UPDATES

സിനിമ

2015 ഓസ്കര്‍ നോമിനേഷനിലെ ആറ് മോശം കാര്യങ്ങള്‍

Avatar

അലീസ റോസന്‍ബര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അന്യായങ്ങൾ കാണുമ്പോൾ ചോര തിളക്കുന്നത് ശരീരത്തിനു നല്ലതല്ലെന്ന്  മനസ്സിലാക്കിയതോടെ കുറച്ചു കാലമായി ഒതുങ്ങിക്കഴിയുകയായിരുന്നു ഞാൻ. പക്ഷെ സിനിമാ നിർമാണത്തിൽ പരിഗണിക്കേണ്ട പ്രധാനപ്പെട്ട മൂല്യങ്ങൾ കാറ്റിൽ പറത്തിയ 2015-ലെ ചില ഓസ്കർ നിർദേശങ്ങൾ കണ്ടതോടെ പ്രതികരിച്ചേ മതിയാവൂ എന്ന സ്ഥിതിയിലായ് ഞാൻ.

1) ‘അമേരിക്കൻ സ്നൈപറി’ന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ: ഇറാഖിലെ യുദ്ധക്കളത്തിൽ അനേകം ശത്രുക്കളെ കൊന്നൊടുക്കി ഒടുവിൽ നാട്ടിലെത്തിയപ്പോൾ ഒരു സഹപ്രവർത്തകന്റെ കൈയ്യാൽ വധിക്കപ്പെട്ട സീൽ (SEAL) സ്നൈപർ ക്രിസ് കൈലിനു ഈ സിനിമ സമർപ്പിച്ച ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ തീരുമാനത്തെക്കുറിച്ച് എനിക്ക് വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു. മിഥ്യാവാദങ്ങൾ സംവിധായകന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമായി മാറുന്നത് അവ ഡുവെർനയുടെ ‘സെൽമ’യിൽ നമ്മൾ അംഗീകരിച്ചതാണെങ്കിലും ‘അമേരിക്കൻ സ്നൈപ്പറി’നെയിത് ഇടത്തരം സിനിമയുടെ കൂട്ടത്തിലേക്ക് തള്ളുന്നതിനുള്ള കാരണങ്ങളിലൊന്നായി മാറുന്നുണ്ട്.  

കാണികളിൽ സംഘർഷം നിറയ്ക്കാൻ വേണ്ടി തുടങ്ങിവെക്കുന്ന സീനുകൾ അതിന്റേതായ കാര്യക്ഷമതയോടെ പൂർത്തിയാക്കാൻ സാധിക്കാത്ത ഒരു കഴിവുകെട്ട സംവിധായകന്റെ വേഷമെടുത്തണിയുന്നുണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന വിഷയത്തിൽ കടന്നു ചെല്ലാൻ സാധിക്കുന്ന എല്ലാ തുരുത്തുകളേയും നിഷ്കരുണം അവണിച്ച ഒരു സിനിമയാണ് ‘അമേരിക്കൻ സ്നൈപ്പർ’. അമേരിക്കൻ സേനയോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് ഈ സിനിമ ഓസ്കാറിന് നിർദ്ദേശിച്ചതെങ്കിൽ കമ്മിറ്റിക്ക് തെറ്റു പറ്റിയിരിക്കുന്നു – ഭീകരതക്കെതിരെ ധീരമായി പോരാടിയവർ ‘അമേരിക്കൻ സ്നൈപ്പറി’നേക്കാൾ നല്ലൊരു സിനിമ തീർച്ചയായും അർഹിക്കുന്നുണ്ട്. 

2) റോബർട്ട്‌ ഡുവാലിന് ‘ദി ജഡ്ജ്’ ലെ അഭിനയത്തിന് സഹനടനുള്ള നാമനിര്‍ദ്ദേശം ലഭിച്ചത്: ഞാനും റോബർട്ട്‌ ഡുവാലിന്റെ ആരാധകനാണ്. ഗോഡ് ഫാദറിന്റെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ വിസ്സമ്മതിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള ആരാധന വീണ്ടും വർദ്ധിക്കുകയായിരുന്നു.  അത്യാസന്ന നിലയിൽ കിടക്കുന്ന തന്റെ പിതാവ് ജോസഫിനെ(ഡുവാൽ) ശുശ്രൂഷിക്കാൻ വീട്ടിലേക്ക് തിരികെ വരുന്ന ഹാങ്ക് പാമർ (റോബർട്ട്‌ ഡൌണി ജൂനിയർ) എന്ന ഒരു വക്കീലിനേയും അവർക്കിടയിലുണ്ടായിട്ടുള്ള പ്രശ്നങ്ങളേയും ചുറ്റിപ്പറ്റി നടക്കുന്ന കഥയാണിത്‌. എപ്പോഴും മക്കൾക്കെതിരെ കുരയ്ക്കുന്ന ഒരച്ഛനും സ്നേഹം കിട്ടിയില്ലെന്നു പറഞ്ഞു കരയുന്ന മകനും, പിന്നെ നാട്ടിൻ പുറത്തെ ജനങ്ങൾ നഗരവാസികളേക്കാൾ കൂടുതൽ സദാചാര വാദികളാണെന്നുമുള്ള പറഞ്ഞു പഴകിയ കഥകളും ഒട്ടും പുതുമയില്ലാതെ കാണികളുടെ കണ്ണിലേക്ക് തിരുകിക്കയറ്റുകയാണ് സംവിധായകൻ. ഹാങ്ക് ജോസഫിനെ കുളിപ്പിക്കുന്ന ഒരേയൊരു രംഗം മാത്രമേ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുള്ളൂ. ഡുവാൽ സിനിമയെ യാതൊരു രീതിയിലും ഉയർത്തുന്നില്ല.    

3) ‘സെൽമ’ സംവിധാനം ചെയ്ത അവ ഡുവെർനെക്ക് നേരിടേണ്ടി വന്ന അവഹേളനം: ‘സെൽമ’ മാത്രമല്ല  മികച്ച ചിത്രത്തിൻറെയും സംവിധായകന്റേയും വിഭാഗത്തിൽ മത്സരിക്കാനുണ്ടായിരുന്നത്; മികച്ച ചിത്രത്തിന് നിർദ്ദേശം കിട്ടിയില്ലെങ്കിലും മികച്ച സംവിധാനം-നടൻ- സഹ നടൻ വിഭാഗത്തിൽ ബെന്നെറ്റ് മില്ലറുടെ ‘ഫൊക്സ്കാച്ചറു’ണ്ടായിരുന്നു. അഭിനയത്തിനും സംവിധാനത്തിനും നിർദ്ദേശം കിട്ടിയില്ലെങ്കിലും ചിത്രത്തിന്റെ വിഭാഗത്തിൽ ‘സെൽമ’ സ്ഥാനം പിടിച്ചു. ചരിത്ര യാഥാർത്ഥ്യത്തിലുള്ള വീഴ്ചയോ അതോ പരാമൌണ്ട് അഭിനേതാക്കളെ കൈകാര്യം ചെയ്തത്തിലുള്ള കുറവുകളോ ആയിരിക്കാം ഇതിനു കാരണമെന്നു കരുതുന്നു

ഡുവെർനെയെ മികച്ച സംവിധായകരുടെ വിഭാഗത്തിലേക്ക് നിർദ്ദേശിച്ചില്ലെന്നത് കടുത്ത വിവേചനമാണ്. അക്രമ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നതിലെ മികവു മതി അവരുടെ സംവിധാന മികവിനോടുള്ള ആരാധന വളർത്താൻ. മില്ലറെക്കൂടാതെ ‘ദി ഇമിറ്റേഷൻ ഗെയിം’ സംവിധാനം ചെയ്ത മൊർറ്റെൻ ടിൽഡവും ഡുവെർനെയുമുൾപ്പെട്ട മികച്ച സംവിധായരുടെ ഒരു മത്സരമുണ്ടായിരുന്നെങ്കിൽ സിനിമയിൽ ഒരു സംവിധായകന് നടത്താൻ സാധിക്കുന്ന സൃഷ്ടിപരമായ മാറ്റങ്ങളുടെ കാര്യത്തിലുള്ള ഒരു ചർച്ച നടക്കുമായിരുന്നു.  

4) മെറിൽ സ്റ്റ്രീപ്പിന് ‘ഇന്‍റു ദി വുഡ്സ്’നുള്ള അഭിനയത്തിന് മികച്ച സഹ നടിക്കുള്ള നിർദ്ദേശം: സിനിമയിലെ ഏറ്റവും മോശപ്പെട്ട ഒരു കാര്യം മെറിലിന്റെ ഡയലോഗ് കാണാപ്പാഠം പഠിച്ചുള്ള പ്രകടനമാണ്. ഈ പ്രാവശ്യത്തെ ഓസ്‌കറിൽ പലരുടേയും ശ്രദ്ധ  മറ്റു പല  പ്രശ്നങ്ങളിലുമായിരിക്കുമെന്നെനിക്കറിയാം, പക്ഷെ ഡുവാലിന്റേയും സ്റ്റ്രീപ്പിന്റേയും നാമ നിർദ്ദേശത്തിൽ ശ്രദ്ധ ചെലുത്തണമെന്നാണ് എന്റെ അഭ്യർത്ഥന. മികച്ച സംവിധായകാരുടെ കഴിവിനാൽ തിളങ്ങുന്ന താരങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന കാണികൾ അവരുടെ തനി നിറം ഇനിയെങ്കിലും മനസ്സിലാക്കണം.

 

5) ‘ദി ലെഗോ മൂവി’യെ നാമനിർദ്ദേശത്തിൽ തഴഞ്ഞു: സിനിമയുടെ തീം സോങ്ങിന്റെ കൂട്ടുപിടിച്ച് ‘എവെരിതിങ്ങ് ഈസ്‌ നോട്ട് ഓസം’ എന്ന മുദ്രാവാക്യത്തിലൂടെ ആർക്റ്റിക്കിലെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന  ഷെൽ കമ്പനിയുമായുള്ള സിനിമയുടെ ബന്ധം അവസാനിപ്പിക്കണമെന്നുള്ള മുറവിളിക്കിടയിൽ പുതുമയാലും സൃഷ്ടിപരതയാലും മികച്ചു നിൽക്കുന്ന സിനിമയെ ഓസ്‌കാർ പട്ടികയിൽ നിന്നും തഴഞ്ഞത് അധികമാരും ശ്രദ്ധിച്ചില്ല. കണ്ടു പഴകിച്ച ലെഗോ സിനിമകളിൽ നിന്നും പുതുതായൊന്നും പുതിയ സിനിമയിലും ഉണ്ടാവില്ല എന്ന മുൻവിധിയാണ് ഫിൽ ലോർഡിന്റേയും ക്രിസ്റ്റൊഫർ മില്ലറുടേയും കഠിന പ്രയത്നങ്ങൾക്ക് വിലങ്ങു തടിയായി മാറിയത്.

6) ‘മി.ടേണർ’ലെ അഭിനയത്തിന് തിമോത്തി സ്പാലിനെ മികച്ച നടനുള്ള നിർദ്ദേശം ലഭിച്ചില്ല: സെൽമയിൽ മാർറ്റിൻ ലൂഥർ കിംഗ്‌ ജൂനിയറായി അഭിനയിച്ച  ഡേവിഡ്‌ ഒയേലോവോവിന്  മികച്ച നടനുള്ള നാമനിർദ്ദേശം ലഭിക്കാത്തതിൽ സങ്കടപ്പെട്ട പലരേയും എനിക്കറിയാം. ഡേവിഡ് മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്ന കാര്യത്തിൽ ഞാനും എതിരഭിപ്രായക്കാരനല്ല. പക്ഷെ ‘മി.ടേണറിൽ’ ഇംഗ്ലീഷ് സമുദ്രപ്രദേശചിത്രകാരനായ ജെ.എം.ഡബ്ല്യൂ ടേണറായ് അഭിനയിച്ച സ്പാലിനേയും സംവിധായകാനായ മൈക്ക് ലേയേയും തീർത്തും അവഗണിച്ചത് മാപ്പർഹിക്കാത്ത പിഴവാണ്.

കിങ്ങിന്റെ യഥാർത്ഥ പ്രസംഗങ്ങൾ സിനിമയിൽ ചേർക്കാൻ സമ്മതം ലഭിക്കാതിരുന്നത് സെൽമയിലുള്ള ഒരു പോരായ്മയായിരുന്നുവെങ്കിൽ മി.ടേണറിൽ സംസാരിക്കാൻ സാധിക്കാത്ത ടേണറുടെ കടൽക്കരയിലുള്ള മുരൾച്ചകൾ മാത്രമാണ് നീണ്ടു പോകുന്ന രംഗങ്ങളിൽ കാണികൾക്ക്  കൂട്ടായുള്ളത്. പ്രസിഡന്റ് ലിണ്ടൻ ജൊൻസനും കിങ്ങും തമ്മിലുള്ള ബന്ധത്തിന്റെ യഥാർത്ഥമുഖം പകർത്താൻ ‘സെൽമ’ക്ക് സാധിക്കുന്നില്ല. എന്നാല്‍ ടേണറുടെ ജീവിതത്തിലെ വൈരൂപ്യം മുഴുവൻ അതേ പടി തിരശ്ശീലയിലേക്ക് പകർത്താൻ സംവിധായകന് സാധിച്ചു. ഈ  വർഷത്തെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലെ മികച്ച പ്രകടനം പൊതു സിനിമാ ചർച്ചയുടെ ഭാഗമാവാതെ പോകുന്നതിനുള്ള ദുഖവും വളരെ വലുതാണ്‌. മറക്കാൻ ഇഷ്ടപ്പെടുന്ന കറുത്ത ഭൂതകാലത്തേയും ചരിത്രത്തിൽ ഇടംപിടിച്ച മാഹാന്മാരുടെ യഥാർത്ഥ ജീവിതത്തേയും അതേപടി പകർത്തിയതുകൊണ്ടായിരിക്കാം ഈ രണ്ടു സിനിമകളും അക്കാദമിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രീതി പിടിച്ചുവാങ്ങാതിരുന്നത്.            

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍