UPDATES

വിദേശം

ബിന്‍ ലാദനെ വെടിവച്ച നിമിഷങ്ങള്‍

Avatar

ജോബി വാറിക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാക്കിലെ അല്‍ ക്വയ്ദ സുരക്ഷിത താവളങ്ങളില്‍ അര്‍ദ്ധരാത്രി നടത്തിയ പരിശോധന മുതല്‍ ആഴക്കടലിലെ നാവിക കപ്പലുകളില്‍ നിന്നും സോമാലിയന്‍ കടക്കൊള്ളക്കാരെ നേരിട്ടത് വരെയുള്ള കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ അപകടകരമായ ദൗത്യങ്ങളില്‍ ഇത്രയും ഭീതി ജനകമായ മറ്റൊന്ന് ഉണ്ടായിരുന്നില്ല. ഹെലിക്കോപ്ടറില്‍ നിന്നും ഒസാമ ബിന്‍ ലാദന്റെ സ്വകാര്യ പൂന്തോട്ടത്തിലേക്ക് ചാടുമ്പോള്‍ റോബര്‍ട്ട് ജയിംസ് ഒ’നീല്‍ ഉറപ്പായും വിചാരിച്ചിരുന്നു, ഇത് തന്റെ അന്ത്യമാവുമെന്ന്.

‘ഞാന്‍ അതിജീവിക്കുമെന്ന് എന്ന് പ്രതീക്ഷിച്ചിരുന്നതേയില്ല,’ ഈ മുന്‍ നാവികസേന സീല്‍ (SEAL- അമേരിക്കന്‍ നാവികസേനയിലെ ഒളിപ്പോര്‍ വിഭാഗം) അംഗം പറഞ്ഞു.

2011 മേയ് രണ്ടിന് ഒസാമ ബിന്‍ ലാദന്റെ ഒളിയിടത്തിലേക്ക് പാഞ്ഞു കയറിയ യു എസ് പ്രത്യേക സേനയുടെ ഒരു ഡസന്‍ അംഗങ്ങളില്‍ ഒരാളായിരുന്നു ഒ’നീല്‍. ആയുധധാരികളായ കാവല്‍ക്കാരുടെയോ അല്ലെങ്കില്‍ അല്‍ ക്വയ്ദ നേതാവിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഉറപ്പായും കാണാന്‍ സാധ്യതയുള്ള കുഴി ബോംബുകളിലോ പെട്ട് മരിക്കാന്‍ മാനസികമായി താന്‍ തയ്യാറായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍, ലാദന്റെ മരണം ഉറപ്പാക്കുന്ന വെടിയുതിര്‍ത്ത ആളെന്ന നിലയില്‍ തന്റെ പേര് ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് തന്റെ വന്യമായ സങ്കല്‍പങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

ആ രാത്രിയില്‍ ലാദന്റെ കിടപ്പ് മുറിയിലേക്ക് നുഴഞ്ഞ കയറിയ, തന്റെ ഏറ്റവും പുതിയ ഭാര്യയുടെ അടുത്ത് ഇരുട്ടില്‍ നില്‍ക്കുകയായിരുന്ന തീവ്രവാദി നേതാവിന് നേരെ വെടിയുതിര്‍ത്ത ആ പേര് വെളിപ്പെടുത്താത്ത സീല്‍ താനായിരുന്നുവെന്ന് ഒ’നീല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് വെളിപ്പെടുത്തി. ലാദന്റെ തിരുനെറ്റിയില്‍ തന്നെ വെടിയേറ്റെന്നും അദ്ദേഹം ഉടനടി മരിച്ചെന്നും മൊണ്ടാന സ്വദേശി വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് സീലുകള്‍ ഈ വിശദീകരണം സ്ഥിതീകരിച്ചിട്ടുണ്ട്.

സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം ആക്രമണത്തില്‍ തന്റെ ഭാഗത്തെ കുറിച്ച് പരസ്യമായി വിവരിക്കാന്‍ ഒ’നീല്‍ തയ്യാറാവുകയായിരുന്നു. 2011 സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളെ കൊല്ലാനോ കീഴടക്കാനോ ഉള്ള ദൗത്യത്തിന്റെ പുറത്ത് വരാത്ത വിശദാംശങ്ങള്‍ വെളിപ്പെടുത്താനും അദ്ദേഹം തയ്യാറായി.

‘ഒട്ടും എളുപ്പമല്ലാത്ത ദിവസം’ എന്ന തന്റെ വിവാദപരമായ പുസ്തകത്തിലൂടെ മറ്റൊരു ടീമംഗമായ മാറ്റ് ബിസോണെറ്റ് ദൗത്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പടുത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒ’നീല്‍ സംഭവത്തെ കുറിച്ച് തുറന്ന് പറയാന്‍ തീരുമാനിച്ചത്. തന്റെ അനുവാദത്തോടെയോ അല്ലാതയോ പുറത്ത് വരുന്ന കഥയെ കുറിച്ച് ചില നിയന്ത്രണം വേണമെന്ന ആഗ്രഹത്തോടൊപ്പം സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളും കൂടിച്ചേര്‍ന്ന തീവ്രമായ മാനസിക സമ്മര്‍ദങ്ങള്‍ക്ക് ഒടുവിലാണ് തന്റെ തീരുമാനമെന്നും ഒ’നീല്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ‘വെടിവെച്ചയാള്‍’ എന്ന ഒ’നീലിന്റെ പങ്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സേനാവിഭാഗങ്ങള്‍ക്കിടയിലും കാപ്പിറ്റോള്‍ കുന്നുകളിലും വ്യാപിച്ചെന്നും കഥയറിഞ്ഞ നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ വ്യക്തിപരമായി അഭിനന്ദിച്ചെന്നും ഒ’നീല്‍ വെളിപ്പെടുത്തുന്നു. മാധ്യമ പ്രവര്‍ക്കര്‍ക്കും തന്റെ പങ്കിനെ കുറിച്ച് അറിവുണ്ടായിരുന്നു.

എന്നാല്‍ ഫോക്‌സ് ന്യൂസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും ഒ’നീലിന്റെ അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ പേര് ചില സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയായിരുന്നു. പ്രത്യേക സേനകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സൈനീകര്‍ നടത്തുന്ന വെബ്‌സൈറ്റായ സോഫ്‌റെപ് (SOFREP), ഫോക്‌സ് ന്യൂസില്‍ തന്റെ കഥ വെളിപ്പെടുത്താനുള്ള ഒ’നീലിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തിന്റെ പേര് ആദ്യം തന്നെ വെളിപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

സോഫ്‌റെപ്പിന്റെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയില്‍ ഏറ്റെടുക്കുകയും, ഒ’നീലാണ് വെടിവച്ചതെന്ന് അദ്ദേഹത്തിന്റെ പിതാവ് ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ സ്ഥിതീകരിച്ചതായി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

വരാനിരിക്കുന്ന ഒ’നീലിന്റെ ടിവി അഭിമുഖത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 31ന് സോഫ്‌റെപ് പ്രസിദ്ധീകരിച്ച കത്തില്‍, ‘എന്റെ തൊഴിലിന്റെ സ്വഭാവത്തെ കുറിച്ച് പരസ്യപ്പെടുത്തുകയോ എന്റെ പ്രവര്‍ത്തിക്ക് അംഗീകാരം തേടുകയോ ചെയ്യുരുത്,’ എന്നത് തങ്ങളുടെ തൊഴിലിന്റെ അടിസ്ഥാന പ്രമാണമാണെന്ന് നേവി സ്‌പെഷ്യല്‍ വാര്‍ഫെയര്‍ കമാന്റിന്റെ കമാന്ററും മാസ്റ്റര്‍ ചീഫും ആയ വ്യക്തി വ്യക്തമാക്കിയിരുന്നു.

‘പൊതു പ്രശസ്തിക്കോ സാമ്പത്തിക ലാഭത്തിനോ വേണ്ടി ഞങ്ങള്‍ അടിസ്ഥാന മൂല്യങ്ങളെ വ്യക്തിതാല്‍പര്യങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ വശംവദരായി നിഷേധിക്കാറില്ല,’ കത്തില്‍ പറയുന്നു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ താന്‍ മുന്‍കൂട്ടി കണ്ടിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് അനുവദിച്ച രണ്ട് കൂടിക്കാഴ്ചകളില്‍ ഒ’നീല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തില്‍ 2001 സെപ്തംബര്‍ 11ന് നടന്ന ആക്രമണത്തിലെ ഇരകളുടെ ബന്ധുക്കളെ കഴിഞ്ഞ വേനല്‍ക്കാലത്ത് സ്വകാര്യമായി കണ്ടതോടെയാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതെന്ന് ഒ’നീല്‍ പറയുന്നു.

പ്രചോദനാത്മക പ്രസംഗങ്ങള്‍ നടത്തുന്ന ഒ’നീലിനെ, ദേശീയ സെപ്റ്റംബര്‍ 11 സ്മാരക മ്യൂസിയത്തില്‍ അതിന്റെ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് നടന്ന ചടങ്ങില്‍ 9/11 കുടുംബാംഗങ്ങളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിച്ചിരുന്നു. വികാരാധീനമായ ചര്‍ച്ചകള്‍ക്കിടയില്‍ എങ്ങനെയാണ് ഒസാമ ബിന്‍ ലാദന്‍ മരിച്ചതെന്ന് വെളിപ്പെടുത്താന്‍ താന്‍ പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഒ’നീല്‍ വിശദീകരിക്കുന്നു.

‘അവര്‍ക്ക് കുറച്ച് ആശ്വാസം നല്‍കാന്‍ എന്റെ വെളിപ്പെടുത്തല്‍ സഹായിച്ചതായി കുടുംബാംഗങ്ങള്‍ എന്നോട് പറഞ്ഞു,’ ഒ’നീല്‍ പറഞ്ഞു.

തന്റെ യൂണിഫോം മ്യൂസിയത്തിലേക്ക് സംഭാവന ചെയ്യാമോ എന്ന് ഒ’നീലിനോട് അന്വേഷിച്ച ന്യൂയോര്‍ക്കില്‍ നിന്നും ഒരു കോണ്‍ഗ്രസ് അംഗമാണ് ഈ യോഗം വിളിച്ചു ചേര്‍ത്തത്.

‘എന്നാല്‍ പേര് വെളിപ്പെടുത്താതെ തന്റെ യൂണിറ്റിന് അഭിമാനകരമാകുന്ന രീതിയില്‍ അത് ചെയ്യണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. പക്ഷെ വിഷയത്തിലുള്ള അമിതമായ പ്രാധാന്യം നിമിത്തം അത് പ്രയാസകരമായിരുന്നു,’ ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപബ്ലിക്കന്‍ കാരോലിന്‍ മലോണെ ചൂണ്ടിക്കാട്ടുന്നു. ‘സെപ്റ്റംബര്‍ 11ന്റെ ഭീതയില്‍ എക്കാലവും ജീവിക്കുന്ന ആയിരക്കണക്കിന് വ്യക്തികളുടെ പ്രതിനിധിയാണ് ഞാന്‍. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഒ’നീലിന്റെ സ്വകാര്യ വാക്കുകള്‍ വലിയ ആശ്വാസമാണ് അവര്‍ക്ക് പ്രദാനം ചെയ്തത്.’

ഒ’നീല്‍ ‘അമേരിക്കയുടെ ധീരപുരുഷനും ദൗത്യത്തിന്റെ വിജയത്തിന് എപ്പോഴും തന്റെ സംഘത്തെ പ്രകീര്‍ത്തിക്കുന്ന മികച്ച, സംഭാഷണ ചതുരനായ മാന്യനും,’ ആണെന്ന് മലോണെ പുകഴ്ത്തുന്നു.

ഏത് അളവില്‍ നോക്കിയാലും അസാധാരണമായ കരിയറിന്റെ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് 2011 ലെ ബിന്‍ ലാദന്‍ റെയിഡിന് ഒ’നീല്‍ പങ്കാളിയാവുന്നത്. നീണ്ട്, ഉറച്ച ശരീരവും കുട്ടികളുടെ മുഖവുമുള്ള ഒ’നീല്‍ 1996 ല്‍ തന്റെ 20-ാം വയസിലാണ് സീലില്‍ അംഗമായത്. വളരെ കുറഞ്ഞ കാലത്തിനുള്ള അദ്ദേഹത്തിന് ഉന്നതമായ സീല്‍ ടീം സിക്‌സിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

തന്റെ തൊഴില്‍ ജീവിതത്തിനിടയില്‍ അദ്ദേഹത്തിന് പലപ്പോഴായി 24 വ്യത്യസ്ത ആദരങ്ങളും പ്രശംസപത്രങ്ങളും ലഭിച്ചിട്ടുണ്ട്. അല്‍ ക്വയ്ദ അനുബന്ധ നുഴഞ്ഞകയറ്റക്കാര്‍ എന്ന് സംശയിക്കുന്നവരെ കൊല്ലുന്നതിനോ കീഴടക്കുന്നതിനോ നടത്തുന്ന ദൗത്യങ്ങളുടെ നായകനായി പല തവണ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും യാത്ര ചെയ്തതിന്റെ ഫലമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഈ ബഹുമതികള്‍ ഒക്കെയും.

ഇത്തരം യാത്രകളുടെ ഇടവേളകളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ സംഘം നിയോഗിക്കപ്പെട്ടിട്ടുണ്ട്. സോമാലിയന്‍ തീരത്ത് കടക്കൊള്ളക്കാരില്‍ നിന്നും മര്‍ച്ചന്റെ നേവി ക്യാപ്ടന്‍ റിച്ചാര്‍ഡ് ഫിലിപ്പ്‌സിനെ രക്ഷിക്കാനുള്ള 2009ലെ ദൗത്യത്തിന് നിയോഗിക്കപ്പെട്ട സീല്‍ അംഗങ്ങളില്‍ ഒ’നീലും ഉള്‍പ്പെട്ടിരുന്നു. 2013ല്‍ ‘ക്യാപ്ടന്‍ ഫിലിപ്പ്‌സ്’ എന്ന ചിത്രത്തില്‍ ഈ ഓപ്പറേഷന്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ എസ്‌ക്വയര്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തകനായ ഫില്‍ ബ്രോണ്‍സ്‌റ്റൈന്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബിന്‍ ലാദന്‍ റയിഡിന്റെ സമയത്തുള്ള ഒ’നീലിന്റെ അനുഭവങ്ങള്‍ ആദ്യമായി പുറലോകം അറിയുന്നത്. എ്‌നാല്‍ പ്രസ്തുത ലേഖനത്തില്‍ ഉഭയസമ്മതപ്രകാരം അദ്ദേഹത്തെ ‘വെടിവച്ചയാള്‍’ എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. പാകിസ്ഥാനിലെ അബോട്ടബാദിലുള്ള ബിന്‍ ലാദന്റെ പുരയിടത്തിലൂടെ  മറ്റ് അഞ്ച് സീല്‍ അംഗങ്ങളോടൊപ്പം മുന്നേറുന്നതും ബിന്‍ ലാദന്‍ തന്റെ ഭാര്യമാരോടൊപ്പം താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് എത്തപ്പെടുന്നതുമെല്ലാം വിശദീകരിക്കുന്നുണ്ട്.

തന്റെ ടീമിലെ മറ്റംഗങ്ങള്‍ മറ്റ് മുറികള്‍ പരിശോധിക്കുന്നതിനായി പിരിഞ്ഞപ്പോള്‍, ഒ’നീല്‍ ബിന്‍ ലാദന്റെ കിടക്കമുറിയില്‍ മുന്നിലുള്ള സീല്‍ അംഗത്തിന്റെ പിന്നില്‍ മറഞ്ഞ് നിന്ന് അവസാന ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ബിന്‍ ലാദന്‍ വാതിലനടുത്തേക്ക് വന്നപ്പോള്‍ മുന്നില്‍ നിന്ന സീല്‍ വെടിയുതിര്‍ത്തെങ്കിലും അത് ലക്ഷ്യത്തില്‍ എത്തിയില്ല.

‘ഞാന്‍ വാതിലിലൂടെ അദ്ദേഹത്തിന്റെ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു,’ ഒ’നീല്‍ ഓര്‍ക്കുന്നു. ‘അവിടെ ബിന്‍ ലാദന്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ തോളത്ത് കൈവച്ച് അവരുടെ തല ഒരു ഭാഗത്തേക്ക് അമര്‍ത്തി അദ്ദേഹം നിന്നു.’

മുറിയില്‍ ഇരുട്ടായിരുന്നെങ്കിലും രാത്രി കാഴ്ച സഹായിയിലൂടെ അദ്ദേഹത്തിന് ബിന്‍ ലാദന്റെ രൂപം വ്യക്തമായി കാണാമായിരുന്നു.

‘അദ്ദേഹത്തിന്റെ മുഖത്ത് ആശയക്കുഴപ്പം നിഴലിച്ചു,’ ഒ’നീലിനെ ഉദ്ധരിച്ചു കൊണ്ട് എസ്‌ക്വയര്‍ മാസിക എഴുതുന്നു. ‘അദ്ദേഹത്തിന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പൊക്കമുണ്ടായിരുന്നു. അദ്ദേഹം തൊപ്പി ധരിച്ചിരുന്നു. വെടിയേറ്റതായി തോന്നിയില്ല.’

തന്റെ ഭാര്യമാരില്‍ ഒരാളെ മറയാക്കി മുന്നില്‍ നിറുത്തിക്കൊണ്ട് ബിന്‍ ലാദന്‍ ‘നിവര്‍ന്ന് നില്‍ക്കാനും ചലിക്കാനും,’ തുടങ്ങി.

‘ആ നിമിഷം ഞാന്‍ അദ്ദേഹത്തിന്റെ നെറുകയില്‍ രണ്ട് തവണ നിറയൊഴിച്ചു,’ ഒ’നീല്‍ പറഞ്ഞു. ‘ബാപ്! ബാപ്! രണ്ടാമത്തെ വെടിയേറ്റ് അദ്ദേഹം താഴേക്ക് പതിച്ചു. അദ്ദേഹത്തിന്റെ കിടക്കയ്ക്കരുകിലെ നിലത്തേക്ക് അദ്ദേഹം കുഴഞ്ഞ് വീണു. ഞാന്‍ വീണ്ടും നിറയൊഴിച്ചു.’

ആദ്യ വെടിയേറ്റപ്പോള്‍ തന്നെ തലച്ചോര്‍ പിളര്‍ന്നതിനാല്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ ലാദന്‍ മരിച്ചു എന്ന് ഉറപ്പാണെന്ന് ഒ’നീല്‍ പോസ്റ്റിനോട് പറഞ്ഞു.

‘ബിന്‍ ലാദന്‍ അവസാന ശ്വാസം വലിക്കുന്നത് ഞാന്‍ നോക്കി നിന്നു,’ അദ്ദേഹം പറഞ്ഞു.


അബോട്ടാബാദില്‍ ലാദന്‍ ഒളിവില്‍ താമസിച്ച വീട്

സാഹസികതയെ സംബന്ധിച്ച എല്ലാ സംസാരങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. യഥാര്‍ത്ഥ മോഡലുകളെ വച്ച് അബോട്ടബാദ് റെയിഡിന് വേണ്ടി നടത്തിയ എണ്ണമറ്റ പരിശീലനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവര്‍ത്തിച്ച പരിശീലനത്തിന്റെ ഫലമായി സിദ്ധിക്കുന്ന ‘പേശിയുടെ ഓര്‍മ്മ’ (muscle memory) ആണ് തന്റെ വിജയകാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ തനിക്ക് വെടിയുതിര്‍ക്കാന്‍ പാകത്തില്‍ എല്ലാവരുടെയും ശ്രദ്ധ തെറ്റിച്ചുകൊണ്ട് മുറിയിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ കീഴടക്കിയ തനിക്ക് കവചം തീര്‍ത്ത സീല്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മറ്റ് സീലുകളുടെ സാഹസികതയെ പുകഴ്ത്താനും അദ്ദേഹം മടിച്ചില്ല.

അന്ന് വൈകിട്ട് നടന്ന സംഭവങ്ങളുടെ വ്യാപ്തി തിരിച്ചറിയാന്‍ സീലുകള്‍ക്ക് വളരെ ചുരുങ്ങിയ സമയം മാത്രമാണ് ലഭിച്ചതെന്ന് ഒ’നീല്‍ ചൂണ്ടിക്കാട്ടി. ചിത്രങ്ങള്‍ എടുക്കുകയും ബിന്‍ ലാദന്റെ ശരീരം ഒരു ബാഗിനുള്ളില്‍ ആക്കുകയും ചെയ്തതിന് ശേഷം അവര്‍ കമ്പ്യൂട്ടര്‍ ഡ്രൈവുകള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ക്ക് വേണ്ടി പരതാന്‍ ആരംഭിച്ചു.

അതിന് ശേഷം അവര്‍ ബിന്‍ ലാദന്റെ ഭാര്യമാരെയും കുട്ടികളെയും വീടിന് വെളിയിലേക്ക് മാറ്റിയതിന് ശേഷം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നതിന് മുമ്പ് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി കടക്കുന്നതിനായി തങ്ങളുടെ ഹെലിക്കോപ്ടറിലേക്ക് പാഞ്ഞു കയറി.

മണിക്കൂറുകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള അമേരിക്കന്‍ സൈനീക ആസ്ഥാനത്ത് ഒ’നീല്‍ മടങ്ങിയെത്തി. തൊട്ടപ്പുറത്തെ മുറിയില്‍ ബിന്‍ ലാദന്റെ ശവശരീരം കിടക്കെ അദ്ദേഹം പ്രാതലായി ഒരു സാന്‍വിച്ച് തിന്നുകയായിരുന്നു. അപ്പോള്‍, പ്രസിഡന്റ് ബാരക് ഒബാമ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് നടത്തിയ ഒരു നീക്കത്തില്‍, ആയിരക്കണക്കിന് പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദിയും അല്‍-ക്വയ്ദ നേതാവുമായിരുന്നു ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു,’ ഒബാമ പറഞ്ഞു.

താന്‍ ടെലിവിഷന്‍ സ്‌ക്രീനിലും ബിന്‍ ലാദന്റെ ശവശരീരത്തിലും മാറി മാറി നോക്കിയതായി ഒ’നീല്‍ പറയുന്നു.

അതിന് ശേഷം അയാള്‍ തന്റെ സാന്‍ഡ്വിച്ച് തിന്ന് തീര്‍ത്തു.

 

(ഒ’നീലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ ശരിയല്ലെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ചത്*)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍