UPDATES

ട്രെന്‍ഡിങ്ങ്

മദ്രാസ് ഐഐടി; പുറത്തു നിന്നുള്ള സംഘം കാമ്പസിനുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം

മദ്രാസ് ഐ ഐ ടി കാമ്പസിനുള്ളില്‍ കടന്ന് ഒരു സംഘം വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒമ്പതു മണിയോടെ കാമ്പസിനുള്ളില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ മൂന്നോ നാലോപേര്‍ അടങ്ങുന്ന സംഘം കാമ്പസിനുള്ളില്‍ കടന്ന് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ഒച്ചവച്ചതോടെ ശബ്ദം കേട്ട് മറ്റു വിദ്യാര്‍ത്ഥികള്‍ ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു.

കാമ്പസിലെ അലുമിനി അസോസിയേഷന്‍ കെട്ടിടത്തിനു സമീപം പെണ്‍കുട്ടിയെ അക്രമികള്‍ തടഞ്ഞുവച്ചാണ് മോശമായി പെരുമാറാന്‍ ആരംഭിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാമ്പസിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ അക്രമികളെ പിടികൂടാന്‍ പിറകെ ഓടിയെങ്കിലും അവര്‍ രക്ഷപ്പെട്ടു കളഞ്ഞെന്നും പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ അക്രമികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചിരുന്നു. അതേസമയം പൊലീസില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി ഇതുവരെ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ നിന്നും പെണ്‍കുട്ടി ഇതുവരെ മോചിതയായിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്.

വെള്ളിയാഴ്ച വൈകുന്നേരം 33 കാരനായ എഡ്വിന്‍ ആന്റണി എഞ്ചിനീയറിംഗ് ബിരുദധാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഐ ഐ ടി കാമ്പസിനടുത്തു നിന്നു പൊലീസ് പെട്രോളിംഗ് സംഘമാണ് ഇയാളെ പിടികൂടിയത്. അസഭ്യങ്ങള്‍ പുലമ്പിയും കല്ലുകള്‍ വലിച്ചെറിഞ്ഞും നടക്കുന്നതുകണ്ട് സംശയം തോന്നിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഐ ഐ ടി കാമ്പസില്‍ പോകാറുണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികളെ അക്കാദമിക് പ്രൊജക്ടുകള്‍ ചെയ്യാന്‍ സഹായിക്കാറുണ്ടെന്നും മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ അപമാനിച്ചതുമായി ഇയാള്‍ക്കു ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ ഐ ഐ ടി അധികൃതര്‍ വിസമ്മതിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ കാമ്പസുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടാകുന്നതായും പരാതിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍