UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാടിനെ വീണ്ടെടുക്കാന്‍ ഒരു പച്ചയായ ശ്രമം

Avatar

എം.കെ. രാമദാസ്

കഴിഞ്ഞ പതിറ്റാണ്ടില്‍ ചൂട് വയനാട്ടിനെ കരിയ്ക്കുകയും കൃഷി നാശമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയുടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മരം നടല്‍ പദ്ധതി തയ്യാറായി. എന്നാല്‍ മരം നടുന്നതിനെക്കുറിച്ചും, നടത്തിപ്പിനെക്കുറിച്ചും വിശദമായി കേട്ട ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഒരു നേതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഓ എന്നാ പറി മരം. ഇതുകൊണ്ടൊന്നും കാര്യമില്ലെന്നേ”. ഈ നേതാവു മാത്രമേ തുറന്നു പറഞ്ഞുള്ളുവെങ്കിലും ഏതാണ്ട് എല്ലാവരുടെയും മാനസികാവസ്ഥ ഇപ്പറഞ്ഞതു തന്നെയായിരുന്നു.

കിഴക്കന്‍ഭാഗത്തെ വനങ്ങളാണ് വയനാടിന്റെ കാലാവസ്ഥയെ നിയന്ത്രിച്ചിരുന്നത്. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ വിശാല വനപ്രദേശങ്ങള്‍ക്ക് മുകളില്‍ കാര്‍മേഘങ്ങള്‍ തണുത്ത് വയനാട്ടില്‍ മഴപെയ്യുകയായിരുന്നു പതിവ്. പ്രധാനമായും മണ്‍സൂണ്‍കാലത്ത്. കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന ഉഷ്ണക്കാറ്റിന്റെ ഗതി തടഞ്ഞ് മഴ പെയ്യിച്ചത് ഈ വനങ്ങളായിരുന്നു. നിബിഢവനമായിരുന്നു കബനീ നദീ തടവും അനുബന്ധപ്രദേശങ്ങളും. കൊടുംവനത്തില്‍ ഏതാണ്ട് പതിനാലായിരത്തോളം ഹെക്ടറില്‍ തേക്ക് വെച്ച് പിടിപ്പിച്ച് വയനാടിന്റെ കാലാവസ്ഥയെ അട്ടിമറിക്കുകയായിരുന്നു. ഈ തേക്ക് തോട്ടം മഴമേഘങ്ങളെ ചെറുക്കുന്ന ഒരു മതിലായി നിലനില്‍ക്കുന്നു.

വര്‍ഷത്തിന്റെ മുക്കാന്‍ പങ്കും മഴപെയ്തിരുന്ന വയനാട്ടിലിന്ന് കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനലില്‍ കരിഞ്ഞുണങ്ങി കൃഷി നശിക്കും. നദികളില്‍ കേമിയായ കബനി വറ്റിവരണ്ടു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയില്‍ അകപ്പെട്ടു. ഫലം, ജീവിതം മുന്നോട്ട് നയിക്കാനാവാതെ കൃഷി ഉപേക്ഷിച്ച് ജനങ്ങള്‍ അതിജീവനത്തിന് മറ്റു വഴികള്‍ തേടി. നാട് ഉപേക്ഷിച്ചവരും യഥേഷ്ടം. 

കബനീ പുഴയോരം ഹരിതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തേയുമുണ്ടായിരുന്നു. പരിസ്ഥിതിപ്രവര്‍ത്തകരുടെയോ വനം വകുപ്പിന്റെയോ പരിശ്രമം ലക്ഷ്യത്തിലെത്തിയില്ല. കടും കൃഷിയിലൂടെ ജൈവഘടകങ്ങള്‍ ഊറ്റിയെടുത്ത മണ്ണ് വരുംകാലജീവിതത്തിന് സഹായിക്കില്ലെന്ന പൊതു ബോധമാണ് ഇവിടെ വളര്‍ന്നത്. അതേസമയം മണ്ണിന്റെ ജീവനെയും ജലത്തെയും തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.

വലിയ കഥയില്ലാത്ത ഒരു സംഭവമിങ്ങനെ, രണ്ടായിരത്തിന്റെ ആദ്യപകുതിയില്‍ ഇത്തവണത്തേതിന് സമാനമായ കൊടും ചൂടാണ് വയനാട്ടില്‍ അനുഭവപ്പെട്ടത്. പ്രത്യേകിച്ചും പുല്‍പ്പള്ളി മേഖലയില്‍ ചൂടിന്റെ കാഠിന്യം കടുത്തതായിരുന്നു. കുടിവെള്ളം വാഹനങ്ങളിലാണ് എത്തിച്ചത്. കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങള്‍ക്ക് തീയിട്ട് കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിക്കുകവരെയുണ്ടായി.

നദിയും നീര്‍ച്ചാലുകളും വറ്റിവരണ്ടു കബനിയുടെ നീരൊഴുക്ക് പാടെ നിലച്ചു. കുരുമുളക് ചെടികള്‍ അപ്പാടെ കരിഞ്ഞുണങ്ങി. ഉല്‍പ്പന്നവില കൂടി കുറഞ്ഞതോടെ ജീവിക്കാനാവാതെ കര്‍ഷകര്‍ ജീവനൊടുക്കി. അന്ന് കുടിയേറ്റമേഖലയിലെ സഹവിശ്വാസികള്‍ക്ക് വേണ്ടി മറ്റിടങ്ങളിലെ കൃസ്ത്യന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു. ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാനായി അരിയും വസ്ത്രങ്ങളും ഇവിടെയെത്തിക്കാന്‍ പള്ളികള്‍ നേതൃത്വം നല്‍കി. വിവാഹങ്ങള്‍ മുടങ്ങി. അത്രയ്ക്ക് രൂക്ഷമായിരുന്നു അന്നത്തെ അവസ്ഥ.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുഴകളില്‍ ചെക്കുഡാമുകള്‍ നിര്‍മ്മിക്കാനും വനവല്‍ക്കരണത്തിനും അനേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ പരിസ്ഥിതി പ്രവര്‍ത്തകരായിരുന്നു ഈ പ്രവര്‍ത്തനത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. വനം വകുപ്പ് മേധാവികള്‍ക്കു മുന്നില്‍ പദ്ധതി അവതരിപ്പിച്ച് അനുമതി വാങ്ങി പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തനങ്ങള തുടങ്ങിയപ്പോഴാണ് ഉടക്ക് വീണത്. പഞ്ചായത്തു പ്രസിഡന്റുമാരെ നേരില്‍ കണ്ടു. രാഷ്ട്രീയപ്രവര്‍ത്തകരേയും നേതാക്കളേയും കണ്ട് അഭിപ്രായമാരാഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് പലരും സമ്മതം മൂളിയത്.

പതിറ്റാണ്ടു പിന്നിട്ടു മഴ വീണ്ടും നേര്‍ത്തു. വെയില്‍ കനത്തു. പശ്ചിമഘട്ടത്തിന്റെ രക്ഷക്കായുള്ള ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ കലാപം ചെയ്ത് തള്ളിക്കളഞ്ഞു. ചരിത്രത്തില്‍ ഇന്നോളം അനുഭവിക്കാത്ത കൊടും ചൂടിനെ വയനാട് സാക്ഷിയായി. അങ്ങനെയൊരു തിരിച്ചറിവിലാണ് കബനീപുഴയോരം ഹരിതവല്‍ക്കരിക്കാന്‍ ജനകീയ സഹകരണമുണ്ടായത്.

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൗരന്‍മാരില്‍ എത്തിക്കാന്‍ വേറിട്ട വഴിതേടിയ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ മനസ്സിലുദിച്ച പദ്ധതിയാണ് ‘ഓര്‍മ്മമരം’. വോട്ടെടുപ്പ് ദിനത്തില്‍ സമ്മതി ദാനാവകാശം വിനിയോഗിക്കാനെത്തുന്നവര്‍ക്ക് മരത്തൈ നല്‍കുന്ന പദ്ധതിയാണിത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും കന്നിവോട്ടര്‍മാര്‍ക്കും എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിന്നും ഈ ഉപഹാരം ലഭിച്ചു. ഒരുലക്ഷത്തിലധികം തൈകള്‍ ഇങ്ങനെ വിതരണം ചെയ്തു. വോട്ട് പാഴാവാമെങ്കിലും പച്ചതൊടാനാവുമെന്ന് മരം നട്ട നാട്ടുകാര്‍ ആശ്വാസംകൊണ്ടു. വയനാടിന് ഒരു ഹരിതാവരണം പണിയുകയെന്ന വിശാല ദൗത്യത്തിലേക്കാണ് ഓര്‍മ്മമരം പിന്നീട് വളര്‍ന്നത്. പരിസ്ഥിതി ദിനത്തില്‍ മണ്ണിലിറങ്ങിയ ഓരോ വിത്തും ഈ പച്ചക്കുടക്ക് കരുത്തു പകരുമെന്നതില്‍ സംശയിക്കുന്നവര്‍ ഇന്നില്ല.

കബനീ നദീതീരത്ത് ധനമന്ത്രി തോമസ്സ് ഐസക്കാണ് വനവല്‍ക്കരണ പരിപാടിക്ക് മരത്തൈ നട്ട് തുടക്കമിട്ടത്. പുഴയോര പുറംപോക്കിലും പൊതുസ്ഥലങ്ങളിലും കാട്ടിലും പദ്ധതിയുടെ ഭാഗമായി മരം നടുന്നുണ്ടെന്ന് സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡിഎഫ്ഒ സജ്ജ്‌ന പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ മുഴുവന്‍ പിന്തുണയും ഈ പദ്ധതിക്കുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ആര്‍ എ ആര്‍ എസ്, സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവരാണ് തൈകള്‍ ഉണ്ടാക്കാന്‍ സഹായിച്ചത്. റെഡ് ക്രോസ്സ് സൊസൈറ്റിയും പുഴസംരക്ഷണ സമിതിയും വനവികസന സമിതികളും തൈകളുടെ പരിപാലനത്തിന് നേതൃത്വം നല്‍കും.

മരങ്ങള്‍ക്കുചുറ്റും വേലി നിര്‍മ്മിക്കുതിനുള്ള ധനസഹായം നബാഡാണ് നല്‍കുന്നത്. ഒരു മഴയോടെ അവസാനിക്കുന്നതല്ല ഈ ആവേശമെന്ന് സജ്ജ്‌ന പറഞ്ഞു. 10 ലക്ഷം വന്‍മരങ്ങളെന്ന ഉല്‍കൃഷ്ട ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം പ്രകൃതിസ്‌നേഹികളുടെയും പൊതു സമൂഹത്തിന്റെയും പിന്‍തുണയും ഈ ഉദ്യമത്തിന് ലഭിക്കുന്നു.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍