UPDATES

സിനിമ

ഈ മുത്തശ്ശി ഗദ അല്‍പ്പം ഫ്രീക്കാണ്; ജൂഡ് ആന്തണിക്കൊരു കയ്യടി

Avatar

സഫിയ ഒ സി

ജൂഡ് ആന്തണി ജോസഫ് ഒരു ഫ്രീക്കി സംവിധായകനാണ്. ഓം ശാന്തി ഓശാന എന്ന ആദ്യ സിനിമയില്‍ തന്നെ അത് തെളിയിച്ചിരുന്നു. പൂര്‍വ്വ സൂരികള്‍ എഴുതിവെച്ച ചിട്ടവട്ടങ്ങള്‍ക്ക് ഒപ്പിച്ച് സിനിമയെടുക്കാന്‍ ഒരു വൈമനസ്യം. ഈ മുത്തശ്ശി കഥയിലും ഇഷ്ടന്‍ അത് തുടരുന്നുണ്ട്. അല്‍പം കടന്ന കയ്യായി ഇത്തിരി ‘അഹങ്കാര’ത്തോടെ തന്നെ. 

ഒരു മുന്‍ ശുണ്ഠിക്കാരി മുത്തശ്ശിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. കൊച്ചുമകള്‍ വിളിക്കുന്നത് പോലെ ഒരു റൌഡി മുത്തശ്ശി. അവരുടെ മകനെ സംബന്ധിച്ചിടത്തോളം വീട് ഒരു യുദ്ധക്കളമാണ്. ഒരു വശത്ത് അമ്മ. മറ്റൊരു സൈഡില്‍ ഭാര്യ. അമ്മയുടെ സ്വഭാവഗുണം കാരണം ഒരു വേലക്കാരി പോലും വീട്ടില്‍ നില്‍ക്കുന്നില്ല. വീട്ടുപണിയെടുത്ത് നടുവൊടിഞ്ഞിരിക്കുകയാണ് ആ അപ്പാവി. ഇതിനൊരു അവസാനം വേണമല്ലോ? അതാണ് ആകെ കുഴപ്പത്തിലാക്കിയതും കഥയ്ക്ക് രസികന്‍ ട്വിസ്റ്റ് നല്‍കിയതും. 

എല്ലാവരും കൂടി ഒരു യാത്ര നടത്തിയാല്‍ എല്ലാം ശരിയാവും എന്നു കരുതി. ആ സ്വപ്നം കുളമായപ്പോഴാണ് തന്റെ അമ്മായിയമ്മയെ അമ്മയുടെ അടുത്താക്കി ടൂര്‍ പോകാന്‍ മകന്‍ തീരുമാനിച്ചത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതരിപ്പിച്ച സൂസമ്മ എന്ന ‘തലതെറിച്ച’ ആ അമ്മായിയമ്മ വീട്ടില്‍ എത്തിയപ്പോഴാണ് ലീലാമ്മ എന്ന മുന്‍ കോപക്കാരിയുടെ അകം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. മനോഹരമായ കുറേ ജീവല്‍ മുഹൂര്‍ത്തങ്ങളുള്ള ഒരു അനുഭവമായി സിനിമ മാറുന്നതും ഇവിടം മുതലാണ്. 

സിനിമ അഭിസംബോധന ചെയ്യുന്നത് വയോജനങ്ങളെയാണ്. പലപ്പോഴും വൃദ്ധജനങ്ങള്‍ കുടുംബത്തില്‍ അധിക ഭാരമാകുന്നതും ഒടുവില്‍ വൃദ്ധ സദനത്തില്‍ കുടിയേറ്റപ്പെടുന്നതും കണ്ണീര്‍ കഥകളായി നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ളതാണ്. സിനിമകളും കണ്ടിട്ടുള്ളതാണ്. (പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം ആരാണ് മറന്നു പോവുക). എന്തുകൊണ്ടാണ് വയസ്സായവരുടെ അകം കാണാന്‍ പുതിയ ലോകത്തിന് പറ്റാത്തത്. അവര്‍ക്ക് അവരുടെ സമപ്രായക്കാരോട് മാത്രമേ ആശയവിനിമയം നടത്താന്‍ സാധിക്കുകയുള്ളോ? അതോ പുതിയ കാലത്തിന്റെ എല്ലാ നൂലാമാലകളും മനസിലാക്കാനും അതിനോടൊപ്പം സഞ്ചരിക്കാനും ഇവര്‍ക്കും കഴിയുമോ? പറ്റും എന്ന വളരെ പോസിറ്റീവായ ഉത്തരമാണ് ഒരു മുത്തസ്സി ഗദ തരുന്നത്. അത് തന്നെയാണ് ഈ ചിത്രത്തെ കാഴ്ചാ മൂല്യമുള്ളതാക്കുന്നതും. 

ഒരു വേള ലീലാമ്മ സൂസമ്മയോട് പറയുന്നുണ്ട്. ഈ മൊബൈല്‍ കണ്ടുപിടിച്ചയാളെ ഞാന്‍ ചീത്ത പറയുന്നത് അതിനോടു ഇഷ്ടക്കേട് ഉണ്ടായിട്ടില്ല. മറിച്ച് തന്റെ കൌമാരക്കാലത്ത് അത് കണ്ടുപിടിച്ചില്ലലോ എന്നതുകൊണ്ടാണ്. ഈ ലീലാമ്മ തന്റെ 65-ആം വയസില്‍ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുകയും ഫേസ്ബുക്ക് അക്കൌണ്ട് എടുക്കുകയും സെല്‍ഫി എടുക്കുകയും ഒടുവില്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കുക വരെ ചെയ്യുന്നുണ്ട്. അതിനിടയ്ക്ക് ചില ഉല്ലാസ സഞ്ചാരങ്ങള്‍ നടത്തുകയും അത്യാവശ്യം നന്നായി ബിയര്‍ കുടിക്കുകയും-ബാറില്‍ പോയി തന്നെ-ചെയ്യുന്നുണ്ട്. (കുടിക്കുന്നതിന് ഒരു ‘നസ്രാണി ന്യായം’ പറയുന്നുണ്ടെങ്കിലും)

വര്‍ദ്ധക്യത്തിന്റെ നാലു ചുവരുകള്‍ക്കകത്ത് തളച്ചിടപ്പെടുന്നവരുടെ ആന്തരിക ലോകത്തിലേക്കുള്ള അന്വേഷണമാണ് ഈ ചിത്രം. മുന്‍കോപം, അന്തര്‍മുഖത്വം, ഷുഗര്‍, പ്രെഷര്‍ എന്നുവേണ്ട ശാരീരികമായും മാനസികമായും നിരവധി അസുഖങ്ങള്‍ ബാധിച്ചവരാണ് ഇവര്‍. പുതിയ ലോകത്ത് ഒരു മിസ്ഫിറ്റാണ് എന്നു ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. തങ്ങള്‍ക്ക് താഴെയുള്ള ഏജ് ഗ്രൂപ്പിലുള്ളവരോട് ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് എപ്പോഴുമുണ്ട് ഇവര്‍ക്ക്. അതിന്റെ അന്യവത്ക്കരണം ഇവര്‍ വല്ലാതെ അനുഭവിക്കുന്നുമുണ്ട്. മനസിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിരവധി ആഗ്രഹങ്ങളുണ്ട് ഇവരുടെ ഉള്ളില്‍. മക്കളെ വളര്‍ത്തി വലുതാക്കുന്ന തിരക്കിനിടയില്‍ സഫലമാക്കാന്‍ പറ്റാത്തവ. മക്കള്‍ വലുതായി ജീവിതം ആസ്വദിക്കുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ഒരു കുശുമ്പ് തോന്നുക സ്വഭാവികം. അതവരുടെയും അവരുടെ ചുറ്റിലുമുള്ളവരുടെയും ജീവിതത്തെ വല്ലാതെ ബാധിച്ചു തുടങ്ങും. വൃദ്ധജനങ്ങളുടെ മനോവ്യാപാരത്തെ കുറിച്ചും കുടുംബത്തിനുള്ളില്‍ അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ചും ഒരു സാമാന്യവത്ക്കരണം സാധ്യമല്ലെങ്കിലും വാര്‍ദ്ധക്യകാലത്തെ എങ്ങനെ ആനന്ദപ്രദമാക്കാം എന്നൊരു അന്വേഷണം ചിത്രത്തില്‍ നടത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. 

ഈ സിനിമയിലും ഒരു ഇതര സംസ്ഥാന തൊഴിലാളി മുഖ്യകഥാപാത്രമായി വരുന്നുണ്ട് എന്നതും കൌതുകകരമായ ഒരു സാമൂഹ്യ നിരീക്ഷണത്തിനുള്ള വകുപ്പ് തരുന്നുണ്ട്. മലയാളി വേലക്കാരികള്‍ വാഴാത്ത വീട്ടിലാണ് ഒരു‘ബംഗാളി’ വാഴുന്നത്. ഈ ഇതര സസ്ഥാന തൊഴിലാളി എപ്പിസോഡില്‍ ചെറിയ ട്വിസ്റ്റ് ഉണ്ടെങ്കിലും കേരള സമൂഹത്തിന്റെ പ്രൊഫൈല്‍ മാറിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും ഈ യുവ സംവിധായകന്‍ പിടിച്ചെടുത്തിരിക്കുന്നു എന്നു ഉറപ്പിച്ച് പറയാന്‍ കഴിയും.

സിനിമയിലെ മറ്റൊരു രസം തന്റെ മുന്‍ സിനിമയിലെ കഥാപാത്ര തുടര്‍ച്ച ഇതിലും സംവിധായകന്‍ കൊണ്ടുവരുന്നു എന്നതാണ്. ഓം ശാന്തി ഓശാനയിലെ രഞ്ജി പണിക്കരുടെ ഡോക്ടര്‍ വേഷമാണ് അങ്ങനെ രംഗത്ത് വരുന്നത്. 

സിനിമയുടെ മറ്റൊരു പ്രത്യേക വളരെ രസകരമായ, വ്യത്യസ്തതയുള്ള കാസ്റ്റിംഗ് തന്നെ. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജിനി ചാണ്ടി എന്ന പുതുമുഖം തന്റെ മാനറിസങ്ങള്‍ക്കൊണ്ട് എല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റുക തന്നെ ചെയ്യും. സര്‍പ്രൈസ് എന്‍ട്രി ഭാഗ്യലക്ഷ്മി തന്നെയാണ്. കാലങ്ങളായി ശബ്ദത്തിലൂടെ മാത്രം പ്രേക്ഷകര്‍ അറിഞ്ഞിരുന്ന ഭാഗ്യലക്ഷ്മി ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. ലെനയും സുരാജ് വെഞ്ഞാറമൂടും തങ്ങളുടെ ഭാര്യ, ഭര്‍തൃ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ ശ്രീനിവാസന്റെ ഒറ്റ സീന്‍ രംഗവും തകര്‍ത്തു. ഈ മുത്തസ്സി ഗദയെ മഹേഷിന്റെ പ്രതികാരം പോലെ ആസ്വാദ്യമാക്കിയത് ഈ രംഗത്തിന്റെ ശക്തി തന്നെയാണ്.

തന്റെ ആദ്യസിനിമയിലെന്ന പോലെ ഈ ചിത്രത്തിലും ബോക്സ് ഓഫീസ് പേടി ഏതുമില്ലാതെ സ്ത്രീ ജീവിതത്തെ നോക്കാന്‍ നടത്തിയ ശ്രമത്തിന് ജൂഡ് ആന്തണി ഒരു നല്ല കയ്യടി അര്‍ഹിക്കുന്നുണ്ട്. എല്ലാ തെറ്റ് കുറ്റങ്ങളും ഈ ഒരു നന്മകൊണ്ട് നമുക്ക് മറക്കാം. 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)
  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍