UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോലഞ്ചേരി പള്ളി: ഇരുപക്ഷവും വീണ്ടും നേര്‍ക്കുനേര്‍

Avatar

സന്ദീപ് വെള്ളാരംകുന്ന്

ഒരു ഇടവേളയ്ക്കു ശേഷം യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളിലെ വിശ്വാസികള്‍ തമ്മില്‍ തെരുവില്‍ പോരടിക്കുന്നതിനു വഴിയൊരുങ്ങിയിരിക്കുന്നു.

ഇരു സഭകളും അഭിമാന പ്രശ്‌നമായി കണക്കാക്കുന്ന കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതി വിധിയാണ് ഇരു സഭകളും തമ്മിലുള്ള പോരാട്ടം വീണ്ടും തെരുവിലേക്കു നീങ്ങാന്‍ വഴിയൊരുക്കുന്നത്. കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തിനെ പോലീസ് അനുവദിക്കുകയും യാക്കോബായ വിഭാഗത്തെ തടയുകയും ചെയ്തതാണ് സഭയില്‍ ഇപ്പോള്‍ പുതിയ തര്‍ക്കത്തിനു കാരണമായത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട വൈദികന് ആരാധനാ സൗകര്യം ഒരുക്കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പിന്നാലെ യാക്കോബായ വിഭാഗവും പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിനും അടുത്ത മാസം 16-നു സുപ്രീം കോടതി കേസ് പരിഗണിക്കുന്നതു വരെ ആരാധന നടത്താന്‍ കോലഞ്ചേരി പള്ളിയില്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്ന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യവഹാരങ്ങള്‍ അടുത്തെങ്ങും അവസാനിക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇരുവിഭാഗങ്ങള്‍ക്കും ആരാധന നടത്താനുള്ള സൗകര്യപ്രദമായ സമയം ജില്ലാ കളക്ടറും പൊലീസും ചേര്‍ന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കണമെന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിനും ആരാധനയ്ക്കു സൗകര്യം ഉറപ്പാക്കണമെന്നു കോടതി ഉത്തരവിട്ടത് യാക്കോബായ സഭയുടെ അസ്തിത്വും നിലനില്‍പ്പും യശസും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും സഭാ മുന്‍ മുഖ്യവക്താവുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. തലമുറകളായി ആത്മബന്ധമുള്ള കോലഞ്ചേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിനു മാത്രം ആരാധനാ സൗകര്യം നിഷേധിക്കപ്പെടുന്നത് ഏറെ വേദനയുളവാക്കുന്ന കാര്യമായിരുന്നു. കോലഞ്ചേരി പള്ളി വിഷയത്തില്‍ ഹൈക്കോടതി വിധിയുണ്ടായെങ്കിലും ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ മാത്രം പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചത് രാഷ്ട്രീയത്തില്‍ നിന്നുള്ള ഉന്നതരുടെ അറിവോടെയായായിരുന്നു. എല്ലാ വ്യക്തികള്‍ക്കും കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നു കോടതി വിധിയുണ്ടെങ്കിലും യാക്കോബായ വിഭാഗത്തില്‍പ്പെട്ടവര്‍ വരുമ്പോള്‍ മാത്രം ഈ നീതി നിഷേധിക്കപ്പെടുകയാണ്. ഭരണത്തിലുള്ളവരുടെ അറിവോടെ മാത്രമേ ഇത്തരത്തിലുള്ള നീതി നിഷേധങ്ങള്‍ അരങ്ങേറുകയുള്ളൂ. ഇത്തരം നീതി നിഷേധങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി -ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ കൂട്ടിച്ചേര്‍ക്കുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് ആരാധനയ്ക്കു സൗകര്യം ലഭ്യമാക്കിയുള്ള സുപ്രീം കോടതി വിധി ശാശ്വത സമാധാനത്തിലേയ്ക്കുള്ള കാല്‍വയ്പ്പാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യാക്കോബായ സഭ എന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും കോടതി വിധയെ വിനയപൂര്‍വം സ്വാഗതം ചെയ്യുകയാണെന്നും പറഞ്ഞ ബാവ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം ശാശ്വതമായി പരിഹരിക്കണമെന്നും കേസുകള്‍ അവസാനിപ്പിച്ചും ജനഹിതം മാനിച്ചും ചര്‍ച്ചകളിലൂടെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ കഴിഞ്ഞ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പറഞ്ഞു തീര്‍ത്ത് ഇരു സഭകളും തമ്മില്‍ സഹോദര സഭകളായി പിരിയുകയെന്നത്. എന്നാല്‍ സാങ്കേതിക ന്യായങ്ങളില്‍ കുടുങ്ങി ഇരുവിഭാഗവും ഉറച്ചു നിന്നതോടെ ചര്‍ച്ച അലസുകയും സഭാ സമാധാനമെന്നത് എങ്ങുമെത്താതെ അവസാനിക്കുകയുമായിരുന്നു.

കോലഞ്ചേരി പള്ളി വിഷയത്തില്‍ നീതി ലഭിച്ചില്ലായെന്ന യാക്കോബായ വിഭാഗത്തിന്റെ മുറവിളി നീതി എന്ന വാക്കിന്റെ അര്‍ഥം മനസിലാക്കാതെ മനപൂര്‍വം നടത്തുന്ന പ്രതികരണമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒ പ്രഫസര്‍ പി സി ഏലിയാസ് പറയുന്നു. കോടതികളായ കോടതികളെല്ലാം കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്നു വിധിച്ചു കഴിഞ്ഞു. 1934-ലെ സഭാ ഭരണഘടന അനുസരിച്ചാണ് പള്ളി ഭരിക്കപ്പെടേണ്ടതെന്ന് കോടതി തീരുമാനമെടുത്തു കഴിഞ്ഞു ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരാധന നടത്താന്‍ വൈദികനു പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ജില്ലാ കോടതികള്‍ മുതല്‍ ഹൈക്കോടതി വരെയുള്ള എല്ലാ കോടതികളും കോലഞ്ചേരി വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായാണ് വിധിച്ചിട്ടുള്ളത്. 95-ല്‍ സുപ്രീം കോടതിയും 1934-ലെ ഭരണഘടന അനുസരിച്ചാണ് പള്ളി ഭരിക്കപ്പെടേണ്ടതെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ നിയമപരമായോ നീതിയുടെ കാര്യത്തിലോ യാക്കോബായ സഭയ്ക്ക് കോലഞ്ചേരി പള്ളി വിഷയത്തില്‍ യാതൊരുവിധ അവകാശങ്ങളുമില്ലെന്നു വ്യക്തമാണ്. പള്ളികളില്‍ ആര്‍ക്കും ആരാധനയ്ക്കു വരാം എന്നാല്‍ കോടാലിയും വാക്കത്തിയും പെട്രോളും മണ്ണെണ്ണയുമായി പള്ളി കൈയേറാനും കത്തിക്കാനും വരുന്നവരെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. സഭയില്‍ സമാധാനം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നടത്തിയ എല്ലാ ചര്‍ച്ചകളോടും ഓര്‍ത്തഡോക്‌സ് സഭ തുറന്ന മനസോടെ തന്നെ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ അവിഹിത മാര്‍ഗങ്ങളിലൂടെ നേതൃത്വത്തിലെത്തിയവര്‍ എന്നും സഭയ്ക്കിടയില്‍ വഴക്കും സംഘര്‍ഷങ്ങളും വേണമെന്നാഗ്രഹിക്കുന്നവരാണ്. കോലഞ്ചേരി പള്ളി വിഷയത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും യാക്കോബായ വിഭാഗം ഇതിനോടു മുഖം തിരിക്കുകയായിരുന്നു. സംഘര്‍ഷങ്ങളും കൈയേറ്റവും അവസാനിപ്പിക്കാതെ ഒരിക്കലും സമാധാനം ഉണ്ടാകില്ല- പ്രഫസര്‍ പി സി ഏലിയാസ് കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനിടെ കോലഞ്ചേരി പള്ളിക്കു മുമ്പില്‍ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വൈദികനായ ഫാദര്‍ എല്‍ദോസ് കക്കാടന്‍ പള്ളിക്കു മുമ്പിലെ പോലീസ് ബാരിക്കേഡില്‍ തലകുരുക്കി നടത്തിയ ആത്മഹത്യാ ശ്രമം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഒരു ഇടവേളയ്ക്കു കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത് വരും നാളുകളും സഭാ പ്രശ്‌നം കത്തി നില്‍ക്കുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിഷയം കത്തി നില്‍ക്കാനും സാധ്യത ഏറെയാണ് . അതേസമയം 25-ല്‍ താഴെ പള്ളികളുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം തുടരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍