UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജേഷ് രാമചന്ദ്രന്‍ ഔട്ട്‌ലുക്ക് എഡിറ്റര്‍; നിയമനത്തിന് പിന്നാലെ വിവാദവും

Avatar

അഴിമുഖം പ്രതിനിധി

സംഘപരിവാര്‍ സംഘടനകള്‍ അസമില്‍ നിന്ന് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഔട്ട്‌ലുക്ക് മാസിക എഡിറ്ററെ മാറ്റിയ സംഭവും ചര്‍ച്ചയാവുന്നു. വാര്‍ത്തയുടെ പേരില്‍ മാസികയുടെ പബ്ലീഷര്‍ ഇന്ദ്രനീല്‍ റോയി, എഡിറ്ററായിരുന്നു കൃഷ്ണ പ്രസാദ്, വാര്‍ത്ത തയാറാക്കിയ ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ നേഹാ ദീക്ഷിത് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണപ്രസാദിനു പകരം മലയാളിയായ രാജേഷ് രാമചന്ദ്രനെ എഡിറ്റര്‍-ഇന്‍-ചീഫ് ആയി നിയമിച്ചത്. കൃഷ്ണപ്രസാദിനെ മാറ്റിയതിന് പിന്നില്‍ എഡിറ്റോറിയല്‍ നയം സംബന്ധിച്ച് മാനേജ്മെന്റിനുള്ള അഭിപ്രായ വ്യത്യാസമാണെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ‘ദി ഹിന്ദു’വിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്റര്‍ ജോസി ജോസഫിന്റെ ഈയിടെ പുറത്തിറങ്ങിയ  ‘എ ഫീസ്റ്റ് ഓഫ് വാള്‍ചേഴ്സ്’ എന്ന പുസ്തകത്തില്‍ ജെറ്റ് എയര്‍വേസിനെ പരാമര്‍ശിക്കുന്ന ഭാഗം ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചതും നിയമ നടപടികള്‍ക്ക് വഴിവച്ചിരുന്നു.

 

തങ്ങള്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ പേരിലുള്ള യാതൊരു നടപടിയും അംഗീകരിക്കില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും കൃഷ്ണപ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷ് രാമചന്ദ്രനെ എഡിറ്റര്‍- ഇന്‍-ചീഫായി നിയമിച്ചു കൊണ്ട് ഇന്ദ്രനീല്‍ റോയിയുടെ പേരിലുള്ള ഇ-മെയില്‍ ഔട്ട്‌ലുക്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. കൃഷ്ണപ്രസാദിന്റെ റോള്‍ എന്തായിരിക്കും എന്ന കാര്യത്തില്‍ ഇ-മെയില്‍ മൗനം പാലിക്കുന്നു.

 

 

ഔട്ട്‌ലുക്ക് മാസികയുടെ മൂന്നാമത്തെ എഡിറ്റര്‍-ഇന്‍-ചീഫ് ആയാണ് രാജേഷ് രാമചന്ദ്രന്‍ ഈ മാസം 16-ന് ചുമതലയേല്‍ക്കുന്നത്. മാസികയുടെ സ്ഥാപക എഡിറ്റര്‍ വിനോദ് മേത്ത 2012 ഫെബ്രുവരി ഒന്നിന് എഡിറ്റോറിയല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറിയതോടെയാണ് കൃഷ്ണപ്രസാദ് ഈ പദവിയിലെത്തുന്നത്.

 

അതേ സമയം, രാജേഷ് രാമചന്ദ്രന്റെ നിയമനം പുതിയ വിവാദങ്ങളുമായി ബന്ധമില്ലെന്നും കഴിഞ്ഞ ഒരു വര്‍ഷമായി നിയമനം സംബന്ധിച്ച് ഔട്ട്‌ലുക്ക് മാനേജ്‌മെന്റുമായി ചര്‍ച്ച നടന്നു വരികയായിരുന്നുവെന്നും ജേര്‍ണലിസം വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഇകണോമിക് ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായ രാജേഷും നിയമനം ശരിവച്ചിട്ടുണ്ട്. താനുമായി ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി ചര്‍ച്ച നടന്നു വരികയാണെന്ന് രാജേഷ് വാര്‍ത്താ പോര്‍ട്ടലായ സ്ക്രോളിനോട് വ്യക്തമാക്കി.

 

 തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് കോളേജ് പഠനം പൂര്‍ത്തിയാക്കിയ രാജേഷ് രാമചന്ദ്രന്‍ ദി വീക്കില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായാണ് മാധ്യമ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, എന്‍.ഡി.റ്റി.വി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തതിനു ശേഷമാണ് ഇകണോമിക് ടൈംസില്‍ എത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍