UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം മരപ്പണിക്കാരന്‍, പിന്നീട് മുഖ്യമന്ത്രി; പുല്ലിന്റെ അവിശ്വസനീയ ജീവിതവും മരണവും

Avatar

അരുണാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ കാലിഗോ പുലിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പ് ഡയറിയില്‍ നിന്ന് കണ്ടെടുത്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കിയത് മുതല്‍ നാല് മാസത്തോളം പുല്‍ മുഖ്യമന്ത്രിയായിരുന്നു. അനാഥനായ സാധാരണ തൊഴിലാളിയില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കും ആരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്കുമുള്ള കാലിഖോ പുലിന്റെ വളര്‍ച്ച അവിശ്വസനീയമായിരുന്നു. അതുപോലെ അവിശ്വസനീയമായി തീര്‍ന്നിരിക്കുന്നു ഇപ്പോള്‍ അന്ത്യവും. കാലിഗോ പുലിനെ കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു.   

കാലിഖോ പുല്‍ എന്ന പേരിന്റെ അര്‍ത്ഥം ‘നല്ല നാളെ’ എന്നാണ്. എത്ര ഉചിതം! ഒരു മരപ്പണിക്കാരനില്‍നിന്ന്  സെക്യൂരിറ്റി ഗാര്‍ഡിലേക്ക്. ഇപ്പോള്‍ അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിപദത്തിലേക്ക്; കാലിഖോ പുല്‍ വളരെദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.

അന്‍ജോ ജില്ലയിലെ ഹവായി സര്‍ക്കിളിലെ വല്ല ഗ്രാമത്തില്‍ ജനിച്ച പുല്‍ ആറാം വയസില്‍ അനാഥനായി. പുല്ലിന് 13 മാസം പ്രായമുള്ളപ്പോള്‍ അമ്മ കൊറാന്‍ലു മരിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം അച്ഛന്‍ തായ്‌ലും ഈ ലോകം വിട്ടുപോയി.

‘എന്നെ വളര്‍ത്തിയ ആന്റിയുടെ കുടുംബത്തെ സഹായിക്കാന്‍ വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോകേണ്ടിയിരുന്നതിനാല്‍ സ്‌കൂളില്‍ പോയി പഠിക്കാനായില്ല. 10 വയസുള്ളപ്പോള്‍ ഞാന്‍ ഹവായി ക്രാഫ്റ്റ് സെന്ററില്‍ മരപ്പണി പഠിക്കാന്‍ പോയി. ദിവസം ഒരു രൂപയായിരുന്നു സ്റ്റെപ്പന്‍ഡ്. പരിശീലനം കഴിഞ്ഞ്  96 ദിവസം അവിടെ അധ്യാപകനായി ജോലി ചെയ്യാന്‍ അവസരം കിട്ടി. ഒരു പരിശീലകന്‍ അവധിക്കുപോയ സമയത്തായിരുന്നു അത്,’ പുല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

അക്കാലത്ത് ആര്‍മി ഓഫിസര്‍മാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്രാഫ്റ്റ് സെന്ററില്‍ ഓര്‍ഡറുകളുമായി വരുമായിരുന്നു. അവരുടെ പതിവുസന്ദര്‍ശനങ്ങള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പുല്ലിനെ പ്രേരിപ്പിച്ചു.

മുതിര്‍ന്നവര്‍ക്കുള്ള ഒരു വിദ്യാഭ്യാസകേന്ദ്രത്തില്‍ ചേര്‍ന്ന പുല്‍ രാത്രിക്ലാസുകളിലാണ് പഠിച്ചത്. ‘ഒരിക്കല്‍ ഔദ്യോഗിക ചടങ്ങിന് വിദ്യാഭ്യാസ മന്ത്രി ഖപ്രിസോ ക്രോങ്ങും ലോഹിത് ഡെപ്യൂട്ടി കമ്മിഷണര്‍ ഡി എസ് നേഗിയും വിദ്യാഭ്യാസകേന്ദ്രത്തിലെത്തി. ഹിന്ദിയില്‍ സ്വാഗതപ്രസംഗം പറഞ്ഞത് ഞാനായിരുന്നു. ഒരു ദേശഭക്തി ഗാനവും ആലപിച്ചു. സന്തുഷ്ടനായ ഡെപ്യൂട്ടി കമ്മീഷണര്‍ ഉദ്യോഗസ്ഥരോട് എന്നെ ഡേ ബോര്‍ഡിങ് സ്‌കൂളിലാക്കാന്‍ നിര്‍ദേശിച്ചു.

ദിവസങ്ങള്‍ക്കകം ഞാന്‍ ആറാംക്ലാസില്‍ ചേര്‍ന്നു. അവിടെ പഠിക്കുമ്പോള്‍ ഹവായി സര്‍ക്കിള്‍ ഓഫീസിലെ കാവല്‍ക്കാരന്റെ ജോലി കിട്ടി. മാസശമ്പളം 212 രൂപ. ദേശീയപതാക ഉയര്‍ത്തുകയും താഴ്ത്തുകയും എന്റെ ജോലിയില്‍പ്പെട്ടതായിരുന്നു,’ പുല്‍ പറഞ്ഞു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുല്‍ പാന്‍ഷോപ്പ് നടത്തി; ചെറിയ കരാര്‍ പണികള്‍ ചെയ്തു. ഗ്രാമവാസികള്‍ക്കായി മുളവേലികള്‍ ഉണ്ടാക്കുകയും ഓലമേഞ്ഞ വീടുകള്‍ നിര്‍മിക്കുകയും ചെയ്തു. പിന്നീട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങിയ പുല്‍ നാല് ട്രക്കുകള്‍ സ്വന്തമാക്കുകയും ചെയ്തു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ പുല്‍ കുറച്ചുകാലം നിയമവും പഠിച്ചു. എന്നാല്‍ ഒന്നും എളുപ്പമായിരുന്നില്ല.

‘1980 മുതല്‍ തുടര്‍ച്ചയായി ആറുവര്‍ഷം ഗാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കൊണ്ട് ഞാന്‍ വലഞ്ഞു. ആകെ 1,600 രൂപയാണ് കയ്യിലുണ്ടായിരുന്നത്. സഹായത്തിനായി ബന്ധുക്കളെ സമീപിച്ചപ്പോള്‍ ഒരാള്‍ രണ്ടുരൂപയും മറ്റൊരാള്‍ അഞ്ചുരൂപയുമാണ് തന്നത്.

‘അന്നാണ് അനാഥനാണെന്ന് എനിക്ക് തോന്നലുണ്ടാകുന്നത്. ഒരിക്കല്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ലോഹിത് നദിക്കുമുകളിലെ പാലംവരെ നടക്കുകയും ചെയ്തു. അവിടെ അരമണിക്കൂറോളം കാത്തുനിന്നെങ്കിലും ജനക്കൂട്ടം മൂലം ആത്മഹത്യ ചെയ്യാനായില്ല,’ പുല്‍ ഓര്‍ക്കുന്നു.

പിന്നീട് ചെറുപ്പത്തില്‍ പരിചയപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറുടെ കയ്യില്‍നിന്നു വായ്പ വാങ്ങിയ 2500 രൂപ കൊണ്ട് ചികില്‍സ നേടിയ പുല്‍ രോഗവിമുക്തനായി. വായ്പ തിരിച്ചുനല്‍കുകയും ചെയ്തു.

ഇന്ന് ഇറ്റാനഗറിലെ പുല്ലിന്റെ ഔദ്യോഗികവസതി ആശുപത്രിക്കു സമാനമാണ്. മണ്ഡലത്തില്‍നിന്നും മറ്റുസ്ഥലങ്ങളില്‍നിന്നുമുള്ള ദരിദ്രരായ ഗ്രാമീണര്‍ മരുന്നുകള്‍ക്കും മറ്റുസഹായങ്ങള്‍ക്കുമായി ഇവിടെ വരുന്നു.

‘പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ വരുന്നു. എന്റെ 23 വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍ 22-ലും ഞാന്‍ മന്ത്രിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അധികാരം, പദവി, പണം എന്നിവയ്‌ക്കൊന്നും അര്‍ത്ഥമില്ല.’

‘1996-ലായിരുന്നു എന്റെ വിവാഹം. അന്ന് ഞാന്‍ മന്ത്രിയായിരുന്നു. മുഖ്യമന്ത്രി ഗെഗോങ് അപാങ്ങും മറ്റ് പല വിശിഷ്ടാതിഥികളും വിവാഹത്തിനു വന്നു. ഹവായിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സര്‍ക്കിള്‍ ഓഫീസില്‍ നിന്ന്  32 മീറ്റര്‍മാത്രം അകലെയായിരുന്നു വിവാഹവേദി.

അന്ന് ഞാന്‍ നിര്‍ത്താതെ കരഞ്ഞു. ഇവിടെ ഞാന്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തിരുന്ന ദേശീയപതാക ഇന്ന് എന്റെ ഔദ്യോഗിക വാഹനത്തില്‍ പാറിക്കളിക്കുന്നു.’

മരപ്പണിക്കുള്ള ഉപകരണങ്ങള്‍ ഇന്നും പുല്‍ സൂക്ഷിക്കുന്നുണ്ട്. ‘അവ എന്റെ ജീവിതത്തിന്റെ ഭാഗമാണ്.’

ദൈവഹിതത്തില്‍ വിശ്വസിക്കുന്നുണ്ടോ?’ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. കാരണം ദൈവം ഉണ്ടായിരുന്നുവെങ്കില്‍ എനിക്ക് ഇത്രയധികം സഹിക്കേണ്ടിവരുമായിരുന്നില്ല.’

(കടപ്പാട്: നോര്‍ത്ത് ഈസ്റ്റ് ടുഡേ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍