UPDATES

സിനിമ

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലേഡി ഗാഗയും ഹോളിവുഡും

Avatar

ഡാനിയേല പക്വീറ്റെ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇത്തവണത്തെ ഓസ്ക്കര്‍ രാവ് എന്നത്തേയും പോലെ വര്‍ണ്ണ ശബളമായ ആഘോഷങ്ങളുടെ പേരിലല്ല ശ്രദ്ധ പിടിച്ചു പറ്റിയത്. മറിച്ച്, എല്ലാവരും  പൊതുവെ അവഗണിക്കാന്‍ ശ്രമിക്കുന്ന വിഷയങ്ങളെ,(ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായവരുടെ അതിജീവനത്തെ, അവരനുഭവിക്കുന്ന പ്രശ്‌നങ്ങളെ, സാമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളെ) സംബന്ധിച്ച്  കാണികളെ /സമൂഹത്തെ ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കും വിധം ആഴത്തില്‍ ചര്‍ച്ചയാക്കിയതിന്റെ പേരിലാണ് .

സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഇത്തരം ഉദ്യമങ്ങള്‍ ഓസ്ക്കര്‍ ആഘോഷ വേളകള്‍ക്ക് പൊതുവേ അന്യമാണെന്നതു കൊണ്ടു തന്നെ ഇത്തവണത്തെ ശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. കത്തോലിക്ക അതിരൂപതയിലരങ്ങേറിയ ലൈംഗികാതിക്രമങ്ങള്‍ പ്രമേയമാക്കിയ സ്‌പോട്ട്ലൈറ്റ് (ഓസ്ക്കറിലെ മികച്ച ചിത്രം) ഉള്‍പ്പെടെ ലൈംഗികാതിക്രമങ്ങളുടെ ആഘാതം ചര്‍ച്ച ചെയ്ത പല ചിത്രങ്ങളും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി എന്നതിലുപരി ആ പ്രമേയങ്ങളുട സമകാലിക, സാമൂഹിക പ്രസക്തി ഉള്‍ക്കൊണ്ട് കൊണ്ട് തുടര്‍ന്നു നടന്ന ഷോകളും സംവാദങ്ങളും ഓസ്ക്കര്‍ പ്രഖ്യാപനങ്ങള്‍ വെറും പ്രഹസനങ്ങള്‍ അല്ലെന്നതിന്റെ തെളിവായി. 

ആകാംഷ നിശബ്ദമാക്കിയ സദസ്സിലേക്ക് ആദ്യമൊഴുകിയെത്തിയത് ലേഡി ഗാഗയുടെ നൊമ്പരമുണര്‍ത്തുന്ന പാട്ടായിരുന്നു. പാട്ടിനനുസരിച്ച് പതിയെ തിരശ്ശീല ഉയര്‍ന്നപ്പോള്‍ കാണാനായത് ഗാഗയ്ക്കു പിന്നിലായി നീല സ്‌ക്രീനിനു താഴെ, അണിനിരന്നിരുന്ന 50 ഓളം വരുന്ന ഇരുണ്ട നിഴല്‍ രൂപങ്ങളെ. അവര്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയതോടെ പതിയെ അവരുടെ മേലുണ്ടായിരുന്ന ഇരുള്‍ മാഞ്ഞു തുടങ്ങി. വെളിച്ചം വീണതോടെ ആ ഇരുണ്ട നിഴല്‍ രൂപങ്ങള്‍ വെറും സാധാരണ മനുഷ്യരാണെന്നതും വ്യക്തമായി. സ്ത്രികളും, പുരുഷന്‍മാരും ആയ വെറും സാധാരണ മനുഷ്യര്‍. അവര്‍ കൈകള്‍ നീട്ടിപ്പിടിച്ചപ്പോള്‍ അവരുടെ കൈത്തണ്ടയിലെഴുതിരുന്ന വാക്കുകള്‍ വായിക്കാനായി. ആ വാക്കുകളിലൂടെയവര്‍ കാണികളുടെ ചിന്തകളുമായി സംവദിച്ചു.

തെറ്റുകാരല്ല, ഒറ്റപ്പെട്ടവരല്ല, അതിജീവിച്ചവര്‍- കൈത്തണ്ടയില്‍ അവരെഴുതിയിരുന്ന  വാക്കുകള്‍ കുറിക്കു കൊള്ളുന്നവ തന്നെയാണ്.

സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പ്രത്യേകിച്ചും ഏറെ പവിത്രമെന്നു സമൂഹം പറഞ്ഞു വച്ചിട്ടുള്ള പള്ളികളില്‍ നിന്നും, ക്യാംപസുകളില്‍ നിന്നും പോലും ലൈംഗിക ചൂക്ഷണത്തിന്റെ വാര്‍ത്തകള്‍ നിരന്തരം പുറത്തു വരുമ്പോള്‍ വിഷയത്തില്‍ പൊതുസമൂഹം സ്വീകരിക്കുന്ന സമീപനം തന്നെയാണ്  ചോദ്യം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ചും ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരോടുള്ള സമീപനം. ഏറെ പുരോഗമിച്ചതെന്നു വീമ്പു പറയുമ്പോഴും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായവരോട് അത് മറച്ചു വയ്ക്കാന്‍ തന്നെയാണ് സമൂഹം രഹസ്യമായി ആവശ്യപ്പെടുന്നത്. നിയമപരമായ വഴിയിലൂടെ ചെന്നു അക്രമികളെ തുറന്നു കാട്ടാനുള്ള പ്രോത്സാഹനവും സമൂഹം ഇവര്‍ക്ക് നല്‍കാറില്ല. ഇത്തരം കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നതിലൂടെ തങ്ങള്‍ കാത്തുസൂക്ഷിച്ചു വരുന്ന സ്ഥാപനങ്ങളുടെ പവിത്രതയ്ക്കും അന്തസ്സിനും കോട്ടം തട്ടുന്നതൊഴിവാക്കാം എന്ന മിഥ്യാ ധാരണ തന്നെയാണ് മിക്കവര്‍ക്കുമുള്ളത്. എന്തായാലും ഓസ്‌ക്കര്‍ വേദി പോലെ  ജനശ്രദ്ധയാകര്‍ഷിക്കുന്നൊരിടത്ത് ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരണമുണ്ടാകുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

സ്‌പോട്ട്‌ലൈറ്റ് എന്ന ചിത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്റെ വേഷം (മാധ്യമ പ്രവര്‍ത്തകനായ മൈക്കല്‍ റെസെന്‍ഡസിന്റെ) ഗംഭീരമാക്കിയ മാര്‍ക്ക് റുഫാലോയ്ക്ക് മികച്ച സഹനടനുള്ള ഓസ്ക്കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.  ഓസ്ക്കര്‍ പോലൊരു വേദിയില്‍ ചിത്രത്തിന് ഏറെ ബഹുമതികള്‍ ലഭിക്കുമ്പോള്‍, അതുപോലെ അതിന്റെ പ്രമേയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്ക് കാര്യങ്ങള്‍ നേരിടുന്നതിന് പുതിയൊരാര്‍ജ്ജവം കൈവരും. കാലക്രമത്തില്‍ അവര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടും റുഫാലോ ഓസ്ക്കര്‍ വേദിയില്‍ വച്ച് പറഞ്ഞു.

തട്ടിക്കൊണ്ടു പോയി, പീഡിപ്പിക്കപ്പെട്ട ശേഷം അടിമ ജീവിതം നയിക്കേണ്ടി വന്നൊരു സ്ത്രീയുടെ കഥയാണ് റൂം എന്ന ചിത്രം പറഞ്ഞത്. ഈയൊരു സാഹചര്യത്തില്‍ പ്രസവിക്കുന്ന കുഞ്ഞിനെയവര്‍ക്ക് വളര്‍ത്തേണ്ടതായും വരുന്നു. ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ ബ്രി ലാര്‍സണ്‍ മികച്ച അഭിനേത്രിക്കുള്ള ഓസ്ക്കര്‍ നേടി. ഓസ്ക്കറിലെ മികച്ച ഓഡിയോ, വിഷ്വല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ മാഡ് മാക്‌സ്, ഫ്യൂറി റോഡ് എന്ന ചിത്രം പറഞ്ഞതും. ഒരു ബാലാത്സംഗിയാല്‍   അടിമയാക്കപ്പെട്ടൊരു സ്ത്രീയുടെ രക്ഷപ്പെടലിന്റെ കഥയായിരുന്നു.

ഓസ്ക്കറില്‍ തിളങ്ങിയ ചിത്രങ്ങളുടെ പ്രമേയങ്ങള്‍ പോലെ തന്നെ ഓസ്ക്കര്‍ രാവില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ്  ബൈഡന്‍ പറഞ്ഞ കാര്യങ്ങ ളും പ്രസക്തമായിരുന്നു. അദ്ദേഹം ശ്രദ്ധ ക്ഷണിച്ചതും വര്‍ദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളിലേക്കായിരുന്നു. വാക്കുകളിലെ ഊന്നല്‍ ജനങ്ങളുടെ മനോഭാവം മാറേണ്ടതിനെക്കുറിച്ചും.

“പീഡിപ്പിക്കപ്പെട്ട പെണ്ണിനോ, ആണിനോ അവര്‍ തെറ്റുകാരാണ്, അല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പത്തില്‍ പെട്ടവരാണ് തങ്ങളെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാക്കരുത്. കാരണം ഗാഗയുടെ ഷോയില്‍ അണിനിരന്നവര്‍ ആഹ്വാനം ചെയ്ത പോലെ അവരൊരു തെറ്റും ചെയ്തിട്ടില്ല. മറിച്ച് നമ്മള്‍ ഇപ്പോള്‍ തുടരുന്ന രീതിയിലുള്ള,  പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കണ്ണടച്ചിരുട്ടാക്കുന്ന സമീപനമാണ് മാറ്റേണ്ടത്”, നിറഞ്ഞ കരഘോഷങ്ങളേറ്റു വാങ്ങിക്കൊണ്ട് ബൈഡന്‍ പറഞ്ഞു.

ദ ഹണ്ടിംഗ് ഗ്രൗണ്ട് എന്ന ഡോക്യുമെന്ററിക്കുവേണ്ടി ലേഡി ഗാഗ എഴുതിയ ഗാനം- ടില്‍ ഇറ്റ് ഹാപ്പെന്‍സ് ടു യു (നിനക്കിതു സംഭവിക്കുന്നതു വരെ) ഓസ്ക്കര്‍ രാവിലുയര്‍ന്നു വന്ന വികാരത്തെ അപ്പാടെ പ്രതിഫലിപ്പിക്കുന്നതായി. ക്യാംപസുകളിലെ കൂടി വരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഈ ഡോക്യുമെന്ററി. ഗാനത്തിന് ഓസ്ക്കര്‍ നോമിനേഷന്‍ ലഭിക്കുകയും ചെയ്തു. ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായവരുടെ മനസ്സിനെ ഇതിലും നന്നായി വിവരിക്കാനാവില്ല. 

നിനക്കിതു സംഭവിക്കുന്നതു വരെ നിനക്കു മനസ്സിലാവില്ല
ഞാനെന്താണനുഭവിക്കുന്നതെന്നു
നിനക്കിതു സംഭവിക്കുന്നതു വരെ മനസ്സിലാവില്ല
യാഥാര്‍ത്ഥ്യമെന്താണെന്നു… 

മുഖ്യധാര മാധ്യമങ്ങളും സമൂഹവും ഇത്രയേറെ ശ്രദ്ധിക്കുന്നൊരു ചടങ്ങില്‍ പൊതുവേ ആരും ഗൗനിക്കാത്ത  വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുന്നത് എന്തായാലും നല്ലൊരു കീഴ് വഴക്കത്തിന് തുടക്കമിടുമെന്നുറപ്പ്. അമേരിക്കയിലെ നീതിന്യായ വകുപ്പ് പുറത്തുവിട്ട എറ്റവും പുതിയ കണക്കനുസരിച്ച് അഞ്ചിലൊരു സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. മാത്രമല്ല. റിപ്പോര്‍ട്ടു ചെയ്യപ്പെട്ട 14 ശതമാനം കേസുകളിലും ഇരകള്‍ പുരുഷന്‍മാരാണ്. ആകെ പീഡനങ്ങളുടെ 32 ശതമാനം മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ 27 സര്‍വ്വകലാശാലകളില്‍ നിന്നായി ഒരു ലക്ഷത്തി അമ്പതിനായിരം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ 13.5 ശതമാനം പെണ്‍കുട്ടികളും 2.9 ശതമാനം ആണ്‍കുട്ടികളും വിവിധ തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നു വ്യക്തമായിരുന്നു. സമ്മതമില്ലാതെ ബലം  പ്രയോഗിച്ചും, ശാരീരികമായി കീഴ്‌പ്പെടുത്തിയും നടത്തിയ പീഡനങ്ങളായിരുന്നു ഇവയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഓസ്ക്കറില്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്ന ചര്‍ച്ചകള്‍, പ്രശ്‌നത്തെ കേവലം പ്രതീകാത്മകമായി പ്രതിഫലിപ്പിക്കാന്‍ മാത്രമല്ല, പ്രായോഗിക തലത്തില്‍ പല മാറ്റങ്ങളുണ്ടാവുന്നതിനും സഹായിക്കും. പ്രമുഖരുടേയും, സെലിബ്രിറ്റികളുടെയും പ്രശ്‌നത്തിലെ ഇടപെടലാവും ഇതിലേക്കു നയിക്കുന്ന പ്രധാന ഘടകം. പീഡനങ്ങള്‍ക്കിരയാകുന്നവര്‍ അത് വിളിച്ചു പറഞ്ഞാല്‍ കളങ്കിതരാകുമെന്ന ധാരണ പൊളിച്ചെഴുതപ്പെടും. സംഭവങ്ങള്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അതിക്രമത്തിനു വിധേയരായവര്‍ക്കു ധൈര്യവും പ്രോത്സാഹനവും ലഭിക്കും. ഇത്തരം സംഭവങ്ങള്‍ മുന്നില്‍ വരുമ്പോള്‍ നിയമപാലകര്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ടാകും.

ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായ 144 സ്ത്രീകളെ ഉള്‍പ്പെടുത്തി 2011ല്‍ നടത്തിയ പഠനത്തില്‍ സാമൂഹിക ഭവിഷ്യത്തുകളെ ഭയന്നാണ് ഇവര്‍ പരാതിയുമായി മുന്നോട്ടു വരാത്തതെന്നു തെളിഞ്ഞിരുന്നു. പലര്‍ക്കും അധികാരികള്‍ തങ്ങളെ വിശ്വാസത്തിലെടുക്കില്ലെന്ന ഭയമായിരുന്നു. വിധി പ്രതികൂലമായേക്കുമെന്നതായിരുന്നു മറ്റു ചിലരുടെ ഭയം.

ബലാത്സംഗത്തിന് വിധേയരായ 434 പേരെ ഉള്‍പ്പെടുത്തി 2014ല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ പോലീസില്‍ പരാതിപ്പെടുന്നതില്‍ ബന്ധുക്കളുടേയും മറ്റുള്ളവരുടേയും സമീപനം നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. അവരുടെ പിന്തുണ ലഭിച്ചവര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ടു പോയത്. കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്ന സുഹൃത്തുക്കളോ, ബന്ധുക്കളോ ഉള്ളവരുടെ കാര്യത്തില്‍ അതിജീവനം സുഗമമാണെന്നും പഠനംകണ്ടെത്തിയിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍