിച്ചവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച് ജീവിച്ചിരിക്കുന്ന രോഗികളുടെ രോഗം ഭേദമാക്കാനും ദുരിതം കുറയ്ക്കാനും ആയുസ്സു വര്‍ദ്ധിപ്പിക്കാനും പ്രയോജനപ്പെടുന്ന അവയവദാനം നമ്മുടെ സാമൂഹികവും ധാര്‍മ്മികവുമായ മൂല്യബോധത്തെ ഉദ്ബുദ്ധമാക്കുന്നു. പക്ഷേ, അവയവദാനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും താല്പര്യങ്ങളും ഇത്തരം മൂല്യബോധത്തെ തകര്‍ക്കുന്ന തരത്തിലാണ്.

 

സ്വന്തം കിഡ്‌നി വിറ്റുകിട്ടുന്ന പണംകൊണ്ട് ദാരിദ്ര്യം തീര്‍ക്കുന്ന സാധുക്കളെക്കുറിച്ചുള്ള കഥകളോ, ആദിവാസികളടക്കമുള്ളവരെ കബളിപ്പിച്ചും ദുര്‍ബ്ബലരെ ബലംപ്രയോഗിച്ചും ശരീരാവയവങ്ങള്‍ തട്ടിയെടുക്കുന്ന റാക്കറ്റുകളെക്കുറിച്ചുള്ള ഭീതിജനകമായ പത്രറിപ്പോര്‍ട്ടുകളോ ആണ് അവയവദാനത്തിന്റെ ഒരു മുഖം. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സമ്പന്നര്‍ സ്വന്തം ജീവന്‍ ദരിദ്രന്റെ ജീവനെക്കാള്‍ വിലപ്പെട്ടതായി കാണുന്ന അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ഗുരുതരമാണ്. പാശ്ചാത്യനാടുകളിലും സൌദി അറേബ്യ, ഇറാന്‍, കുവൈത്ത്, യുഎഇ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലും അവയവം മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ വ്യാപകമായി നടക്കുന്നു. ഇറാനില്‍ വ്യവസ്ഥാപിതമായും കാലതാമസം കൂടാതെയും അവയവമാറ്റം നടത്താനുള്ള സര്‍ക്കാര്‍ സംവിധാനമുണ്ട്. ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വിരളമായി മാത്രം നടക്കുന്നതിന്റെ പ്രധാന കാരണം സാമ്പത്തികമാണ്.

അവയവദാനവുമായി ബന്ധപ്പെട്ട് ഒരു റാക്കറ്റ് ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അതിനു പ്രധാന കാരണം അവയവദൗര്‍ലഭ്യമാണ്. അവയവമാറ്റത്തെക്കുറിച്ച് കാര്യമായ അവബോധം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുമില്ല. അതുകൊണ്ടാണ് റോഡ് അപകടങ്ങളില്‍ പെട്ടൊക്കെ മസ്തിഷ്‌കമരണങ്ങള്‍ വളരെ കൂടിയ നിരക്കില്‍ സംഭവിക്കുന്നുണ്ടായിട്ടും അവയവമാറ്റം ഇവിടെ അപൂര്‍വ്വമായിത്തീര്‍ന്നത്. ഈ അവസ്ഥ മുതലെടുത്ത് റാക്കറ്റുകള്‍ പാവപ്പെട്ടവരെ ശാരീരികമായും സമ്പന്നരെ സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. അവയവദാനത്തില്‍ താല്പര്യം ഉണര്‍ത്തുന്നതോടൊപ്പം സുതാര്യതയുമുണ്ടായാല്‍ ഇത്തരം മാഫിയകളെ അകറ്റാനാവും. സമൂഹഭാവിയെക്കുറിച്ച് ആലോചിക്കുന്നവര്‍ ജനസാമാന്യത്തിന് കൂടുതലായി പ്രയോജനപ്പെടുംവിധം ചികിത്സാവിധികളെ പരമാവധി വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ അവയവദാനത്തിന്റെ ആത്മീയവും ധാര്‍മ്മികവുമായ വശങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും ഞാന്‍ വിചാരിക്കുന്നു.

അവയവദാനത്തില്‍നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? പ്രധാനപ്രശ്‌നം സാമൂഹികമാണ്. ജാതീയമായി വിഭജിക്കപ്പെട്ട, ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ സമൂഹം ശരീരത്തെ കേന്ദ്രസ്ഥാനത്ത് കാണുന്നു. ജാതിയെക്കുറിക്കുന്ന Caste എന്ന വാക്ക് ശുദ്ധിയുള്ള, വേര്‍തിരിച്ച, മാറ്റിവെച്ച എന്നൊക്കെ അര്‍ത്ഥമുള്ള Castus എന്ന പോര്‍ച്ചുഗീസ് വാക്കില്‍ നിന്നാണ് ഉണ്ടായത്. മതപരമായ അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായി സംഘാടനം ചെയ്ത ഒരു സമൂഹമായിരുന്നു ഇന്ത്യയിലെ ജാതിസമുദായങ്ങള്‍ (പിന്നീട് ഇത് ഇന്ത്യയിലെ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളിലും കടന്നുവരുന്നത് നാം കാണുന്നു). ജാതിയനുസരിച്ച് ഒരു വിഭാഗം മനുഷ്യരുടെ ശരീരം മറ്റുള്ളവരുടെ ശരീരത്തെക്കാള്‍ ‘ശുദ്ധ’മാണെങ്കില്‍ ശരീരാവയവം ജാതി നോക്കാതെ മാറ്റിവെയ്ക്കുന്നത്, ജാതിചിന്തയ്ക്ക് അസഹനീയമായിരിക്കും. നവോത്ഥാനചിന്തകളും ആധുനിക പ്രസ്ഥാനങ്ങളും പല പേരുകളില്‍ വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നിട്ടും ‘പുണ്യശരീ’രത്തെയും ‘അശുദ്ധശരീര’ത്തെയും സംബന്ധിച്ച നമ്മുടെ ധാരണകള്‍ക്ക് എന്തെങ്കിലും ഉടവുതട്ടിയോ എന്ന് ആലോചിക്കേണ്ടതാണ്. ഇത്തരം ശരീരഭീതികള്‍ പുലരുന്ന ഒരു സമൂഹത്തില്‍ അവയവദാനം ശ്രമകരമാണ്. അവയവദാനത്തിനുള്ള അവബോധം സാമൂഹിക പ്രശ്‌നമായി മാറുന്നത് ഇവിടെയാണ്. സമത്വബോധമില്ലാതെ നമുക്ക് ഈ വിഷയത്തെ മാനവികതയുടെ പ്രശ്‌നമാക്കി മാറ്റാനാവില്ല.

 

മറ്റൊരു പ്രശ്‌നം വൈകാരികമാണ്. ‘സ്വന്തം ചോര’, ‘ആര്യരക്തം’ തുടങ്ങിയ വൈകാരിക ശൈലികള്‍ക്ക് സ്വാധീനമുള്ള ജനതകളില്‍ രക്തദാനത്തെയും അവയവദാനത്തെയും കുടുംബശുദ്ധിയെയോ വംശശുദ്ധിയെയോ ഒറ്റിക്കൊടുക്കുന്നതായിപ്പോലും വ്യാഖ്യാനിക്കാന്‍ ഇടയായേക്കും. ജീനുകളിലും ശരീരവ്യവസ്ഥയിലും ഉള്ള സാജാത്യങ്ങളെ അംഗീകരിക്കുന്നതിനപ്പുറം ‘കുടുംബശുദ്ധി’യെക്കുറിച്ചും ‘വംശശുദ്ധി’യെക്കുറിച്ചുമുള്ള അഹംബോധം ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല. എന്നിട്ടും അത് നിലനില്‍ക്കുന്നു എന്നത് ‘തറവാടിത്തഘോഷണ’ക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതുകൊണ്ട് തന്നെയാണ്. മാതാവോ പിതാവോ ജീവശാസ്ത്രപരമായ ഒരു വിഭാഗം മാത്രമാണെന്ന് ആരും പറയുകയോ വിചാരിക്കുകയോ ചെയ്യുന്നില്ല. അവര്‍ അംഗീകരിക്കപ്പെടുന്നത് ശ്രദ്ധയുടെയും സ്‌നേഹപരിപാലനത്തിന്റെയും പേരിലാണ്. മരണത്തിനു മുഖാമുഖം നില്‍ക്കുന്ന ഒരാളോട് രക്തശുദ്ധിയെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണ്. 

വിശ്വാസസംബന്ധമായ തടസ്സവാദങ്ങളാണ് മറ്റൊന്ന്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ മതവിശ്വാസവുമായി ബന്ധിപ്പിക്കുന്ന കാഴ്ച ലോകചരിത്രത്തില്‍ സുലഭമാണ്. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനു ചുട്ടുകൊന്ന ബ്രൂണോയുടെയും ഭൗതികശാസ്ത്രനിഗമനങ്ങള്‍ക്കു മതകോടതിയില്‍ വിചാരണ നേരിട്ട ഗലീലിയോയുടെയും ചരിത്രത്തിന്റെ തുടര്‍ച്ച ക്ലോണിംഗ് കാലഘട്ടത്തിലും വിവിധ മതങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രം ഒരുപകരണമാണെന്നു തിരിച്ചറിയാത്ത ശാസ്ത്രജ്ഞരും മതം ഒരു ആത്മീയ ധാര്‍മ്മിക സമുച്ചയമാണെന്നു അംഗീകരിക്കാത്ത പുരോഹിതരും ചേര്‍ന്ന് ഈ പ്രശ്‌നത്തെ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.

ഇസ്ലാംമതത്തിന്റെ കാര്യമെടുക്കാം: ഒരാള്‍ക്ക് ജീവന്‍ നല്‍കിയവന്‍ മാനവ കുലത്തിനാകെ ജീവന്‍ നല്‍കിയവനെപോലെയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ (5:32) പറയുന്നു. ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ത്തന്നെ അവയവദാനത്തെ ഇസ്ലാം അംഗീകരിക്കുന്നു എന്നു ബോധ്യമാവും. അവയവദാനംപോലെയുള്ള ഒട്ടേറെ പുതിയ പ്രശ്‌നങ്ങള്‍ ശാസ്ത്രത്തിന്റെയും നാഗരിക വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ പുതുതായി രൂപംകൊണ്ടിരിക്കുന്നു. മുന്‍കാലപണ്ഡിതരുടെ ആലോചനകള്‍ക്ക് വിധേയമാവാത്ത പ്രശ്‌നങ്ങളാണവ. അതുകൊണ്ടുതന്നെ പൂര്‍വ്വിക കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ അവയെക്കുറിച്ചുള്ള മതവിധി കാണുക സാധ്യമല്ല. അത്തരം വിഷയങ്ങളെക്കുറിച്ച് ഓരോ കാലഘട്ടത്തിലെയും പണ്ഡിതര്‍ ഗവേഷണം നടത്തി അഭിപ്രായം രൂപീകരിക്കുകയാണ് ചെയ്യുന്നത്.

 

അവയവദാനത്തെക്കുറിച്ചും മറ്റും ഈ മട്ടിലുള്ള ആലോചനകള്‍ ഇന്ന് പണ്ഡിതലോകത്ത് നടന്നുവരികയാണ്. ‘ഇസ്ലാമിക ഫിഖ്ഹ് കൗണ്‍സില്‍’ (മുസ്ലിം മതപണ്ഡിതസഭ) 1988 ഫെബ്രുവരി 6 മുതല്‍ 11 വരെ ജിദ്ദയില്‍ സമ്മേളിക്കുകയും നിരന്തരമായ ആലോചനയ്ക്കുശേഷം അവയവദാനം അടിസ്ഥാനപരമായി അംഗീകരിച്ചുകൊണ്ട് മതവിധി പുറപ്പെടുവിക്കുകയും ചെയ്തത് ഉദാഹരണം. 1995-ല്‍ ഇംഗ്ലണ്ടിലെ മുസ്ലിം ശരിഅ:കൗണ്‍സിലും ഈ വിഷയത്തില്‍ പ്രോത്സാഹനപരമായ ഒരു വിധി നല്‍കുകയുണ്ടായി. അന്യമതസ്ഥരുടെ അവയവം സ്വീകരിക്കാന്‍ പാടുണ്ടോ എന്നൊരു ചോദ്യം പല സമുദായ മനസ്സുകളിലും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം വൃക്ക ഹിന്ദുവിനോ ഹിന്ദു ഹൃദയം കൃസ്ത്യാനിക്കോ മാറ്റിവെയ്ക്കാമോ എന്ന ചോദ്യത്തിന് സ്വീകര്‍ത്താവിന്റെ ശരീരം സ്വീകരിക്കുന്ന ഏതവയവവും ആരിലേക്കും മാറ്റം ചെയ്യാമെന്നാണ് ഉത്തരം. കാരണം, വിശ്വാസം മനസ്സിന്റെ കാര്യമാണ്. മനസ്സുകൊണ്ടും വിശ്വാസംകൊണ്ടുമാണ് ഒരാള്‍ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ ആവുന്നത്. മനസ്സ് മാറ്റിവെയ്ക്കാന്‍ മെഡിക്കല്‍ സയന്‍സിന് കഴിയാത്ത കാലത്തോളം വിശ്വാസത്തെ അത് വെല്ലുവിളിക്കുന്നില്ല.

 

വര്‍ഗ്ഗീയതയെ അകറ്റി, പരസ്പരസ്‌നേഹത്തിന്റെ വഴി എളുപ്പമാക്കാന്‍ കൂടി അവയവദാനം സഹായകമാവും. മരണാനന്തരജീവിതം ഇസ്ലാമികവിശ്വാസത്തിന്റെയും ജൂത, ക്രൈസ്തവമതങ്ങളുടെയും പ്രധാന ഘടകമാണ്. അവയവദാനം ചെയ്ത വ്യക്തി പുനരുജ്ജീവിപ്പിക്കപ്പെടുന്നത് അംഗഭംഗം വന്ന ശരീരത്തോടെയാവുമെന്ന് ചിലര്‍ ഭയപ്പെടുന്നുവത്രെ. ശരീരം മണ്ണോട് ലയിച്ചുചേരുന്ന ഭൗതികമായ രൂപഘടന മാത്രമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭൗതികശരീരം കാലാതിവര്‍ത്തിയല്ല. ശൈശവ-ബാല്യ- വാര്‍ദ്ധക്യങ്ങളിലൂടെ നശിച്ചുപോവുന്ന ഒരു മാധ്യമം മാത്രമാണത്. കാലംതന്നെയില്ലാത്ത നിത്യതയാണ് പരലോകജീവിതം എന്ന് വിശ്വസിക്കുന്നവര്‍ താല്‍ക്കാലികമായ ശരീരമെന്ന ജഡരൂപത്തെക്കുറിച്ച് ആകുലപ്പെടുന്നത് നിരര്‍ത്ഥമല്ലേ! ഒരു ജനത എന്ന നിലയ്ക്ക് ചരിത്രപരമായ ജീര്‍ണ്ണതകളില്‍ നിന്നു മോചിതമാവാനും സമൂഹനന്മക്ക്‌വേണ്ടി പ്രവര്‍ത്തിക്കാനും വിശ്വാസത്തെ ക്രിയാത്മകമായി ഉപയോഗിക്കാനും അവയവദാനത്തിന് സാധിക്കും.

(ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ മുഖ്യശില്‍പ്പിയാണ് സി ടി അബ്ദുറഹീം)

 

അഴിമുഖം പ്രസിദ്ധീകരിച്ച സി.ടി അബ്ദുറഹീമിന്റെ മറ്റൊരു ലേഖനംഅമുസ്ലീങ്ങള്‍ക്കും സകാത്ത് നല്‍കണം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍