UPDATES

മഹാരാഷ്ട്രയില്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ 10 വര്‍ഷത്തിനിടെ മരിച്ചത് 740 ആദിവാസി കുട്ടികള്‍

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ 10 വര്‍ഷത്തിനിടെ 740 ആദിവാസി വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാന ആദിവാസി വികസന വകുപ്പിന്റെ കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇതില്‍ പലരും മരിച്ചിരിക്കുന്നത് പാമ്പ് കടിയേറ്റും മറ്റ് അസുഖങ്ങളെ തുടര്‍ന്നുമാണ്. മലേറിയ, ഭക്ഷ്യവിഷബാധ, ആത്മഹത്യ, മുങ്ങിമരിക്കല്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഓരോ വര്‍ഷവും മരിക്കുന്ന കുട്ടികളുടെ എണ്ണം 70 മുതല്‍ 80 വരെയാണ്. കണക്കുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് 55 റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് ആദിവാസി വികസന വകുപ്പിന്റെ കീഴിലുള്ളത്. ധൂലെ, നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക്, പാല്‍ഗഡ്. റായ്ഗഡ്, അഹമ്മദ് നഗര്‍ പൂനെ തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കന്‍ ജില്ലകളായ ചന്ദ്രാപൂര്‍, ഗഡ്ചിറോളി, ഗോണ്ടിയ, നാഗ്പൂര്‍, അമ്രാവതി, യവത്മല്‍, നാന്ദഡ് ജില്ലകളിലുമായാണ് ആദിവാസി സമൂഹം ഏറ്റവുമധികം കേന്ദ്രീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളാണ് ഇവയെല്ലാം. പലയിടങ്ങളിലും വെള്ളം പോലും കിട്ടുന്നില്ല. വൃത്തിഹീനമായ വെള്ളം ഉപയോഗിക്കേണ്ടി വരുന്നു. സ്‌കൂളുകളിലെ തസ്തികകളില്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. പ്രവര്‍ത്തന ഫണ്ട് വിനിയോഗിക്കപ്പെടുന്നുമില്ല.

സംസ്ഥാനത്ത് ആകെ 552 റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് ഉള്ളത്. ഇതില്‍ ഏതാണ്ട് 50 – 60 സ്‌കൂളുകളില്‍ മാത്രമേ പൈപ്പ്ലൈന്‍ വഴി കുടിവെള്ളം കിട്ടുന്നുള്ളൂ. മറ്റ് ചില സ്‌കൂളുകളില്‍ ടാങ്കര്‍ വഴിയും വെള്ളമെത്തുന്നുണ്ട്. ആദിവാസി കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി വിഷ്ണു സവാര രാജി വയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷനേതാവ് ആര്‍ വി പാട്ടീല്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബര്‍ ഏഴിന് പാല്‍ഗഡ് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 12-കാരിയായ പെണ്‍കുട്ടി മരിച്ചതോടെയാണ് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ മരിക്കുന്നത് സംബന്ധിച്ച വിവരം പുറത്തുവന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍