UPDATES

വായന/സംസ്കാരം

ഖസാക്ക് വായിക്കാത്ത ഒവി വിജയന്‍ ആരാധകന്‍; തസ്രാക്കിന്റെ സ്വന്തം ഗൈഡ് മജീദിന്റെ കഥ

തസ്രാക്കിലെ പഴയ ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ച ഞാറ്റുപുരയുടെ സൂക്ഷിപ്പുകാരന്‍ ഒവി വിജയനെ കുറിച്ചും വിജയന്‍ കണ്ട തസ്രാക്കിനെ കുറിച്ചും സംസാരിക്കുന്നു-ഖസാക്ക് പരമ്പര 2

തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ സഹോദരി ഒവി ശാന്ത ജോലി ചെയ്യുന്ന കാലത്താണ് ഒവി വിജയന്‍ അവിടെ വന്നു താമസിച്ചത്. അക്കാലത്ത് വിജയന്‍ അവിടെ കണ്ട മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതവും ഭാവനയും സമന്വയിപ്പിച്ചു കൊണ്ട് എഴുതപ്പെട്ടതാണ് ‘ഖസാക്കിന്‍റെ ഇതിഹാസം’. അന്ന് ആ വിദ്യാലയത്തിന്‍റെ തൊട്ടടുത്ത വീട്ടില്‍ ഒരു നാലു വയസ്സുകാരന്‍ ഉണ്ടായിരുന്നു. ഉമ്മയോടൊപ്പം അവന്‍ ഇടയ്ക്കൊക്കെ ഏകാധ്യാപക വിദ്യാലയത്തില്‍ വന്നുപോയിരുന്നു. ആ നാലു വയസ്സുകാരനാണ് ഇന്ന് തസ്റാക്കിലെ പഴയ ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തിച്ച ഞാറ്റുപുരയുടെ സൂക്ഷിപ്പുകാരന്‍ മജീദ്. മജീദിന്‍റെ കൌമാര കാലത്താണ് ഒവി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവല്‍ പുറത്തു വരുന്നത്. എഴുത്തും വായനയും വശമില്ലെങ്കിലും നോവലിനെ കുറിച്ചു കേട്ടറിഞ്ഞ മജീദിന് ഒവി വിജയനെ നേരില്‍ കാണണമെന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നും തോന്നി. അങ്ങനെയാണ് മജീദ് ഒവി വിജയനുമായി ബന്ധപ്പെടുന്നതും വിജയനെ തസ്രാക്കിലേക്ക് വീണ്ടും കൊണ്ട് വരുന്നതും. ഒവി വിജയനുമായുള്ള ബന്ധത്തെ കുറിച്ചും തസ്റാക്കിനെ കുറിച്ചും മജീദ് സംസാരിക്കുന്നു. (ഖസാക്ക് പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ട് വായിക്കാം-തസ്റാക്കിലെ ആദ്യത്തെ മാഷ് ആ ‘ഷ്കോളി’നെ കുറിച്ച് പറയുന്നു)

പള്ളിയോട് ചേര്‍ന്ന് ഒരു മദ്രസയുണ്ട്. അവിടെയായിരുന്നു ഒവി ശാന്ത ക്ലാസ് എടുത്ത സ്ഥലം. ഒരു റൂമില്‍ സ്കൂള്, അപ്പുറത്ത് ഒരു ചായക്കടയും ഇപ്പുറത്ത് ഒരുതയ്യല്‍ കടയും ഉണ്ടായിരുന്നു. അതൊക്കെ ആ ബുക്കില്‍ പറയുന്നുണ്ട്. അത് കഴിഞ്ഞു ആ പള്ളിയുടെ തൊട്ട് സൈഡില്‍ തന്നെ അറബിക്കുളം. ഇപ്പൊഴും ആ കുളം ഉപയോഗിക്കുന്നുണ്ട്. ഇത് മാധവന്‍ നായരുടെ കളപ്പുരയാണ്. അക്കാലത്ത് റോഡൊന്നും ഇല്ല. വെള്ളവും ഇല്ല. വെളിച്ചവും ഇല്ല. അങ്ങനത്തെ ഒരു കാലഘട്ടത്തിലാണ് ശാന്ത ഇവിടെ വരുന്നത്. തത്ക്കാലം ഈ മാധവന്‍ നായരുടെ കളപ്പുരയില്‍ ഒരു ഭാഗം കൊടുത്തു. ഭക്ഷണം ഉണ്ടാക്കാനും കിടക്കാനും ഒക്കെയായിട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് വിജയന്‍ സാറ് ഇവിടെ വരുന്നത്. അന്നിവിടെ ഇത്ര വീടുകളൊന്നും ഇല്ല. ഇത്രയും സൌകര്യങ്ങളില്ല. മൈലാഞ്ചിപ്പാതയാണ്. കമ്പ്ലീറ്റ് കരിമ്പനയാണ്. അന്ന് കളപ്പുരയുടെ തിണ്ണയില്‍ ഇരുന്നു ഒവി വിജയന്‍ ഒരു ബുക്കില്‍ ഇങ്ങനെ വരക്കും. പുള്ളി വന്നു വരക്കുമ്പോ എനിക്കു നാല് വയസ്സ്. തൊട്ടടുത്താണ് എന്‍റെ വീട്. അന്നത് കരിമ്പനയുടെ ഷെഡാണ്. പുള്ളി ഇവിടെ ഇരുന്നു കുറെ വരച്ചിട്ടു പോയി. അന്ന് ഇവിടിരുന്നു വരച്ചതൊക്കെ ആ ബുക്കിലേക്ക് വേണ്ട കഥാപാത്രങ്ങളെയാണെന്ന് പുസ്തകം പുറത്തിറങ്ങി കുറെക്കാലം കഴിഞ്ഞു ഞാന്‍ പുള്ളിയെ കാണുമ്പോള്‍ പുള്ളി പറഞ്ഞു തന്നതാണ്. ഒവി വിജയന്റെ പെങ്ങളും ഇവിടുന്നു പോയി. പിന്നെ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ് ഈ കഥ പുറത്തു വരുന്നത്.

ആ പുസ്തകത്തിനെ കുറിച്ചറിഞ്ഞപ്പോള്‍ എനിക്കു അതൊക്കെ അറിയാന്‍ താത്പര്യം തോന്നി. ഞാന്‍ ഇവിടെ കുറെ ആള്‍ക്കാരോട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അതിലെ കുറെ കഥാപാത്രങ്ങള്‍ മരണപ്പെട്ടുപോയി പലര്‍ക്കും ഇതിനെ കുറിച്ചൊന്നും അറിയില്ല. പുള്ളി വരുമ്പോള്‍ എനിക്കു നാല് വയസ്സായിരുന്നു. പിന്നെ ഞാന്‍ പതിനേഴ് വയസ്സിലാണ് പുള്ളിയുമായി ബന്ധപ്പെടുന്നത്. അന്ന് ഈ ഫോണും സൌകര്യങ്ങളുമൊന്നും ഇല്ല. ഒവി ശാന്തയുടെ കയ്യില്‍ നിന്നു നമ്പര്‍ വാങ്ങിച്ചു ഞാന്‍ വിജയന്‍ സാറിന് ഒരു കത്തെഴുതി. എനിക്കങ്ങനെ വല്യ എഴുത്തും വായനയും ഒന്നും അറിയില്ല. ആ കത്തിന് ഒരു മറുപടി കിട്ടിയതു ഒരുമാസം കഴിഞ്ഞിട്ടാണ്. സാറ് ഇവിടെ വന്നിരുന്നു എന്നും കഥയില്‍ പറയുന്ന പല ആളുകളും ജീവിച്ചിരുന്നവരാണെന്നും ഒക്കെ വിജയന്‍ സാറ് കത്തിലെഴുതിയിരുന്നു. എന്നാലും എനിക്കു വിജയന്‍ സാറിനെ കാണണം എന്നു ആഗ്രഹം ഉണ്ടായി. അങ്ങനെ ഒരു കറക്കുന്ന ഫോണില്‍ ഞാന്‍ സാറിനെ ബന്ധപ്പെട്ടു. പിന്നെ ഞാന്‍ വിജയന്‍ സാറിനെ ഇവിടെ കൊണ്ട് വന്നു. വിജയന്‍ സാറിനെ നേരിട്ടു കണ്ടപ്പോഴാണ് ഇവിടെ എന്തൊക്കെ ഉണ്ടായിരുന്നു എന്നൊക്കെ അറിയാന്‍ കഴിഞ്ഞത്. പിന്നീട് വര്‍ഷത്തില്‍ ഒരിക്കല്‍ തുടര്‍ച്ചയായി എട്ട് വര്‍ഷം അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു. അപ്പോഴേക്കും എനിക്ക് ഈ കഥ മുഴുവനായിട്ടും പുള്ളിയില്‍ നിന്നു അറിയാന്‍ കഴിഞ്ഞു. എന്തൊക്കെ സംഭവിച്ചു എങ്ങനെയൊക്കെ സംഭവിച്ചു ആ കാലഘട്ടം എന്തായിരുന്നു എന്നൊക്കെ എനിക്കു മനസ്സിലാക്കാന്‍ പറ്റി.

ഒന്‍പതാമത്തെ തവണ വിജയന്‍ സാറ് ഞാന്‍ വരുന്നില്ല എനിക്കു സുഖമില്ല എന്നു എന്നെ അറിയിച്ചു. അപ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞു ചിലപ്പോള്‍ ഇനി നമ്മള്‍ക്ക് കാണാന്‍ പറ്റിയില്ലെങ്കിലോ അതുകൊണ്ട് സാറ് എങ്ങനെയെങ്കിലും വരണം വന്നില്ലെങ്കില്‍ എനിക്കു വിഷമമാകും എന്ന്. അങ്ങനെ നടക്കാനൊന്നും വയ്യെങ്കിലും അദ്ദേഹം വന്നു. കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു. കഷ്ടപ്പെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. സംസാരിച്ചൊന്നും ഇല്ല. പെട്ടെന്നു തന്നെ പോയി. അത് കഴിഞ്ഞു ഏഴുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. മരിച്ചപ്പോള്‍ പാലക്കാട് കൊണ്ട് വന്നിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് കാണാന്‍ പറ്റി. ഇതൊക്കെയാണ് പുള്ളിയുടെ ചരിത്രം.

എനിക്കു വായനയില്ലെങ്കിലും പുള്ളിയുമായി സംസാരിച്ച് ആ കഥയില്‍ പറയുന്ന കംപ്ലീറ്റ് കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എഴുതിയ ആളെ നേര്‍ക്കുനേരെ കണ്ട് നമ്മള്‍ അത് കേള്‍ക്കുക എന്ന് പറഞ്ഞാല്‍ അതൊരു ഭാഗ്യമല്ലെ. എനിക്കു ആ ബുക്ക്  വായിക്കാനുള്ള അറിവൊന്നും ഇല്ല. എന്നാല്‍ അതിലെ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. സാറ് ഇവിടെ വരുമ്പോഴൊക്കെ ഇവിടെയിരുന്നു എനിക്കു കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. അതാണ് എന്‍റെ വായന.

ഞാറ്റുപുരയുടെ ചുമതല ഗവണ്‍മെന്‍റ്  ഏറ്റെടുത്തിട്ട് ഇപ്പോള്‍ പത്തു കൊല്ലമായി. ആദ്യം ഇത് വിട്ടുകൊടുക്കില്ല എന്ന നിലപാടില്‍ ആയിരുന്നു കളപ്പുരയുടെ ആള്‍ക്കാര്‍. പിന്നെ കുറെ സംസാരിച്ചിട്ടൊക്കെയാണ് അത് ശരിയായത്. ഇത് ഗവണ്‍മെന്‍റ് ഏറ്റെടുക്കാത്തപ്പോഴും ഞാന്‍ തന്നെയാണ് ഇതിന്റെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്. വരുന്നവരൊക്കെ എന്നോടു വീട്ടില്‍ വന്നു കാര്യങ്ങള്‍ ചോദിക്കുമായിരുന്നു. അന്നിത് വേറെ ആളിന്‍റെയാണ്. ഞാനും അവരും തമ്മില്‍ നല്ല കണക്ഷനായിരുന്നു. താക്കോല്‍ എന്‍റെ കയ്യില്‍ തന്നെയായിരുന്നു. വരുന്നവരെ ഞാന്‍ തുറന്നു കാണിക്കും. പിന്നെ ഗവണ്‍മെന്‍റ് ഏറ്റെടുടുത്തപ്പോള്‍ നിങ്ങള്‍ എവിടേയും പോകണ്ട ഇതിന്‍റെ കാര്യങ്ങള്‍ നിങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയതല്ലേ എന്ന് പറഞ്ഞു. വല്യ ശമ്പളമൊന്നും ഇല്ല. 1500 രൂപ കിട്ടും.

സര്‍ക്കാര്‍ ഇത് അതേ ലവലില്‍ പുതുക്കി പണിതു. ഒരു മാറ്റവും വരുത്തിയിട്ടില്ല. ബാക്കില്‍ കുറെ സ്ഥലം എടുത്തു കെട്ടിടം പണിതുടങ്ങി. ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ പണി നിന്നുപോയി. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ പൈസ ഇല്ലാത്തത് കൊണ്ട് പണി തുടങ്ങിയിരുന്നില്ല. പിന്നെ ഒരു കമ്മറ്റിയൊക്കെ ഉണ്ടാക്കി. കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇപ്പോള്‍ പണി നടക്കുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങളെ ശില്‍പം ആക്കുന്ന പണി കുറെ പൂര്‍ത്തിയായി. മൂന്നാല് ശില്‍പികള്‍ പണിയെടുക്കുന്നുണ്ട്.

ആ കഥയില്‍ പറയുന്ന അള്ളാപ്പിച്ച മൊല്ലാക്ക ജീവിച്ചിരുന്ന ആളാണ്. അള്ളാപ്പിച്ച മൊല്ലാക്ക ആ കാണുന്ന പള്ളിയില്‍ 35 കൊല്ലം ജോലി ചെയ്ത ആളാണ്. വിജയന്‍ സാറും മൊല്ലാക്കയുമായിട്ട് നല്ല കണക്ഷനായിരുന്നു. എനിക്കു പതിനേഴ് പതിനെട്ട് വയസ്സുള്ളപ്പോഴൊക്കെ മൊല്ലാക്ക ജീവിച്ചിരിപ്പുണ്ടായിരുന്നു. പുള്ളി മരിച്ചിട്ടിപ്പോള്‍ മുപ്പതു കൊല്ലത്തിന് മേലെയായി. ഈ മൊല്ലാക്കയുടെ മകളാണ് മൈമൂന. ഇപ്പോള്‍ ആ പുസ്തകത്തിലെ കഥാപാത്രങ്ങളില്‍ മൈമൂന മാത്രം ജീവിച്ചിരിക്കുന്നുണ്ട്. ഇവിടത്തെ പരിപാടികള്‍ക്ക് അറിയിച്ചാല്‍ മൈമൂന വരാറുണ്ട്. അവരുടെ വീടിന്റെ തൊട്ടടുത്തായി കഥയില്‍ പറയുന്ന ആല്‍മരവും ഉണ്ട്.

ശിവരാമന്‍ നായരൊക്കെ മരണപ്പെട്ടിട്ട് കുറെ വര്‍ഷമായി. അവര്‍ പെരുവെമ്പുകാരാണ്. അവര്‍ക്കിവിടെ കുറെ കൃഷിയുണ്ട്. ആ കൃഷി ഇന്നും ഉണ്ട്. പുള്ളിയുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. പുള്ളി മരിച്ചപ്പോള്‍ ഭൂമി കംപ്ലീറ്റ് പെങ്ങളുടെ മകന് കിട്ടി. സര്‍ക്കാര്‍ ഇത് വാങ്ങിച്ചത് ശിവന്‍ എന്ന് പറയുന്ന ഒരാളോടാണ്. അവരുടെ നെല്ല് സൂക്ഷിയ്ക്കുന്ന കളപ്പുരയാണ് ഇതിന്‍റെ പിന്നില്‍ കാണുന്നത്.

ഡാം പണി നടക്കുന്ന സമയത്താണ് സാറിവിടെ വരുന്നത്. പിന്നെയാണ് മലമ്പുഴ ഡാം പൂര്‍ത്തിയായതും റോഡായതുമൊക്കെ. ഞാന്‍ സ്കൂളില്‍ ഒന്നും പോയിട്ടില്ല. പോകാനുള്ള സാഹചര്യമായിരുന്നില്ല. ഇന്നത്തെ ലോകം അല്ല. ഒരു വീട്ടില്‍ എട്ടും ഒമ്പതും പത്തും പന്ത്രണ്ടും മക്കള്‍. അവര്‍ക്ക് ജീവിക്കാനെ വഴിയില്ല. വയറു നിറച്ചു കഴിക്കാനുള്ള അരിപോലും ഇല്ല. ഒരു കഷ്ണം പുകയില പോലും കിട്ടാനില്ലാത്ത കാലം. ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം. അതിനിടയില്‍ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുക. അതൊക്കെ ഒരു കാലം. ഒ വി വിജയന്‍ സാറിന്‍റെ പെങ്ങളൊക്കെ ഇത് പോലുള്ള കളപ്പുരയില്‍ വന്നു താമസിക്കുക എന്ന് പറഞ്ഞാല്‍, നിലത്തു മൂന്നു കല്ലുവെച്ച് ഭക്ഷണം വെച്ചു കഴിച്ചു ഒരു ഭാഗത്ത് കിടക്കുക എന്നൊക്കെ ആലോചിക്കാന്‍ കഴിയുമോ. കളപ്പുരയില്‍ കമ്പ്ലീറ്റ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന ഒരു ഹാളില്‍ ഒരു ചെറിയ മറ ഉണ്ടാക്കി വേര്‍തിരിച്ചു കൊടുത്തതാണ് അവര്‍ താമസിച്ച സ്ഥലം. ജനലൊന്നും ഉണ്ടായിരുന്നില്ല. ഒരു വെളിച്ചവും ഇല്ല. ഇന്ന് കാലത്തൊന്നും അത് ചിന്തിക്കാന്‍ കൂടി പറ്റില്ലല്ലോ.

എനിക്കു രണ്ടു മക്കളാണ്. രണ്ടാണും രണ്ടു പെണ്ണും. മക്കളൊക്കെ കല്യാണം കഴിഞ്ഞു. ബാധ്യതകള്‍ ഒന്നും ഇല്ല. ഇപ്പോള്‍ വിജയന്‍ സാറിന്‍റെ പേരില്‍ ആരെങ്കിലും വരും കാര്യങ്ങള്‍ അറിയും പോകും. ക്ലിയറായിട്ട് അറിയുന്നവര്‍ക്കല്ലേ അത് പറഞ്ഞു കൊടുക്കാന്‍ പറ്റൂ. ഞാന്‍ പിന്നെ കണക്ക് കൂട്ടുന്നത് ശമ്പളം അല്ല. സാറും നമ്മളുമായിട്ടുള്ള ബന്ധവും, പിന്നെ എന്തോ ഒരു സാധനം നമ്മള്‍ക്ക് കളഞ്ഞു കിട്ടിയപോലെ അല്ലെങ്കില്‍ എനിക്കു നിങ്ങളെ കാണാന്‍ പറ്റില്ലല്ലോ. അതൊക്കെയാണ് എനിക്കു കിട്ടുന്ന ഗുണങ്ങള്‍. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കാത്ത കാലത്തും ഞാന്‍ ഇവിടെയുണ്ട്. വിജയന്‍ സാറിന്റെ ശ്രാദ്ധ സമയത്ത് പത്തും നൂറും പിരിവെടുത്തിട്ട് നാട്ടുകാര്‍ക്ക് പായസം വെച്ചു കൊടുത്തു. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്.

ചിത്രങ്ങള്‍: രാഖി സാവിത്രി 

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍