UPDATES

വായന/സംസ്കാരം

ഓര്‍ഹാന്‍ പാമുക്ക്; ഭാവനയുടെ ‘റിയല്‍ എസ്റ്റേറ്റ് വ്യാപാരി’

Avatar

വി കെ അജിത്ത് കുമാര്‍

ഖസാക്കിന്‍റെ ഇതിഹാസം എഴുതാന്‍ ഒ വി വിജയന്‍ തസ്രാക്ക് വിലക്ക് വാങ്ങുന്നതായി ചിന്തിച്ചു നോക്കൂ… നിലാവത്ത് തെളിയുന്ന നീണ്ടുകിടക്കുന്ന കൊയ്തൊഴിഞ്ഞ നെല്‍പ്പാടങ്ങളും അരികു പറ്റി ഉയര്‍ന്നു  നില്‍ക്കുന്ന കൂറ്റന്‍ കരിമ്പനകളും നിറയുന്ന ആ ഭൂമി ഇങ്ങനെയേ ആസ്വദിക്കാവൂ എന്ന് പറയുന്നതായും കരുതി നോക്കൂ…. വായനക്കാരന്‍റെ ആസ്വാദനത്തിന്‍റെ തലം കൂടി അവിടെ സ്വന്തമാക്കപ്പെടുന്നു. സര്‍ഗ്ഗസൃഷ്ടിയുടെ അനന്തരതലമാണ് ആസ്വാദനം. അതിനെ ഇഷ്ടമുള്ള രിതിയില്‍ വ്യവഹരിക്കാന്‍ വിടുന്നത് അനുവാചകന്‍റെ അവകാശവുമാണ്. എന്നാല്‍ ചിലപ്പോള്‍ കലയുടെ പാരസ്പര്യം അനുവാചകന്‍റെ ഈ സ്വാതന്ത്ര്യത്തെ പലപ്പോഴും വല്ലാതെ ആക്രമിക്കുന്നു. വ്യക്തിപരമായ മനോബിംബരൂപീകരണം ഇവിടെ തടസപ്പെടുന്നു. അത് ഈശ്വര സങ്കല്‍പ്പത്തെ ശിവകാശി ദൈവങ്ങള്‍ കൈയടക്കിയതുപോലെയും. ചെമ്മീന്‍ സിനിമ കണ്ടും കാണാതെയും നോവല്‍ വായിക്കുന്നത് പോലെയുമാണ്. സിനിമ കണ്ട വായനക്കാരന് മനസ്സില്‍ രൂപപ്പെടുന്ന ബിംബങ്ങള്‍ വ്യത്യസ്തമാണ്. കഥയും കഥയുടെ പ്രകൃതിയും വികാസവുമെല്ലാം വായനക്കാരനെ സ്വാധീനിക്കുകയും സിനിമയും നോവലും തമ്മില്‍ എങ്ങനെ വ്യത്യസ്ഥമാകുന്നു എന്ന ചിന്തയില്‍ മാത്രം വായന കുരുങ്ങിക്കിടക്കുകയും ചെയ്യുന്നു. കലയുടെ പാരസ്പര്യം മൂലമുണ്ടാകുന്ന ഭാവനാ മലിനീകരണം എന്ന് ഇതിനെ നിര്‍വചിക്കാം.

വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നടത്തുന്ന വിപണന തന്ത്രം പുതുമയില്ലാതെയാകുന്ന അവസ്ഥയില്‍ മറ്റ്  വിപണന രീതികള്‍ എഴുത്തുകാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇറോട്ടിക്ക് ക്യാപ്ഷനുകള്‍ നല്‍കിയിരുന്ന പരിഗണനയും  കടന്ന് വിപണനത്തിന്‍റെ പുതിയ സാധ്യതകള്‍ എഴുത്തുകാര്‍ തിരയുകയാണ്. ചേതന്‍ ഭഗത്ത് നോവലിന്‍റെ ട്രെയിലര്‍ ഇറക്കുന്നതും അമിഷ് ത്രിവേദി തുടര്‍ നോവലില്‍ അടുത്ത ഭാഗത്തിന്‍റെ അദ്ധ്യായം നല്‍കി മുള്‍മുനയില്‍ നിര്‍ത്തുന്നതുമെല്ലാം ഇത്തരം മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമാണ്. എന്നാല്‍ നോബല്‍ ജേതാവായ ഓര്‍ഹാന്‍ പാമുക്ക് കുറേക്കുടി മുന്‍പോട്ടു കടന്നു പോയി പുതിയൊരു മാനേജ്മെന്റ് തന്ത്രമാണ് കണ്ടെത്തിയത്. പുതുതലമുറയുടെ വായനയുടെ തലം മനസിലാക്കിയുള്ള ഒരു നീക്കം. 

പാമുക്കും മ്യൂസിയം ഓഫ് ഇന്നസന്‍സും
ഒരു ചരിത്രമാണ് മ്യൂസിയം ഓഫ് ഇന്നസന്‍സ്പറയുന്നത്. എല്ലായ്പ്പോഴും ഇസ്താംബുള്‍ എന്ന ഇഷ്ട നഗരത്തിന്‍റെ ചരിത്രം പറയുവാന്‍ പാമുക്കിനു ആസക്തി വളരെ കുടുതലാണ്. ഒരു നാടിനെ ഇഷ്ടപ്പെടാന്‍ അവിടെനിന്നും മാറിനില്‍ക്കണം, അത് നഷ്ട മനസോടെയെങ്കില്‍ പ്രണയത്തിന്‍റെ തോത് ഏറിവരികയും ചെയ്യും. അമേരിക്കന്‍ വംശഹത്യയെ ന്യായീകരിച്ചതിനാല്‍ ഏറെ നാള്‍ ഇസ്താംബുള്‍ വിട്ടുനിന്ന പാമുക്കിന് ആ നഗരം ഉണര്‍ത്തിയ ഗൃഹാതുരത്വമായിരുന്നു. ‘മ്യൂസിയം ഓഫ് ഇന്നസന്‍സ്’.

വളരെ കരുതലോടെ രൂപികരിച്ചഒരു കഥയും അതിന്‍റെ വളര്‍ച്ചയുമാണ് ഈ പുസ്തകത്തില്‍ കാണുന്നത്. എഴുത്തിന്‍റെ പുതിയൊരു ഘടനയും ഇതില്‍ നിലനില്‍ക്കുന്നു. മ്യൂസിയം കാറ്റലോഗിന്‍റെ രീതിയില്‍ മെനഞ്ഞെടുത്ത ആഖ്യാനരീതി. 

ഓട്ടോമന്‍ രാജപരമ്പരയുടെ ചരിത്രവും ഇസ്താംബൂളിന്‍റെ ചരിത്രവും വേര്‍തിരിക്കാന്‍ സാധിക്കില്ല. ടര്‍കിഷ് റിപ്പബ്ലിക്ക് രൂപപ്പെട്ടപ്പോള്‍ അവിടം ഭരിച്ചിരുന്ന ഓട്ടോമന്‍ രാജവംശത്തില്‍പ്പെട്ടവര്‍ നാടുകടത്തപ്പെട്ടു.1982 ല്‍ അപ്രതീക്ഷിതമായ ഒരു വിരുന്നിലാണ് ഓര്‍ഹാന്‍ പാമുക്ക് നാടുകടത്തപ്പെട്ട ഒരു ഓട്ടോമന്‍ രാജകുമാരനെ പരിചയപ്പെട്ടത്‌. ആന്റോണിയോസിസ് കൊട്ടാര മ്യൂസിയത്തിലെ തൊഴിലാളിയായിമാറിയിരുന്നു അയാളപ്പോള്‍. മാത്രമല്ല അമ്പതുവര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഇസ്താംബുളില്‍ തോഴിലന്വേഷകനായെത്തിയതുമായിരുന്നു അയാള്‍. ഒടുവില്‍ ഓട്ടോമന്‍ കൊട്ടാര മ്യുസിയത്തിലെ ഗൈഡാക്കുക എന്ന ജോലിയിലുപരി എന്താണ് അയാള്‍ക്ക് നല്‍കുക എന്ന നിര്‍ദേശമുണ്ടായി. പാമുക്കിന്റെ ചിന്തയിലേക്ക് ഇത് കടന്നെത്തിയപ്പോള്‍ ഗൈഡായി മാറിയ രാജകുമാരന്‍ സന്ദര്‍ശകരോട് ഇങ്ങനെ വിവരിച്ചു.

”പ്രിയപ്പെട്ടവരേ, എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനിവിടെയിരുന്നാണ് ഗണിതം പഠിച്ചത്”.

വെല്‍വറ്റ് വിരിപ്പിനു മുകളിലെ പഠന മേശയിലിരുന്നു ഒരിക്കല്‍ കുടി അയാളത് കാണിച്ചുകൊടുത്തു. 

”എന്‍റെ ചെറുപ്പത്തില്‍ ഞാനിങ്ങനെയായിരുന്നു പെന്‍സിലും റൂളറും ഉപയോഗിച്ചിരുന്നത്.,ദാ ഇങ്ങനെ.”

ഈ ജിവിത സങ്കല്‍പ്പമാണ് മ്യുസിയം ഓഫ് ഇന്നസന്‍സ് എഴുതിയതിന്‍റെ കാതലായി നിഴലിക്കുന്നത്.

പാമുക്കിന്‍റെ നോവലിലെ നായകന്‍ ജിവിതത്തിലെ സുഖങ്ങള്‍ അനുഭവിക്കുന്ന പുതു തലമുറ പ്രതിനിധിയാണെങ്കിലും പ്രണയത്തിന്‍റെയും രതിയുടെയും പുതിയ അനുഭവം നല്‍കിയ ഫുസിനെന്ന പെണ്‍കുട്ടിയുടെ അകാല മരണത്തില്‍നിന്നുണ്ടായ വ്യഥ അയാളെ പിന്തുടരുന്നു. ഇതയാളെ അവള്‍ ഉപയോഗിച്ചിരുന്നതും അവളുടെ സാന്നിധ്യം നിറഞ്ഞതുമായ വസ്തുക്കള്‍ ശേഖരിക്കുവാനുള്ള ഒരു പ്രത്യേക മാനസികാവസ്ഥയിലെത്തിക്കുന്നു. അവള്‍ ഉപയോഗിച്ച 4213 സിഗരറ്റ് കുറ്റികള്‍, കട്ടിലുകള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ ഇവയെല്ലാം ശേഖരിച്ച് അയാള്‍ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നു. അവിടെ അയാള്‍ ക്യുറേറ്ററും ഉടമയുമെല്ലാമാകുന്നു. അവിടെയെത്തുന്ന ഒര്‍ഹാന്‍ പാമുക്ക്എന്ന കഥാകാരനോട് മ്യൂസിയത്തെപ്പറ്റി വിവരിക്കുന്നതും ഇതിലെ ഓരോ വസ്തുക്കളും കഥാനായകനില്‍  ഒരിക്കല്‍ അനുഭവിച്ച പ്രണയത്തിന്‍റെ നിറം കലര്‍ന്നിരിക്കുന്നതെങ്ങനെയെന്നും വിശദീകരിക്കപ്പെടുന്നു.

ഓട്ടോമന്‍ രാജകുമാരനെ പരിചയപ്പെട്ട് പത്ത് വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് ഏകാന്തതയില്‍ നിന്നുണ്ടായ പുര്‍വിന്യാസം പോലെ മ്യൂസിയം കാറ്റലോഗ് പോലുള്ള ഈ നോവലെഴുതാന്‍ ഒര്‍ഹാന്‍ പാമുക്ക് തീരുമാനിക്കുന്നത്. എന്നാല്‍ ഇവിടെനിന്നുമാണ് കഥയുടെ വ്യത്യസ്തത ആരംഭിക്കുന്നതും. പാമുക്ക് അനുഭവിച്ച എഴുത്തിന്‍റെ വിഘാതം മറികടക്കാനായി നോവലിന്‍റെ ഭൌതിക സാഹചര്യം തിരഞ്ഞ് അദ്ദേഹം യാത്രകള്‍ ചെയ്തു. ഒരേസമയം ആഖ്യാനവും രൂപനിര്‍മ്മിതിയും നടത്തിയുള്ള പോക്ക്.

എഴുത്തിനു മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായി മാറിയ പാമുക്കിനെയാണ് പല വിമര്‍ശകരും കണ്ടത്. നോവലിലെ നായികയായ ഫുസന് താമസിക്കാന്‍ ഒരിടം തേടിയലഞ്ഞ പാമുക്ക് മനസിനിണങ്ങിയ ഭവനം ഒടുവില്‍  കണ്ടെത്തിയപ്പോള്‍ അതിന്‍റെ പരിസരവാസികള്‍ അതികഠിനമായ ഈശ്വരവിശ്വാസികളായതിനാലും പറയുന്ന കഥ മതേതരമായതിനാലും അത് ഉപേക്ഷിക്കുകയും പിന്നീട് ഇസ്താംബുളിലെ കുക്കര്‍ കുമായില്‍ ഒരു മൂന്ന് നില മാളിക വാങ്ങുകയും ചെയ്തു. നോവല്‍ രചനയില്‍ അങ്ങനെ ലോകത്താദ്യമായി സ്ഥലപരമായ സ്വത്തവകാശം കൂടി സ്വന്തമാക്കി രചന നടത്തിയ കഥകൃത്തായി പാമുക്ക് തിരുത്തപ്പെട്ടു. ഈ യാത്രയുടെ അവസാനമായിരുന്നു ഇസ്താംബുളില്‍ പാമുക്ക് സൃഷ്ടിച്ച മ്യൂസിയം ഓഫ് ഇന്നസന്‍സ് എന്ന ഭൌതിക ലോകം. ഇതേപേരില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്‍റെ അവസാന താളില്‍ വായനക്കാരനായി ഒരു മ്യൂസിയം ടിക്കറ്റ് കരുതിവയ്ക്കാനും അദ്ദേഹം മറന്നില്ല.

ആരോ വലിച്ചെറിഞ്ഞ സിഗററ്റിന്റെ അവശിഷ്ടങ്ങളും പഴഞ്ചന്‍ വസ്തുക്കളും കൃത്യമായി ഇന്‍സ്റ്റലേഷന്‍ നടത്തി, ഇതാണ് ഇസ്താംബുളിന്റെ കഴിഞ്ഞകാലത്തിന്റെ തിരുശേഷിപ്പുകളെന്ന് പാമുക്ക് ഓര്‍മ്മപ്പെടുത്തുമ്പോള്‍ സര്‍ഗ്ഗാത്മകതയുടെ ആസ്വാദനതലം സ്വന്തം വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു.

സമാനമായ മറ്റൊരന്തരിക്ഷത്തിലേക്ക് പോകാം. ഏകാന്തതയുടെ നുറു വര്‍ഷങ്ങള്‍ വായനക്കാരില്‍ അവശേഷിപ്പിക്കുന്നത് മക്കണ്ടോ എന്ന മായിക ഭൂമിയാണ്. ആത്മാക്കളും ചരിത്രത്തില്‍ യഥാര്‍ത്ഥത്തില്‍  സംഭവിച്ചിട്ടില്ലാത്തതുമായ മരുപ്പച്ച ജീവിതങ്ങളും നിറഞ്ഞ ഭുമിയാണ് മക്കണ്ടോ. അത് ഏതെങ്കിലും ചരിത്രത്തിന്‍റെ ഭാഗമാകുന്നുവെങ്കില്‍ ഭാവനയുടെ ദൃശ്യഭംഗി നിറയുന്ന സര്‍ഗ്ഗാത്മക ചരിത്രത്തിന്റേതു മാത്രമാണ്. മാര്‍ക്കേസ് പോലും ഒരുവട്ടമെങ്കിലും ആഗ്രഹിച്ചു കാണും അവിടേക്കുള്ള ഒരു യാത്ര. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ നല്‍കുന്നതിന് മുന്‍പുണ്ടായിരുന്ന എഴുത്തിന്‍റെ വിഘാതം വളരെ പ്രശസ്തമായിരുന്നു. എഴുത്തിന്‍റെ ലോകത്തേക്ക് ഒരിക്കലും മടങ്ങിവരാന്‍ കഴിയില്ല എന്ന ചിന്തയിലായിരുന്ന മാര്‍ക്കേസ് പിന്നിട് നല്‍കിയത് ലോകമൊരിക്കലും വിസ്മരിക്കത്ത രിതിയിലുള്ള ഒരു പുസ്തകവും. ഏകാന്തതയും സര്‍ഗ്ഗാത്മകതയും തമ്മില്‍ നടന്ന വന്യമായ ഇണചേരലായിരുന്നു ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. പാമുക്കും മാര്‍ക്കേസും ഒരിക്കലും താരതമ്യപ്പെടുത്തേണ്ടവരല്ലെങ്കിലും ഇവിടെ സൃഷ്ടിക്കപ്പെട്ട ചരിത്ര പശ്ചാത്തലം സാമ്യതയുള്ളതാണ്.

തലമുറകളുടെ വിവരണത്തില്‍ ചരിത്രത്തിന്‍റെ ചില വെളിപാടുകള്‍ ലഭിക്കുകയും അതിലുടെ അന്വേഷണാത്മകമായി സഞ്ചരിക്കുകയും ചെയ്തതിന്റെ രേഖകള്‍ പരിശോധിക്കുമ്പോള്‍  ഉമ്പര്‍ട്ടോ എക്കോയുടെ  The Name of the Rose പരിഗണനയിലേക്ക് വരുന്നു. സ്വയം സൃഷ്ടിച്ചെടുക്കുന്ന ചരിത്രങ്ങള്‍, എഴുതപ്പെട്ട ചരിത്രത്തിന്റെ സമാനതകളിലേക്ക് കൂട്ടി യോജിപ്പിക്കുകയായിരുന്നു എക്കോ. വായനയുടെ ക്രീയാത്മകതയും ഉണര്‍വും The Name of the Rose നല്‍കുമ്പോള്‍,  മാര്‍ക്കേസിന്റെ മക്കണ്ടോ അനുവാചകന്റെ സ്വപ്നഭൂമിയായപ്പോള്‍,  ഭാവനയുടെ അവകാശം എഴുത്തിനുശേഷം വായനക്കാരന് വിട്ടുകൊടുക്കുന്നതിന്റെ ധാര്‍മ്മികത ഇല്ലാതാക്കുകയായിരുന്നു ഒര്‍ഹാന്‍ പാമുക്. മെറ്റമോര്‍ഫിസിനു പുറംചട്ട നിര്‍മ്മിക്കുന്ന വേളയില്‍ ഒരു ചെറുജീവിയുടെയും ചിത്രം വരക്കാന്‍ സമ്മതിക്കാതിരുന്ന കാഫ്ക്ക ആഗ്രഹിച്ചിരുന്നത് വായനക്കാരന്‍റെ ഭാവനാ സ്വാതന്ത്ര്യമായിരുന്നു. അതിനുള്ള ബദല്‍ സൃഷ്ടിക്കുകയായിരുന്നു ഓര്‍ഹാന്‍ പാമുക്ക്. ഭാവനയിലും എഴുത്തിലും നിറഞ്ഞു നിന്ന കഥാസന്ദര്‍ഭത്തിനുള്ള ഭൌതിക വിന്യാസം നല്‍കി Musium of Innocens ന്‍റെ രചന പൂര്‍ത്തിയാക്കിയ പാമുക്ക് ഭാവനയുടെ സ്വത്തവകാശം സ്വന്തമാക്കുകയും ചെയ്തു.

ഇസ്ലാമിക വിശ്വാസമനുസരിച്ച് പ്രിയമുള്ളവരെ പറ്റിയുള്ള അഭീഷ്ടം ദൈവത്തെ അറിയുന്നതിന് തുല്യമാണെന്ന് മ്യൂസിയത്തെ ന്യായീകരിക്കുവാന്‍ ഒരിക്കല്‍ പാമുക്ക് പറയുകയുണ്ടായി. താജ്മഹല്‍ ഉള്‍പ്പടെയുള്ള നിര്‍മ്മിതികള്‍ ഒരുപക്ഷെ ഇത്തരം വിശ്വാസത്തിന്‍റെ കൂടി തിരുശേഷിപ്പുകളാണെന്ന് കരുതാം. ഇസ്താംബൂളിന്‍റെ 1950 മുതല്‍ 2000 വരെയുള്ള ചരിത്രം ആലേഖനം ചെയ്യുന്നതാണ് മ്യൂസിയമെന്ന് പാമുക്ക് ഓര്‍മ്മപ്പെടുത്തുമ്പോള്‍ തന്നെ വായനയുടെ പുതിയ തലമുറയെപ്പറ്റി അദ്ദേഹം ആശങ്കപ്പെടുന്നതും കാണാം. 600 പേജുകളുള്ള ഒരു നോവല്‍ വായിക്കാന്‍ ആറു മാസമെടുക്കുമെന്നും അതില്‍ തന്നെ വായനയ്ക്ക് ശേഷം അനുവാചകനില്‍ തങ്ങി നില്‍ക്കുന്നത് വെറും അഞ്ചു പേജുകള്‍ മാത്രം വരുന്ന ഒരു ഭാവനാചിത്രം മാത്രമായിരിക്കുമെന്നും ഇതിന്‍റെ മറുപടിയാണ് മ്യൂസിയം ഓഫ് ഇന്നസന്‍സ് എന്ന കാഴ്ച വീടൊരുക്കുവാന്‍ കാരണമെന്നും തന്‍റെ നേരെ ഉയര്‍ന്ന കച്ചവട താത്പര്യം എന്ന ആരോപണത്തിനു മറുപടിയായി അദ്ദേഹം വിവരിക്കുന്നു. എണ്‍പത്തി മൂന്ന് അദ്ധ്യായങ്ങളുള്ള ഈ നോവലിനെ എണ്‍പത്തിമൂന്നു ഡിസ്പ്ല കാബിനുകളില്‍ ഒതുക്കി നിര്‍ത്തി വായനക്കാരനെയും കാഴ്ചക്കാരനെയും ഒരു പോലെ സ്വാധീനിക്കുവാന്‍ പാമുക്ക് ശ്രമിക്കുന്നു. പ്രണയത്തിന്‍റെ കാല്‍പനിക ഭാവം ഒട്ടും നഷ്ടപ്പെടാതെയുള്ള രചനാരിതി പാമുക്ക് ഈ നോവലിലും നല്‍കുന്നു. ആത്യന്തികമായും ഇതൊരു പ്രണയ ചരിത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു.

വിപണനത്തിലും വിവരണത്തിലും കാണിക്കുന്ന വ്യത്യസ്തത തന്നെയാവാം ഈ നോവലിനെ ഒരുപക്ഷെ മറ്റ് പല സാഹിത്യ രൂപങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്. ഒരു കോര്‍പ്പറേറ്റ് എഴുത്തിന്‍റെ പുതിയ ഭാവം എന്നും അതുകൊണ്ടുതന്നെ പാമുക്കിനെ ഇതിലൂടെ വായിക്കപ്പെടുന്നു. പുതിയ തലമുറയുടെ വായനയെല്ലാം ഇപ്പോള്‍ ചേക്കേറുന്നതും ഈ കോര്‍പ്പറേറ്റു ലിഖിതങ്ങളില്‍ മാത്രമാണ്. കാല്‍പ്പനിക വരപ്പുകള്‍ ഇന്‍സ്റ്റലെഷന് വഴിമാറുന്ന പോലുള്ള പുതിയ ആസ്വാദന രീതി.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍