UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അബു ഉള്‍ ഫസലിന്റെ കൊലപാതകവും കുര്‍സ്‌ക് ദുരന്തവും

Avatar

2000 ആഗസ്ത് 12
കുര്‍സ്‌ക് ദുരന്തം

2000, ആഗസ്റ്റ് മാസം, റഷ്യയുടെ പടക്കപ്പലുകളും അന്തര്‍വാഹിനികളും പങ്കെടുത്ത വാര്‍ റിഹേഴ്‌സല്‍ തണുത്തുറഞ്ഞ ബാരെന്റ്‌സ് കടലില്‍ നടക്കുന്നു. റഷ്യയുടെ ഒസ്‌കാര്‍-ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനിയായ കുര്‍സ്‌കും ഈ അഭ്യാസത്തിന്റെ ഭാഗമായുണ്ട്. ആഗസ്ത് 12ന്, കുര്‍സ്‌കില്‍ നിന്ന് ഒരു ഡമ്മി ടോര്‍പിഡോ ഉഗ്രസ്‌ഫോടനത്തോടെ വിക്ഷേപിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ വിക്ഷേപണവും ഇതേ അന്തര്‍വാഹിനിയില്‍ നിന്ന് നടന്നു. എന്നാല്‍ ഇതോടെ, ഒരിക്കലും മുങ്ങില്ല എന്ന് റഷ്യ വിശ്വസിച്ചിരുന്ന അവരുടെ കുര്‍സ്‌ക് മുങ്ങാന്‍ തുടങ്ങി. അഭ്യാസപ്രകടനത്തില്‍ മുഴുകിയിരുന്ന റഷ്യന്‍ നേവി ആദ്യ ആറുമണിക്കൂറില്‍ കുര്‍സ്‌ക് മുങ്ങിത്താഴുന്ന വിവരം അറിഞ്ഞതേയില്ല. പിന്നെയും പതിനെട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് റഷ്യക്കാര്‍ അറിയുന്നത് തങ്ങളുടെ അന്തര്‍വാഹിനി മുങ്ങിയെന്ന വിവരം. ഇതിനകം അവര്‍ക്ക് എസ്.എസ്.ജി.എന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 118 നാവികരെയും രണ്ട് ഡിസൈന്‍ എഞ്ചിനീയര്‍മാരെയും സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ അന്തര്‍വാഹിനി ദുരന്തത്തില്‍ നഷ്ടപ്പെട്ടിരുന്നു.
 
കുര്‍സ്‌ക് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സംഘം കണ്ടെത്തിയ കാരണം ടോര്‍പിഡോയുടെ വിക്ഷേപണത്തെത്തുടര്‍ന്ന് കെറോസിന്‍ ഇന്ധനം ചോര്‍ന്നുണ്ടായ സ്‌ഫോടനമാണ് അന്തര്‍വാഹിനി മുങ്ങാന്‍ ഇടയാക്കിയതെന്നാണ്. രണ്ടാമത്തെ വിക്ഷേപണത്തോടെ സ്‌ഫോടനം ഉണ്ടാവുകയും കപ്പലിന്റെ പിന്‍ഭാഗത്തുകൂടെ ജലം അകത്തേക്കു കടക്കുകയുമായിരുന്നു. ആറു മുതല്‍ ഒന്‍പതാം കംപാര്‍ട്ട്‌മെന്‍ുകളില്‍ ഉണ്ടായിരുന്ന 23 നാവികര്‍ മാത്രമാണ് അന്തര്‍വാഹിനിയിലുണ്ടായ ഈ രണ്ടു സ്‌ഫോടനങ്ങളില്‍ നിന്നും രക്ഷപെട്ടത്. ഈ ദുരന്തം റഷ്യന്‍ ഗവണ്‍മെന്റിന്റെയും നേവിയുടെയും പിടിപ്പുകേടാണ് വെളിയില്‍ കൊണ്ടുവന്നത്.

ഇതേസമയം കുര്‍സ്‌കിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം അങ്ങകലെ പസഫികിലുള്ള അമേരിക്കന്‍ മോണിറ്ററിംഗ് സെന്ററില്‍ രേഖപ്പെടുത്തിയതായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സാന്‍ഡി ബെര്‍ഗറും പ്രതിരോധ സെക്രട്ടറി വില്യം കോഹനും അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സഹായ വാഗ്ദാനവും യു.എസ് റഷ്യക്ക് നല്‍കി. എന്നാല്‍ അമേരിക്കയുടെ ഈ സഹായ ഹസ്തം റഷ്യ നിരസിക്കുകയായിരുന്നു. റഷ്യ നടത്തിയ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ആഗസ്റ്റ് 17 ഓടെ പരാജയപ്പെടുകയായിരുന്നു. ദുരന്തം സംഭവിച്ച് അപ്പോഴേക്കും അഞ്ച് ദിവസം പിന്നിട്ടിരുന്നു. അതോടെ ബ്രിട്ടന്റെയും നോര്‍വേയുടെയും സഹായ വാഗ്ദാനം സ്വീകരിക്കാന്‍ റഷ്യ തയ്യാറായി. ആഗസ്റ്റ് 21 ന് കുര്‍സ്‌കിനെ സമുദ്രാന്തര്‍ഭാഗത്ത് നിന്ന് കണ്ടെടുത്തത്തോടെ തങ്ങള്‍ക്ക് ആള്‍നാശം സംഭവിച്ച ഈ ദുരന്തം റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

1602 ആഗസ്റ്റ് 12
അക്ബറാനയുടെ കര്‍ത്താവ് അബു ഉള്‍ ഫസല്‍ കൊല്ലപ്പെടുന്നു

അക്ബറിന്റെ രാജസഭയിലെ പ്രമുഖ മന്ത്രിയായിരുന്ന അബു ഉള്‍ ഫസല്‍ 1601 ആഗസ്റ്റ് 12 ന് കൊല്ലപ്പെട്ടു. മുഗള്‍ ഭരണകാലത്തിന്റെ പ്രതീകമായി മാറിയിരുന്ന പൈശാചിക ഗൂഢാലോചനകളുടെ ഭാഗമായിരുന്നു ഈ കൊലപാതകവും. അക്ബറിന്റെ മകന്‍ സലിം രാജകുമാരന്റെ ആജ്ഞപ്രകാരമായിരുന്നു ഈ കൊലപാതകം നടന്നതെന്ന് ജഹംഗീറിന്റെ ഭരണകാലത്ത് വെളിപ്പെട്ടിരുന്നു.

അബു ഉള്‍ ഫസലിന്റെ ഭാഷാജ്ഞാനത്തില്‍ ഏറെ മതിപ്പുള്ളവനായിരുന്നു അക്ബര്‍. അക്ബറിന്റെ ജീവിതവും ഭരണവും പ്രതിപാദിക്കുന്ന അക്ബറാനയുടെ കര്‍ത്താവ് കൂടിയായിരുന്നു അബു ഉള്‍ ഫസല്‍. ബൈബിള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുമുണ്ട് ഫസല്‍. യമനില്‍ വേരുകളുള്ള അബു ഉള്‍ ഫസല്‍ ആഗ്രയിലായിരുന്നു ജനിച്ചത്.
1575 ല്‍ ആണ് പ്രതിഭാശാലിയായ അബു ഉള്‍ ഫസല്‍ അക്ബറിന്റെ രാജധാനിയിലെ അംഗമാകുന്നത്. വളരെ വേഗം തന്നെ അക്ബറും ഫസലും തമ്മില്‍ ശക്തമായൊരു ബന്ധം ഉണ്ടാക്കപ്പെട്ടു. 

അക്ബറിന്റെ പിന്‍ഗാമി എന്ന നിലയില്‍ സലിം രാജകുമാരന്‍ അടുത്ത കിരീടാവകാശി ആകുന്നതിനോട് അബു ഉള്‍ ഫസലിന് വിയോജിപ്പായിരുന്നു. ഇതേ തുടര്‍ന്നാണ് ഡെക്കാണില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സലിം രാജകുമാരന്‍ അബു ഉള്‍ ഫസലിനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് കളമൊരുക്കിയത്. ഓര്‍ച്ചയുടെ രാജാവായിത്തീര്‍ന്ന വീര്‍ സിംഗ് ബുന്‍ഡേലയാണ് അബു ഉള്‍ ഫസലിനെ വധിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍