UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനിവാസനും കഞ്ഞിക്കുഴിയും; ചില വിഷമില്ലാത്ത ഓണക്കാര്യങ്ങള്‍

Avatar

രാകേഷ് നായര്‍

മായം മലയാളിയെ വിഴുങ്ങുന്നതിന് മുമ്പ്…പുരയിടത്തിലെ തെങ്ങില്‍ നിന്നിട്ട തേങ്ങ വെട്ടിയുണക്കി ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍, പറമ്പില്‍ നട്ടുനനച്ചുവളര്‍ത്തി വിളയിച്ച നേന്ത്രക്കുലയുടെ പച്ചക്കായകള്‍ അരിഞ്ഞിട്ട് വറുത്തെടുത്ത ഉപ്പേരി കൊറിച്ചു നടന്നൊരു കാലമുണ്ടായിരുന്നു മലയാളിക്ക്…പിന്നെയെപ്പോഴോ മലയാളിക്ക് അവന്‍ അതുവരെ ആസ്വദിച്ചിരുന്ന രുചി നഷ്ടപ്പെടാന്‍ തുടങ്ങി..മായം അവനെ വിഴുങ്ങാന്‍ തുടങ്ങി…അന്യനാട്ടുകാര്‍ വിഷം തളിച്ചു വിളയിച്ചെടുത്ത പാവലും പടവനും വെള്ളരിയും നേന്ത്രക്കുലകളും തൊട്ട് പണ്ട് അടുക്കളപ്പുറത്ത് ഉണ്ടായിരുന്ന കറിവേപ്പിലയ്ക്ക് വരെ മലയാളി കാത്തിരുന്നു, കൈയില്‍ നിറയെ കാശുമായി….

കാലം പിന്നെയും മാറുന്നു…
അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ കഴിവുള്ള മലയാളി സ്വന്തം മണ്ണിളക്കാന്‍ തുടങ്ങി,അവിടെ അവന്‍ വിത്തുകള്‍ പാകി, തടമെടുത്ത് വെള്ളം കോരി, അപ്പോള്‍ അവന് നല്ല വിളകള്‍ കിട്ടി, വിഷം കലരാത്ത വിളകള്‍…തമിഴന്റെയും തെലുങ്കന്റെയും തോട്ടങ്ങളിലെ ഉത്പന്നങ്ങള്‍ കയറിവരുന്ന ലോറികള്‍ക്കായി ഈ ഓണത്തിന് ഒട്ടനവധി മലയാളികള്‍ കാത്തിരിക്കുന്നില്ല എന്നതുതന്നെയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

ആലപ്പുഴയുടെ മാതൃക
ചൊരിമണലാണ് ആലപ്പുഴയിലേത്. മറ്റിടങ്ങളെ അപേക്ഷിച്ചാല്‍ മഴക്കാലത്തിനപ്പുറം വിളകളൊന്നും അധികം വിളയാത്ത മണ്ണ്. പക്ഷെ അത്യധ്വാനത്തിന്റെയും കൂട്ടായ്മയുടെയും കരുത്തില്‍ ഇപ്പോള്‍ ആലപ്പുഴയുടെ ഗ്രാമങ്ങളില്‍ നടക്കുന്നത് പച്ചക്കറി ഉത്സവമാണ്. വിപണിയിലെ തീവെട്ടിക്കൊള്ളയ്ക്ക് ഇരകളാകാതെ, കീടനാശിനികളില്‍ കുതിരാത്ത നല്ലയിനം കാര്‍ഷിക വിളകള്‍ ഈ ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് എത്തുകയാണ്. സ്വന്തം മണ്ണില്‍ നിന്നുണ്ടാക്കിയ കലര്‍പ്പില്ലാത്ത രുചി ആസ്വദിച്ച് ഇത്തവണ ഓണമുണ്ണാന്‍ ആലപ്പുഴക്കാര്‍ക്ക് കഴിയുമ്പോള്‍, അതേ സൗഭാഗ്യം കേരളം മുഴുവനുള്ളവര്‍ക്കും കിട്ടിയിരുന്നെങ്കിലെന്ന ആഗ്രഹം വേരോടുന്നുണ്ട്. ഇനി വരുന്ന ഓണത്തിന് ആ ആഗ്രഹം സഫലമാകുമെന്നു തന്നെയാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഉറപ്പിക്കുന്നത്.

ജൈവ പച്ചക്കറി കൃഷിയുടെ ഉദാത്ത മാതൃകയായി ചൂണ്ടിക്കാണിക്കാവുന്നൊരിടമാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി. കൃഷിക്ക് അത്ര അനുകൂലമല്ലാത്ത മണ്ണാണിവിടെ. എന്നാല്‍ മണ്ണില്‍ പണിയെടുക്കാന്‍ തയ്യാറായവരുടെ മനസ്ഥൈര്യത്തിനു മുന്നില്‍ ആ മണ്ണ് കനിയാന്‍ തയ്യാറായി. കേരളത്തില്‍ ജനകീയാസൂത്രണം ആവിഷ്‌കരിക്കുന്നതിനു മുന്നേ തന്നെ കഞ്ഞിക്കുഴിയില്‍ കൂട്ടായ്മക്കൃഷി ആരംഭിച്ചിരുന്നു. തരിശുഭൂമികളിലും പാടങ്ങളിലും വിത്തുവിതയ്ക്കപ്പെട്ടു. കീടനാശിനികള്‍ വേണ്ടേ വേണ്ട എന്ന തീരുമാനിയിരുന്നു അവിടയെുള്ള കര്‍ഷകരുടെ പ്രധാനപ്പെട്ടതും ഉറച്ചതുമായ തീരുമാനം. പരമ്പരാഗത കര്‍ഷകരെ കൂടാതെ യുവാക്കളും വിവിധ ജോലികള്‍ ചെയ്തിരുന്നവരും ഇവര്‍ക്കൊപ്പം കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ചേര്‍ന്നപ്പോള്‍ കഞ്ഞിക്കുഴി ജനകീയകൃഷിയുടെ വിളനിലമായി മാറി. ഊഷര ഭൂമിയില്‍ ഊര്‍വരതയുടെ കഥകള്‍ പിറന്നു.
കൃഷി ഒരു പ്രധാനതൊഴിലായി തന്നെ മാറിയപ്പോള്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടു. കുടുംബശ്രീകളും പുരുഷസ്വയംസഹായസംഘങ്ങളും കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നു. ഇവര്‍ക്കൊപ്പം നിന്ന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ കാര്‍ഷികോദ്യോഗസ്ഥരും പഞ്ചായത്ത്- ബ്ലോക്ക് പ്രതിനിധികളും തയ്യാറായി. കഞ്ഞിക്കുഴിയിലെ എല്ലാ വീടുകളിലും തന്നെ കൃഷിയിടങ്ങളുണ്ടായി, എല്ലാപേരും തന്നെ കൃഷിക്കാരുമായി.

വിഷമില്ലാത്ത പച്ചക്കറി എന്ന സന്ദേശത്തോടെ കഞ്ഞിക്കുഴിയിലെ കാര്‍ഷിക വിളകള്‍ വിപണയിലെത്തിയതോടെ ആവിശ്യക്കാരുടെ എണ്ണം കൂടി. അതോടെ കൂടുതല്‍ വിളകള്‍ ഉത്പാദിപ്പിക്കേണ്ടതായി വന്നു. പക്ഷെ അപ്പോള്‍ മറ്റൊരു പ്രശ്‌നം കൂടി ഉടലെടുത്തു. കര്‍ഷകരുടെ എണ്ണവും ഉത്പന്നങ്ങളുടടെ ബാഹുല്യവും കൂടിയപ്പോള്‍ കൃഷി ചെയ്യുന്ന എല്ലാവര്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണയില്‍ വില്‍ക്കാനും അവയില്‍ നിന്ന് ലാഭം കിട്ടാനും ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. വളര്‍ന്നു വികസിക്കുന്ന കാര്‍ഷിക സംസ്‌കാരം മുരടിച്ചുപോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു കഞ്ഞിക്കുഴിയിലെ ജനപ്രതിനിധികള്‍ അതിനുള്ള വഴിയും കണ്ടെത്തി. സഹകരണസംഘങ്ങള്‍ കര്‍ഷകരുടെ വിളകള്‍ ഏറ്റെടുത്തു. കര്‍ഷകരില്‍ നിന്നേറ്റെടുക്കുന്ന വിളകള്‍ക്ക് ഉത്പാദനച്ചിലവിന്റെ 25 ശതമാനം അധികം ന്യായവില നല്‍കി. ഇതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഉത്സാഹം വരികയും കൃഷിയില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വ്യാപൃതരാവുകയും ചെയ്തു. കഞ്ഞിക്കുഴിയിലെ മാത്രം കഥയില്ലത്. മാരാരിക്കുളം, ചേര്‍ത്തല, ആര്യാട്, മുഹമ്മ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും പണ്ടുണ്ടായിരുന്നതുപോലെ തരിശു കിടക്കുന്ന ഭൂമിയില്ല. അവിടെയല്ലാം മണ്ണിനും മനസിനും കുളിര്‍മയേകി വിളഞ്ഞു നില്‍ക്കുന്ന വിവിധയിനം പച്ചക്കറികള്‍… ഈ ഓണം ഇവിടുത്തെ മനുഷ്യര്‍ വിഷമില്ലാത്ത കറികളും ചോറും കൂട്ടി ഉണ്ണുമ്പോള്‍ അടുത്ത ഓണമെങ്കിലും നമുക്കെല്ലാവര്‍ക്കും ഇതേ സൗഭാഗ്യം അനുഭവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാം…

രുചിയുള്ള ഓണം നമ്മളെന്തിന് നഷ്ടപ്പെടുത്തണം
മാരാരിക്കുളത്തെ അറിയപ്പെടുന്ന കര്‍ഷകനാണ് സുജിത്ത് എന്ന യുവാവ്. പരമ്പരാഗതമായി കാര്‍ഷികവേലകള്‍ ചെയ്യുന്നൊരാളായിരുന്നില്ല സുജിത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞു ഒരു പ്രമുഖ ജ്വല്ലറിയിലെ സെയില്‍സ് മാന്‍ ആയി ജോലി നോക്കി വരവേയാണ് ഈ യുവാവിന് കൃഷിയോട് കമ്പം തോന്നിയത്. ജോലി രാജി വച്ച് സുജിത്ത് പിന്നീട് മുഴുവന്‍ സമയ കര്‍ഷകനായി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് സൗജന്യമായി വിട്ടുനല്‍കിയ പത്ത് എക്കറിലും കഞ്ഞിക്കുഴിയിലെ 3 ഏക്കര്‍ പാട്ടഭൂമിയിലും പിന്നെ വീട്ടു വളപ്പിലും ആണ് കൃഷി. പത്തേക്കര്‍ കൃഷിയിടത്തില്‍ പന്ത്രണ്ടിനം പച്ചക്കറികള്‍ . ഇതില്‍ ഒന്നര ഏക്കര്‍ നെല്‍കൃഷിയും, നാലര ഏക്കര്‍ മത്സ്യ കൃഷിയും ആണ്.

പുല്ലുകിളിര്‍ക്കുമോ എന്ന് സംശയിച്ച ചൊരിമണലില്‍ പടവലവും പാവലുമൊക്കെ വിളഞ്ഞു കിടക്കുമ്പോള്‍ സുജിത് മുന്നോട്ടുവയ്ക്കുന്നത് അധ്വാനത്തിന്റെ പാഠങ്ങളാണ്. നമുക്കേവര്‍ക്കും ഉപകാരപ്പെടുന്ന ജീവിതപാഠങ്ങള്‍. “കേരളത്തില്‍ ഫെസ്റ്റിവല്‍ സീസണനുസരിച്ച് പച്ചക്കറി ഉത്പാദനം നടത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. നമ്മള്‍ അതിനെല്ലാം തമിഴ്‌നാടുപോലുള്ള അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അവരാകട്ടെ കേരളമെന്ന വിപണിയില്‍ എന്തുവിറ്റാലും വാങ്ങാന്‍ ആളുണ്ടെന്നു നല്ല ലാഭം കിട്ടുമെന്നും തിരിച്ചറിഞ്ഞ് വിത്തെറിഞ്ഞു. വിഷം തളിച്ചാണ് അവരോരോ വിളയും മലയാളിക്കുവേണ്ടി ഉണ്ടാക്കിയെടുത്തത്. കാലങ്ങളായി ഈ വിഷമാണ് നമ്മള്‍ കഴിച്ചു കൊണ്ടിരുന്നത്. നമ്മുടെ ആരോഗ്യവും സമ്പത്തും ഇത്തരത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുകയായിരുന്നു. ഇനിയും നമ്മള്‍ മരണം വിലകൊടുത്തു വാങ്ങി കഴിക്കേണ്ടതുണ്ടോ? മണ്ണില്‍ പണി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ മലയാളിക്ക് ഒരു വിഷക്കറികളും കാശുകൊടുത്ത് വാങ്ങേണ്ടതില്ല. ആ തിരിച്ചറിവ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കഴിഞ്ഞു. കൃഷിയോ അതൊരു സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പണിയല്ലേ എന്നു പറഞ്ഞിരുന്ന മനസ്ഥതി മാറി വരുകയാണ്. ഇപ്പോള്‍ ഇതൊരു അഭിമാനമായി മാറിയിരിക്കുന്നു. വിവിധ ജോലികള്‍ ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജോലിക്കാര്‍ മുതല്‍ ഐടി മേഖലയിലുള്ളവര്‍ വരെ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടമായും അവര്‍ കൃഷി ചെയ്യുകയാണ്. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാല്‍ ആരോഗ്യത്തിനും കൂടുതല്‍ വിളകള്‍ ലഭിക്കുന്നതിനാല്‍ കുറഞ്ഞ വിലയ്ക്കും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നൂ. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിലകൊടുത്തു ഉത്പന്നങ്ങള്‍ വാങ്ങാതെ സ്വന്തം പറമ്പില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ള കാര്‍ഷികവിളകള്‍ പറിച്ചെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യം മലയാളിക്ക് തിരിച്ചു കിട്ടും. ഓണം ഉണ്ണുകയാണ് ഓരോ മലയാളിക്കും ഏറ്റവും പ്രിയതരമായിട്ടുള്ളത്, ഇനി നമുക്കത് വിഷമില്ലാത്തതും രുചിയേറിയതുമായ രീതിയില്‍ കഴിച്ചുകൂടേ…മണ്ണിനെ സ്‌നേഹിച്ചാല്‍ മാത്രം മതിയതിന്.”- സുജിത്  പറയുന്നു 

ഉദയശ്രീ; ശ്രീനിവാസന്‍ മുന്നോട്ടുവച്ച ആശയം
ആലപ്പുഴക്കാരെപ്പോലെ വിഷമില്ലാത്ത ഓണം തങ്ങളുടെ നാട്ടുകാര്‍ക്കും നല്‍കാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതിക്കാരും. നടന്‍ ശ്രീനിവാസനെയാണ് ഇക്കാര്യത്തില്‍ ആദ്യം അഭിനന്ദം അറിയിയേണ്ടത്. വീഷം തീണ്ടാത്ത പച്ചക്കറിത്തോട്ടം സൃഷ്ടിച്ച് മലയാളിക്ക് മാതൃകയായ ശ്രീനിവാസന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം കൂടി ആവുകയായിരുന്നു. ആരോഗ്യപ്രദമായൊരു ഓണക്കാലം ജനങ്ങള്‍ക്ക് നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ശ്രീനിവാസനും അദ്ദേഹം നേതൃത്വം നല്‍കുന്ന ഉദയംപേരൂര്‍ ജൈവകര്‍ഷക സമിതിയും കൃഷി ഉദ്യോഗസ്ഥരും ഒപ്പം ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന എറണാകുളത്തെ കണ്ടനാട്ടെ ഉദയശ്രീ ജൈവപച്ചക്കറി വില്‍പ്പനശാല. ലാഭം കൊയ്യാനുള്ള മാര്‍ഗമല്ല ഈ വിപണന ശാല. നഷ്ടമില്ലാതെ എല്ലാവര്‍ക്കും പ്രയോജനപ്രദമായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ശ്രീനിവാസന്‍ ഇത്തരമൊരു പച്ചക്കറി വില്‍പ്പനശാലയുടെ ഉദ്ദേശമായി പറയുന്നത്.

ശ്രീനിവാസനൊപ്പം ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതിയുടെ ഭാരവാഹികളായ അബി എം. രാജനും മനു ഫിലിപ്പുമുണ്ട്. ഓണം ലക്ഷ്യമാക്കി സമിതിയുടെ നേതൃത്വത്തില്‍ കണ്ടനാട്ട് വന്‍തോതില്‍ ജൈവ പച്ചക്കറികൃഷി നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയാണ് വില്പനശാലയില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റവും നല്ല കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുകയും കൃഷി മഹത്വമുള്ള കര്‍മമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശ്യം. ഇപ്പോള്‍ 26 അംഗങ്ങളുണ്ട് സമിതിയില്‍. 1000 രൂപ ഫീസ് ഈടാക്കി കൂടുതല്‍ അംഗത്വവിതരണത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വിഷരഹിതമായി പച്ചക്കറി ഉത്പാദിപ്പിക്കുന്നവരുടെ ഉത്പന്നങ്ങള്‍ ഈ വില്പനശാല വഴി വിറ്റഴിക്കും. ആര്‍ക്കു വേണമെങ്കിലും ഉത്പന്നങ്ങള്‍ ഇവിടെ കൊണ്ടുവരാം. പൂര്‍ണമായും ജൈവമായിരിക്കണമെന്നതാണ് വ്യവസ്ഥ. സമിതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇവിടെ നിന്ന് പച്ചക്കറി വാങ്ങാം. അവര്‍ക്ക് ചെറിയൊരു ഡിസ്‌കൗണ്ട് കൊടുക്കാനും പദ്ധതിയുണ്ട്. ഇവിടെയെത്തിക്കുന്ന പച്ചക്കറികള്‍ ജൈവ രീതിയില്‍ വിളയിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. അല്ലെന്നു തെളിഞ്ഞാല്‍ അവര്‍ സമിതിയില്‍ നിന്ന് ഔട്ട്.

“വിഷമില്ലാത്ത ആഹാരസാധനങ്ങള്‍ കിട്ടുന്നത് എല്ലാവരെയും സന്തോഷിപ്പിക്കുന്നുണ്ട്. അതേസമയം വിപണിയിലെ കൊള്ളവില കൊടുക്കുകയും വേണ്ട. ഓണക്കാലമായതോടെ ഉപഭോക്താക്കളുടെ എണ്ണം കൂടുകയാണ്. അതിനനുസരിച്ച് സാധനങ്ങള്‍ എത്തിക്കാനുള്ള ഓട്ടത്തിലാണ് ഞങ്ങള്‍. ഉത്പന്ന വിപണശാല എന്നതിലുപരി ജനങ്ങളില്‍ കൃഷിയെക്കുറിച്ചുള്ള ബോധവത്കരണത്തിനും കൂടി ഉദയശ്രീയെ ഞങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്”, മനു ഫിലിപ്പ് പറയുന്നു. പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമൊണാസ്, ഫിഷ് അമിനോ ആസിഡ്, ഫിറമോണ്‍ കെണി, മഞ്ഞക്കെണി, വേപ്പെണ്ണ, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവ കീടനാശിനികളും വളര്‍ച്ചാ ത്വരകങ്ങളും വില്പനശാലയിലെ ബയോഫാമില്‍ നിന്ന് വാങ്ങാനാവും. നല്ല വിത്തുകളും കിട്ടും. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന മാംസവും ഇവിടെ ലഭ്യമാക്കും. 

മലയാളിയുടെ ഓണവിഭവങ്ങളെ ആരോഗ്യസമ്പുഷ്ടമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയിലും എറണാകുളത്തും മാത്രമായി ഒതുങ്ങുന്നതല്ല. കേരളം മുഴുവനായി പടര്‍ന്നു പിടിക്കുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ വിവിധ കഥകള്‍ ഇനിയുമേറെയുണ്ട് പറയാന്‍. പക്ഷെ അറിഞ്ഞതു തന്നെ മതിയാകില്ലേ മനസ്സില്‍ കൊതി നിറയ്ക്കാന്‍… ഓണവും ഉത്സവങ്ങളും ഇനിയും വരും, അപ്പോള്‍ നമുക്കും ഇത്തരം കഥകള്‍ പറയാനായി ഉണ്ടാകണം. മണ്ണ് കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്താന്‍ മാത്രമുള്ളതാണെന്ന ബോധം മാറ്റിവച്ചാല്‍ അതിര്‍ത്തി കടന്നെത്തുന്ന വിഷത്തിന് കൈയില്‍ കാശും കരുതി കാത്തുനില്‍ക്കേണ്ടി വരില്ല…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍