UPDATES

സിനിമ

കരുത്തുള്ള സ്ത്രീകളുടെ സിനിമ

Avatar

ദിവ്യ രഞ്ജിത്

 

സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ കളിയാക്കിയും വിമര്‍ശിച്ചും മലയാളത്തില്‍ ഒട്ടനവധി സിനിമകള്‍ വന്നിട്ടുണ്ട്. നര്‍മ്മത്തില്‍ ചാലിച്ച് വിവിധ വിഷയങ്ങളിലുള്ള തന്റെ കാഴ്ചപ്പാടുകള്‍ ശ്രീനിവാസന്‍ വിവിധ സിനിമകളിലൂടെ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയം, മലയാളികളുടെ ചില പൊതുസ്വഭാവങ്ങള്‍, അല്പത്തരങ്ങള്‍ എല്ലാം അതില്‍ പെടും. അതുപോലെ എല്ലാക്കാലത്തും ഇത്തരത്തില്‍ നര്‍മത്തില്‍ പൊതിഞ്ഞ സാമൂഹിക വിമര്‍ശനങ്ങള്‍ സിനിമകളില്‍ ഉണ്ടാകുന്നുണ്ട്. ഈയിടെ കണ്ടതില്‍, സമകാലീന പ്രശ്‌നത്തിലെ അഭിപ്രായം തന്റെ സിനിമയിലൂടെ അല്‍ഫോന്‍സ് പുത്രന്‍ പങ്ക് വച്ചത് ഏറെ രസകരമായിട്ടു തോന്നി. ‘നീ പെട്രോളിന് വില കൂട്ടും അല്ലേടാ’ എന്നൊക്കെ ഉള്ള ഡയലോഗുകള്‍ മലയാളികള്‍ മറക്കാറായിട്ടില്ല. പറഞ്ഞു വരുന്നത് ഈയിടെ മുത്തശ്ശി ഗദ കണ്ട കാര്യത്തെ പറ്റിയാണ്.

  

സോഷ്യല്‍ മീഡിയയില്‍, ചില വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള ജൂഡ് ആന്തണി ജോസഫ് ആണ് ഈ സിനിമയുടെ സംവിധായകന്‍. ഈ സിനിമയിലും സോഷ്യല്‍ മീഡിയകളില്‍ വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട പല വിഷയങ്ങളും പല സന്ദര്‍ഭങ്ങളില്‍ കടന്നു വന്നിട്ടുണ്ട്. ‘അന്യസംസ്ഥാന തൊഴിലാളി’കളുടെ കുത്തൊഴുക്കിനെക്കുറിച്ച് സുഗതകുമാരി ടീച്ചറുടെ പരാമര്‍ശം വന്നിട്ട് അധിക ദിവസങ്ങള്‍ ആയിട്ടില്ല. ജിഷ കേസ്, അതു പോലെ മറ്റു പല കേസുകളിലും പിടിയിലായവര്‍ ബംഗാളികളാണ്. സ്ത്രീകള്‍ ഉള്ള വീട്ടില്‍ ബംഗാളികളെ എങ്ങനെ താമസിപ്പിക്കും എന്ന് ഇടക്കിടക്ക് ഈ സിനിമയിലും സംശയമായി പലപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്.

 

ജിഷ കേസ്, ജനങ്ങളെ എത്രമാത്രം ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ടെന്നും ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലും ഉണ്ടെന്നും ജാഗ്രത വേണമെന്നും സിനിമ പറയുന്നു. സുഗതകുമാരി ടീച്ചറുടെ പ്രസ്താവന കൂടെ വന്നതുകൊണ്ട് ഈ വിഷയം വീണ്ടും വാര്‍ത്തകളില്‍ സജീവമാകുകയാണ്. എല്ലാറ്റിലും ഉപരിയായി എനിക്കിഷ്ടമായത് ഇതിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെയാണ്. അതും പ്രായമായ സ്ത്രീകള്‍. ആരോടും എന്തും മുഖത്തു നോക്കി ധൈര്യമായി പറയുന്ന ആളാണ് കേന്ദ്ര സ്ത്രീ കഥാപാത്രം (ലീലാമ്മ ). ഭാഗ്യലക്ഷ്മി ചെയ്ത സൂസമ്മ, ലീലാമ്മയ്ക്കുള്ള ന്യുന്യതകളെല്ലാം പരിഹരിക്കാനും എക്‌സ്ട്രാ എനര്‍ജി ബൂസ്റ്ററും ആയാണ് എത്തിച്ചേരുന്നത്. പ്രായമായ കഥാപാത്രങ്ങള്‍ ഉള്ള സിനിമകളില്‍ സാധാരണ കാണാറുള്ള തുരുമ്പിച്ചു ദ്രവിച്ച സിംപതി’ എന്ന ക്‌ളീഷേ ആയുധം സംവിധായകന്‍ ഒരു ഘട്ടത്തിലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് അഭിനന്ദനീയം തന്നെ.

 

 

സൂസമ്മയോടാണ് എനിക്കൊരിത്തിരി ഇഷ്ടം കൂടുതല്‍. കാരണം ‘ഈ സൂസമ്മ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നൂല്ല ‘ എന്നത് തന്നെ. ഒരു സ്ത്രീ വിചാരിച്ചാലും പലതും ഒറ്റക്കു ചെയ്തു വിജയിപ്പിക്കാം എന്നവര്‍ കാണിച്ചു തരുന്നു. വളരെ സോഫസ്റ്റിക്കേറ്റഡ് അമ്മാമ്മ. ഓരോരുത്തര്‍ക്കും അവരുടേതായ പ്രൈവസിയും സ്‌പേസും നല്‍കുന്ന വ്യക്തി. എന്തിലും ഏതിലും ഒളിഞ്ഞു നോക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ക്കും കപട സദാചാര സേട്ടന്‍മാര്‍ക്കും റോള്‍ മോഡലാക്കി നന്നാവാന്‍ പറ്റിയ കഥാപാത്രം. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ എന്നിങ്ങനെ മാറ്റങ്ങളുടെ കൂടെ നമ്മളും മുന്നേറണം എന്നൊരു ആശയം കൂടി സിനിമയില്‍ പങ്ക് വെക്കപ്പെടുന്നു. സ്ത്രീകള്‍, വയസ്സായവര്‍ എന്നിങ്ങനെ ആരും ഒരു മേഖലയിലും മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. കാലത്തിനൊപ്പം മുന്നേറണം ഓരോരുത്തരും. പഴയതിനെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കെട്ടിപിടിച്ചു നാം തന്നെ നമ്മുടെ മുന്നോട്ടുള്ള വഴിയെ കൊട്ടിയടക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നത് തെറ്റ് തന്നെയാണ്.

 

സൂസമ്മ, ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാത്ത ലീലാമ്മയെ പിന്നീട് ലാപ്‌ടോപ്പ് വരെ കൈകാര്യം ചെയ്യാന്‍ സൂസമ്മ പ്രാപ്തയാക്കുന്നുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ലീലാമ്മയ്ക്കു മടിയില്ല താനും, എന്തേ മൊബൈലും ഇന്‍റര്‍നെറ്റുമൊന്നും അവര്‍ പഠിച്ചിരുന്ന കാലത്തേ കണ്ടുപിടിച്ചില്ല എന്നൊരു പരാതി മാത്രേ ഉള്ളൂ. വയസ്സുകാലത്തു അടങ്ങി ഒതുങ്ങി എവിടേലും ഇരുന്നൂടെ എന്ന പതിവ് ചോദ്യത്തിനുത്തരമായി, വയസ്സായാല്‍ എന്താ ആഗ്രഹങ്ങള്‍ ഒക്കെ പെട്ടീല്‍ വച്ചു പൂട്ടണോ എന്ന മറുചോദ്യം ചോദിക്കുന്നു സിനിമ. ആഗ്രഹങ്ങള്‍ എല്ലാം നടത്തിയെടുക്കുകേം ചെയ്യുന്നു. സ്ത്രീകള്‍ തങ്ങളുടെ കഴിവും കരുത്തും കാട്ടുന്ന സിനിമ. സ്ത്രീ വിരുദ്ധത കുത്തിനിറയ്ക്കപ്പെട്ട് ഈയിടെ ഇറങ്ങിയ ചില സിനിമകളെ അപേക്ഷിച്ച് ആശയപരമായി വളരെ മുന്നില്‍ നില്‍ക്കുന്നുണ്ട് മുത്തശ്ശി ഗദ.

 

സ്ത്രീയെ ബലാത്സംഗം ചെയ്തു, പിന്നീട് സര്‍വംസഹയായ സ്ത്രീ ബലാത്സംഗിയോട് ക്ഷമിക്കുമെന്നും അവനെ സ്‌നേഹിക്കുമെന്നും കാത്തിരിക്കുമെന്നൊക്കെ ഉള്ള വിഡ്ഢിത്തം തൊടുത്തു വിട്ട സാം മാത്യുവിനെ പോലുള്ളവര്‍ക്ക് മുഖമടച്ചൊരു അടി കൊടുത്ത പോലെ തോന്നി സിനിമയുടെ ക്ലൈമാക്‌സിലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. അതിനു ഞങ്ങള്‍ സ്ത്രീകളുടെ ഒരു ഹൈ-ഫൈ ജൂഡ് ആന്തണി, തീര്‍ച്ചയായും നിങ്ങള്‍ അര്‍ഹിക്കുന്നു.

രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഇടക്കിടക്ക് ഓരോ ഫീഫ് ഫ്രൈ ഒക്കെ വന്നു പോകുന്നത് കൂടി ചേര്‍ത്താല്‍ സമകാലീനമായ ഒട്ടു മിക്ക പ്രശ്‌നങ്ങളും സിനിമയില്‍ രസകരമായി ഉള്‍പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

 

(ദിവ്യ മൈസൂരില്‍ ഓണ്‍ലൈന്‍ വഴി ടെറകോട്ട ബിസിനസ് ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍