UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടനാടന്‍ കായലില്‍ തോണിയൂന്നിയുള്ള സ്വപ്ന സഞ്ചാരം

Avatar

ഷെഫീദ് ഷെരീഫ്‌

ആന്റണ്‍ ചെഖോവിന്റെ ‘വാങ്ക’ എന്ന ചെറുകഥയെ കുട്ടനാടന്‍ പാശ്ചാത്തലത്തില്‍ ഉപമിചൊരുക്കിയ മികച്ച ചലച്ചിത്രമാണ് ഒറ്റാല്‍. 20 താമത് ചലച്ചിത്രോത്സവത്തില്‍ ഒറ്റാലിന്റെ ആദ്യ പ്രദര്‍ശനത്തിന് അനുഭവപ്പെട്ട പ്രേക്ഷകരുടെ തിക്കും തിരക്കും ലോകോത്തര നിലവാരം ചിത്രം പുലര്‍ത്തുന്നുവെന്നതിന്റെ തെളിവാണ്. ‘ഫോര്‍ ദി പീപ്പിളി’ന്റെ ടാഗ് ലൈനില്‍ ജയരാജിനെ കണ്ട മുഖ്യധാരാ സിനിമ ആസ്വാദകര്‍ക്കും, നിരൂപകര്‍ക്കുമുള്ള മറുപടി കൂടിയാണ് ചിത്രം. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഓരം ചേര്‍ന്ന ജീവിതങ്ങളെ, കാഴ്ചകളെ ഫ്രെയ്മില്‍ അവതരപ്പിച്ചു പ്രേക്ഷക പ്രശംസ നേടുന്നുണ്ട് സംവിധായകന്‍.

കുട്ടനാട് പശ്ചാത്തലമാകുന്ന ചിത്രം വൃദ്ധനായ താറാവു കര്‍ഷകനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. കുമരകം വാസുദേവന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് താറാവു കര്‍ഷകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കൊച്ചു മകനായ കുട്ടി ശിവകാശിയിലെ പടക്ക കമ്പനിയില്‍ ജോലിക്ക് പോയതിനു ശേഷം മുത്തച്ഛന് അയക്കുന്ന കത്തിലാണ് ചിത്രം അവസാനിക്കുന്നത്. ഹൃദ്യമായ വരികളില്‍ കുട്ടപ്പായി അയക്കുന്ന കത്തിനുള്ളിലെ വാസ്തവ ബോധം സിനിമ കണ്ടിറങ്ങിയത്തിനു ശേഷവും പ്രേക്ഷകനെ പിന്തുടരുന്നു. ഗൗരവപരവും, സമകാലികവുമായ വിഷയങ്ങളെയാണ് ഒറ്റാല്‍ സംവദിക്കുന്നതും. ബാലവേലയും ,കര്‍ഷക ആത്മഹത്യയും, അന്യം നിന്നു പോകുന്ന താറാവ് കൃഷിയും, തീണ്ടായ്മകളും… അങ്ങനെ അപ്രസക്തമെന്നു ചിലര്‍ വാദിക്കുന്ന കുട്ടനാടന്‍ ഗ്രാമങ്ങളിലെ സകല സാധ്യതകളും സംവിധായകന്‍ ചിത്രത്തില്‍ സമര്‍ത്ഥമായി വിന്യസിച്ചിരിക്കുന്നു. പറയാതെ പറയുന്ന ഉപകഥകളും, നിരര്‍ത്ഥകമെന്നു തോന്നാത്ത സംഭാഷണങ്ങളും കൊണ്ട് അമ്പരപ്പിക്കുന്നു ‘ഒറ്റാല്‍’. മലയാള സിനിമ ഒരുപാടു തവണ കൈകാര്യം ചെയ്ത കുട്ടനാടന്‍ ഗ്രാമഭംഗിയുടെ അകക്കാഴ്ചകളെ എം.ജെ രാധാകൃഷ്ണന്റെ ക്യാമറ പകര്‍ത്തിയെടുതിട്ടുണ്ട്. പശ്ചാത്തലത്തില്‍ തുടിക്കുന്ന വികാരം തുളുമ്പുന്ന തേക്കു പാട്ടുകളും, സംഗീതവും പ്രേക്ഷകനെ സിനിമയോട് കൂടുതല്‍ അടുപ്പിക്കുന്നു. ചേറിലും, ചെളിയിലും കുഴഞ്ഞ്, ആമ്പലുകളെയും താറാവു കൂട്ടങ്ങളെയും തഴുകി ആസ്വാദകനു തീയെറ്ററിനുള്ളില്‍ ഒറ്റാലിനെ തൊട്ടറിയാന്‍ സാധിക്കുന്നുവന്നതാണ് ചിത്രത്തിന്റെ വിജയം. 

ജയരാജ്‌  സിനിമയെക്കുറിച്ചു സംസാരിക്കുന്നു

‘ഒറ്റാല്‍’ തീയെറ്ററിനുള്ളില്‍ ആസ്വദിക്കുമ്പോള്‍:
ഒറ്റാല്‍ തീയെറ്ററിനുള്ളില്‍ ഇരുന്നു കാണുമ്പോള്‍ എന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ അറിയാത്ത ഒരു പ്രത്യേക അനുഭൂതിയാണ് ലഭിച്ചത്. നിറഞ്ഞ സദസ്സിനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടൊപ്പമിരുന്നു സിനിമ കാണുബോള്‍ പ്രധാനപ്പെട്ട മിക്ക രംഗങ്ങളിലും പ്രേക്ഷകര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ അതൊരു വലിയ അനുഭവമാണ്. ഇത്രയും ഹൃദയസ്പര്‍ശിയായ മറ്റൊരനുഭവം എനിക്കുണ്ടായിട്ടില്ല. സുപ്രധാനമെന്നു നമ്മള്‍ കരുതിയ എല്ലാ രംഗങ്ങളും പ്രേക്ഷകര്‍ കയ്യടിക്കുന്നുവെന്നത് അവര്‍ സിനിമയെ ഉള്‍ക്കൊണ്ടുവെന്നതാണ് തെളിയിക്കുന്നത്. 20 കൊല്ലം എല്ലാ ചലച്ചിത്രോത്സവങ്ങളിലും എന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ നൈര്‍മല്യമുള്ള ഈ കൊച്ചു സിനിമ എത്ര മാത്രം ആസ്വാദക ഹൃദയങ്ങളില്‍ എത്തിയെന്നത് ഒരുപാട് സന്തോഷിപ്പിക്കുന്നു.

ആരും കാണാതെ പോയ സമൂഹത്തെയാണ് ഞാന്‍ അവതരിപ്പിച്ചത് :
മാറ്റി നിര്‍ത്തപ്പെട്ട സമൂഹത്തെയാണ് ഒറ്റാല്‍ ആവിഷ്‌കരിക്കുന്നത്. എല്ലാം വളരെ യാന്ത്രികമായി മാറുന്ന കാലത്ത് പുതിയ തലമുറ വളരെ ശ്രദ്ധയോട് കൂടി ഇത്തരം മനുഷ്യ ജീവിതങ്ങളെ നോക്കി ക്കാണുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിന്റെ കാരണം ബോംബയിലും ഗോവയിലും ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ എനിക്കുണ്ടായ തിരിച്ചറിവിതാണ്. ബോംബയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അവരെന്നോടു ചോദിച്ച ചോദ്യങ്ങളും, അവരു തന്ന അവാര്‍ഡും എന്താണോ അവരില്‍ അന്യമാകുന്നത് അതിനോട് ചേരാനും അതറിയാനുമുള്ള പുതിയ തലമുറയുടെ ആഗ്രഹം കൂടിയായിരുന്നു. അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും. ആരും കാണാത്ത കുറേ ജീവിതങ്ങളെക്കുറിച്ച് പറയുമ്പോള്‍, സംസാരിക്കുമ്പോള്‍ അതു കാണാന്‍, അറിയാന്‍ പ്രേക്ഷകാന്‍ ആഗ്രഹിക്കും.

സ്വാഭാവികമായി സംഭവിച്ച സിനിമ :
ഈ സിനിമയുടെ മിക്ക കാര്യങ്ങളും സ്വാഭാവികമായി സംഭവിച്ചതാണ്. ആദ്യം എന്നോടു ‘വാങ്ക ‘യെന്ന കഥയെക്കുറിച്ച് പറയുന്നത് ചിത്രത്തിന്റെ സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുതിയ ബൈജുവാണ്. ആ കഥ ഞാന്‍ വായിച്ചു. ആ കഥയില്‍ ഒരു സിനിമയുണ്ടോ എന്ന ആശയക്കുഴപ്പത്തിലായി. അസമിലെ വെള്ളപ്പൊക്കത്തില്‍ രണ്ടു ആട്ടിന്‍കുട്ടികളുമായി ചങ്ങാടത്തില്‍ തുഴഞ്ഞുപോകുന്ന എട്ടു വയസുകാരനായ കുട്ടിയുടെ ചിത്രം പത്രത്തില്‍ കണ്ടശേമാണ് സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മനസ്സില്‍ കുട്ടനാട് വാങ്കയായി തോന്നുന്നത് അങ്ങനെയാണ്. ഇതൊക്കെ സിനിമ സംഭവിക്കാനുള്ള കാരണങ്ങളാണ്. ലൊക്കേഷന്‍ അന്വേഷിച്ചുള്ള യാത്രയില്‍ സിനിമയിലെ കഥാപാത്രങ്ങള്‍ തനിയെ വന്നു ചേരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കുട്ടനാടന്‍ ഇടത്തോടുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു മത്സ്യത്തൊഴിലാളി വള്ളം തുഴഞ്ഞു വരുന്നത് കാണുന്നത്. അത് കുമരകം വാസുദേവന്‍ ആയിരുന്നു. ഇത്തരത്തില്‍ ഒരു സിനിമയ്ക്കു വേണ്ടതെല്ലാം വന്നു ചേരുകയായിരുന്നു.

ടാഗോറില്‍ തുടങ്ങിയ സിനിമാ ജീവിതം:
1970 കളില്‍ കേരള യുണിവേഴ്‌സിറ്റി യുണിയന്റെ ആദ്യത്തെ ചലച്ചിത്രോത്സവം ടാഗോര്‍ തീയെറ്ററിലായിരുന്നു. ഒരു സുഹൃത്ത് തന്ന പാസ് കൊണ്ടാണ് ഞാന്‍ സിനിമ കാണാന്‍ എത്തുന്നത്. ഇങ്ങനൊരു സിനിമാ അനുഭവമുണ്ടെന്ന് അന്നാണ് ഞാന്‍ തിരിച്ചറിയുന്നത്. റാഷമോനും, ബൈ സൈക്കിള്‍ തീവ്‌സും, പഥേര്‍ പാഞ്ചലിയുമൊക്കെയാണ് അന്നു കണ്ട സിനിമകള്‍. ജീവിതത്തില്‍ സംഭവിച്ച അത്ഭുതക്കാഴ്ച്ചകളായിരുന്നു അവ. ടാഗോര്‍ തീയെറ്ററിനു മുന്നില്‍വച്ചാണ് സംവിധായകനാകണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒറ്റാലിന്റെ പ്രദര്‍ശനം ടാഗോറില്‍വച്ചു തന്നെ നടക്കുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ അന്നു കണ്ട മികച്ച സിനിമകളോട് കിടപിടിക്കുന്ന ഒരു സിനിമ ചെയ്യാന്‍ ഇതുവരെ എനിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു സിനിമ എടുക്കാനുള്ള എന്റെ യാത്രയുടെ ഭാഗം മാത്രമാണിത് .

(മാധ്യമ വിദ്യാര്‍ത്ഥിയാണ് ഷെഫീദ് ഷെരീഫ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍