UPDATES

സിനിമ

ബജ്‌രംഗിഭായിജാനും ബാഹുബലിയുമൊക്കെ കാശ് വാരുന്നതില്‍ അസൂയപ്പെടുന്നതെന്തിന്?

Avatar

അഴിമുഖം പ്രതിനിധി

അല്ലെങ്കിലും മലയാളിക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്, അവനവന്റെ കൈയിലെ പൊന്നിനെക്കാള്‍ തിളക്കം മറ്റവന്റെ കൈയിലെ മഞ്ഞളിനാണെന്നു പറഞ്ഞു കളയും. ഇതേറ്റവും കൂടുതല്‍ ശരിയാകുന്നത് സിനിമയുടെ കാര്യത്തിലാണ്. മലയാളത്തില്‍ ഇറങ്ങുന്നതൊക്കെ സിനിമയാണോ? എന്ന പുച്ഛമാണ്. സിനിമ കാണണമെങ്കില്‍ അത് ബോളിവുഡിലോ കോളിവുഡിലോ ഇറങ്ങുന്ന സിനിമ കാണണമത്രേ! എന്നിട്ട് നീട്ടിയൊരു താരതമ്യപഠനവും നടത്തി കളയും; അന്യഭാഷ സിനിമകളുടെ വിജയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മലയാളത്തിലെ പൈതൃകമുള്ളൊരു സംവിധായകന്‍ പറഞ്ഞതിങ്ങനെയാണ്.

കുറച്ചു കാലത്തിനു മുമ്പേ കേട്ട ആ ഡയലോഗ് വീണ്ടും മനസ്സിലേക്ക് വന്നത്, ബജ്‌രംഗിഭായി ജാന്‍ എന്ന ഹിന്ദി സിനിമ കണ്ടശേഷമാണ്. ഈ സിനിമ കാണുന്നതിനു മുമ്പ് മറ്റു രണ്ടു അന്യഭാഷ ചിത്രങ്ങള്‍ കൂടി കണ്ടിരുന്നു, തെലുങ്ക് ചിത്രമായ ബാഹുബലിയും ഹോളിവുഡ് ചിത്രമായ ജുറാസിക് വേള്‍ഡും. ഈ മൂന്നു ചിത്രങ്ങളും കോടികളാണ് കേരളത്തില്‍ നിന്നും നേടിയത്. അത്രയും കളക്ട് ചെയ്‌തെന്നു പറഞ്ഞാല്‍ അതിനനുസരിച്ചുള്ള ആളു കേറിയെന്നര്‍ത്ഥം. നമ്മളിവിടെ പ്രേമത്തിന്റെ കളക്ഷനെ കുറിച്ചും അതിന്റെ പിന്നിലെ വിവാദത്തിന്റെ പുറത്തു വഴക്കടിച്ചും കൊണ്ടിരിന്നപ്പോള്‍(ഇപ്പോഴും തുടരുന്നു) ഇതരഭാഷ സിനിമകള്‍ നമ്മുടെ തിയെറ്ററില്‍ ഓടുകയും കാശു വാരുകയും ചെയ്യുന്നുണ്ടായിരുന്നു. അതായത് മലയാള സിനിമ തമ്മില്‍ തല്ലുമ്പോള്‍ ബജറംഗഭായിമാരും ബാഹുബലിയുമൊക്കെ കീശനിറയ്ക്കുകയായിരുന്നുവെന്ന്.

ഇതില്‍ എവിടെയാണ് മേല്‍പ്പഞ്ഞ സംവിധായകന്റെ വാദം ശരിയാകുന്നത്? പ്രേക്ഷനെയാണോ കുറ്റം പറയേണ്ടത്? തങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്താണോ അതിനെ ഒരാസ്വാദകന്‍ സ്വീകരിക്കുന്നതില്‍ എവിടെയാണ് പിഴവ്?

കേരളമെന്ന ഇട്ടാവട്ടത്തില്‍ ഉണ്ടാകുന്ന സിനിമകളൊക്കെ ഏതാണ്ട് ഒരുപോലെ ഇരിക്കുകയും മറ്റുഭാഷകളില്‍’ വ്യത്യസ്ത, പുതുമ’ എന്നീ വിശേഷണപദങ്ങള്‍ അണിഞ്ഞുള്ള സിനിമകള്‍ ഉണ്ടാകുമ്പോള്‍ സ്വഭാവികമായും പ്രേക്ഷകന്‍ അത്തരം സിനിമകളുടെ ആരാധകനാകുന്നതില്‍ തെറ്റുപറായന്‍ പറ്റില്ല.

ഉണ്ടായിരുന്നു നമുക്കൊരു നല്ലകാലം, നമ്മുടെ സിനിമകളും സംവിധായകരും നടന്മാരും എഴുത്തുകാരുമൊക്കെ ഇതരഭാഷാ ചലച്ചിത്രകാരന്മാരുടെ പ്രചോദനങ്ങളായിരുന്ന കാലം, അവരൊക്കെ മലയാള സിനിമയെ കുറിച്ച് നല്ലതു പറഞ്ഞു നടന്നൊരു കാലം. പക്ഷെ, ഇന്നതില്ല. അന്യഭാഷാ ചലചിത്രങ്ങളുടെ അനുകര്‍ത്താക്കളും അരാധകരും ഇവിടെ കൂടുകയാണുണ്ടായത്.

കുടുംബ കഥ, പ്രേമ കഥ, പ്രതികാര കഥ എന്നീ മൂന്നു വൃത്തത്തില്‍ ചിട്ടപ്പെടുത്തുന്ന സിനിമകളാണ് മലയാളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നതാണ് പ്രശ്‌നം. നമുടെ ‘വ്യത്യസ്തത’ ഇതേ പ്രമേയങ്ങളില്‍ തന്നെ വരുത്തുന്ന വ്യത്യസ്തതകളാണ്. പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകള്‍ മാറിയിട്ടും തങ്ങള്‍ നല്‍കുന്നതെന്തും രുചിയോടെ കഴിച്ചോളും അവരെന്ന മൂഢധാരണ പുലര്‍ത്തുന്നവരാണ് നമ്മുടെ സിനിമക്കാര്‍. തമിഴില്‍ ഒരു യന്തിരന്‍ ഇറങ്ങുമ്പോള്‍, അതില്‍ കാല്‍പ്പനികതയുണ്ടോ എന്നു ചോദിക്കും. അതേ സിനിമ തന്നെ കേരളത്തില്‍ റിലീസ് ചെയ്ത് കോടികള്‍ വാരിക്കൊണ്ടു പോകുമ്പോള്‍ ഇവിടുള്ള പ്രേക്ഷകന്റെ ബൗദ്ധികനിലവാരത്തെ കുറ്റം പറയുകയും ചെയ്യും. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമ കണ്ടശേഷം സംവിധായകന്‍ രഞ്ജിത്ത് നടത്തിയൊരു ആത്മവിമര്‍ശനം, നമ്മളൊക്കെ ഇപ്പോഴും കുളത്തിലെ മീന്‍ പിടിക്കാന്‍ നടക്കുന്നവരാണെന്നാണ്. അതെത്ര ശരിയായ നിരീക്ഷണമായിരുന്നു. ഒരുപക്ഷേ തന്റെ മുന്‍കാല സിനിമകളുടെ ഓര്‍മകള്‍ നിറച്ച കുറ്റബോധവും അദ്ദേഹത്തിനപ്പോള്‍ ഉണ്ടായിക്കാണണം. രഞ്ജിത്ത് പിന്നീട് മാറി ചിന്തിച്ചപ്പോള്‍ ബാക്കി ഭൂരിഭാഗവും തങ്ങളുടെ വണ്ടിയുടെ റൂട്ട് മാറ്റാന്‍ ഒരാഗ്രവും കാണിച്ചില്ല.

ലോകം എന്നാല്‍ കേരളമല്ല, ഇത് ഇന്റര്‍നെറ്റ് യുഗമാണ്. ഏതൊക്കെ രാജ്യത്ത് സിനിമാനിര്‍മാണം നടക്കുന്നുണ്ടോ അവിടെയെല്ലാം ഉണ്ടാകുന്ന ചലച്ചിത്രങ്ങള്‍ കാണുന്ന ഒരു പ്രേക്ഷക സമൂഹമാണ് മലയാളി. സിനിമയിലെ( സാങ്കേതികമായും പ്രമേയപരമായും) എല്ലാ മാറ്റങ്ങളും അവന്‍ ശ്രദ്ധിക്കുന്നുമുണ്ട്. അത്തരമൊരു ആസ്വാദനനിലയിലേക്ക് ഉയര്‍ന്നവന്റെ മുന്നില്‍ പഴയ വീഞ്ഞ് പഴയകുപ്പിയില്‍ തന്നെ നിറച്ചു കൊടുക്കാന്‍ ശ്രമിക്കരുത്. സാറ്റലൈറ്റ്/ ഓവര്‍സീസ് പണം ഒഴുകാന്‍ തുടങ്ങിയ കാലംതൊട്ട് മലയാളത്തില്‍ നൂറിനു മുകളില്‍ ചിത്രങ്ങളാണ് ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ വിജയിക്കും, ബാക്കിയെല്ലാം മനം മടുപ്പിക്കും. മാക്‌സിമം ഒരു കോടിയെങ്കിലും മുടക്കി ചെയ്യുന്ന ചിത്രങ്ങള്‍ക്കുപോലും സാറ്റ്‌ലൈറ്റ്/ ഓവര്‍സീസ് വഴി ലഭിക്കുന്ന പണംകൊണ്ട് അവരുടെ നഷ്ടം നികത്താമെന്നതിനാല്‍ പണം മുടക്കുന്നവന് സങ്കടം വരില്ല, നിലവാരം പോകുന്നത് മലയാള സിനിമയുടെതാണ്. ഇപ്പോള്‍ ചെറിയൊരു ആശ്വാസമെന്തെന്നാല്‍, ചാനലുകാര്‍ കണ്ണടച്ചു സിനിമാ വാങ്ങുന്ന പരിപാടി അങ്ങു നിര്‍ത്തി. അതോടെ കൈയില്‍ ഒരു ക്യാമറ ഉണ്ടെന്ന അഹങ്കാരത്തില്‍ പടം പിടിക്കാന്‍ ഇറങ്ങിയവര്‍ക്കൊരു തട വീണു. അപ്പോഴും വിജയിച്ചു എന്നു പറഞ്ഞ സിനിമകളെ നോക്കിയാല്‍, അവയൊക്കെ എത്രയോ വര്‍ഷങ്ങളായി നാം കണ്ടതും കേട്ടതുമായ കഥകള്‍ തന്നെ. പിന്നെയീ ന്യൂജനറേഷന്‍ പടംപിടുത്തക്കാര്‍ തട്ടില്‍ കേറിയതോടെ വരുന്നതെല്ലാം ‘പുതുമ’യുള്ള ചിത്രങ്ങളായി. അവയൊക്കെ കണ്ടു കണ്ട് ഓക്കാനം വന്നതോടെ സിനിമ എന്നു കേട്ടാല്‍ തന്നെ തിരിഞ്ഞുനടക്കുന്ന അവസ്ഥയിലായി പ്രേക്ഷകര്‍. അടച്ചാക്ഷേപിക്കുന്നതില്‍ തെറ്റുണ്ട്, ഒട്ടൊരു മാറ്റമുള്ള പ്രമേയങ്ങളുമായും സിനിമകളും ഇറങ്ങിയിട്ടുണ്ട്, അത്തരത്തില്‍ ചിന്തിക്കുന്ന സിനിമാപ്രവര്‍ത്തകരും നമുക്കുണ്ട്. എന്നാല്‍ പാരമ്പര്യവാദികളുടെ ആക്രമണത്തില്‍ അവര്‍ക്കിപ്പോഴും കൃത്യമായ സ്‌പേസ് കിട്ടുന്നില്ലെന്നുമാത്രം.

നമ്മളിങ്ങനെയൊക്കെ തിന്നതു തന്നെ പിന്നെയെും വാരി തിന്നേണ്ട അവസ്ഥയില്‍ കഴിയുമ്പോഴാണ് ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം സിനിമകള്‍ എത്തുന്നത്. കലാപരമായി തെളിഞ്ഞതാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരുമ്പോഴും അവയെല്ലാം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിവുള്ളതായിരുന്നു. അതിന്റെ സാങ്കേതിക മികവ്/ പ്രമേയത്തിലെ മികവ്(യന്തിരന്‍, രാ-വണ്‍, ഐ, ഇന്റര്‍സെല്ലര്‍, ഗ്രാവിറ്റി, പി കെ, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ബാഹുബലി, ജുറാസിക് വേള്‍ഡ്, ബജ്‌രംഗിഭായി ജാന്‍…) എന്നിവ ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഒരുകാലത്ത് വെറും തല്ലിപ്പൊളി പടങ്ങള്‍ മാത്രം ഉണ്ടായി കൊണ്ടിരുന്ന തമിഴില്‍ നിന്ന് ജീവിതഗന്ധികളായ ചിത്രങ്ങള്‍( കാക്കാമുട്ടൈ പോലൊരു ചിത്രമൊക്കെ നമ്മുടെ സംവിധായകരും എഴുത്തുകാരുമൊക്കെ തീര്‍ച്ചയായും കാണണം) ഉണ്ടാകാന്‍ തുടങ്ങിയതോടെ മലയാളി ആ ഇന്‍ഡസ്ട്രിയില്‍ ഏറെ താല്‍പര്യം കാണിക്കാന്‍ തുടങ്ങി. തമിഴ് ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യത ഇവിടെ കിട്ടി തുടങ്ങി. മലയാള ചിത്രങ്ങള്‍ മൊഴിമാറി വിജയം കൊയ്യ്തിരുന്നൊരു കാലം തെലുങ്കില്‍ ഉണ്ടായിരുന്നു, അതു മാറി ഇപ്പോള്‍ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തില്‍ ഹൗസ്ഫുള്‍ ആയി ഓടുന്ന അവസ്ഥയിലേക്ക് എത്തി. വീണ്ടും രഞ്ജിത്തിലേക്ക് വന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, ബാഹുബലിയൊക്കെ ഇറങ്ങിയൊരു നാട്ടില്‍ ഇനി ആക്ഷന്‍ സിനിമയെന്നൊക്കെ പറയുന്നത് തന്നെ നാണക്കേടാണെന്ന്. രഞ്ജിത്ത് വീണ്ടും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് സംസാരിക്കുകയാണ്. അപ്പോഴും അടിയും വെടിയുമായി നമ്മുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ കാത്തുനില്‍ക്കുകയാണ്.

കേരളം ചെറിയൊരു സ്ഥലമാണെന്നും ഇവിടെ ഉണ്ടാകുന്ന സിനിമകള്‍ക്ക് വളരെ ചെറിയൊരു മാര്‍ക്കറ്റ് മത്രമെ ഉള്ളൂവെന്നും നാം പറയാറുണ്ട്. അതേ മാര്‍ക്കറ്റില്‍ നിന്നാണ് ബാഹുബലിയും ബജറംഗഭായി ജാനുമെല്ലാം മലയാള ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ നേടുന്നത്. അതെന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? അതാണവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം. തമിഴ് ആണെങ്കിലും തെലുങ്കിലാണെങ്കിലും ഇപ്പോള്‍ പുതിയൊരു സിനിമ ഇറങ്ങുമ്പോള്‍ അതിന്റെ പ്രമോഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആ സിനിമയുടെ പ്രധാനപ്പെട്ടവരെല്ലാം തന്നെ കേരളത്തില്‍ എത്തുന്നൊരു പ്രവണതയുണ്ട്. അവര്‍ക്കറിയാം ഇതൊരു നല്ല സ്‌പേസ് ആണെന്ന്, തങ്ങളുടെ പ്രൊഡക്ട് ഇവിടെ നന്നായി വിറ്റുപോകുമെന്ന്. അതിനാവശ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കി കൊണ്ടാണ് അവരവിടെ എത്തുന്നത്. ബോളിവുഡ്- ടോളിവുഡ്-കോളിവുഡ്- നായകന്മാര്‍ക്ക് നിറയെ ആരാധകരാണ് ഇവിടെ. രാജമൗലി എന്ന സംവിധായകനു കേരളത്തില്‍ നിന്നുകിട്ടുന്ന ആരാധന ശ്രദ്ധിക്കൂ. ഇനിയിപ്പോള്‍ പ്രഭാസ് എന്ന നടന്‍ അഭിനയിക്കുന്ന ഏതു സിനിമയും കേരളത്തില്‍ കൊണ്ടുവന്നു കാണിച്ചാല്‍ വന്‍ ഹിറ്റാകും. എന്നിട്ടും നമ്മുടെ സിനിമകള്‍ മാത്രം ഇവിടെ പരാജയപ്പെടുന്നു. നമുക്ക് മാര്‍ക്കറ്റിംഗ് അറിയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് നടക്കുന്നുണ്ടെന്നത് ചിലര്‍ വലിയകാര്യമായി പറയാറുണ്ട്. അതിലൊന്നും വലിയ കാര്യമില്ല. ഹിന്ദിയിലാണെങ്കിലും തമിഴിലാണെങ്കിലും തെലുങ്കിലാണെങ്കിലുമൊക്കെ ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അതിന്റെ അണിയറപ്രവര്‍ത്തകരും പ്രധാന അഭിനേതാക്കളും തങ്ങള്‍ക്ക് കിട്ടുന്ന സ്ഥലങ്ങളിലെല്ലാം വന്ന് സിനിമയെക്കുറിച്ച് സംസാരിക്കും. പ്രേക്ഷകന് വലിയൊരു പ്രതീക്ഷ നല്‍കും. ഇവിടെയോ? പായ്ക്കപ്പ് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നടന്മാരുടെയൊന്നും പൊടികാണില്ല. എങ്ങാനും സിനിമ വിജയിച്ചാല്‍ മാത്രം എവിടെയെങ്കിലുമൊക്കെ വന്ന് കാലിന്മേല്‍ കാലും കയറ്റിയിരുന്നു രണ്ടു ഡയലോഗ് അടിക്കും. തനിക്കു കിട്ടേണ്ടത് കിട്ടിയാല്‍ പിന്നെ ആ സിനിമ വിജയിച്ചാല്‍ എന്ത് പരാജയപ്പെട്ടാല്‍ എന്ത്?

ഇതിനെക്കാളുമൊക്കെ വലിയ തലവേദന ഇവിടെ നടക്കുന്ന തമ്മില്‍ തല്ലുതന്നെയാണ്. പരസ്പരം വിമര്‍ശിച്ച്, താനാണ് വലിയവനെന്ന് പറയാനാണ് എല്ലാവരും മത്സരിക്കുന്നത്. ആളൊന്നിന് വച്ച് സംഘടനകളാണ്. മറ്റവന്റെ കുറ്റം പറയാന്‍ അല്ലാതെ എന്തു ഗുണം? ചെളിവാരിയെറിയലാണ് പ്രധാന അജണ്ട. സിനിമയ്ക്ക് പൊതുവായി ഗുണം കിട്ടുന്ന ഒരുകാര്യവും ചെയ്യില്ല. കേരളം ചെറിയ മാര്‍ക്കറ്റാണ്. ഇവിടെ ആകെയിപ്പോള്‍ നാന്നൂറ്റിയമ്പതില്‍ താഴെ മാത്രം തിയെറ്ററുകളെ ഉള്ളൂ. എന്നാലും വൈഡ് റിലീസിംഗ് ഇവിടെ അനുവദനീയമല്ല. അതിനുശ്രമിച്ചാല്‍ ഉടനെ ഭീഷണിയും ഗ്വാഗാ വിളികളുമായി ഇറങ്ങാന്‍ ഒരു സംഘടന തയ്യാറെടുത്ത് നില്‍ക്കുന്നുണ്ട്. വൈഡ് റിലീസിംഗ് എങ്ങനെയാണ് തിയെറ്റര്‍ വ്യവസായത്തെ നഷ്ടത്തിലാക്കുന്നത്. ഒരു വിഭാഗം തിയെറ്റര്‍ ഉടമകളുടെ സ്വാര്‍ത്ഥയല്ലാതെ മറ്റെന്താണ് ഇതില്‍? സിനിമയുടെ സെന്‍സര്‍ കോപ്പി തന്നെ ഇറങ്ങിയൊരു നാട്ടില്‍ എ ക്ലാസ് തിയെറ്ററുകളില്‍ കളിച്ച ശേഷം ബാക്കി തിയെറ്ററുകളില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാല്‍ അത്രയുംനാള്‍ പ്രേക്ഷകന്‍ കാത്തിരിക്കുമെന്നാണോ? ഇത്തരം മണ്ടത്തരങ്ങളുമായി നടക്കുന്നവരാണ് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ശാപം. അന്യഭാഷ സിനിമകള്‍ മള്‍ട്ടി പ്ലക്‌സുകളിലടക്കം ഇവിടെ വൈഡ് റിലീസിംഗ് നടത്തുന്നുണ്ടെന്നതാണ് അതിലും വലിയ രസം. ഈ സംഘടനകള്‍ക്കൊന്നും അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല. ബാഹുബലി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാക്രോശിച്ച് ഇവിടെ തിയെറ്റര്‍ ബന്ദ് വരെ പ്രഖ്യാപിച്ചില്ലേ! എന്നിട്ടെന്തായി? 

നൂറും ഇരുന്നൂറും കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമകളോട് മത്സരിക്കാനൊന്നും നമുക്ക് പാങ്ങില്ലെന്നറിയാം. അഞ്ച് കോടി തന്നെ ബിഗ് ബഡ്ജറ്റ് ആകുന്നിടത്ത് വലിയ തോതിലുള്ള മാര്‍ക്കറ്റിംഗിനും തടസ്സങ്ങള്‍ കാണും. എങ്കില്‍, മാക്‌സിമം തിയെറ്ററുകളില്‍ ആ സിനിമ റിലീസ ചെയ്യാനെങ്കിലുമുള്ള ബുദ്ധി നമുക്കുണ്ടായിക്കൂടെ! ഈ സംഘടനകളെല്ലാം കൂടിയിരുന്ന് അത്തരം കാര്യങ്ങളില്‍ ഒരു തീര്‍പ്പ് ഉണ്ടാക്കി കൂടെ? കോടികള്‍ ബഡ്ജറ്റ് ഉണ്ടെങ്കിലെ നല്ല സിനിമ ഉണ്ടാക്കാന്‍ കഴിയൂ എന്ന വാശിയൊന്നും കാണിക്കാതെ, പറഞ്ഞതു തന്നെ പിന്നെയും പറയാത്ത നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ നമ്മുടെ സിനിമാക്കാരും ചിന്തിച്ചുകൂടെ. ആരൊക്കെ കുറ്റം പറഞ്ഞാലും സിനിമാലോകത്തെ ഏറ്റവും മികച്ചൊരു പ്രേക്ഷക സമൂഹം നിങ്ങളുടെ കൂടെയില്ലേ? അതൊന്നും കാണാതെ, നിന്നനില്‍പ്പില്‍ തന്നെ തുടരാനാണ് ഭാവമെങ്കില്‍ ഞങ്ങള്‍ പ്രേക്ഷകര്‍ ബജറംഗഭായിജാനും ബാഹുബലിയുമൊക്കെ കണ്ട് കൈയടിച്ചോളാം…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍